മമ്മൂട്ടിയേയും മോഹൻലാലിനേയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമാണ് പാട്രിയറ്റ്. 17 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒരുമിച്ചെത്തുന്നത്. ഇപ്പോഴിതാ ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിച്ചുകൊണ്ട് ചിത്രത്തിന്‍റെ പവര്‍ഫുള്‍ പോസ്റ്ററും റിലീസ് തിയതിയും ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
“ഈ റിപ്പബ്ലിക് ദിനത്തിൽ, നിർഭയ ശബ്ദങ്ങളുടെ ആത്മാവ് പുറത്തുകൊണ്ടുവരുന്നു, പാട്രിയറ്റ് 2026 ഏപ്രില്‍ 23 ന് ആഗോളതലത്തില്‍ എത്തുന്നു”, കൗണ്ട്ഡൗണ്‍ ആരംഭിക്കുന്നു എന്നാണ് പോസ്റ്റര്‍ പങ്കുവച്ചു കൊണ്ട് മോഹന്‍ലാല്‍ കുറിച്ചത്.
ഇന്നലെ (ജനുവരി 25) ചിത്രത്തിലെ മമ്മൂട്ടി മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ ക്യാരക്‌ടര്‍ പോസ്റ്ററുകള്‍ പുറത്തു വിട്ടിരുന്നു.
മോഹൻലാല്‍, മമ്മൂട്ടി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, രാജീവ് മേനോൻ, നയൻതാര എന്നിവരുടെ പോസ്റ്ററുകളാണ് അണിയറപ്രവർത്തർ പുറത്തുവിട്ടത്. ‘വിമത ശബ്ദങ്ങൾ ദേശസ്നേഹത്തിന്‍റേതാണ്, ദേശദ്രോഹികൾ നിറയുന്ന ലോകത്ത് ഒരു ദേശസ്നേഹിയാകൂ’ എന്ന കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.
ഇരുട്ടും വെളിച്ചവും ചേരും വിധത്തിലാണ് എല്ലാ ക്യാരക്റ്റർ പോസ്റ്ററുകളും പുറത്തുവിട്ടിട്ടുള്ളത്. ആദ്യം നയൻതാരയുടെ ക്യാരക്റ്റർ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഏറ്റവും ഒടുവിലായാണ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ക്യാരക്റ്റർ പോസ്റ്ററുകൾ എത്തിയത്. പോസ്റ്ററുകളിൽ മോഴ്‌സ് കോഡില്‍ റിലീസ് തീയതിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 23ന് ചിത്രം റിലീസ് ചെയ്യും.
ഇന്നലെ (ജനുവരി 25) രാവിലെ 11 മണി മുതല്‍ വൈകുന്നേരം 6 മണി വരെയുള്ള സമയത്തിനിടയില്‍ ചിത്രത്തിലെ ആറ് കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ആണ് പുറത്തു വിട്ടത്. നയന്‍താര, രാജീവ് മേനോന്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ആണ് പുറത്തു വന്നിരിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും ക്യാരക്ടർ പോസ്റ്ററുകൾ പരസ്പരം പങ്കുവയ്ക്കുകയായിരുന്നു.
ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ട ഏറ്റവും വലിയ സ്‌പൈ ത്രില്ലറുകളിലൊന്നാവും ചിത്രം. രാജ്യ സ്നേഹത്തിന്‍റെയും ധീരതയുടെയും കഥപറയുന്ന ചിത്രമാണ് പാട്രിയറ്റ്. വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കാന്‍ പോകുന്നത്.
അന്താരാഷ്‌ട്ര നിലവാരത്തിലുള്ളതായിരിക്കും ചിത്രം എന്ന് സൂചിപ്പിക്കുന്ന ടീസറാണ് നേരത്തെ പുറത്തിറങ്ങിയിരിക്കുന്നത്. ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്. ചിത്രത്തിന്റെ രചന സംവിധായകൻ മഹേഷ് നാരായണന്റേതാണ്. ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത് സുഷിന്‍ ശ്യാം ആണ്. തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ,റോക്കി ഓർ റാണി കി പ്രേം കഹാനി തുടങ്ങിയ ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായ മനുഷ് നന്ദനാണ് ക്യാമറ.മഹേഷ് നാരാണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് എഡിറ്റിങ്. ഏറ്റവും മികച്ച സാങ്കേതികപ്രവർത്തകരാണ് ഈ സിനിമയ്ക്കായി ഒന്നിക്കുന്നത്.
സി ആര്‍ സലിം, സുഭാഷ് ജോര്‍ജ് എന്നിവരാണ് സഹനിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് രാജേഷ് കൃഷ്ണ, സി വി സാരഥി. പ്രൊഡക്ഷന്‍ ഡിസൈന്‍ ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്‍റണി, അസോസിയേറ്റ് ഡയറക്ടര്‍ ഫാന്‍റം പ്രവീണ്‍.
കൊച്ചി, ശ്രീലങ്ക, ലണ്ടന്‍, അബുദബി, അസര്‍ബൈജാന്‍, തായ്ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്.


