റിലീസ് ചെയ്ത രണ്ടാംദിനവും മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് കല്യാണി പ്രിയദര്‍ശന്‍ കേന്ദ്രകഥാപാത്രമായ ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’. 2.60 കോടിയോളം രൂപ ഇന്ത്യയിൽ നിന്ന് മാത്രം നേടിയതായി ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പറയുന്നു. ബുക്ക് മൈ ഷോയിൽ ബുക്കിംഗ് ഏറെയാണ്. ഒപ്പം മൗത്ത് പബ്ലിസിറ്റിയും പിന്തുണക്കുന്നു. അതിനിടെ സിനിമയെ ‘കൽക്കി’ സംവിധായകൻ നാഗ് അശ്വിൻ പ്രശംസിച്ചു. സിനിമ ഗംഭീരമാണെന്നാണ് തിയേറ്ററിനുള്ളിലെ ചിത്രം പങ്കുവെച്ചുകൊണ്ട് നാഗ് അശ്വിൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
ഓണ്‍ലൈനില്‍ വരാന്‍ പരിഭ്രമം
ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി കല്യാണിയും എത്തിയിരുന്നു. “ഞാൻ കള്ളം പറയുകയല്ല, ഇന്ന് ഓണ്‍ലൈനില്‍ വരാന്‍ പരിഭ്രമിച്ചിരുന്നു. എന്നാല്‍ ഒരുപാട് സ്‌നേഹമാണ് കിട്ടിയത്. സിനിമയെ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും നന്ദി. ഹൃദയപൂർവ്വവും ലോകയും നന്നായി പോകുന്നുവെന്നത് നമ്മുടെ പ്രേക്ഷകർ നല്‍കുന്ന സ്‌നേഹമാണ് കാണിക്കുന്നത്. നമ്മുടെ ഇന്‍ടസ്‌ട്രിക്ക് മനോഹരമായൊരു ഓണം ആശംസിക്കുന്നു”, കല്യാണി പ്രിയദര്‍ശന്‍ കുറിച്ചു.

കല്യാണിക്ക് സയനോരയുടെ വോയ്സോ?
ലോക, ഓടും കുതിര ചാടും കുതിര എന്നീ ഓണ ചിത്രങ്ങളിൽ രണ്ടിലും കല്യാണി പ്രിയദർശന് പിന്നണി ഗായിക സയനോര ഫിലിപ്പാണ് ശബ്ദം നൽകിയിരിക്കുന്നത്. ഈ രണ്ടു സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം എന്നു സയനോര സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. മുഴുവൻ ടീമിനും നന്ദി. നിങ്ങൾ എല്ലാവരും ഇത് ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു-സയനോരയുടെ വാക്കുകൾ.
നേരത്തെ ഹേയ് ജൂഡിൽ തൃഷയ്ക്കും സ്റ്റാന്റ് അപ്പിൽ നിമിഷ സജയനും സയനോര ഡബ് ചെയ്തിരുന്നു. കുട്ടൻപിള്ളയുടെ ശിവരാത്രി, ആഹാ എന്നീ ചിത്രങ്ങൾക്ക് സംഗീത സംവിധാനവും നിർവഹിച്ചു. വണ്ടർ വുമൺ, ഒരു ജാതി ജാതകം എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.
സ്ത്രീ പ്രാമുഖ്യം
മലയാളത്തില്‍ സ്ത്രീകൾക്ക് പ്രാമുഖ്യമുള്ള സിനിമയില്ലെന്ന് ഒരു ആരോപണമുണ്ടായിരുന്നു. അതിപ്പോൾ ലോക തിരുത്തി. മലയാളത്തിലെ ആദ്യത്തെ വുമണ്‍ സൂപ്പര്‍ഹീറോ ചിത്രമാണ് ലോക. സൂപ്പര്‍ഹീറോയിനായി കൈയടി വാങ്ങുന്ന പ്രകടനമാണ് പ്രിയദർശന്റെ മകൾ കല്യാണി കാഴ്ചവെച്ചത്.
ഹിറ്റാകുന്ന സിനിമകളിലെല്ലാം പുരുഷന്മാരാണ് പ്രധാനവേഷത്തിലെന്നും സ്ത്രീകള്‍ക്ക് യാതൊരു പ്രധാന്യവുമില്ലെന്നാണ് കനി കുസൃതി അടക്കമുള്ള നടികള്‍ വിമര്‍ശിച്ചത്. അടുത്തിടെ ആവേശം പോലുള്ള സിനിമകള്‍ ചെയ്യാന്‍ കഴിയുന്ന നടിമാര്‍ മലയാളം ഇന്‍ഡസ്ട്രിയിലും ഉണ്ടെന്ന് പറഞ്ഞ ദര്‍ശന രാജേന്ദ്രന്‍ സൈബര്‍ അറ്റാക്കും നേരിട്ടു. മമായാണ് ലോകാഃ പ്രദര്‍ശനത്തിനെത്തിയത്.
ആക്ഷന്‍ സീനുകളിലെല്ലാം കല്യാണിയുടെ മെയ് വഴക്കം കിടുവാണ്.

നല്ല പ്രേക്ഷക പ്രതികരണം
റിലീസ് ചെയ്‌ത ആദ്യ ദിനം തന്നെ കേരളത്തിൽ മാത്രം 130+ ലേറ്റ് നൈറ്റ് ഷോകളാണ് ചിത്രത്തിന് വേണ്ടി കൂട്ടിച്ചേര്‍ത്തത്. കേരളത്തിലെ 250 ലധികം സ്ക്രീനുകളിലായി 1000 ലധികം ഷോകളാണ് ആദ്യം ദിനം നടത്തിയത്.
കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവരാണ് പ്രധാന വേഷങ്ങൾ. വൻ ബജറ്റിൽ ഒരുക്കിയ ‘ലോക’യുടെ നിര്‍മ്മാണം ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. ഡൊമിനിക് അരുൺ ആണ് രചനയും സംവിധാനവും.
‘ലോക’ എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. മലയാള സിനിമാ പ്രേക്ഷകർക്ക് മുന്നിലേക്ക് ഒരത്‌ഭുത ലോകമാണ് ഈ ചിത്രം തുറന്നിടുന്നത്. കേരളത്തിലെ പ്രശസ്‌ത ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ കഥാപാത്രമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്.
കേരളത്തിൻ്റെ സംസ്‌കാരത്തിലും മിത്തുകളിലും ഊന്നി ഒരു സൂപ്പർ ഹീറോ ലോകം തന്നെയാണ് ചിത്രത്തിലൂടെ ഡൊമിനിക് അരുൺ സൃഷ്‌ടിച്ചിരിക്കുന്നത്. ചന്ദ്ര എന്ന ടൈറ്റിൽ കഥാപാത്രമായി കരിയർ ബെസ്‌റ്റ് പ്രകടനമാണ് കല്യാണി പ്രിയദർശൻ കാഴ്‌ച്ചവെച്ചത്. സണ്ണി ആയി നസ്‌ലെൻ, ഇൻസ്പെക്‌ടർ നാചിയപ്പ ഗൗഡ ആയി സാൻഡി എന്നിവരും മികച്ച പ്രകടനം നടത്തി.
വേണു എന്ന കഥാപാത്രമായി ചന്ദുവും, നൈജിൽ ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രൻ, നിഷാന്ത് സാഗർ, ശരത് സഭ, വിജയരാഘവൻ എന്നിവരും സിനിമയിലുണ്ട്.
ചിത്രത്തിൽ നിരവധി പ്രമുഖര്‍ അതിഥി താരങ്ങളായും എത്തി. ആ രംഗങ്ങള്‍ കരഘോഷങ്ങളോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. യാനിക്ക് ബെൻ ഒരുക്കിയ ഗംഭീര ആക്ഷൻ രംഗങ്ങൾ സിനിമയുടെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ട്. ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ചിത്രം അതിനൊപ്പം വൈകാരിക നിമിഷങ്ങൾ, ഫൺ, സസ്പെൻസ് എന്നിവ കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്.
നിമിഷ് രവി ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിര്‍വ്വഹിച്ചു. ജേക്‌സ് ബിജോയ് സംഗീതവും ഒരുക്കി. അഡീഷണൽ തിരക്കഥ – ശാന്തി ബാലചന്ദ്രൻ, കലാസംവിധായകൻ – ജിത്തു സെബാസ്റ്റ്യൻ, കോസ്റ്റ്യൂം ഡിസൈനർ – മെൽവി ജെ, അർച്ചന റാവു, മേക്കപ്പ് – റൊണക്‌സ് സേവ്യർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് – ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, ആക്ഷൻ കൊറിയോഗ്രാഫർ – യാനിക്ക് ബെൻ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പ്രൊഡക്ഷൻ ഡിസൈനർ – ബംഗ്ലാൻ , സ്‌റ്റിൽസ് – രോഹിത് കെ സുരേഷ്, അമൽ കെ സദർ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ.

പ്രേക്ഷകരെ രസിപ്പിക്കുന്ന ഹൃദയപൂർവ്വം
ഹൃദയം തൊട്ടും ചിരിപ്പിച്ചും പ്രേക്ഷകരെ രസിപ്പിക്കുന്ന ഫീൽ ഗുഡ് ചിത്രമാണ് ഹൃദയപൂർവ്വം. സത്യൻ അന്തിക്കാട് അങ്ങനെ അനുദിനം പുതുക്കി സംവിധായക കുപ്പായത്തിൽ വിജയിച്ചിരിക്കുകയാണ്. സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിലെ ചിത്രം ഗംഭീരപ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. ലോകയും ഹൃദയപൂർവ്വവും മാറ്റുരക്കുകയാണ് തിയറ്ററിൽ. ഫ്രഷ്നെസ്സ് ഫീൽ ചെയ്യുന്ന കഥായാണ് ആകർഷണീയത
കൊച്ചിയിൽ ഒരു ക്ലൗഡ് കിച്ചൻ നടത്തുന്ന സന്ദീപ് ബാലകൃഷ്ണൻ ഹാർട്ട് ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയയ്ക്കു വിധേയനാവുന്നു. വിജയകരമായ ആ ശസ്ത്രക്രിയക്ക് ശേഷം ആ ഹൃദയത്തെ തേടി ചിലർ സന്ദീപിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നു. പുതിയ ഹൃദയത്തിനു മുൻപും ശേഷവുമായി സന്ദീപിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ഹൃദയം മാറ്റിവെച്ച കഥാപാത്രത്തിന്റെ പെരുമാറലുകളും ശൈലികളും ബോറടിപ്പിക്കാതെ മോഹൻലാൽ പകർത്തിയിട്ടുണ്ട്. മോഹൻലാലും സംഗീത് പ്രതാപും തമ്മിലുള്ള സന്ദീപ്- ജെറി കോമ്പോ ഏറെ രസകരമാണ്. അച്ഛന്റെ ഓർമകളെ ഏറ്റവും തീവ്രമായി ചേർത്തുപിടിക്കുന്ന ഹരിതയായി മാളവികയും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. സംഗീത, സിദ്ദീഖ് എന്നിവരും തങ്ങളുടെ റോളുകളിൽ തിളങ്ങുന്നുണ്ട്. സിദ്ദിഖിന്റെ അളിയൻ കഥാപാത്രം ഇന്നസെന്റിനു വേണ്ടി എഴുതപ്പെതാണോ എന്നു തോന്നും. ബാബുരാജ്, സബിതാ ആനന്ദ്, ലാലു അലക്സ്, ജനാർദ്ദനൻ, നിഷാൻ, സൗമ്യ പിള്ള തുടങ്ങിയവരും വേഷം മികച്ചതാക്കി. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സോനു ടിപിയാണ്. അനൂപ് സത്യനും ചിത്രത്തിൽ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുണ്ട്. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിർമ്മിക്കപ്പെട്ട ചിത്രത്തിൽ, പതിവുപോലെ ആന്റണി പെരുമ്പാവൂരും പ്രത്യക്ഷപ്പെടുന്നുണ്ട്.

ഞൊണ്ടിയും കിതച്ചും കുതിര
ഇത്തവണ ഓണം കളറാക്കാനെത്തിയ ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ ചിത്രം ‘ഓടും കുതിര ചാടും കുതിര’ ഞൊണ്ടി ഓടുകയാണ്. അൽത്താഫ് സലിം രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കല്യാണിയുടെ തന്നെ ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’, മോഹൻലാലിന്റെ ഹൃദയപൂർവ്വം എന്നിവയോട് മത്സരിച്ച് കിതക്കുന്ന കാഴ്ചയാണ് തിയറ്ററുകളിൽ. ഫഹദും കല്യാണിയും അൽത്താഫും ഒന്നിക്കുന്നുവെന്ന പ്രതീക്ഷകളെയെല്ലാം തകിടംമറിച്ച് എങ്ങും എത്താത്ത കഥയുമായി ഓടിത്തളരുകയാണ് ചിത്രം.
കല്യാണ ദിവസം കുതിരപ്പുറത്തു നിന്ന് വീണ് കോമയിലാകുന്ന നായകൻ. പിന്നീട് നായകന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ. ഇതാണ് നർമത്തിന്റെ മേമ്പൊടിയോടെ അൽത്താഫ് സിലിം പറയാൻ ശ്രമിച്ചത്. എബി മാത്യു എന്ന കഥാപാത്രമായി ഫഹദും നിധിയായി കല്യാണിയുമെത്തുന്നു. വൻ ഹൈപ്പറായിട്ടുള്ള രണ്ട് വ്യക്തികളാണ് നിധിയും എബി മാത്യുവും. ഹ്യൂമർ പലയിടത്തും ഭയങ്കര ഓവറാണ്.
കല്യാണിയുടെയും ഫഹദിന്റെയും പെർഫോമൻസും മികച്ചതല്ല.
ലാൽ, വിനയ് ഫോർട്ട്, രേവതി പിള്ള തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ലാലിന്റെ അപ്പൻ കഥാപാത്രം ഇടക്ക് ബോറടിപ്പിക്കുമ. സിബി മാത്യു എന്ന ചേട്ടന്റെ റോൾ വിനയ് ഫോർട്ടും മികച്ചതാക്കി. സിംപിളായിട്ടുള്ള സംഭവം വലിച്ചു നീട്ടി സങ്കീർണമാക്കിയോ എന്ന് സംശയം. ഇമോഷണൽ രംഗങ്ങളിലെ കണക്ഷൻ മിസിങ്ങാണ്. ഇനി ടെക്നിക്കൽ സൈഡ് കുഴപ്പമില്ല. ചിത്രത്തിന്റെ ഗ്രേഡിങും കളർ പാറ്റേണും കളറാണ്. ജിന്റോ ജോർജിന്റെ ഛായാഗ്രഹണം മികവുറ്റതാണ്. ജസ്റ്റിൻ വർഗീസിന്റെ സംഗീതംപോര. ബാക്ക്ഗ്രൗണ്ട് സ്കോറിനും ഇംപാക്ട് ഇല്ല. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. മസ്റ്റ് വാച്ചല്ല, ഫഹദിന്റെ ആരാധകനാണെങ്കിൽ വെറുതെ കയറി കണ്ടുകളയാം എന്ന് മാത്രം.


