പണ്ട് ഓണത്തിനും ക്രിസ്മസിനുമൊക്കെ ഒരു താരത്തിന്റെ രണ്ട് ചിത്രങ്ങൾ റിലീസ് ചെയ്യുക പതിവായിരുന്നു. അങ്ങനെ എൺപതുകളിലും തൊണ്ണൂറുകളിലും മോഹൻലാലും മമ്മൂട്ടിയുടെയും രണ്ട് ചിത്രങ്ങൾ നേർക്കുനേർ പോരടിക്കും ഒരെണ്ണം തോൽവിയടയും. ശോഭനയും ഉർവശിയും പാർവതി ജയറാമും ഒക്കെ ഒരേസമയം റിലീസ് ചെയ്യുന്ന പല ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. കാലം മാറി, കാണികളും മാറി. പക്ഷെ ഇന്ന് എത്ര സൂപ്പർതാരമായാലും ഒരാളുടെ തന്നെ രണ്ട് ചിത്രങ്ങൾ ഒരേസമയം തിയറ്ററിൽ റിലീസ് ചെയ്യാറില്ല. പക്ഷെ വൈറൽ സ്റ്റാർ ധ്യാൻ ശ്രീനിവാസൻ ഈ പതിവ് തെറ്റിക്കാറുണ്ട്. അദ്ദേഹത്തിന്റേതായി ഒരേസമയം പലചിത്രങ്ങൾ റീലീസാവാറുണ്ട്.
പക്ഷെ ഈ ഓണത്തിന് ഒരു പ്രത്യേകതയുണ്ട്. പുതുതലമുറ ആരാധകരുടെ ക്രഷായ കല്യാണി പ്രിയദർശന്റെ രണ്ട് ചിത്രങ്ങൾ ഒരേസമയം പ്രദർശനത്തിന് എത്തുകയാണ് ഈ മാസം. അങ്ങനെ ഈ ഓണത്തിന് ഹീറോകളിൽ ആര് ബോക്സ് ഓഫിസ് കീഴടക്കിയാലും കല്യാണിക്കാണ് നേട്ടം.
നസ്‍ലിൻ – കല്യാണി ആദ്യം
സൂപ്പർ ഹീറോ- ഫാന്റസി ജോണറിൽപെട്ട ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ ഓഗസ്റ്റ് 28ന് തിയറ്ററുകളിലെത്തും. നസ്‍ലിൻ ഗഫൂർ- കല്യാണി ജോഡികൾ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് അരുൺ ഡൊമിനിക് സംവിധാനവും രചനയും നിർവഹിച്ച ലോക. ദുൽഖർ സൽമാന്റെ വെഫെറർ ഫിലിംസ് ആണ് വിതരണം എന്ന സവിശേഷതകൂടിയുണ്ട്. നടന്മാരായ ദുൽഖർ സൽമാൻ, ടൊവിനോ തോമസ് എന്നിവരും അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ‘ലോക’ എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്. തമിഴ് താരം സാൻഡി, നടൻ സലിംകുമാറിന്റെ മകൻ ചന്തു, അരുണ കുര്യൻ, അഭിനേത്രിയും തിരക്കഥാകൃത്തും അഭിഭാഷകയുമായ ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും വേഷമിടുന്നുണ്ട്.
ഫഹദ് -കല്യാണി ആദ്യം
ആഷിഖ് ഉസ്മാൻ നിർമ്മിച്ച് അൽത്താഫ് സലിം രചനയും സംവിധാനവും ചെയ്യുന്ന ‘ഓടും കുതിര ചാടും കുതിര’ ആണ് കല്യാണിയുടെ രണ്ടാമത്തെ റിലീസ്. ഫഹദ് ഫാസിലും കല്യാണിയും ആദ്യമായി സ്ക്രീൻ പങ്കിടുന്ന റൊമാൻറിക് കോമഡി ജോണറിലുള്ള ചിത്രം ഓഗസ്റ്റ് 29നാണ് റിലീസ് ചെയ്യുക. രേവതി പിള്ള, ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്, ലാൽ, രഞ്ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, ബാബു ആന്റണി, ഇടവേള ബാബു, വിനീത് ചാക്യാർ, ശ്രീകാന്ത് വെട്ടിയാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
Kalyani priyadarshan


