ദേശീയ തലസ്ഥാനത്തും സമീപപ്രദേശങ്ങളിലും തണുപ്പ് വ്യാപിക്കുന്നു. തലസ്ഥാനത്തിൻ്റെ ചില ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ട് ദൃശ്യപരത കുറഞ്ഞു. താപനില ഗണ്യമായി കുറയുകയും മേഖലയിൽ ശൈത്യകാല തണുപ്പ് വർധിക്കുകയും ചെയ്‌തു. പ്രദേശത്ത് വരണ്ട കാലാവസ്ഥ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തണുത്ത ഉപരിതല കാറ്റ് തുടരുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു.
ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ രൂപപ്പെട്ട പടിഞ്ഞാറൻ വാതം കാരണമുണ്ടായ ശക്തമായ മഴയാണ് പെട്ടെന്നുള്ള കാലാവസ്ഥാമാറ്റത്തിന് കാരണമായത്. ശക്തമായ ഇടിമിന്നലോടും കാറ്റോടും കൂടി പെയ്‌ത മഴ മണിക്കൂറുകളോടളം നീണ്ടു നിന്നു. രാവിലെ 8.30 നും വൈകുന്നേരം 5.30 നും ഇടയിലാണ് മഴ പെയ്‌തത്.
മലനിരകളിലും ചെങ്കുത്തായ പ്രദേശങ്ങളിലം ഏതാണ്ട് 17.4 മി.മീ മഴ പെയ്‌തുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഡൽഹിയ്‌ക്ക് അടുത്ത പ്രദേശങ്ങളായ പാലം,ലോദി റോഡ് എന്നിവിടങ്ങളിൽ യഥാക്രമം 14മി.മീ, 13.4 മി.മീ എന്ന തോതിൽ മഴ ലഭിച്ചു. സഫ്‌ദാർജങിൽ 13.2 മി.മീറ്ററും അയാനഗറിൽ 11.5 മി.മീറ്ററും മഴ ലഭിച്ചു. കനത്ത മഴയെ തുടർന്ന് താപനില 11°C കുറഞ്ഞ് 16°C ആയി.
അടുത്ത മൂന്ന് ദിവസത്തേക്ക് ഡൽഹിയിൽ തണുപ്പ് തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. പരമാവധി താപനില 20°C-ൽ താഴെയായി തുടരാനും, കുറഞ്ഞ താപനില 6°C മുതൽ 8°C വരെയാകാനും സാധ്യതയുണ്ട്. ജനുവരി 23, 24 തീയതികളിൽ താപനില സാധാരണയേക്കാൾ വളരെ താഴെയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജനുവരി 23, 24, 27, 29 തീയതികളിൽ ആകാശം പൊതുവേ മേഘാവൃതമായിരിക്കും. 25, 26 തീയതികളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കാൻ സധ്യതയുണ്ട്.
അടുത്ത ആറ് ദിവസങ്ങളിൽ രാവിലെ ഇടത്തരം മൂടൽമഞ്ഞുണ്ടാകാൻ സാധ്യതയുണ്ട്. ഉപരിതല കാറ്റ് മണിക്കൂറിൽ 10-20 കിലോമീറ്റർ വേഗതയിൽ വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്. പകൽ വൈകിയാണെങ്കിലും നേരിയ വെയിൽ തെളിഞ്ഞേക്കാം, എന്നാൽ തണുത്ത കാറ്റ് വീശും. ഇത് തണുപ്പ് നിറത്ത കാലാവസ്ഥയ്‌ക്ക് കാരണമായേക്കാം. കുറഞ്ഞ താപനില സാധാരണ നിലയിലായിരിക്കുമെന്നും പരമാവധി താപനില സാധാരണ താപനിലയേക്കാൾ 2.3°C-4.3°C താഴെയായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പറഞ്ഞു.
മഴ പെയ്‌തതിനെ തുടർന്ന് ഡൽഹിയിലെ വായു ഗുണനിലവാരം ഉയർന്നിട്ടുണ്ട്. മലിനീകരണ തോതിൽ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ (സിപിസിബി) കണക്കുകൾ പ്രകാരം, ഇന്ന് രാവിലെ 9 മണിക്ക് ഡൽഹിയുടെ ശരാശരി വായു ഗുണനിലവാര സൂചിക 249 ആയിരുന്നു. എന്നാൽ 29 മോണിറ്ററിങ് സ്റ്റേഷനുകളിൽ വായുവിൻ്റെ ഗുണനിലവാരം മോശമായതായാണ് രേഖപ്പെടുത്തിയത്. നാല് സ്റ്റേഷനുകളിൽ ‘വളരെ മോശം’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
| മേഖല | വായു ഗുണ നിലവാര സൂചിക |
| ആനന്ദ് വിഹാർ | 300 |
| ചാന്ദ്‌നി ചൗക്ക് | 310 |
| വസീർപൂർ | 300 |
| ദ്വാരക സെക്‌ടർ 8 | 300 |
| ഓഖ്‌ല ഫേസ് 2 | 290 |
| ഡോ. കർണി സിങ് ഷൂട്ടിംഗ് റേഞ്ച് | 295 |


