Wednesday, October 22, 2025
Wednesday, October 22, 2025
Homeviralഷട്ട്ഡൗൺ, ശമ്പളമില്ല, നിർബന്ധിത അവധി, ആനുകൂല്യ മുടക്കം: യുഎസിന് എന്തുപറ്റി, മാന്ദ്യമോ, പ്രതിസന്ധിയോ?

ഷട്ട്ഡൗൺ, ശമ്പളമില്ല, നിർബന്ധിത അവധി, ആനുകൂല്യ മുടക്കം: യുഎസിന് എന്തുപറ്റി, മാന്ദ്യമോ, പ്രതിസന്ധിയോ?

Published on

യുഎസിൽ സർക്കാരിന്റെ പ്രവർത്തനങ്ങളും സേവനങ്ങളും പ്രതിസന്ധിയിലാക്കി ഗവൺമെന്റ് ഷട്ട്ഡൗൺ ചൊവ്വാഴ്ച 21-ാം ദിവസത്തിലേക്ക് കടന്നു. അമേരിക്കയുടെ ചരിത്രത്തിലെ അഞ്ചാമത്തെ ദൈർഘ്യമേറിയ അടച്ചുപൂട്ടലാണിത്. ഷട്ട്ഡൗൺ നീളുന്നതിനിടെ, താഴ്ന്ന വരുമാനക്കാർക്കുള്ള സപ്ലിമെന്റൽ ന്യൂട്രീഷ്യൻ അസിസ്റ്റൻസ് പ്രോഗ്രാം (സ്നാപ് – SNAP) മുടങ്ങിയേക്കുമെന്ന മുന്നറിയിപ്പുമായി സംസ്ഥാനങ്ങൾ. ഷട്ട്ഡൗൺ ഇനിയും നീണ്ടാൽ നവംബർ മാസത്തെ സ്നാപ് ആനുകൂല്യങ്ങൾ കിട്ടാൻ സാധ്യതയില്ലെന്നാണ് മുന്നറിയിപ്പ്. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചർ സംസ്ഥാനങ്ങൾക്ക് പണം നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതുസംബന്ധിച്ചു പെൻസിൽവാനിയ, ന്യൂജേഴ്‌സി, മേരിലാൻഡ്, ന്യൂയോർക്ക്, ടെക്സസ് തുടങ്ങിയ സംസ്ഥാനങ്ങൾ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഏഴര ലക്ഷം ഫെഡറല്‍ ജീവനക്കാര്‍ ശമ്പള രഹിത അവധിയിൽ
സെനറ്റിൽ താൽക്കാലിക ഫണ്ടിങ് ബില്ല് പാസാക്കാനുള്ള റിപ്പബ്ലിക്കന്മാരുടെ ശ്രമം 11-ാം തവണയും പരാജയപ്പെട്ടു. ‘ഷട്ട്‌ഡ‍ൗൺ’ അവസാനിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ സെനറ്റിൽ 50 -43 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ബിൽ പാസാക്കാൻ ആവശ്യം 60 വോട്ടുകളാണ് വേണ്ടത്. ഇത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം വൈകാനും കാരണമായി. ശമ്പളം ലഭിക്കാതായതോടെയും ദൈനംദിന കാര്യങ്ങള്‍ക്കും വകുപ്പുകള്‍ക്ക് പണമില്ലാതായതോടെ ഏഴര ലക്ഷം ഫെഡറല്‍ ജീവനക്കാര്‍ ശമ്പള രഹിത നിര്‍ബന്ധിത അവധിയില്‍ തുടരുകയാണ്. ആരോഗ്യ സംരക്ഷണ സബ്സിഡിയെച്ചൊല്ലി ഇരുപാർട്ടികൾക്കിടയിലും നിലനിൽക്കുന്ന അഭിപ്രായവ്യത്യാസമാണ് ഷട്ട്ഡൗൺ നീളാനുള്ള കാരണം. ആരോഗ്യ പരിരക്ഷാ സബ്‌സിഡികള്‍ ഉള്‍പ്പെടുത്താത്ത ബില്ലിനെയാണ് ഡെമോക്രാറ്റുകൾ എതിർക്കുന്നത്. സാമ്പത്തിക വർഷത്തിന്റെ ആരംഭം കുറിക്കുന്ന ഒക്ടോബർ ഒന്നിനകം ബജറ്റ് ബിൽ പാസാക്കുന്നതിൽ പരാജയപ്പെട്ടതാണ്‌ പ്രതിസന്ധിക്കിടയാക്കിയത്‌. ആരോഗ്യ പരിരക്ഷക്കുള്ള നിർദ്ദേശങ്ങൾ ബില്ലിൽ ഉൾപ്പെടുത്തണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം വൈറ്റ്‌ഹ‍ൗസ്‌ തള്ളിയത്‌ സമവായത്തിന്‌ തടസ്സമായി.
ഒക്ടോബർ 16 മുതൽ സ്നാപ് ആനുകൂല്യങ്ങൾ നൽകുന്നത് നിർത്തുമെന്ന് പെൻസിൽവാനിയ സ്റ്റേറ്റിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച നോട്ടീസിൽ അറിയിക്കുന്നതായി സിബിഎസ് ന്യൂസ് റിപ്പോ‍ർട്ട് ചെയ്തു. ഷട്ട്ഡൗൺ അവസാനിക്കുകയും ഫണ്ട് ലഭ്യമാവുകയും ചെയ്യുന്നതുവരെ ഇത് തുടരും. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചർ ഒക്ടോബർ 10ന് സംസ്ഥാന ഏജൻസികൾക്ക് അയച്ച കത്തിൽ, ഫണ്ട് ലഭ്യതയിൽ കുറവുണ്ടെങ്കിൽ നവംബർ മാസത്തെ SNAP ആനുകൂല്യങ്ങൾ പൂർണമായി നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു.

സ്നാപ്പിൽ 4.1 കോടി അമേരിക്കക്കാർ
യുഎസിലെ ഏറ്റവും വലിയ ഭക്ഷ്യസഹായ പദ്ധതിയായ സ്നാപ്പിൽ 4.1 കോടി അമേരിക്കക്കാർ അംഗങ്ങളാണ്. പ്രതിമാസം പരമാവധി 298 ഡോള‌‍ർ ആണ് ആനൂകൂല്യം ലഭിക്കുക. ഈ പണം ഉപയോഗിച്ച് പഴങ്ങൾ, മാംസം, പാൽ ഉൽപന്നങ്ങൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ വാങ്ങാം. സ്നാപ് ഒരു ഫെഡറൽ പ്രോഗ്രാം ആണെങ്കിലും സംസ്ഥാനങ്ങളാണ് ഇത് നടപ്പിലാക്കുന്നത്.
സാധാരണ ഓരോ മാസവും ആദ്യ ദിവസം തന്നെ ഗുണഭോക്താക്കൾക്ക് അവരുടെ ഇലക്ട്രോണിക് ബെനിഫിറ്റ് ട്രാൻസ്ഫർ കാർഡുകളിൽ പണം ലഭ്യമാക്കും. എന്നാൽ, ഷട്ട്ഡൗൺ കാരണം ഈ പ്രക്രിയ തടസ്സപ്പെട്ടു. യുഎസ് ഡിപ്പാ‍ർട്ട്മെൻ്റ് ഓഫ് അഗ്രിക്കൾച്ചർ സംസ്ഥാനങ്ങളോട് ഇലക്ട്രോണിക് ഫയലുകൾ വെണ്ടർമാർക്ക് അയക്കുന്നത് നിർത്തിവെക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇത് നവംബർ മാസത്തെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ കാലതാമസത്തിനും തടസ്സങ്ങൾക്കും കാരണമായേക്കാം.
അതേസമയം യുഎസ് ഡിപ്പാ‍ർട്ട്മെൻ്റ് ഓഫ് അഗ്രിക്കൾച്ചർ സ്നാപ് ചെലവുകൾക്കായി കരുതൽ ഫണ്ട് ഉപയോഗിക്കാൻ സാധ്യതയുണ്ട്. 2018-19ലെ ഷട്ട്ഡൗൺ സമയത്ത്, ആനുകൂല്യങ്ങൾ മുടങ്ങുന്നത് ഒഴിവാക്കാൻ SNAP ഫണ്ടുകൾ നേരത്തെ വിതരണം ചെയ്തിരുന്നു. എന്നാൽ ഇത്തവണ അത്തരമൊരു നടപടി ഉണ്ടായിട്ടില്ല.

സ്നാപ്
അമേരിക്കയിലെ ഏറ്റവും വലിയ ഭക്ഷ്യ സഹായ പദ്ധതിയാണ് സ്നാപ്. മുൻപ് ഫുഡ് സ്റ്റാമ്പ് പ്രോഗ്രാം എന്നായിരുന്നു ഈ പദ്ധതി അറിയപ്പെട്ടിരുന്നത്. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചർ നടത്തുന്ന ഈ പദ്ധതി അമേരിക്കയിലെ താഴ്ന്ന വരുമാനക്കാർക്ക് ആശ്വാസകരമാണ്. ഒരു കുടുംബത്തിന്റെ വരുമാനം, വലുപ്പം, കൈവശമുള്ള വസ്തുക്കൾ, ചെലവുകൾ എന്നിവയെ ആശ്രയിച്ചാണ് സ്നാപ്പിന് അർഹത തീരുമാനിക്കുന്നത്.
കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തിലാണ് സ്നാപ് പ്രവർത്തിക്കുന്നത്. ഇലക്ട്രോണിക് ബെനിഫിറ്റ് ട്രാൻസ്ഫർ കാർഡ് അല്ലെങ്കിൽ ഇബിടി കാർഡ് വഴിയാണ് ഗുണഭോക്താക്കൾക്ക് പണം ലഭിക്കുന്നത്. ഇത് ഒരു ഡെബിറ്റ് കാർഡ് പോലെ പ്രവർത്തിക്കുന്നു. അംഗീകൃത കടകളിൽ നിന്നും കർഷക വിപണികളിൽ നിന്നും ഭക്ഷണം വാങ്ങാൻ ഇത് ഉപയോഗിക്കാം. ഓരോ മാസവും ഗുണഭോക്താക്കളുടെ ഇബിടി അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കും. 2025 ഒക്ടോബർ മുതൽ, ഒരാൾക്ക് പ്രതിമാസം 298 ഡോള‍ർ മുതൽ എട്ടുപേരടങ്ങുന്ന കുടുംബത്തിന് 1,789 ഡോളർ വരെയാണ് പരമാവധി സ്നാപ് സഹായം. അധിക അംഗങ്ങളുള്ള കുടുംബങ്ങൾക്ക് ഇതിലും കൂടുതൽ സഹായം ലഭിക്കും.

1.70 ലക്ഷം കോടി ഡോളർ മരവിച്ചു
ഹ്രസ്വകാല ധനസഹായ നടപടി സെനറ്റ് ഡെമോക്രാറ്റുകൾ നിരസിച്ചതിനെത്തുടർന്ന്, ഫെഡറൽ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ഒക്ടോബർ ഒന്നിനാണ് യുഎസിൽ ഷട്ട്ഡൗൺ ആരംഭിച്ചത്. ഏകദേശം 1.70 ലക്ഷം കോടി ഡോളർ സർക്കാർ ഫണ്ടാണ്‌ ബിൽ പാസാകാത്തതിനാൽ മരവിച്ചത്‌. വാർഷിക ഫെഡറൽ ചെലവിന്റെ നാലിലൊന്നു വരുമിത്‌. ഫെഡറൽ ബജറ്റിന്റെ ബാക്കി തുക പ്രധാനമായും ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷ, ദേശീയ കടത്തിന്റെ പലിശയടയ്ക്കൽ എന്നിവയ്ക്കാണ് നീക്കിവച്ചിരിക്കുന്നത്. കടം ഇപ്പോൾ 37.5 ലക്ഷം കോടി ഡോളർ കവിഞ്ഞു.
അതേസമയം, ഷിക്കാഗോയിലെ ഗതാഗത സംവിധാനത്തിനായി നിശ്ചയിച്ചിരുന്ന 210 കോടി ഡോളറിന്റെ ഫെഡറൽ ഫണ്ടിങ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ മരവിപ്പിച്ചു. ഡെമോക്രാറ്റിക് ഭരണത്തിലുള്ള നഗരങ്ങളെയും സംസ്ഥാനങ്ങളെയും ലക്ഷ്യം വച്ചുള്ള പ്രതികാരനടപടികളുടെ ഭാഗമാണിതെന്ന്‌ വിമർശനമുയർന്നു. ഈയാഴ്ച ന്യൂയോർക്കിലെ ഗതാഗത പദ്ധതികൾക്കുള്ള ഫണ്ട് തടഞ്ഞിരുന്നു. കലിഫോർണിയ, ഇലിനോയിസ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നായി 800 കോടി ഡോളറിന്റെ ഹരിതോർജ പദ്ധതികൾ നിർത്തിവച്ചു. മൊത്തത്തിൽ, 2600 കോടി ഡോളറിന്റെ ധനസഹായം മരവിപ്പിച്ചതായി റോയിട്ടേഴ്‌സ്‌ റിപ്പോർട്ട് ചെയ്‌തു.
ഷട്ട്ഡൗണിൻ്റെ 19-ാം ദിവസമായ ഞായറാഴ്ച ഡാളസ്, ചിക്കാഗോ, അറ്റ്ലാന്റ, നെവാർക്ക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവ് കാരണം വിമാനയാത്രകൾ വൈകിയിരുന്നു. ഞായറാഴ്ച മാത്രം 5,800ലധികം വിമാനങ്ങൾ വൈകിയതായി ഫ്ലൈറ്റ് അവയർ റിപ്പോർട്ട് ചെയ്തു.

Latest articles

ഗെറ്റ് സെറ്റ് ഇനി ഗോ

സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്....

കല്ലുത്താൻ കടവിലെ അഞ്ചര ഏക്കറിൽ ന്യൂ പാളയം മാർക്കറ്റ്‌; പ്രതിഷേധം, ഉദ്ഘാടനം

അത്യാധുനിക സംവിധാനങ്ങളോടെ കോഴിക്കോട് കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ 'ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്' മുഖ്യമന്ത്രി...

കൊച്ചിയിൽ പുതിയ ആറു വരി പാത വരുന്നു

കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണം പുരോഗമിക്കുകയാണ്. ഐടി ഹബ്ബായ കാക്കനാട്ടെ ഇൻഫോപാർക്കിൻ്റെ രണ്ടും മൂന്നും ഘട്ടങ്ങൾ സംബന്ധിച്ച...

എച്ച്1ബി വിസ: പുതിയ ഫീസ് യു.എസിന് പുറത്തുള്ളവർക്ക്, എല്ലാമറിയാൻ വായിച്ചോളൂ!

യുഎസ് വിദേശികളായ സ്കിൽഡ് പ്രൊഫഷണൽസിന് നൽകുന്ന എച്ച്1ബി വിസയുടെ ഫീസ് ഒരുലക്ഷം ഡോളറാക്കി ഉയർത്തിയത് സെപ്റ്റംബർ 21ന് പ്രാബല്യത്തിൽ...

More like this

ഗെറ്റ് സെറ്റ് ഇനി ഗോ

സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്....

കല്ലുത്താൻ കടവിലെ അഞ്ചര ഏക്കറിൽ ന്യൂ പാളയം മാർക്കറ്റ്‌; പ്രതിഷേധം, ഉദ്ഘാടനം

അത്യാധുനിക സംവിധാനങ്ങളോടെ കോഴിക്കോട് കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ 'ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്' മുഖ്യമന്ത്രി...

കൊച്ചിയിൽ പുതിയ ആറു വരി പാത വരുന്നു

കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണം പുരോഗമിക്കുകയാണ്. ഐടി ഹബ്ബായ കാക്കനാട്ടെ ഇൻഫോപാർക്കിൻ്റെ രണ്ടും മൂന്നും ഘട്ടങ്ങൾ സംബന്ധിച്ച...