പ്രണയത്തിനു ജാതിയോ മതമോ ഭാഷയോ ദേശങ്ങളോ ഒന്നുമില്ല. ഗ്രീക്ക് യുവതിക്ക് ആലുവയിൽ മലയാളി യുവാവ് താലിചാർത്തി. ചുണങ്ങംവേലി സ്വദേശി അഭിനവ് സുരേഷും ഗ്രീക്ക് സ്വദേശിനി പരസ്കെയിയും ആണ് വിവാഹിതരായത്.
വർഷങ്ങളായി ഇംഗ്ലണ്ടിലാണ് അഭിനവ് ജോലി ചെയ്യുന്നത്. അവിടെ തന്നെ ജോലി ചെയ്യുന്ന പരസ്കെയിയും തമ്മിലുള്ള സൗഹൃദം പ്രണയമായി മാറുകയായിരുന്നു. പിന്നീട് വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഹിന്ദുമതാചാരപ്രകാരം ആലുവ ചീരക്കട ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലായിരുന്നു ചടങ്ങുകൾ.
ക്ഷേത്രം തന്ത്രി ഇടപ്പള്ളി മനദേവനാരായണൻ, മേൽശാന്തി ഇടവഴി പുറത്ത് രഞ്ജിത് നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ പഞ്ചഗവ്യം നവകം, ഷഷ്ഠി പൂജ എന്നിവയും നടന്നു. ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ഇതോടൊപ്പം നടന്നു.
ഗ്രീക്കിൽ നിന്നും പരസ്കെയിയുടെ കുടുംബാംഗങ്ങൾ ചടങ്ങിനെത്തി. ക്ഷേത്രം ഭാരവാഹികളായ എ.എസ് സലിമോൻ, കെ.കെ മോഹനൻ, ടി.പി സന്തോഷ്, കെ.എൻ നാരായണൻ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.


