ഭാരതത്തിന്റെ വളര്‍ച്ച ലോകത്തിന് കൂടുതല്‍ സ്ഥിരതയും സുരക്ഷിതത്വവും നല്‍കുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍.
രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ശേഷം എക്‌സിലൂടെ പ്രതികരിക്കുകയായിരുന്നു അവര്‍. റിപ്പബ്ലിക് ദിന പരേഡില്‍ അതിഥിയായി എത്തിയത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന സൂചനകള്‍ക്കിടെയാണ് ഈ സന്ദര്‍ശനം.
കരാറിന്റെ പ്രത്യേകതകള്‍:
200 കോടി ജനങ്ങളെ ഉള്‍ക്കൊള്ളുന്ന, ലോക ജി.ഡി.പി.യുടെ നാലിലൊന്ന് വിഹിതം കൈയ്യാളുന്ന ബൃഹത്തായ ഒരു വിപണിയാണ് ഈ കരാറിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്.
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ നികുതി 110 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി ഇന്ത്യ കുറയ്ക്കും. വോക്‌സ്വാഗണ്‍, മെഴ്സിഡസ് ബെന്‍സ്, ബി.എം.ഡബ്ല്യു തുടങ്ങിയ കമ്പനികള്‍ക്ക് ഇത് വലിയ നേട്ടമാകും.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായ ഇന്ത്യയുമായുള്ള ഈ പങ്കാളിത്തം യൂറോപ്പിനും വലിയ സാമ്പത്തിക നേട്ടങ്ങള്‍ നല്‍കും.
2007-ല്‍ ആരംഭിച്ച ചര്‍ച്ചകള്‍ പല കാരണങ്ങളാല്‍ 2013-ല്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ 2022-ല്‍ പുനരാരംഭിച്ച ചര്‍ച്ചകളാണ് ഇപ്പോള്‍ വിജയകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നത്. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നും തമ്മില്‍ നടത്തുന്ന ഉച്ചകോടിയില്‍ ഈ കരാര്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നായ യൂറോപ്യന്‍ യൂണിയനുമായി പുതിയ കരാര്‍ ഒപ്പിടുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 135 ബില്യണ്‍ ഡോളറിനും അപ്പുറത്തേക്ക് വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


