മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധി ഉള്‍പ്പെടെ നിരവധി രാഷ്‌ട്രീയ നേതാക്കളാണ് വിമാനാപകടങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന മാധവ് റാവു സിന്ധ്യ, മുന്‍ ലോക്‌സഭാ സ്പീക്കര്‍ ജിഎംസി ബാലയോഗി, ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡി, രാജ്യത്തെ ആദ്യ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് തുടങ്ങിയവര്‍ ഇതില്‍പ്പെടുന്നു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിട്ട് അധികനാളായില്ല. ഇപ്പോഴിതാ അജിത് പവാറും.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മൃതദേഹം ഇന്ന് സംസ്കരിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാനിലാണ് അന്ത്യകർമങ്ങൾ നടന്നത്. അജിത് പവാറിന്റെ മക്കളായ പാർഥ, ജയ് എന്നിവരാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്.
തങ്ങളുടെ പ്രിയ നേതാവ് വിടപറഞ്ഞത് ഉൾക്കൊള്ളാനാവാതെ നിൽക്കുകയാണ് ഒരു കൂട്ടം ജനങ്ങൾ. “അജിത് ദാദാ അമർ രഹേ”, “അജിത് ദാദാ പരത് യാ” (അജിത് ദാദാ നീണാൾ വാഴട്ടെ; അജിത് ദാദാ, തിരിച്ചുവരിക) എന്നാണ് ജനങ്ങൾ അജിത് പവാറിനായി വിളിച്ചുകൊണ്ടിരുന്ന മുദ്രാവാക്യം. ജന്മനാടായ ബാരാമതിയിലെ വിദ്യാ പ്രതിഷ്‌ഠാനിൽ അന്തിമോപചാരം അർപ്പിക്കാൻ നിരവധി ആളുകളാണ് എത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങി ഒട്ടേറെപ്പേർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ബാരാമതിയിൽ എത്തി.അന്ത്യകർമങ്ങൾക്ക് മുൻപായി എൻസിപി-എസ്‌പി മേധാവി ശരദ് പവാർ ആദരാഞ്ജലികൾ അർപ്പിച്ചു.
ബുധനാഴ്‌ച (ജനുവരി 28) പുലർച്ചെയാണ് മഹാരാഷ്‌ട്രയിലെ ബാരാമതി വിമാനത്താവളത്തിന് സമീപം അജിത് പവാർ സഞ്ചരിച്ച ചാർട്ടേഡ് വിമാനം തകർന്നുവീണത്. 2026 ഫെബ്രുവരി അഞ്ചിന് നടക്കുന്ന പുണെ ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യോഗങ്ങളിൽ പങ്കെടുക്കാൻ പോകുംവഴിയാണ് നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) അധ്യക്ഷൻ കൂടിയായ അജിത് പവാർ അപകടത്തിൽ മരിച്ചത്. സംഭവത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന നാല് പേരും മരിച്ചിരുന്നു.
15,000 മണിക്കൂർ പറക്കൽ പരിചയമുള്ള ക്യാപ്റ്റൻ സുമിത് കപൂർ, 1,500 മണിക്കൂർ പറക്കൽ പരിചയമുള്ള സഹപൈലറ്റ് ക്യാപ്റ്റൻ ശാംഭവി പഥക്, പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ (പിഎസ്ഒ) വിദിപ് ജാദവ്, ഫ്ലൈറ്റ് അറ്റൻഡൻ്റ് പിങ്കി മാലി എന്നിവരാണ് ദുരന്തത്തിൽ കൊല്ലപ്പെട്ട മറ്റുള്ളവർ. അപകടത്തിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ കക്ഷികൾ രംഗത്ത് എത്തിയിരുന്നു. എന്നാൽ എൻസിപി-എസ്‌പി മേധാവി ശരദ് പവാർ ഈ ആരോപണങ്ങളെല്ലാം തള്ളി. പ്രതികൂല കാലാവസ്ഥ മൂലം കാഴ്ച തടസ്സപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ.റാംമോഹൻ നായിഡു അറിയിച്ചു.
മഹാരാഷ്‌ട്രാ ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട വിമാനാപകടത്തെ സംബന്ധിച്ച റിപ്പോർട്ട് (എഡിആർ) രജിസ്റ്റർ ചെയ്‌തതായി മഹാരാഷ്‌ട്ര പൊലീസ്. സംഭവം അപകട മരണമാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ബാരാമതി പൊലീസ് സ്റ്റേഷനിലാണ് അപകട മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്‌തിട്ടുള്ളതെന്നും മുതിർന്ന പൂനെ റൂറൽ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പൊലീസ് നടപടിക്രമമനുസരിച്ച് അപകട മരണ റിപ്പോർട്ട് മഹാരാഷ്ട്ര ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് (സിഐഡി) കൈമാറുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
എയർക്രാഫ്റ്റ് ആക്‌സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) അന്വേഷണത്തിലായിരിക്കും തുടർ നടപടികൾ. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എഎഐബി, അപകടത്തെക്കുറിച്ചുള്ള അന്വേഷണം ഇതിനകം ഏറ്റെടുത്തിട്ടുണ്ട് വിവിധ വൃത്തങ്ങൾ പറഞ്ഞു.
പൊതുജനങ്ങളുടെ ഇടയിൽ സ്വാധീനമുള്ള ജനപ്രതിനിധിയോ പ്രശസ്‌ത വ്യക്തിയോ അപകടത്തിൽ മരിച്ചാൽ, അന്വേഷണം നടത്തുന്നത് മഹാരാഷ്ട്ര ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. “ഇതുവരെ ഉത്തരവുകളൊന്നും അന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടില്ല. പക്ഷേ, ഉത്തരവുകൾ ലഭിക്കാനും ലോക്കൽ പൊലീസിൽ രജിസ്റ്റർ ചെയ്‌ത അപകട മരണ റിപ്പോർട്ടിനെ കുറിച്ച് അന്വേഷണം ആരംഭിക്കാനും സാധ്യതയുണ്ട്,” ഉദ്യാഗസ്ഥൻ വിശദീകരിച്ചു.
അതേസമയം, അജിത് പവാർ സഞ്ചരിച്ച ചെറുവിമാനം ബാരാമതി എയർ സ്ട്രിപ്പിൽ ലാൻഡ് ചെയ്യുമ്പോൾ പൈലറ്റുമാർക്കും ഗ്രൗണ്ട് കൺട്രോൾ സ്റ്റാഫുകൾക്കും ഇടയിൽ ആശയക്കുഴപ്പം ഉടലെടുത്തെന്നാണ് പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. പ്രതികൂല കാലാവസ്ഥയിൽ ദൃശ്യപരിധി കുറഞ്ഞതിനെ തുടർന്ന് വിമാനം ആദ്യം ലാൻഡ് ചെയ്യുന്നത് പരാജയപ്പെട്ടിരുന്നു. രണ്ടാം തവണ ലാൻഡിങ്ങിനു ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.
വിമാനം ആദ്യമായി ബാരാമതി വിമാനത്താവളവുമായി ബന്ധപ്പെടുമ്പോൾ 30 നോട്ടിക്കൽ മൈൽ (55 കിലോമീറ്റർ) അകലെവച്ചാണ് ലാൻഡിങ് അനുമതി നൽകിയത്. ഉപകരണങ്ങൾക്കു പകരം കാഴ്ചയെ ആശ്രയിച്ച് ലാൻഡ് ചെയ്യാനായിരുന്നു നിർദേശം. തുടർന്ന് പൈലറ്റുമാർ കാലാവസ്ഥാവിവരങ്ങൾ തിരക്കിയപ്പോൾ കാറ്റിന്റെ പ്രശ്നമില്ലെന്നും 3000 മീറ്റർ കാഴ്ചയുണ്ടെന്നും അറിയിച്ചു. എന്നാൽ, ലാൻഡിങ് ശ്രമത്തിനിടെ റൺവേ കാണാനാകുന്നില്ലെന്നു പൈലറ്റുമാർ അറിയിച്ചു. തുടർന്ന് ആദ്യ ലാൻഡിങ് ശ്രമം ഉപേക്ഷിച്ച് വീണ്ടും കറങ്ങിവരാൻ (ഗോ എറൗണ്ട്) തീരുമാനിക്കുകയായിരുന്നു.
തുടർന്ന് രണ്ടാമതും ലാൻഡിങ്ങിനു ശ്രമം നടത്തി. തുടർന്ന് 8.43 ഓടെ പൈലറ്റുമാർ റൺവേയുമായുള്ള ദൃശ്യ സമ്പർക്കം സ്ഥിരീകരിക്കുകയും തുടർന്ന് ലാൻഡിങ് ക്ലിയറൻസ് ലഭിക്കുകയും ചെയ്തു. എന്നാൽ, അതിനു മറുപടി ലഭിച്ചില്ല. തൊട്ടടുത്ത നിമിഷം റൺവേയിൽ തീജ്വാലകൾ ഉയരുന്നതാണ് എടിസിയിൽനിന്നും കണ്ടത്. ‘ഓ ഷ്‘ (‘Oh sh‘) എന്ന വാക്കാണ് പൈലറ്റുമാരിൽനിന്നും അവസാനമായി കേട്ടത്. ബാരാമതി പൂർണതോതിലുള്ള എയർ ട്രാഫിക് കൺട്രോൾ സംവിധാനമില്ലാത്ത വിമാനത്താവളമായതിനാൽ ഫ്ലൈറ്റ് വിവരങ്ങൾ അവിടെയുള്ള പൈലറ്റ് സ്കൂളിലെ പരിശീലകരാണു നൽകുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി യും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിശേഷിപ്പിച്ചതു പോലെ മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലെ വലിയ ജനപിന്തുണയുള്ള നേതാവായിരുന്നു അജിത് പവാര്‍. അമ്മാവനായ മറാത്ത കരുത്തന്‍ ശരത് പവാറിനോട് വിയോജിച്ച് പുതിയ എന്‍സിപി രൂപീകരിച്ച് ബിജെപി യോടൊപ്പം ചേര്‍ന്ന അജിത് പവാര്‍ മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലെ ‘എനര്‍ജി റൂം’ എന്നാണ് അറിയപ്പെട്ടിരുന്നത്.
കരിമ്പ് കൃഷിക്ക് പേരുകേട്ട ബാരാമതിയാണ് മൂന്ന് ദശകത്തിലേറെയായി നീണ്ടുനിന്ന അജിത് പവാറിന്റെ രാഷ്‌ട്രീയത്തെ വളര്‍ത്തിയെടുത്ത പരീക്ഷണഭൂമി. ഇവിടെനിന്നാണ് രാഷ്‌ട്രീയ തന്ത്രങ്ങളില്‍ ഈ നേതാവ് സാമര്‍ത്ഥ്യം നേടിയത്. മഹാരാഷ്‌ട്രയില്‍ എന്തും സാധിക്കുന്ന അമ്മാവനെ മറികടന്ന് രാഷ്‌ട്രീയ ഭൂപടം മാറ്റിവരയ്‌ക്കുകയായിരുന്നു അജിത് പവാര്‍. ഈ നേതാവിനെ കരുത്തനാക്കി വളര്‍ത്തുന്നതില്‍ ബാരാമതി വഹിച്ച പങ്ക് വളരെ വലുതാണ്. അതേ സ്ഥലത്തുതന്നെ ജീവിതയാത്രയുടെ അന്ത്യം സംഭവിച്ചതും വിധിയെന്ന് സമാധാനിക്കാന്‍ മാത്രമേ കഴിയൂ. ബാരാമതിയില്‍ നിന്ന് പലവട്ടം തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ബാരാമതിയിലെ ജനങ്ങള്‍ ഈ വിയോഗത്തോട് പൊരുത്തപ്പെടാന്‍ ഏറെക്കാലമെടുക്കും.
അജിത് പവാറിന്റെ രാഷ്‌ട്രീയ ജീവിതം നാടകീയമായ വഴിത്തിരിവുകള്‍ നിറഞ്ഞതായിരുന്നു. മഹാരാഷ്‌ട്ര സംസ്ഥാനത്തിലെ പ്രധാന അധികാര കേന്ദ്രങ്ങളിലൊന്നായ ശരത് പവാറിന്റെ സ്വാധീന വലയത്തില്‍ നിന്ന് പുറത്തുകടന്ന് രാഷ്‌ട്രീയമായി അതിജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. അജിത് പവാര്‍ അതില്‍ വിജയിച്ചത് രാഷ്‌ട്രീയ നിരീക്ഷകരെ അമ്പരപ്പിക്കുകയുണ്ടായി.
അതുവരെ രാഷ്‌ട്രീയ എതിരാളിയായി കണ്ടിരുന്ന ബിജെപിയുമായി സഹകരിച്ച് 2019 നവംബറില്‍ അപ്രതീക്ഷിതമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ചു. ആ സര്‍ക്കാര്‍ വെറും 80 മണിക്കൂര്‍ മാത്രമേ നിലനിന്നുള്ളൂ. ഇതോടെ അജിത് പവാറിനെ എഴുതിത്തള്ളാന്‍ ശ്രമിച്ചവര്‍ക്ക് പിന്നീട് കണക്കുകൂട്ടലുകള്‍ തെറ്റി. 2023 ജൂലൈയില്‍, അജിത് പവാറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എംഎല്‍എമാരെ നയിച്ച് വീണ്ടും ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ചേരുകയും ഉപമുഖ്യമന്ത്രിയാവുകയും ചെയ്തു. ഈ നീക്കം എന്‍സിപിയെ നെടുകെ പിളര്‍ത്തി. മാസങ്ങള്‍ക്കകം, തെരഞ്ഞെടുപ്പ് കമ്മിഷന്‍ പാര്‍ട്ടിയുടെ പേരും ചിഹ്നവും അനുവദിച്ചു. ഒരിക്കല്‍ ശരത് പവാറിനോട് വിശ്വസ്ത പുലര്‍ത്തിയിരുന്നവരെ പുതിയൊരു പതാകയ്‌ക്കു കീഴില്‍ അണിനിരക്കാന്‍ സഹായിച്ചു.
അജിത് പവാറിന്റെ രാഷ്‌ട്രീയ മുന്നേറ്റം ഒരു ശക്തനായ സംസ്ഥാന നേതാവിന്റെ കഥ മാത്രമല്ല. ഒരുകാലത്ത് കോണ്‍ഗ്രസിനെ കേന്ദ്രീകരിച്ച് നിലനിന്നിരുന്ന ദേശീയ രാഷ്‌ട്രീയം ബിജെപിയെ കേന്ദ്രീകരിച്ച് മാറിമറിയുന്നതിന്റെ സമീപകാല ചരിത്രവും അത് പറയുന്നുണ്ട്. മഹാരാഷ്‌ട്രയില്‍ ഈ മാറ്റത്തിന്റെ പ്രതിബിംബമായിരുന്നു അജിത് പവാര്‍. രാഷ്‌ട്രീയ തന്ത്രങ്ങള്‍ പയറ്റുന്നതിനിടയിലും ജനങ്ങളെ കപട വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ച ഒരു നേതാവുമായിരുന്നു.


