പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് (സെപ്‌തംബർ 17) 75-ാം പിറന്നാൾ. ജവഹർലാൽ നെഹ്‌റുവിനും ഇന്ദിരാഗാന്ധിക്കും ശേഷം ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന മൂന്നാമത്തെ വ്യക്തിയാണ് മോദി. തുടർച്ചയായി പ്രധാനമന്ത്രിപദം വഹിച്ച രണ്ടാമത്തെ വ്യക്തിയുമാണ് നരേന്ദ്രമോദി. ജന്മദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ വിവിധ ആഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. രണ്ടാഴ്‌ചത്തെ വിപുലമായ പരിപാടികൾക്കാണ് കേന്ദ്ര സർക്കാരും ബിജെപിയും പദ്ധതിയിടുന്നത്. 1950 സെപ്റ്റംബർ 17 ന് ഗുജറാത്തിലെ വാദ്‌നഗർ എന്ന ചെറിയ പട്ടണത്തിലാണ് മോദിയുടെ ജനനം.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോ പിക്കില്‍ നായകനാകുന്നത് മലയാളി താരം ഉണ്ണി മുകുന്ദന്‍. മോദിയുടെ 75ാം ജന്മദിനത്തില്‍ ‘മാ വന്ദേ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ക്രാന്തി കുമാർ സി.എച്ച് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്ഡി എം ആണ്.

പാന്‍ ഇന്ത്യന്‍ റിലീസ് ആയ ചിത്രം ഇംഗ്ലീഷിലും മലയാളം ഉള്‍പ്പെടെ പ്രധാന ഇന്ത്യന്‍ ഭാഷകളിലും തിയേറ്റുകളില്‍ എത്തും. കുട്ടിക്കാലം മുതൽ രാഷ്ട്രനേതാവാകുന്നതിലേക്കുള്ള മോദിയുടെ യാത്രയാണ് ചിത്രത്തില്‍ ആവിഷ്കരിക്കുക. അമ്മ ഹീരാബെൻ മോദിയുമായി അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധവും ചിത്രത്തിലൂടെ എടുത്തുകാണിക്കും.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര ദാമോദർദാസ് മോദിയായി സിനിമയില്‍ അഭിനയിക്കാന്‍ കഴിയുന്നതിന്റെ സന്തോഷം ഫേസ്ബുക്കില്‍ ഉണ്ണി മുകുന്ദന്‍ പങ്കുവച്ചു. “അഹമ്മദാബാദിലാണ് ഞാന്‍ വളർന്നത്. കുട്ടിക്കാലത്ത് എന്റെ മുഖ്യമന്ത്രിയായിട്ടാണ് അദ്ദേഹത്തെ ആദ്യമായി അറിയുന്നത്. വർഷങ്ങൾക്ക് ശേഷം, 2023 ഏപ്രിലിൽ, അദ്ദേഹത്തെ നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. അത് എന്നില്‍ മായാതെ മുദ്രണം ചെയ്ത നിമിഷമായിരുന്നു. ഒരു നടൻ എന്ന നിലയിൽ, ഈ വേഷം എനിക്ക് ആഴത്തിൽ പ്രചോദനം നൽകുന്നതാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്ര അസാധാരണമാണ്. എന്നാൽ ഈ സിനിമയിൽ, രാഷ്ട്രതന്ത്രജ്ഞന് അപ്പുറമുള്ള മനുഷ്യനെ, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ സ്വഭാവത്തെയും ആത്മാവിനെയും രൂപപ്പെടുത്തിയ അമ്മയുമായുള്ള അദ്ദേഹത്തിന്റെ അഗാധമായ ബന്ധത്തെ പര്യവേക്ഷണം ചെയ്യാൻ ഞങ്ങൾ ലക്ഷ്യമിടുന്നു,” ഉണ്ണി മുകുന്ദന്‍ കുറിച്ചു.
മോദിയെ നേരിട്ട് കണ്ട ഓർമയും ഉണ്ണി കുറിപ്പില്‍ പങ്കുവച്ചു. “ഗുജറാത്തിയില്‍ “ജൂക്വാനു നഹി” എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അതായത് ഒരിക്കലും തലകുനിക്കരുത്. ആ വാക്കുകൾ അന്നുമുതൽ എനിക്ക് ശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും ഉറവിടമാണ്,” നടന്‍ കുറിച്ചു.
സിനിമയെ മികച്ച ദൃശ്യാവിഷ്കാരമാക്കി മാറ്റാനാണ് ശ്രമിക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. കെ.കെ. സെന്തിൽ കുമാർ ഐഎസ്‌സിയാണ് ഛായാഗ്രഹണം. സംഗീതം -രവി ബസ്രൂർ, എഡിറ്റിംഗ്- ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ- സാബു സിറിൾ, ആക്ഷൻ- കിംഗ് സോളമൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ഗംഗാധർ എൻഎസ്, വാണിശ്രീ ബി, ലൈൻ പ്രൊഡ്യൂസേഴ്സ്- ടിവിഎൻ രാജേഷ്, കോ-ഡയറക്ടർ- നരസിംഹ റാവു എം, മാർക്കറ്റിംഗ് – വാൾസ് ആൻഡ് ട്രെൻഡ്സ്, പിആർഒ- ശബരി.

രണ്ടാഴ്‌ച്ച നീളുന്ന ജന്മദിനാഘോഷ പരിപാടികള്‍
നരേന്ദ്രമോദിയുടെ ജന്മദിനത്തിൻ്റെ ഭാഗമായി രണ്ടാഴ്‌ച നീണ്ടുനിൽക്കുന്ന “സേവ പഖ്‌വാഡ” സേവനവാരം രാജ്യമെമ്പാടുമായി ഇന്ന് ആരംഭിക്കും. ആരോഗ്യ ക്യാമ്പുകൾ, ശുചിത്വ ദൗത്യങ്ങൾ, തദേശീയ ഉത്‌പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള മേളകൾ, പരിസ്ഥിതി സംരക്ഷണ ബോധവത്കരണം, ചിത്ര രചനാ മത്സരങ്ങൾ, ഭിന്നലിംഗക്കാർക്കായുള്ള ഉപകരണങ്ങളുടെ വിതരണം എന്നിവ ഉണ്ടാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
‘മോദി വികാസ് മാരത്തോൺ’ എന്ന പേരിൽ വിവിധ കായിക മേളകള്‍ സംഘടിപ്പിക്കുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. പിറന്നാൾ ദിനമായ സെപ്‌തംബർ 17ന് ആരംഭിച്ച് ഒക്‌ടോബർ രണ്ട് വരെ നീളുന്ന വർണാഭമായ പരിപാടികളാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്.
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിലും ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാജ്യവ്യാപക പ്രചാരണത്തിന് തുടക്കം കുറിക്കാൻ മോദി മധ്യപ്രദേശിലെ ധാറിലേക്ക് പോകും. ഗോത്രവർഗ ജനതയ്ക്കായുള്ള വികസന പരിപാടി ഉൾപ്പെടെ നിരവധി വികസന പരിപാടികൾക്ക് തുടക്കം കുറിക്കുകയും ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

പിറന്നാൾ ആശംസകൾ നേർന്ന് ഡൊണാൾഡ് ട്രംപ്
മാസങ്ങളായി നീളുന്ന തീരുവ യുദ്ധത്തിനിടയിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മോദിയുടെ 75-ാം പിറന്നാളിന് ഫോണിൽ വിളിച്ചാണ് ട്രംപ് ആശംസകൾ നേർന്നത്. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ മോദി നല്‍കിയ പിന്തുണയ്ക്ക് ട്രംപ് നന്ദി പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് വിവിധ വൃത്തങ്ങൾ പറഞ്ഞു.
“എൻ്റെ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇപ്പോൾ മികച്ച ഫോൺ സംഭാഷണം നടന്നു. ഞാൻ അദേഹത്തിന് ജന്മദിനാശംസകൾ നേർന്നു. അദേഹം മികച്ച പ്രവർത്തനമാണ് കാഴ്‌ചവയ്ക്കുന്നത്. നരേന്ദ്രാ, റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ നിങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി!” സമൂഹമാധ്യമമായ ട്രൂത്തിൽ ട്രംപ് കുറിച്ചു.
പിന്നാലെ ട്രംപിൻ്റെ ആശംസകൾക്ക് നന്ദി അറിയിച്ചുകൊണ്ട് നരേന്ദ്രമോദിയും എത്തി. ‘താങ്ക് യൂ മൈ ഫ്രണ്ട്’ എന്ന് അഭിസംബോധന ചെയ്‌തുകൊണ്ടാണ് മോദി ട്രംപിൻ്റെ ആശംസകൾക്ക് മറുപടി നൽകിയത്. “എൻ്റെ 75-ാം ജന്മദിനത്തിൽ ഫോൺ വിളിച്ചതിനും ഊഷ്‌മളമായ ആശംസകൾ നേർന്നതിനും എൻ്റെ സുഹൃത്തായ അമേരിക്കൻ പ്രസിഡൻ്റ് ട്രംപിന് നന്ദി.” മോദി എക്‌സിൽ കുറിച്ചു.
ഇന്ത്യയുടെയും അമേരിക്കയുടെയും സമഗ്ര ആഗോള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് താനും പ്രതിജ്ഞാബദ്ധനാണെന്ന് മോദി സൂചിപ്പിച്ചു. യുക്രെയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള ട്രംപിൻ്റെ നയങ്ങൾക്ക് മോദി പിന്തുണയും അറിയിച്ചു.
ഇന്ത്യയും അമേരിക്കയും കുറച്ചു നാളുകൾക്ക് മുൻപ് വ്യാപാര ചർച്ചകൾ നടത്തിയിരുന്നു. ദീർഘകാലമായി കാത്തിരുന്ന വ്യാപാര കരാറിലേക്കുള്ള പുതിയ രാഷ്ട്രീയ ചലനത്തിൻ്റെ സൂചനയും നൽകിയിരുന്നു. ഇതിനിടെയാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് പിഴയായി ഇന്ത്യയ്ക്ക് 50 ശതമാനം അധിക തീരുവ ട്രംപ് ചുമത്തുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവെന്ന നിലയിൽ താങ്ങാനാവുന്ന ഊർജ്ജ വിതരണം ഉറപ്പാക്കുന്നത് നിർണായകമാണെന്ന് വാദിച്ചുകൊണ്ട് ഇന്ത്യ അമേരിക്കയുടെ തീരുമാനത്തെ അവഗണിച്ചു.
ആശംസകൾ നേർന്ന് പ്രമുഖർ
2014 മുതൽ പാർട്ടിയെ അഭൂതപൂർവമായ വികാസത്തിലേക്കും തെരഞ്ഞെടുപ്പ് വിജയത്തിലേക്കും നയിച്ച മോദിക്ക് ബിജെപി നേതാക്കളും സഖ്യകക്ഷികളും മറ്റ് പാർട്ടികളിലെ അംഗങ്ങളും ജന്മദിനാശംസകൾ നേർന്നു.
“ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിക്ക് ഹൃദയംഗമമായ ജന്മദിനാശംസകള്‍. നിങ്ങളുടെ അസാധാരണമായ നേതൃത്വത്തിലൂടെ രാജ്യത്ത് മഹത്തായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഒരു സംസ്‌കാരം നിങ്ങൾ വളർത്തിയെടുത്തു,” രാഷ്‌ട്രപതി ദ്രൗപതി മുർമു എക്‌സിൽ കുറിച്ചു.
“ത്യാഗത്തിൻ്റെയും സമർപ്പണത്തിൻ്റെയും പ്രതീകം. കോടിക്കണക്കിന് രാജ്യവാസികൾക്ക് പ്രചോദനം. 75-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിക്ക് ഹൃദയംഗമമായ ജന്മദിനാശംസകൾ. സാമൂഹിക ജീവിതത്തിൽ അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി അക്ഷീണം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് മോദി ജി.” കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സിൽ കുറിച്ചു.
പ്രധാനമന്ത്രി രാഷ്ട്രത്തിന് നൽകിയ സംഭാവനകളെ അഭിവാദ്യം ചെയ്‌ത് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌തയും ആശംസകളുമായി എത്തി. “വികസിത ഇന്ത്യയുടെ പാത പിന്തുടർന്ന നമ്മുടെ ബഹുമാന്യ പ്രധാനമന്ത്രി, നരേന്ദ്രമോദിജിക്ക് ഹൃദയംഗമമായ ജന്മദിനാശംസകൾ”. അവർ എക്‌സിൽ കുറിച്ചു.
ദീർഘവീക്ഷണമുള്ള നേതൃത്വം, രാഷ്ട്രത്തോടുള്ള സമർപ്പണം, അക്ഷീണമായ കഠിനാധ്വാനം എന്നിവയിലൂടെ രാജ്യത്തിന് പുതിയ ഊർജ്ജം നൽകുകയും പുതിയ ദിശ കാണിച്ചുകൊടുക്കുകയും ചെയ്‌തയാളാണ് മോദിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ആഗോളതലത്തിൽ ഇന്ത്യയുടെ കഴിവും ബഹുമാനവും അദ്ദേഹം വർധിപ്പിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായുള്ള മോദിയുടെ പ്രതിബദ്ധത മാതൃകാപരമാണെന്നും സിങ് കൂട്ടിച്ചേർത്തു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പുരോഗതി ലക്ഷ്യമിട്ട് “ആത്മനിർഭർ, വീക്ഷിത ഭാരതം” കെട്ടിപ്പടുക്കുന്നതിന് പ്രധാനമന്ത്രി മോദി നിരവധി പരിവർത്തന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി ജെ പി നദ്ദ പറഞ്ഞു. മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ആത്മീയവും സാംസ്‌കാരികവുമായ പൈതൃകം ആഗോള പ്രശസ്‌തി നേടിയിട്ടുണ്ടെന്നും നദ്ദ കൂട്ടിച്ചേർത്തു. മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ സ്വാശ്രയത്വമുള്ളതും ഭീകരവാദവും അഴിമതിയും തുടച്ചുനീക്കുന്ന വിശ്വഗുരുവായി മാറട്ടെയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ആശംസിച്ചു.
ആശംസകളുമായി പ്രതിപക്ഷവും ഗവർണറും
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകളുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകളും ആരോഗ്യവും നേരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറിച്ചു.
“പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന് നല്ല ആരോഗ്യവും ദീർഘായുസും നൽകട്ടെ.” കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആശംസകൾ നേർന്നു.
ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്‌മളമായ ജന്മദിനാശംസകൾ. നല്ല ആരോഗ്യവും സന്തോഷവും നേരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എക്‌സിൽ കുറിച്ചു.
“ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ! താങ്കളുടെ ആരോഗ്യത്തിനും ദീർഘായുസിനും തുടർച്ചയായ വിജയത്തിനും ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.” കേരളാ ഗവർണർ രാജേന്ദ്ര അർലേക്കർ എക്‌സിൽ കുറിച്ചു.


