ഹമാസും ഇസ്രയേലും തമ്മിലുള്ള യുഎസ് പിന്തുണയോടെയുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ ബന്ദികളുടെ മോചനം ആരംഭിച്ചു. അതേസമയം, ഹമാസ് 13 ഇസ്രായേലി ബന്ദികളടക്കം 20 പേരെയും റെഡ് ക്രോസിന് കൈമാറിയതായാണ് റിപ്പോർട്ട്. ആദ്യഘട്ടമായി ഹമാസ് തടവിലാക്കിയിരുന്ന ഏഴ് ബന്ദികളുടെ ആദ്യ ബാച്ചിനെ വടക്കൻ ഗാസയിലെ ഇൻ്റർനാഷണൽ റെഡ് ക്രോസിന് കൈമാറിയിരുന്നു. ഇസ്രയേൽ സൈനികരായ നിമ്രോദ് കോഹെനും മതൻ സൻഗോകെരും, എൽകാന ബൊഹ്ബൊത്, മതൻ ആഗ്രെസ്റ്റ്, അവിനാറ്റൻ ഒർ, യോസഫ് ഹെയ്ം ഒഹാന, എലോൺ ഒഹെൽ, എവ്യാതർ ദാവൂദ്, ഗയ് ഗിൽബോ ദലാൽ, റോം ബ്രസ്ലാവ്സ്‌കി, ഇരട്ടകളായ ഗലി, സിവ് ബെർമാൻ, എയ്തൻ മോർ, സീഗെവ് കെൽഫോൺ, മാക്സിം ഹെർകിൻ, എയ്തൻ ഹോൺ, ബാർ കുപെർഷ്ടിയൻ, ഒംറി മിറൻ, സഹോദരങ്ങളായ ഡാവിഡ് കുനിയോ, ഏരിയൽ കുനിയോ എന്നിവരെയാണ് ഹമാസ് മോചിപ്പിക്കുന്നത്.
ജയിലിൽ കഴിയുന്ന 250 പലസ്‌തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കുമെന്ന് അറിയിച്ചു. 108 പലസ്തീൻ തടവുകാരെ ഇസ്രയേൽ സൈനിക ജയിലായ ഒഫറിൽ നിന്നും 142 തടവുകാരെ നെഗെവിലെ ക്റ്റ്സിഒറ്റ് ജയിലിൽ നിന്നുമാണ് മോചിപ്പിക്കുക. ഒഫറിൽ നിന്ന് മോചിപ്പിക്കുന്നവരെ ഗാസയിലേക്കോ അധിനിവേശ വെസ്റ്റ് ബാങ്കിലേക്കോ ആയിരിക്കും കൊണ്ടുപോകുക. ഇസ്രയേലിൽ തടവിലാക്കപ്പെട്ട മറ്റ് ആയിരക്കണക്കിന് തടവുകാരുടെ മോചനത്തിനായി പലസ്‌തീനികൾ കാത്തിരിക്കുകയാണ്. ക്ഷാമബാധിതമായ ഗാസ പ്രദേശത്തേക്കുള്ള സഹായവും ഈ കരാറിൽ നിന്ന് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞയാഴ്‌ച ഈജിപ്‌തിൽ നടന്ന ചർച്ചകളിൽ ഇസ്രയേൽ, ഹമാസ്, ഖത്തർ, തുർക്കി എന്നിവയുൾപ്പെടെയുള്ള മധ്യസ്ഥർക്കൊപ്പം യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം അംഗീകരിച്ചതിനെത്തുടർന്നാണ് യുദ്ധം അവസാനിച്ചത്.
അതിനിടെ തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേലിൽ എത്തി. ഇസ്രായേലിന്റെ ഉന്നത നേതൃത്വം അദ്ദേഹത്തെ സ്വാഗതം ചെയ്തു, എയർഫോഴ്‌സ് വൺ ഇസ്രായേലി വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ചപ്പോൾ എയർ കൺട്രോൾ പ്രത്യേക നന്ദി സന്ദേശം നൽകി. ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ, പ്രസിഡന്റ് ഐസക് ഹെർസോഗും ഭാര്യ മൈക്കൽ ഹെർസോഗും, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഭാര്യ സാറ നെതന്യാഹുവും, ജാരെഡ് കുഷ്‌നറും ഇവാങ്ക ട്രംപും, അംബാസഡർ മൈക്ക് ഹക്കബിയും, മിഡിൽ ഈസ്റ്റിനായുള്ള യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും ട്രംപിനെ വരവേറ്റു.
രണ്ട് വർഷം നീണ്ടുനിന്ന യുദ്ധത്തിനു ശേഷമുള്ള നിർണായക വെടിനിർത്തലിൻ്റെ ഭാഗമായാണ് ബന്ദികളുടെ മോചനം ആരംഭിച്ചത്. ഇസ്രയേൽ തടവിലാക്കിയിരുന്ന നൂറുകണക്കിന് തടവുകാരുടെ മോചനത്തിനായി പലസ്‌തീനികൾ കാത്തിരിക്കുകയാണ്.
സമാധാന കരാറിൻ്റെ ആദ്യ ഘട്ടത്തിൽ ഒപ്പുവച്ചതിനുശേഷം, ഇസ്രയേൽ സൈന്യം ഗാസ സിറ്റിയിൽ നിന്ന് പിൻവാങ്ങി. ഇതിന് പിന്നാലെ ലക്ഷക്കണക്കിന് പലസ്‌തീനികളെ ഗാസയിലെ അവരുടെ വീടുകളിലേക്ക് മടങ്ങി. ഗാസ സിറ്റിയിലും തെക്കൻ ഗാസയിലും സായുധ പൊലീസിനെ വിന്യസിപ്പിച്ചു. ഇസ്രയേൽ സൈന്യം പിൻവാങ്ങിയ പ്രദേശങ്ങളില്‍ ഇതിനോടകം പട്രോളിങ് ആരംഭിച്ചു.
ഇസ്രയേൽ-ഹമാസ് യുദ്ധ വെടിനിർത്തൽ പ്രകാരം മോചിപ്പിക്കപ്പെടുമെന്ന് പറഞ്ഞ 1,900-ലധികം പലസ്‌തീൻ തടവുകാരുടെ പട്ടിക ഹമാസ് ഇന്ന് പ്രസിദ്ധീകരിച്ചു. കരാറിൻ്റെ ഭാഗമായി 20 ബന്ദികളെയാണ് ഇപ്പോൾ മോചിപ്പിക്കുന്നത്. പട്ടിക പ്രഖ്യാപനത്തിന് പിന്നാലെയാണ് മോചനം. ഇസ്രയേലുമായുള്ള കരാറിൻ്റെ ഭാഗമായി ഗാസയിൽ തടവിൽ കഴിയുന്ന 20 ബന്ദികളുടെ പട്ടിക ഹമാസിൻ്റെ സായുധ വിഭാഗം തിങ്കളാഴ്‌ച പ്രസിദ്ധീകരിച്ചു. ഏകദേശം 2000 പലസ്‌തീൻ തടവുകാരെ മോചിപ്പിക്കുന്നതിന് അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി മേൽനോട്ടം വഹിക്കും.
വടക്കൻ ഗാസ മുനമ്പിൽ ഹമാസ് തടവിലാക്കിയ നിരവധി ബന്ദികളെ കൈമാറാൻ അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി ഒരുങ്ങുകയാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. മറ്റുള്ളവരെ പിന്നീട് വിട്ടയക്കുമെന്നാണ് ഇസ്രയേൽ സൈന്യം അറിയിച്ചത്.
“മോചിപ്പിക്കാൻ പോകുന്ന എല്ലാ ബന്ദികളും അതിർത്തി കടന്ന് ഇസ്രയേലിലേക്ക് എത്തിയിട്ടുണ്ടെന്ന് ഇസ്രയേലിന് സ്ഥിരീകരണം ലഭിച്ചുകഴിഞ്ഞാൽ പലസ്‌തീൻ തടവുകാരെ വിട്ടയക്കുമെന്ന് നെതന്യാഹുവിൻ്റെ വക്താവ് പറഞ്ഞു.
