ഹൈക്കമാന്‍ഡുമായി അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി ശശി തരൂര്‍. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുമായാണ് കൂടിക്കാഴ്‌ച നടത്തിയത്. പാര്‍ലമെന്‍റിലെ ഖാര്‍ഗെയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്‌ച.
അരമണിക്കൂർ നീണ്ട ചര്‍ച്ചയില്‍ നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങളും പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളും ചര്‍ച്ചയായി. കേരളത്തില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി ചേര്‍ന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാത്തത് സംബന്ധിച്ചുള്ള തന്‍റെ ഭാഗം വ്യക്തമാക്കുന്നതിനായിട്ടാണ് തരൂര്‍ നേതാക്കളെ നേരില്‍ കണ്ടത്. നിലവില്‍ അസ്വാരസ്യങ്ങള്‍ പരിഹരിച്ച് ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഹൈക്കമാന്‍ഡ് തീരുമാനം.
‘പാര്‍ട്ടിയുമായി യാതൊരു പ്രശ്‌നവുമില്ലെന്നും എല്ലാം പരിഹരിച്ചൂവെന്നും അദ്ദേഹം പറഞ്ഞും. താനും പാര്‍ട്ടിയും ഒരേ ദിശയിലാണ്. എല്ലാം കാര്യങ്ങളും നേതൃത്വത്തോട് നേരിട്ട് പറഞ്ഞൂവെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താനുണ്ടാകുമെന്നും’ ശശി തരൂര്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്നും തനിക്ക് തിരുവനന്തപുരത്തെ ജനങ്ങളോടാണ് തനിക്ക് കടപ്പാടെന്നും അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി നടന്ന സുപ്രധാന അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ തരൂര്‍ പങ്കെടുത്തിരുന്നില്ല. ശശി തരൂർ വിട്ടുനിന്നത് പാർട്ടി വിടുകയാണെന്ന് അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു.
പാര്‍ട്ടിയുമായി തനിക്ക് ചെറിയ പ്രശ്‌നങ്ങളുണ്ടെന്നും എന്നാലത് നേതൃത്വത്തോട് നേരിട്ട് സംസാരിക്കുമെന്നുമാണ് ശശി തരൂര്‍ നേരത്തെ കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയത്. തരൂർ സിപിഎമ്മിൽ ചേരുകയാണെന്ന തരത്തിലടക്കം അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ വാർത്തകൾ സൃഷ്ടിക്കുകയാണെന്ന് പറഞ്ഞ് തരൂർ ഈ വാദം തള്ളിയിരുന്നു.
സിപിഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളിയ തരൂർ, ആരാണ് ഇത്തരം വാർത്തകൾ പടച്ചു വിടുന്നതെന്ന് ചോദിച്ചു. കഥകൾ എവിടെ നിന്ന് കിട്ടി എന്നറിയില്ലെന്നും തരൂർ പറഞ്ഞു. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് താന്‍ നേരത്തെ തീരുമാനിച്ചതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസുമായി പിണങ്ങി നിൽക്കുന്ന ശശി തരൂരിനെ ഒപ്പം നിർത്താനുള്ള ശ്രമത്തിലായിരുന്നു സിപിഎം. ഇതിൻ്റെ ഭാഗമായി ദുബൈയിൽ നിർണായക ചർച്ചകൾ നടന്നുവെന്ന സൂചനകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായിയാണ് ചർച്ചക്ക് മുൻകൈയെടുക്കുന്നത് എന്ന വിവരമാണ് പുറത്തുവന്നത്.
തരൂരിൻ്റെ സിപിഎം പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ നിഷേധിച്ചിരുന്നില്ല. ഇടത് നിലപാടിനോട് യോജിപ്പുള്ള ആർക്കും വരാമെന്നായിരുന്നു കൺവീനറുടെ പ്രതികരണം. മഹാപഞ്ചായത്തിൽ രാഹുൽ ഗാന്ധി കൈകൊടുക്കാൻ മടിച്ച തരൂർ ഇടതിന് കൈകൊടുക്കുമോ എന്നതായിരുന്നു ആകാംക്ഷ. രാഹുൽ അപമാനിച്ചെന്ന വികാരമുള്ള ശശി തരൂരിനെ കൂടെ കൂട്ടാനായിരുന്നു സിപിഎമ്മിൻറെ അപ്രതീക്ഷിത നീക്കം. എന്നാൽ പാർട്ടിയുമായുള്ള പ്രശ്നം പരിഹരിച്ചെന്ന് പറയുന്നതിലൂടെ തരൂർ കോൺഗ്രസിൽ സജീവമാവുമെന്ന് വ്യക്തമാക്കുകയാണ്.
കേരള നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തരൂരിനെ അനുനയിപ്പിക്കാനാണ് ഹൈക്കമാൻഡ് നോക്കുന്നത്. അതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്. തരൂരിനെതിരേ നടപടിയെടുക്കാനോ അദ്ദേഹത്തിന് ഏതെങ്കിലും രീതിയിലുള്ള വിലക്കിടാനോ കോൺഗ്രസ് ശ്രമിച്ചിട്ടില്ല. പാർട്ടി നടപടി നേരിട്ട് രക്തസാക്ഷി പരിവേഷം തരൂരിന് ഉണ്ടാക്കേണ്ടതില്ലെന്നതാണ് ഇതിനു കാരണം. കഴിഞ്ഞ ഏപ്രിലിൽ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പ്രധാനമന്ത്രി സ്വീകരിച്ച നടപടികളെ തരൂർ പ്രശംസിച്ചത് കോൺഗ്രസിനകത്ത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. പിന്നാലെ കേന്ദ്ര സർക്കാരിന്റെ പ്രത്യേക പ്രതിനിധി സംഘത്തെ നയിക്കാനുള്ള ബിജെപി ക്ഷണം തരൂർ സ്വീകരിച്ചതും വിഷയം കൂടുതൽ വഷളാക്കി. കഴിഞ്ഞ നവംബറിൽ പ്രധാനമന്ത്രി പങ്കെടുത്ത ഒരു ചടങ്ങിൽ അദ്ദേഹത്തിന്‍റെ സാമ്പത്തിക നയങ്ങളെ ‘പുരോഗതിക്കായുള്ള ആഹ്വാനം’ എന്ന് ശശി തരൂർ വിശേഷിപ്പിച്ചത് കോൺഗ്രസ് വക്താക്കൾ പരസ്യമായി തള്ളിയിരുന്നു. എന്നാൽ താൻ വസ്തുതകൾ വിവരിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു മറുപടി. രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ വിമർശിച്ച് ശശി തരൂർ എഴുതിയ ലേഖനം ഗാന്ധി കുടുംബത്തെ ലക്ഷ്യം വെച്ചുള്ളതാണെന്ന് പാർട്ടിയിൽ വ്യാഖ്യാനിക്കപ്പെട്ടു. ഇത് ബിജെപി ആയുധമാക്കുകയും ചെയ്തു.
തദ്ദേശതിരഞ്ഞെടുപ്പിൽ ജയിച്ച ജനപ്രതിനിധികളെ ഉൾപ്പെടുത്തി കോൺഗ്രസ് കൊച്ചിയിൽ സംഘടിപ്പിച്ച മഹാപഞ്ചായത്തിൽ അവഗണന നേരിട്ടു എന്നതാണ് തരൂരിന്റെ ഒടുവിലത്തെ പരാതി. രാഹുൽ പങ്കെടുത്ത പരിപാടിയിൽ വേദിയിലുണ്ടായിരുന്നിട്ടും തരൂരിന്റെ പേരുപോലും പരാമർശിച്ചില്ലെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. വരുന്ന വാർത്തകളിൽ തെറ്റും ശരിയുമുണ്ടാകാമെന്നും തനിക്ക് പറയാനുള്ളത് പാർട്ടി വേദിയിൽ പറയുമെന്നുമായിരുന്നു ഇതേക്കുറിച്ച് തരൂരിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് തരൂർ സിപിഎമ്മിലേക്കെന്ന പ്രചാരണം ഉണ്ടായത്.


