രാജ്യത്തുടനീളമുള്ള ദേശീയപാതകളിലും എക്സ്പ്രസ്‌വേകളിലും ടോൾ നിരക്ക് വർധിപ്പിച്ചു. 4 ശതമാനം മുതൽ 5 വരെയാണ് ടോൾ നിരക്കിൽ വർധവന് ഉണ്ടാവുക. ഏപ്രിൽ ഒന്ന് മുതൽ പുതുക്കിയ ടോൾ നിരക്കുകൾ പ്രാബല്യത്തിൽ വന്നതായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) അറിയിച്ചിട്ടുണ്ട്. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട വാർഷിക അവലോകന പ്രക്രിയയുടെ ഭാഗമാണ് ടോൾ നിരക്ക് വർധന.
ഈ പരിഷ്‌കരണം എല്ലാ വർഷവും ഏപ്രിൽ 1 മുതൽ നടപ്പിലാക്കി വരുന്നുണ്ട്. 2008ലെ നാഷണൽ ഹൈവേ ചട്ടങ്ങളനുസരിച്ച് രാജ്യത്തുടനീളമുള്ള ദേശീയപാത ശൃംഖലയിലുടനീളം ടോൾ പിരിവ് നടത്തുന്ന ഏകദേശം 855 ടോൾ പ്ലാസകളുണ്ട്. ഇതിൽ 675 എണ്ണം പൊതു ധനസഹായത്തോടെയുള്ളവയാണ്. അതേസമയം 180 എണ്ണം കൺസഷനെയർ പ്രവർത്തിപ്പിക്കുന്ന ടോൾ പ്ലാസകളാണ്. ടോൾ വർധിപ്പിച്ചതുവഴി ഉപയോക്താക്കളിൽ നിന്നും കിട്ടുന്ന തുക ഹൈവേ വികസനത്തിനായിരിക്കും വകയിരുത്തുക.
ഡീലർമാർ രണ്ട് ഐഎസ്ഐ അംഗീകൃത ഹെൽമെറ്റുകൾ നൽകണം:
ഇരുചക്രവാഹന ഡീലറുകൾ വാഹനങ്ങൾക്കൊപ്പം രണ്ട് ഐഎസ്ഐ അംഗീകൃത ഹെൽമെറ്റുകൾ നൽകണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി അടുത്തിടെ നിർദേശിച്ചിരുന്നു. ഇരുചക്ര വാഹനങ്ങൾ വഴിയുണ്ടാകുന്ന അപകടങ്ങളിലെ മരണനിരക്ക് കുറയ്ക്കാനായാണ് മന്ത്രിയുടെ പുതിയ നീക്കം. മുൻപ് പുതിയ ഇരുചക്രവാഹനങ്ങൾക്കൊപ്പം ഒരു ഹെൽമറ്റ് മാത്രം നൽകിയാൽ മതിയായിരുന്നു. എന്നാൽ ഇനി ഡ്രൈവർക്കൊപ്പമുള്ള യാത്രക്കാരുടെ സുരക്ഷ കൂടെ ഉറപ്പാക്കുന്നതിനായാണ് ഇത്.


