ഫയല്‍ തീര്‍പ്പാക്കല്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ ഇനി നെഗറ്റീവ് സ്‌കോറിന്റെ പിടിയില്‍പ്പെടും. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് (ഐകെഎം) കെ. സ്യൂട്ട് എന്ന സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതിലൂടെ ഫയല്‍നീക്കത്തിലെ കാലതാമസം ഒഴിവാക്കാനാകും. കെ. സ്യൂട്ടും സ്‌കോര്‍ എന്ന സോഫ്റ്റ്‌വെയറും ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫേസസ് (എപിഐ) എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുക.
തീരുമാനത്തിനായി സമര്‍പ്പിച്ച ഒരു ഫയല്‍ നിര്‍ദിഷ്ട സമയത്തിനകം തീര്‍പ്പാക്കിയില്ലെങ്കില്‍ ഓട്ടോ എസ്‌കലേഷന്‍ വഴി അയച്ചയിടത്തേക്ക് തന്നെ തിരിച്ചെത്തും. ഇതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നെഗറ്റീവ് സ്‌കോറും വീഴും. ഫയല്‍ തീര്‍പ്പാക്കേണ്ട സമയപരിധി മുന്‍കൂട്ടി നിശ്ചയിക്കാനും സംവിധാനം ഉണ്ട്. വാര്‍ഷിക പ്രകടന റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥന് ലഭിച്ച ഈ സ്‌കോര്‍കൂടി പരിഗണിക്കപ്പെടുമെന്നതിനാല്‍ ഓരോ ഉദ്യോഗസ്ഥന്റെയും പ്രവര്‍ത്തന മികവ് ഇതിലൂടെ നിര്‍ണയിക്കപ്പെടും.
സ്ഥാനക്കയറ്റം, ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ സ്‌കോര്‍ കൂടി പരിഗണിക്കപ്പെടുമെന്നതാണ് നിര്‍ണായകം. ഇതോടെ ഫയല്‍നീക്കത്തിന് വേഗം കൈവരുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ ഓഫീസുകളിലെ നിലവിലുള്ള ഇ. ഓഫീസ് സോഫ്റ്റ്വേറിന് പകരമായി കെ. സ്യൂട്ട് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനാകും. ഇ ഓഫീസ് വഴി ഫയല്‍ നീക്കം മാത്രമാണ് നടക്കുന്നത്. എന്നാല്‍ കെ. സ്യൂട്ടില്‍ ഫിനാന്‍സ്, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റം (എച്ച്ആര്‍എംഎസ്), മീറ്റിങ് മാനേജ്മെന്റ് എന്നീ സേവനങ്ങള്‍ കൂടി ലഭ്യമാകും.
നിലവില്‍ കെ. സ്യൂട്ട് സോഫ്റ്റ്‌വെയര്‍ പരീക്ഷണഘട്ടത്തിലാണ്. ആദ്യപടിയായ ഇഫര്‍മേഷന്‍ കേരള മിഷനില്‍ തന്നെയാകും പദ്ധതി നടപ്പാക്കുക. മറ്റ് വകുപ്പുകളില്‍ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനം വേണ്ടിവരും. ഏപ്രിലില്‍ ഓട്ടോ എസ്‌കലേഷന്‍ കൂടി നടപ്പാക്കുമെന്ന് ഐകെഎം എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു പറഞ്ഞു. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.പി. നൗഫല്‍, അഡ്മിനിസ്ട്രേഷന്‍ കണ്‍ട്രോളര്‍ പി. എസ്. ടിമ്പിള്‍ മാഗി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചത്.
Kerala govt. launches K-Suite software to expedite file processing in govt offices


