Monday, March 2, 2026
Monday, March 2, 2026
Homecommunityകുടിയേറ്റ കുടുംബത്തിലെ കണ്ണി, നക്സലിസത്തിൽനിന്ന് സുവിശേഷകനിലേക്കുള്ള കൂടുമാറ്റം

കുടിയേറ്റ കുടുംബത്തിലെ കണ്ണി, നക്സലിസത്തിൽനിന്ന് സുവിശേഷകനിലേക്കുള്ള കൂടുമാറ്റം

Published on

കേരളത്തിലെ നക്‌സലൈറ്റ് വിപ്ലവങ്ങളുടെ ആദ്യകാല നേതൃത്വങ്ങളിൽ ഒരാളായിരുന്നു വെള്ളത്തൂവൽ സ്റ്റീഫൻ. അക്കാല നക്‌സൽ പോരാട്ടങ്ങളിലൂടെയും സായുധ വിപ്ലവങ്ങളിലൂടയും മുന്നേറിയവരിൽ വെള്ളത്തൂവൽ സ്റ്റീഫനും ഉണ്ടായിരുന്നു. കുന്നിക്കല്‍ നാരായണന്‍, നക്‌സല്‍ വര്‍ഗീസ്, കെ അജിത തുടങ്ങിയ നക്‌സൽ നേതാക്കൾക്ക് സമകാലികനായിരുന്നു വെള്ളത്തൂവല്‍ സ്റ്റീഫന്‍.
കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിൽ വീട്ടിൽ സക്കറിയ-അന്നമ്മ ദമ്പതികളുടെ മകനായി ജനനം. അക്കാല കുടിയേറ്റങ്ങളുടെ സമാന സ്വഭാവമായിരുന്നു സ്റ്റീഫൻ്റെ കുടുംബത്തിൻ്റേതിനും. കോട്ടയത്തു നിന്നും ഇടുക്കിയിലെ വെള്ളത്തൂവലിലേക്ക് കുടിയേറിയ കർഷകകുടുംബത്തിലെ അംഗമെന്ന നിലയിലും കടുത്ത കമ്മ്യൂണിസ്റ്റ് ആദർശവാദിയായ അച്‌ഛൻ്റെ മകനെന്ന നിലയിലുമായിരുന്നു എസ്‌തഫനോസായിരുന്ന സ്റ്റീഫൻ്റെ ജീവിതം.
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷമാണ് അച്‌ഛൻ്റെ പാത പിന്തുടർന്ന് സംഘടനാ പ്രവർത്തനത്തിലേക്ക് ചേക്കേറുന്നത്. പാർട്ടി പിളർന്നപ്പോൾ സിപിഐ യിൽ നിന്നു. സിപിഐ പ്രാദേശിക നേതാവായ സ്റ്റീഫൻ അക്കാലത്ത് കുടിയിറക്കിനെതിരേ ഹൈറേഞ്ച് കർഷക രക്ഷാസമിതി രൂപവത്കരിച്ച് പ്രവർത്തനം നടത്തിയിരുന്നു. പിന്നീടാണ് നക്‌സലൈറ്റ് പ്രസ്ഥാനത്തിലേക്ക് സ്റ്റീഫൻ തൻ്റെ പ്രവൃത്തി മണ്ഡലം മാറ്റിയതെന്ന് ആത്മകഥയിൽ വ്യക്തമാക്കുന്നു. വെള്ളത്തൂവലിൽ ബീഡിതെറുപ്പിനായി കണ്ണൂരിൽനിന്നെത്തിയവരാണ് സ്റ്റീഫനിൽ വിപ്ലവത്തിന്റെ തിരികൊളുത്തിയത്. നക്‌സൽ നേതാവ് കുന്നിക്കൽ നാരായണൻ സ്റ്റഡിക്ലാസിനായി വെള്ളത്തൂവലിൽ എത്തിയപ്പോൾ സ്റ്റീഫനെ കാണുകയും ഇരുവരും സൗഹൃദത്തിലാവുകയും ചെയ്തു.
19-ാം വയസ്സിൽ 1968 ലെ തലശേരി പൊലീസ് സ്‌റ്റേഷൻ ആക്രമണത്തിൻ്റെ നേതൃനിര പോരാളിയായിരുന്നു വെള്ളത്തൂവൽ സ്റ്റീഫൻ. തലശ്ശേരിയിൽ എത്താനാണ് പറഞ്ഞിരുന്നത്, ആക്രമണത്തെ കുറിച്ച് നേരത്തേ അറിയിച്ചിരുന്നില്ലെന്ന് സ്റ്റീഫൻ പിന്നീട് പറഞ്ഞിരുന്നു. നായാട്ടിന് തോക്ക് ഉപയോഗിച്ചുള്ള പരിചയമാണ് സ്റ്റീഫനെ അവിടെ എത്തിച്ചത്. തലശേരി പൊലീസ് സ്റ്റേഷൻ ആക്രമണം ചതിക്കപ്പെട്ട ആക്രമണമായിരുന്നു എന്നാണ് വിവിധ നേതാക്കൾ അന്ന് പറഞ്ഞിരുന്നത്. ആക്രമണത്തിന് ശേഷം നക്‌സൽ പ്രസ്ഥാനത്തിൽ സജീവമാകുകയും ഒളിവിൽപോകുകയും ചെയ്‌തു.

അതിനുശേഷമാണ് എ. വർഗീസിനൊപ്പം വയനാട്ടിൽ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചതും തിരുനെല്ലിയിലെ ആക്രമണത്തിൽ പങ്കാളിയാകുന്നതും. കേരളത്തിലെ അടിച്ചമർത്തപ്പെട്ട ജനതയ്ക്ക് വേണ്ടി നിലകൊണ്ടു. നാടും കാടും സഞ്ചരിച്ച് വിപ്ലവപാർട്ടികൾക്ക് കൊടിയുയർത്തി. വയനാട് കേന്ദ്രീകരിച്ച് നടന്ന ജന്മികള്‍ക്കെതിരായ നക്‌സൽ പ്രവർത്തനങ്ങളിലും വെള്ളത്തൂവൽ സ്റ്റീഫൻ്റെ ഇടപെടൽ ഉണ്ടായിരുന്നതായി ആത്മകഥയിൽ പറയുന്നു.
നിരണം ആക്രമണത്തിനായി ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സാരമായി പൊള്ളലേറ്റിരുന്നു. തിരുവനന്തപുരത്ത് ഒളിവിൽ കഴിഞ്ഞായിരുന്നു ചികിത്സ. നഗരൂർ, കുമ്മിൾ ആക്രമണത്തിൽ നേരിട്ടോ അല്ലാതെയോ പങ്കെടുത്തിട്ടില്ലെന്ന് പിൽക്കാലത്ത് സ്റ്റീഫൻ പറഞ്ഞിരുന്നു. തിരുവനന്തപുരത്തുനിന്ന്‌ പിന്നീട് ചികിത്സയ്ക്കായി എറണാകുളത്തേക്ക് കൊണ്ടുവന്നു. കുമ്പളങ്ങിയിൽ ഒളിവിൽ കഴിയുമ്പോൾ 1971 ഏപ്രിൽ 5-നാണ് വെള്ളത്തൂവൽ സ്റ്റീഫനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കൊലക്കേസ് ഉൾപ്പെടെ പതിനെട്ട് കേസുകളാണ് സ്റ്റീഫനതിരെ ഉണ്ടായിരുന്നത്. ജയിലിൽവച്ചുതന്നെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ്) സ്ഥാപകനേതാവും ഇന്ത്യൻ കമ്യൂണിസ്റ്റ് വിപ്ലവകാരിയുമായിരുന്ന ചാരുമജുംദാറിൻ്റെ ഉന്മൂലന​മാർ​ഗം ഉപേക്ഷിച്ചിരുന്നു. തുടർന്ന് ജയിലിൽ വച്ചുതന്നെ നക്‌സൽ പ്രവർത്തനം ഉപേക്ഷിച്ചു. ‘പാകതവരാത്ത ചെറുപ്പമായതിനാല്‍ വിപ്ലവം അറിവില്ലായ്‌മയിൽ നിന്നുള്ള ആവേശമായിരുന്നു’ എന്നായിരുന്നു നക്‌സലിസത്തെ കുറിച്ചുള്ള വെള്ളത്തൂവൽ സ്റ്റീഫൻ്റെ ഭാഷ്യം.

പ്രധാന കേസുകളിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. 15 ൽ അധികം കൊലപാതക കേസുകളിലായി 1982 വരെ പരോളില്ലാതെ 11 വർഷം ജയിലിൽ തുടർന്നു. വായിക്കാൻ പുസ്തകം ലഭിക്കാനായി 18 ദിവസം ജയിലിൽ നിരാഹാര സമരം നടത്തി. 1982 ൽ വയലാർ രവി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് ആദ്യമായി 15 ദിവസത്തെ പരോളിൽ പുറത്തുവന്നത്. വീണ്ടും പരോളിൽ വന്ന സമയത്ത് ഇടതുകൈയിൽ ട്യൂമർ ബാധിച്ചു. മെഡിക്കൽ കോളേജിൽ കഴിയുമ്പോൾ ഭക്ഷണം നൽകിയത് പോലീസുകാരായിരുന്നു. ജയിൽമോചിതനായപ്പോൾ വിവിധ പാർട്ടിക്കാർ ക്ഷണിച്ചെങ്കിലും രാഷ്ട്രീയ പ്രവർത്തനത്തിനു പകരം സ്റ്റീഫൻ പോയത് രാഷ്ട്രീയ പഠനത്തിലേക്കായിരുന്നു. ഗാന്ധിജിയെയും നെഹ്‌റുവിനെയും പഠിച്ചു. കൊലപാതക രാഷ്ട്രീയം മാർക്സിസമല്ലെന്നും പ്രായോഗികമല്ലെന്നുമുള്ള ചിന്തയിലേക്കെത്തി.
അയൽവാസിയായ മാലതിയെ വിവാഹം കഴിച്ച് താമസം ചേലച്ചുവടിലേക്ക് മാറി. ജീവിതമാർഗത്തിനായി മാസ് ടെയ്‌ലേഴ്‌സ് എന്ന തയ്യൽക്കട തുടങ്ങി. ഈ കാലയളവിലാണ് ബൈബിൾ െെകയിലെടുത്തത്. മതങ്ങളുടെ തടവിലല്ലാത്ത ക്രിസ്തുവിനെ കണ്ടെത്തിയെന്നാണ് സ്റ്റീഫൻ പറഞ്ഞിരുന്നത്. ആത്മീയ പ്രഭാഷണത്തിലേക്ക് തിരിഞ്ഞതും ഇക്കാലത്താണ്. ആത്മകഥയടക്കം എട്ടു പുസ്തകങ്ങളും അദ്ദേഹം എഴുതി. ചരിത്രശാസ്ത്രവും മാർക്‌സിയൻ ദർശനവും, പ്രചോദനം, ആതതായികൾ, അർധബിംബം, മേഘപാളിയിലെ കാൽപ്പാടുകൾ, കനൽവഴികൾ കടന്ന് ഒരു ദൈവസാക്ഷ്യം എന്നിവയാണ് പ്രധാന കൃതികൾ.
2021 ഡിസംബറിലാണ് ‘വെള്ളത്തൂവൽ സ്റ്റീഫൻ്റെ ആത്മകഥ’ എന്ന പേരിൽ ജീവിതാനുഭവങ്ങൾ ചേർത്ത പുസ്‌തകം പുറത്തിറങ്ങുന്നത്. നക്‌സൽ നേതാക്കളും സ്റ്റീഫൻ്റെ സഹയാത്രികനുമായിരുന്ന വര്‍ഗീസ് ഉൾപ്പെടെയുള്ളവരുടെ പ്രവർത്തന മണ്ഡലങ്ങൾ പുസ്‌തകത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.
“നക്‌സലിസം ഒരു ചെറിയ മലയല്ല, വലിയ പർവതമാണ്. അത് സാമ്രാജിത്വ ചൂഷണം, ഫ്യൂഡലിസം, അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ തുടങ്ങിയവയ്ക്ക് എതിരെ ഉയർത്തുന്ന വെല്ലുവിളികളാണെന്ന് നക്‌സലൈറ്റുകൾ മനസിലാക്കിയില്ല. അതിന് പ്രതികൂലമായി നിന്നത് റിവിഷനിസം ആണ്”, എന്ന് പുസ്‌തകത്തിൻ്റെ ആമുഖത്തിൽ സ്റ്റീഫൻ പറയുന്നുണ്ട്.
ഭാഷയുടെ പിണഞ്ഞുകെട്ടിയ ഊടും പാവും എന്നതിനേക്കാൾ സാധാരണക്കാരിൽ സാധാരണക്കാരനായ ഞാൻ സത്യസന്ധതയോടെ മനസു തുറക്കുമ്പോൾ വീണുകിട്ടിയ ഭാഷയാണ് എൻ്റേത് എന്നും ആമുഖത്തിൽ അടയാളപ്പെടുത്തുന്നു. എതിരാഖ്യാനങ്ങളെ ദുർവാശിയോടെ അടിച്ചമർത്തുന്ന കപട ഡെമോക്രസി. ഇവിടെ ഞാനും പരാജിതനാണ് എന്നാണ് വെള്ളത്തൂവൽ സ്റ്റീഫൻ ആത്മകഥയിൽ കൂട്ടിച്ചേർത്തു.
ചരിത്രശാസ്ത്രവും മാർക്‌സിയൻ ദർശനവും, പ്രചോദനം, ആതതായികൾ, അർദ്ധബിംബം, മേഘപാളിയിലെ കാൽപ്പാടുകൾ, കനൽവഴികൾ കടന്ന് ഒരു ദൈവസാക്ഷ്യം എന്നിവയാണ് പ്രധാനപ്പെട്ട പുസ്തകങ്ങൾ.
2026 ജനുവരി 31ന് കോതമംഗലം വടാട്ടുപാറയിൽ വെച്ചാണ് വെള്ളത്തൂവൽ സ്റ്റീഫൻ്റെ മരണം. ഏറെനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. സംസ്‌കാരം 2026 ഫെബ്രുവരി ഒന്നിന് വീട്ടുവളപ്പിൽ നടത്തും.

Latest articles

സ്​ക്രീനിലെ ജോഡികൾ ജീവിതത്തിൽ ഒന്നാകുന്ന നിമിഷം 26ന്

2018-ൽ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലെ രശ്‌മിക മന്ദാന- വിജയ്‌ ദേവരകൊണ്ട കെമിസ്ട്രി തെന്നിന്ത്യയിൽ തരംഗമായിരുന്നു. പിന്നീട്...

2021 മുതൽ ജോലി ചെയ്യുന്ന 20000 അധ്യാപകർക്ക് അംഗീകാരം

എയ്ഡഡ് സ്‌കൂൾ മേഖലയിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എൻഎസ്എസ് (നായർ സർവീസ് സൊസൈറ്റി) നൽകിയ ഹർജിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച...

ഇത്തവണ മാരാരുടെ തട്ട് താഴുമോ? കണ്ടറിയാം!

സംവിധായകനും നടനും സോഷ്യൽ മീഡിയ താരവും ബിഗ് ബോസ് വിജയിയുമാണ് അഖില്‍ മാരാര്‍. ഇടക്കിടെ രാഷ്ട്രീയ പ്രസ്താവനകളിറക്കി കളം...

ശശിയാവാനില്ല, ഒടുക്കം രാജിവെച്ച് തടിരക്ഷിച്ചു, തലവേദനയാവുമോ​?

ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഒരുവശത്ത്. സിപിഎം നേതൃത്വത്തിന് അനഭിമതനായി തുടരേണ്ട സാഹചര്യം മറുവശത്ത്. കോൺഗ്രസിനോട് അടുക്കുന്നുവെന്ന...

More like this

സ്​ക്രീനിലെ ജോഡികൾ ജീവിതത്തിൽ ഒന്നാകുന്ന നിമിഷം 26ന്

2018-ൽ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലെ രശ്‌മിക മന്ദാന- വിജയ്‌ ദേവരകൊണ്ട കെമിസ്ട്രി തെന്നിന്ത്യയിൽ തരംഗമായിരുന്നു. പിന്നീട്...

2021 മുതൽ ജോലി ചെയ്യുന്ന 20000 അധ്യാപകർക്ക് അംഗീകാരം

എയ്ഡഡ് സ്‌കൂൾ മേഖലയിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എൻഎസ്എസ് (നായർ സർവീസ് സൊസൈറ്റി) നൽകിയ ഹർജിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച...

ഇത്തവണ മാരാരുടെ തട്ട് താഴുമോ? കണ്ടറിയാം!

സംവിധായകനും നടനും സോഷ്യൽ മീഡിയ താരവും ബിഗ് ബോസ് വിജയിയുമാണ് അഖില്‍ മാരാര്‍. ഇടക്കിടെ രാഷ്ട്രീയ പ്രസ്താവനകളിറക്കി കളം...