ബോക്‌സ് ഓഫീസിൽ മോഹൻലാലിനെയും കടത്തിവെട്ടി വൻ കുതിപ്പാണ് ലോകഃ ചാപ്റ്റർ വൺ ചന്ദ്ര. ലോകയുടെ വിജയത്തിന് പിന്നാലെ മാതാപിതാക്കൾക്ക് നന്ദി അറിയിച്ച് വൈകാരിക കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ശാന്തി ബാല ചന്ദ്രൻ. ഓണം റിലീസായി എത്തിയ ലോകയുടെ സഹ തിരക്കഥാകൃത്ത് കൂടിയാണ് ശാന്തി. 2017ൽ ‘തരംഗം’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ശാന്തി ബാലചന്ദ്രൻ. ‘ജല്ലിക്കെട്ട്’, ‘ആഹാ’, ‘ചതുരം’, ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. ‘ഗുൽമോഹർ’ എന്ന ഹിന്ദി സിനിമയിലൂടെ ബോളിവുഡിലും ശാന്തി അരങ്ങേറ്റം കുറിച്ചിരുന്നു. ‘സ്വീറ്റ് കാരം കോഫി’ എന്ന വെബ് സീരിസിലൂടെ തമിഴകത്തും അരങ്ങേറ്റം നടത്തി. ഹൈദരാബാദ് സർവകലാശാലയിൽ നിന്ന് സൈക്കോളജി പഠനത്തിനുശേഷം ശാന്തി ഓക്സ്ഫഡ് സർവകലാശാലയിൽ അന്ത്രൊപോളജിയിൽ ഡി-ഫിലിന് ചേർന്നു. ഓക്സ്ഫഡ് സർകലാശാല നൽകുന്ന വിഖ്യാതമായ ക്ലെറണ്ടൻ സ്കോളർഷിപ്പിനും ശാന്തി അർഹയായിരുന്നു. എന്നാൽ പിന്നീട് അതുപേക്ഷിച്ച് സിനിമയിലേക്കിറങ്ങി.
ഡൊമിനിക് അരുണാണ് ലോകഃ എന്ന ചിത്രം അണിയിച്ചൊരുക്കിയത്. ഡൊമിനിക്കിന്റെ രണ്ടാമത്തെ ചിത്രമാണ് ലോകഃ. ആദ്യചിത്രമായ തരംഗം ബോക്‌സ് ഓഫീസിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് എട്ട് വർഷത്തിന് ശേഷമാണ് ലോകഃ ചെയ്യുന്നത്.

എഴുത്തിങ്ങനെ:
നന്ദി പറയാൻ ഒരുപാട് പേരുണ്ട്. പക്ഷേ ഏറ്റവും കൂടുതൽ നന്ദി എന്റെ അച്ഛനോടും അമ്മയോടുമാണ്. എന്റെ എല്ലാ ഉയർച്ചയും താഴ്ചയും അവർ അടുത്തുനിന്ന് കണ്ടിട്ടുണ്ട്. ഒരുപക്ഷേ എന്നെക്കാൾ കൂടുതൽ ഹൃദയവേദന ഓരോ നിമിഷവും അവർ അനുഭവിച്ചിട്ടുണ്ട്.
കലയിലെ അനിശ്ചിതത്വം നിറഞ്ഞ ജീവിതത്തിനായി ഓക്സ്ഫോർഡിലെ അക്കാദമിക് ജീവിതം ഉപേക്ഷിച്ച എന്റെ തീരുമാനം അവർക്ക് ഉൾക്കൊള്ളാൻ അത്ര എളുപ്പമായിരുന്നില്ല. സിനിമാ വ്യവസായമെന്ന മണൽച്ചുഴിയിൽ ഞാൻ കാലുകുത്താൻ ശ്രമിക്കുന്നത് കണ്ട് അവർ സങ്കടപ്പെട്ടിട്ടുണ്ട്. ചെറുപ്പം മുതൽ ഞാൻ അവരെ കഷ്ടപ്പെടുത്തി. പക്ഷേ എല്ലായ്പ്പോഴും എന്നെ പിന്തുണച്ചിട്ടുണ്ട്
എല്ലാ ആശങ്കകൾക്കും വിരാമമിട്ട് അവർ അനുഭവിക്കുന്നത് കാണുന്നതാണ് ലോകയുടെ വിജയം എനിക്ക് തന്ന ഏറ്റവും മികച്ച കാര്യമാണ്. അതിനാൽ ഞങ്ങളുടെ സിനിമ കാണുകയും സ്വീകരിക്കുകയും ചെയ്ത എല്ലാവർക്കും ഹൃദയംഗമമായ നന്ദി. അച്ഛാ.. അമ്മേ ഒരു പെൺകുട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ചിയർ ലീഡർമാരായതിന് നന്ദി. എനിക്ക് ചിറകുകളും വേരുകളും നൽകിയതിന് നന്ദി. ഞാൻ ഭാഗ്യവതിയായ ഒരു മകളാണ്.

പരിചയമുള്ള നാടോടിക്കഥാപാത്രങ്ങൾ
‘ലോകഃയുടെ ചർച്ച 2022 അവസാനമാണ് തുടങ്ങിയത്. ഇതിന്റെ ഡയറക്ടറും എഴുത്തുകാരനുമായ ഡൊമിനിക്കും ഒരുമിച്ചാണ് തരംഗത്തിൽ വർക്ക് ചെയ്തിരുന്നത്. അപ്പോൾ തുടങ്ങിയതാണ് ഡൊമിനിക് അരുണുമായിട്ടുള്ള സൗഹൃദം,’ ശാന്തി ബാലചന്ദ്രൻ പറയുന്നു.
പിന്നെ ഞങ്ങൾ രണ്ടുമൂന്ന് സക്രിപ്റ്റിൽ വർക്ക് ചെയ്തിരുന്നു. എന്നാൽ അതൊന്നും ഷൂട്ടിന്റെ സ്ഥിതി വരെയെത്തിയില്ല. 2022ൽ കൊവിഡിന്റെ സമയത്ത് സ്‌ക്രിപ്റ്റ് എഴുതിയ മ്യൂസിക് വീഡിയോ ഡയറക്ട് ചെയ്തത് ഡൊമിനിക് ആയിരുന്നു. നിമിഷ് ആയിരുന്നു ഷൂട്ട് ചെയ്തത്.
ആ സമയത്ത് എല്ലാവരും ഒരുമിച്ച് വർക്ക് ചെയ്തതിന്റെ എക്‌സ്പീരിയൻസിലാണ് ബോണ്ട് തങ്ങൾക്കിടയിൽ ഉണ്ടായത്. തന്റെ മ്യൂസിക് വീഡിയോ പുറത്ത് വന്ന സമയത്താണ് ഡൊമിനിക്ക് ലോകഃയുടെ കഥ പറഞ്ഞതെന്നും ശാന്തി പറഞ്ഞു.
പരിചയമുള്ള നാടോടിക്കഥാപാത്രങ്ങൾ തങ്ങൾക്കിടയിലുണ്ടെങ്കിൽ എങ്ങനെയുണ്ടാകുമെന്ന ചിന്ത തന്നോട് ഡൊമിനിക് പങ്കുവെച്ചെന്നും അത് കേട്ടപ്പോൾ തങ്ങളെല്ലാവരും എക്‌സൈറ്റഡായി എന്നും ശാന്തി കൂട്ടിച്ചേർത്തു. അങ്ങനെയാണ് സിനിമയെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയത്. ഷൂട്ട് തുടങ്ങിയത് കഴിഞ്ഞവർഷം ഓണക്കാലത്തായിരുന്നെന്നും അവർ പറഞ്ഞു.


