ലോക ചാപ്റ്റർ വൺ ചന്ദ്രയിൽ യക്ഷിയെയും ചാത്തനെയും ഒടിയനെയും മൂത്തോനെയും പരസ്പരം ബന്ധിപ്പിക്കുന്നത് ജോണി എന്ന കഥാപാത്രത്തിലൂടെയാണ്. കടമറ്റത്ത് കത്തനാരുടെ ഇളം തലമുറക്കാരൻ ആണ് ജോണി. ബോളിവുഡ് നടനും മലയാളിയുമായ സാം മോഹനാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഓണച്ചിത്രമായി തിയേറ്ററുകളിൽ എത്തിയ തലവര എന്ന സിനിമയിലും സാം മോഹൻ വേഷമിട്ടിട്ടുണ്ട്. ആർ മാധവൻ പ്രധാന വേഷത്തിൽ എത്തി സംവിധാനം നിർവഹിച്ച റോക്കറ്ററി, ബോളിവുഡ് സിനിമയായ 12ത്ത് ഫെയിൽ തുടങ്ങിയ സിനിമകളിലും ആമസോൺ നെറ്റ്ഫ്ലിക്സ് ഒടിടി കളിലൂടെ സ്ട്രീം ചെയ്യുന്ന പ്രശസ്തമായ നിരവധി ഹിന്ദി സീരീസുകളിലും സാം വേഷമിട്ടിട്ടുണ്ട്.
കൊച്ചിൻ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള എൻജിനീയറിങ് കോളജിലാണ് പഠിച്ചത്. പഠനത്തോടൊപ്പം യൂണിവേഴ്സിറ്റി കലോത്സവങ്ങളിൽ നാടകങ്ങളും മൈമുകളും ചെയ്യുമായിരുന്നു. ഒരു എൻജിനീയർ ആവുക എന്നതിലുപരി ജീവിതത്തെക്കുറിച്ചുള്ള ചില പാഠങ്ങളാണ് ഞാൻ അവിടെ പഠിച്ചത്. പഠനം കഴിഞ്ഞ് ഐടി മേഖലയിൽ ജോലി ചെയ്യാനായി മനസ്സില്ലാമനസ്സോടെ ഹൈദരാബാദിലേക്ക് പോയി. ജോലിയുടെ വിരസത മാറ്റാൻ ഞാൻ ഹൈദരാബാദിലെ ‘സമാഹാര’ എന്ന തിയേറ്റർ ഗ്രൂപ്പിൽ ചേർന്നു. അവിടെ നാടക വർക്ക്‌ഷോപ്പുകളിൽ പങ്കെടുത്തും നാടകങ്ങൾ ചെയ്തും ഞാൻ സമയം ചിലവഴിച്ചു. ആ സമയത്താണ് എൻ്റെ റൂംമേറ്റിൽ നിന്ന് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് കേൾക്കുന്നത്. അഭിനയം ഒരു കരിയറാക്കാനുള്ള തീരുമാനമൊന്നും അപ്പോൾ എനിക്കില്ലായിരുന്നു. എങ്കിലും, ഒരു ഉൾപ്രേരണയിൽ ഞാൻ പ്രവേശന പരീക്ഷ എഴുതി. അഡ്മിഷൻ ലഭിച്ചു എന്നറിഞ്ഞ ആ നിമിഷം മുതൽ ഞാൻ അഭിനയത്തെ വളരെ ഗൗരവമായി കാണാൻ തുടങ്ങി.
പഠനം കഴിഞ്ഞ ഉടൻ മുംബൈയിൽ തുടരാൻ എനിക്ക് പദ്ധതിയുണ്ടായിരുന്നില്ല. മലയാള സിനിമ പോലും എനിക്ക് ഒരു വിദൂര സ്വപ്നമായിരുന്നു. അപ്പോൾ പിന്നെ ബോളിവുഡ് എന്നൊക്കെ പറയുന്നത് ചിന്തിക്കാവുന്നതിനും അപ്പുറമായിരുന്നു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനശേഷം നിരവധി ഓഡിഷനുകളിൽ പങ്കെടുത്തു. അങ്ങനെയിരിക്കെയാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘ടേക്ക് ഓഫ്’ എന്ന സിനിമയിലേക്ക് ഒരു ചെറിയ വേഷത്തിനായി ഓഡിഷൻ ലഭിച്ചത്. ആ സിനിമ കണ്ടാൽ എൻ്റെ മുഖം പോലും തിരിച്ചറിയാൻ സാധ്യതയില്ല, പക്ഷേ അതായിരുന്നു എൻ്റെ തുടക്കം.
ആ സിനിമയ്ക്ക് ശേഷം കബീർ ഖാൻ്റെ ‘ഫോർഗോട്ടൻ ആർമി’ എന്ന വെബ് സീരീസിലേക്ക് ക്ഷണം ലഭിച്ചു. എനിക്ക് തമിഴ് അറിയാം എന്നുള്ളത് ഒരു വലിയ പ്ലസ് പോയിൻ്റായിരുന്നു. ആ വെബ് സീരീസ് ശ്രദ്ധിക്കപ്പെട്ടതോടെ എനിക്ക് കൂടുതൽ പ്രോജക്റ്റുകൾ കിട്ടിത്തുടങ്ങി. മുംബൈ എനിക്ക് ഭാഗ്യനഗരമാണ്. പുതിയ ജീവിതം തേടി വരുന്നവരെ മുംബൈ ഒരിക്കലും കൈവിടില്ല. അന്നം തന്നു തുടങ്ങിയ മുംബൈ നഗരത്തെ വിട്ട് ഞാൻ മലയാള സിനിമയുടെ ഭാഗമാകാൻ തുടക്കത്തിൽ ശ്രമിച്ചില്ല. കാരണം, അക്കാലത്ത് മലയാള സിനിമയിൽ കാസ്റ്റിങ് ഒരു ചിട്ടയായ പ്രക്രിയയായി മാറിയിട്ടില്ലായിരുന്നു.
വേഫെറർ ഫിലിംസിൻ്റെ കാസ്റ്റിങ് കോൾ കണ്ടാണ് ഞാൻ പ്രൊഫൈൽ അയക്കുന്നത്. കാസ്റ്റിങ് ഡയറക്ടറായ വിവേക് എന്നെ വിളിക്കുകയും സംവിധായകൻ ഡൊമിനിക് അരുണിനെ നേരിൽ കാണാൻ ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ, മുംബൈയിൽ മറ്റൊരു വർക്കുമായി തിരക്കിലായിരുന്നതിനാൽ അത് നടന്നില്ല. ആ അവസരം നഷ്ടപ്പെട്ടു എന്ന് ഞാൻ കരുതി. പിന്നീട്, ഞാൻ അഭിനയിച്ച ’12th ഫെയിൽ’ എന്ന ചിത്രം ശ്രദ്ധ നേടിയപ്പോൾ, വിവേക് എന്നെ വീണ്ടും വിളിക്കുകയും ജോൺ എന്ന കഥാപാത്രം നിങ്ങൾ ചെയ്യണം എന്ന് പറയുകയും ചെയ്തു. സത്യത്തിൽ ലൊക്കേഷനിലെത്തിയപ്പോഴാണ് ഞാൻ സംവിധായകനെയും മറ്റ് താരങ്ങളെയും ആദ്യമായി കാണുന്നത്. എന്നെ തേടിപ്പിടിച്ച് ഈ സിനിമയിലേക്ക് എത്തിച്ചത് വിവേക് ആണെന്ന് പറഞ്ഞാൽ അതിൽ തെറ്റില്ല.
സംവിധായകനും തിരക്കഥാകൃത്തുക്കളിൽ ഒരാളായ ശാന്തി ബാലകൃഷ്ണനും ചേർന്ന് കഥ പറഞ്ഞപ്പോൾ കളിയങ്കാട്ട് നീലി എന്ന കോർ എലമെൻ്റ് എന്നെ ഒരുപാട് ആകർഷിച്ചു. കുട്ടിക്കാലം മുതൽ കേട്ടുപരിചയിച്ച കഥാപാത്രമാണ് നീലി. യക്ഷി, ഒടിയൻ, ചാത്തൻ തുടങ്ങിയ മിത്തോളജിക്കൽ കഥാപാത്രങ്ങളെ വളരെ റിയലിസ്റ്റിക് ആയി പുതിയ കാലഘട്ടത്തിൽ അവതരിപ്പിക്കുന്ന ആശയം എനിക്ക് വളരെയധികം ഇഷ്ടമായി. സൂപ്പർഹീറോ സിനിമകളുടെ വലിയ ആരാധകനായ എനിക്ക്, മലയാളത്തിൽ അത്തരമൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
എൻ്റെ കഥാപാത്രമായ ജോണി, കത്തനാരുടെ ഇളമുറക്കാരനാണ്. ഈ സിനിമയിലെ സൂപ്പർഹീറോ കഥാപാത്രങ്ങളെ സഹായിക്കുന്ന ഒരു കണ്ണിയായിട്ടാണ് ഈ കഥാപാത്രത്തെ അവർ അവതരിപ്പിച്ചത്. മാത്രമല്ല കഥാപാത്രത്തിൻ്റെ റഫറൻസ് ആയി പറഞ്ഞത് വിഖ്യാത ഹോളിവുഡ് സിനിമയായ ജോൺവിക്കിലെ കോൺട്ടിനെന്റൽ ഹോട്ടൽ സീനാണ്. മാൻ ഫ്രം ദ എർത്ത് എന്ന സിനിമയുടെ റഫറൻസ് സംവിധായകൻ ഡൊമിനിക് അരുൺ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സമാന രീതിയിൽ കഥ പറയുന്ന സിനിമ ആവിഷ്കാരമാണത്. സൂപ്പർ ഹീറോ സിനിമകളുടെ വലിയ ആരാധകനാണ് ഞാൻ.
മാത്രമല്ല സിനിമയുടെ കഥ പറഞ്ഞ് പൂർത്തിയായപ്പോഴും നഗര പ്രാധാന്യമുള്ള കഥയിലേക്കാണ് ഐതിഹ്യ കഥാപാത്രങ്ങളെ കൊണ്ടുവരുന്നത് എന്നുള്ള ധാരണയും എനിക്ക് ഇല്ലായിരുന്നു. ജോണി എന്ന കഥാപാത്രത്തിന് ഒരുപാട് ആഴങ്ങളുണ്ട്. കത്തനാരും കത്തനാരുടെ ഇളം തലമുറക്കാരൻ എന്ന വിഷയവും സിനിമയിലെ തന്നെ സബ് ടെക്സ്റ്റ് എലമെന്റ് ആണ്. അതായത് പറയാതെ പറയുന്ന ചില കാര്യങ്ങൾ പോലെ. എൻ്റെ കഥാപാത്രത്തെ ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്ന ഒരു രീതിയുണ്ട്. അതായത് ഒരുപാട് നിഗൂഢതകൾ ഇയാൾക്ക് പിന്നിൽ ഒളിഞ്ഞിരിപ്പുണ്ട്. സംവിധായകനും തിരക്കഥാകൃത്തും എന്നോട് കഥ പറയുമ്പോഴും കഥാപാത്രത്തെ കുറിച്ചുള്ള ഇത്തരം നിഗൂഢതകൾ എന്നിൽ സൃഷ്ടിച്ചിരുന്നു.
ഒരു അഭിനേതാവ് എന്ന നിലയിൽ എൻ്റെ മാനസിക ഗ്രാഫ് തന്നെ മാറ്റിയെഴുതിയ സിനിമയായിരുന്നു ‘റോക്കറ്ററി’. ആ ചിത്രത്തിലെ ഉണ്ണി എന്ന കഥാപാത്രം അവതരിപ്പിക്കാൻ കഴിഞ്ഞത് എൻ്റെ ഭാഗ്യവും കഠിനാധ്വാനവുമാണ്. ഉണ്ണി വളരെ ഇമോഷണലായ ഒരു കഥാപാത്രമാണ്. സിനിമയുടെ ഷൂട്ടിങ് സമയത്ത് യാന്ത്രികമായി അഭിനയിക്കാൻ സംവിധായകനും നടനുമായ ആർ. മാധവൻ ഒരിക്കലും എന്നെ അനുവദിച്ചിരുന്നില്ല. ആ കഥാപാത്രം ആ സാഹചര്യത്തിൽ അനുഭവിക്കുന്ന മാനസിക വ്യഥകൾ കൃത്യമായി ഉൾക്കൊണ്ട് ഞാൻ പ്രകടനം കാഴ്ചവെക്കുന്നത് വരെ അദ്ദേഹം ഷോട്ടുകൾ എടുക്കുന്നത് തുടർന്നു.
ഏറ്റവും പ്രയാസകരമായ കാര്യം, ഈ സിനിമ മൂന്ന് ഭാഷകളിൽ – തമിഴ്, ഹിന്ദി, ഇംഗ്ലീഷ് – ഒരേ സമയം ചിത്രീകരിക്കുകയായിരുന്നു. ഒരേ സീൻ മൂന്ന് പ്രാവശ്യം അഭിനയിക്കേണ്ടി വന്നു. അത് ഒരു വലിയ വെല്ലുവിളിയായിരുന്നു. സാങ്കേതിക കാര്യങ്ങളേക്കാൾ അഭിനയത്തിനാണ് മാധവൻ സർ കൂടുതൽ പ്രാധാന്യം നൽകിയത്. അദ്ദേഹം ഒരു മികച്ച നടനായതുകൊണ്ടാണ് ആ കണിശത. അദ്ദേഹത്തിന് തൃപ്തി വരുന്ന രീതിയിൽ കഥാപാത്രത്തെ അവതരിപ്പിക്കാൻ എനിക്ക് സാധിച്ചു എന്നറിഞ്ഞ നിമിഷമാണ് ഒരു അഭിനേതാവെന്ന നിലയിൽ എനിക്ക് കൂടുതൽ ആത്മവിശ്വാസം ലഭിച്ചത്. ‘ഇനി ഏതൊരു കഥാപാത്രത്തെയും ഏത് സാഹചര്യത്തെയും എനിക്ക് നേരിടാൻ കഴിയും’ എന്ന ആത്മവിശ്വാസം എനിക്ക് വർധിച്ചു.
ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം മാധവൻ സാറിനെപ്പോലുള്ള ഒരു തമിഴ് നടൻ അന്യനല്ല. അദ്ദേഹത്തിൻ്റെ എത്രയോ സിനിമകൾ മലയാളികൾ ആഘോഷമാക്കിയിട്ടുണ്ട്. ‘പച്ചൈ നിറമേ’ എന്ന ഗാനത്തിൽ പുഞ്ചിരിച്ചുകൊണ്ട് തലമുടി പിന്നിലേക്ക് കോതിയിടുന്ന മാധവൻ സാറിൻ്റെ മുഖം ആർക്കാണ് മറക്കാൻ സാധിക്കുക? അങ്ങനെയൊരു മാധവനെ മനസ്സിൽ കണ്ടാണ് ഞാൻ അദ്ദേഹത്തെ കാണാൻ ചെന്നത്. പക്ഷേ അവിടെ കണ്ട കാഴ്ച എൻ്റെ എല്ലാ കാഴ്ചപ്പാടുകളെയും മാറ്റിമറിച്ചു
താടിയും മുടിയുമൊക്കെ വളർത്തി, ആകെ രൂപമാറ്റം സംഭവിച്ച ഒരു മനുഷ്യൻ അവിടെയിരിക്കുന്നുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തെ ശ്രദ്ധിക്കാതെ മാധവൻ സാറിനെ അവിടെയാകെ കണ്ണുകൊണ്ട് പരതി. അപ്പോഴാണ് മനസ്സിലായത് അവിടെയിരിക്കുന്ന ആ ആജാനുബാഹുവാണ് മാധവൻ സാർ എന്ന്. നമ്പി നാരായണൻ എന്ന കഥാപാത്രത്തിനായി അദ്ദേഹം പൂർണമായും മാറിയിരിക്കുന്നു. സിനിമകളിലൂടെ കണ്ടു പരിചയിച്ച മാധവൻ സാറിനെ ആയിരുന്നില്ല ഞാൻ അവിടെ കണ്ടത്. അത് എന്നെപ്പോലൊരു അഭിനേതാവിന് വലിയൊരു പാഠമായിരുന്നു.
നമ്പി നാരായണൻ എന്ന കഥാപാത്രമായി അദ്ദേഹത്തിനുണ്ടായ രൂപമാറ്റം ഒരു അഭിനേതാവെന്ന നിലയിൽ എൻ്റെ പല ധാരണകളെയും പൊളിച്ചെഴുതാൻ എന്നെ പ്രേരിപ്പിച്ചു. തിരക്കഥ എഴുതുന്നതും സംവിധാനം ചെയ്യുന്നതും നിർമാണം നടത്തുന്നതും ഒക്കെ അദ്ദേഹം തന്നെ ആയതുകൊണ്ട് വലിയ മാനസിക സമ്മർദത്തിലായിരുന്നു. ഇതിനെല്ലാം പുറമെ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നു. ഇത്രയും കാര്യങ്ങൾ ഒരുമിച്ച് ചെയ്യുന്നത് എന്നെക്കൊണ്ട് ഒരിക്കലും സാധിക്കില്ല.
ഒരു ദിവസം ഞാൻ അദ്ദേഹത്തോട് ചോദിച്ചു, “ഇത്രയധികം കാര്യങ്ങൾ ഒരുമിച്ച് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്?” അതിന് അദ്ദേഹം നൽകിയ മറുപടി എന്നെ അത്ഭുതപ്പെടുത്തി. “കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ ഈ സിനിമയുടെ ചിന്തയിലാണ്. എത്രയോ വർഷമായി തിരക്കഥ എഴുതുന്നു. മൂന്ന് ഭാഷകളിലും തിരക്കഥ എഴുതി. ഈ സിനിമയിൽ എനിക്ക് അറിയാത്തതായി ഒന്നുമില്ല.”
അമീർ ഖാനെപ്പോലുള്ള പ്രതിഭകളെക്കുറിച്ച് ഇത്തരത്തിലുള്ള കാര്യങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ മാധവൻ സാറിനെപ്പോലുള്ള ഒരു കലാകാരനിൽ നിന്ന് ഇത് നേരിട്ട് അനുഭവിച്ചറിഞ്ഞപ്പോൾ എനിക്ക് കൂടുതൽ പ്രചോദനമായി.

12ത്ത് ഫെയിൽ, റോക്കറ്ററി, ഇപ്പോൾ ലോക
ഇത്തരം നല്ല സിനിമകളുടെ ഭാഗമാകാൻ സാധിക്കുന്നത് ഭാഗ്യത്തിൻ്റെയും കഠിനാധ്വാനത്തിൻ്റെയും ഫലമാണ്. നല്ല സമയവും മുൻപ് ചെയ്ത സിനിമകളുമായുള്ള ബന്ധങ്ങളും എല്ലാം ഒരുമിച്ചു വരുമ്പോൾ മാത്രമേ ഇത് സാധ്യമാകൂ. നമ്മളെക്കാൾ മികച്ച എത്രയോ അഭിനേതാക്കൾ നല്ലൊരു അവസരത്തിനായി ഇപ്പോഴും കഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ട് എനിക്ക് ലഭിച്ച ഈ അവസരങ്ങളെല്ലാം ഭാഗ്യമാണെന്ന് ഞാൻ കരുതുന്നു.
12ത്ത് ഫെയിൽ’ എന്ന സിനിമയിൽ ഓഡിഷൻ വഴിയാണ് എനിക്ക് അവസരം ലഭിച്ചത്. ഓഡിഷൻ കഴിഞ്ഞപ്പോൾ കാസ്റ്റിങ് ഡയറക്ടർ എന്നെ വിളിച്ചു. ഞാൻ ചെയ്യാൻ പോകുന്ന കഥാപാത്രത്തിന് വേണ്ടി ഇനി മറ്റാരെയും ഓഡിഷൻ ചെയ്യേണ്ടെന്ന് സംവിധായകൻ വിധു വിനോദ് ചോപ്ര അറിയിച്ചതായി അദ്ദേഹം പറഞ്ഞു. അതൊരു വലിയ അംഗീകാരമായി ഞാൻ കരുതി. ഒരുപാട് പ്രതീക്ഷകളോടെയാണ് ഞാൻ സിനിമയുടെ ഭാഗമാകാൻ പോയത്. എന്നാൽ ചിത്രീകരണത്തിന് ചെന്നപ്പോൾ എനിക്ക് ആകെ ഒരു പേപ്പർ മാത്രമാണ് കഥാപാത്രത്തിൻ്റെ ഡയലോഗായി നൽകിയത്. അപ്പോൾത്തന്നെ ഞാൻ സങ്കടപ്പെട്ടു. ഒരുപാട് പ്രതീക്ഷയോടെ വന്ന എനിക്ക് ഇത് വലിയൊരു ഷോക്കായിരുന്നു.
പക്ഷേ, ലഭിച്ച അവസരം പാഴാക്കരുതെന്ന് ഞാൻ തീരുമാനിച്ചു. ആകെ ഒരു ഷീറ്റ് മാത്രമുള്ള കഥാപാത്രമാണെങ്കിൽ പോലും അത് ഞാൻ നന്നായി ചെയ്യും എന്ന് ഉറപ്പിച്ചു. സീൻ വായിച്ച ശേഷം ഞാൻ എൻ്റെ ചില നിർദേശങ്ങൾ സംവിധായകനോട് മര്യാദയോടെ മുന്നോട്ടുവച്ചു. എന്നാൽ 110-ലധികം ഡ്രാഫ്റ്റുകൾ എഴുതിയ തിരക്കഥയാണിതെന്നും അതിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും, ചിത്രീകരണം തുടങ്ങുന്നതിന് തൊട്ടുമുൻപ് ഞാൻ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം ആലോചിക്കുകയും അതിൽ ചിലത് ഉൾപ്പെടുത്താൻ ശ്രമിക്കാമെന്ന് പറയുകയും ചെയ്തു.
വിധു വിനോദ് ചോപ്ര സാർ ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രോഡക്റ്റ് ആണ്. അതിനാൽ മറ്റ് ഫിലിം സ്കൂളുകളിൽ നിന്ന് വന്ന അഭിനേതാക്കളോട് അദ്ദേഹത്തിന് ഒരു പ്രത്യേക താല്പര്യമുണ്ടായിരുന്നു. ആ പരിഗണന എനിക്കും ലഭിച്ചു. ഒരു അഭിനേതാവ് എന്ന നിലയിൽ ചില പ്രത്യേകാവകാശങ്ങൾ ലഭിക്കുന്ന നിമിഷങ്ങളാണിത്.
ഈ സിനിമയിൽ ഒരു ഐഎഎസ് ഓഫീസറായാണ് ഞാൻ അഭിനയിച്ചത്. ചിത്രത്തിൽ മനോജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിക്രാന്ത് മാസി ചില രംഗങ്ങൾ സ്വയം മെച്ചപ്പെടുത്തിയാണ് അഭിനയിക്കാറ്. സ്വാഭാവികമായും ഞാനുമായുള്ള കോമ്പിനേഷൻ രംഗങ്ങളിലും അദ്ദേഹം അങ്ങനെ ചെയ്തു. എനിക്ക് ഹിന്ദി ഭാഷ അറിയാമെങ്കിലും അത് മാതൃഭാഷ അല്ലാത്തതുകൊണ്ട് വിക്രാന്തിൻ്റെ മാറ്റങ്ങൾക്കനുസരിച്ച് പെട്ടെന്ന് പ്രതികരിക്കാൻ എനിക്ക് സാധിച്ചില്ല. ഒന്ന് രണ്ട് ടേക്ക് കഴിഞ്ഞപ്പോൾ എൻ്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു.
സാധാരണ ഗതിയിൽ ചൂടനാണെങ്കിലും, ആ നിമിഷം വിധു വിനോദ് ചോപ്ര സാർ എന്നോട് വളരെ സൗമ്യമായി പെരുമാറി. “ഷൂട്ടിങ് കൃത്യമായ ഷെഡ്യൂൾ അനുസരിച്ചാണ് മുന്നോട്ട് പോകുന്നത്. ഈ സീൻ ചിത്രീകരിക്കാൻ നമുക്ക് മുന്നിൽ ധാരാളം സമയമുണ്ട്. ഇന്നത്തെ ദിവസം മുഴുവൻ നിങ്ങൾ എടുത്തോളൂ. എന്നിട്ട് കൃത്യമായി ഉൾക്കൊണ്ട് അഭിനയിക്കൂ” എന്ന് അദ്ദേഹം പറഞ്ഞു. സാറിൻ്റെ ഭാഗത്തുനിന്നും ലഭിച്ച ആ പിന്തുണയാണ് പിന്നീട് ആത്മവിശ്വാസത്തോടെ ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ എന്നെ സഹായിച്ചത്.
തിരക്കഥയെഴുതി പലരെയും വായിച്ചു കേൾപ്പിച്ചപ്പോൾ എല്ലാവരും സംവിധായകനോട് ഞാൻ അഭിനയിച്ച ഈ രംഗം സിനിമയിൽ നിന്ന് ഒഴിവാക്കാനുള്ള നിർദ്ദേശമാണ് നല്‍കിയത്. ഈ രംഗം കൊണ്ട് ഈ സിനിമയ്ക്ക് യാതൊരു ഗുണവും ഇല്ല എന്നും പലരും അഭിപ്രായപ്പെട്ടു. എന്നാൽ അദ്ദേഹം നിർബന്ധപൂർവമാണ് ഈ സീൻ ഉൾപ്പെടുത്തിയത്. അത് മനോഹരമാക്കി ചെയ്തപ്പോൾ അദ്ദേഹം സന്തോഷവാനായി. പിന്നീട് എന്നെ കാണുമ്പോൾ സംവിധായകൻ വിധു വിനോദ് ചോപ്ര പറയും നീയൊരു നല്ല നടനാണെന്ന്. ഇനി അങ്ങനെയല്ല എന്ന് ആരെങ്കിലും പറഞ്ഞാൽ ആ വ്യക്തിക്ക് എൻ്റെ നമ്പർ നൽകി എന്നെ വിളിക്കാൻ പറയണം. ഞാൻ അവരോട് സംസാരിക്കാമെന്നും. എപ്പോഴും പ്രോത്സാഹനം തരുന്ന ഒരുപാട് മികച്ച വലിയ സംവിധായകരോടൊപ്പം ജോലി ചെയ്യാനുള്ള ഭാഗ്യം ഉണ്ടായി. അതൊരുപക്ഷേ അഭിനേതാവായുള്ള വളർച്ചയ്ക്കും സഹായകമായിട്ടുണ്ടാകും.
‘തലവര’ എന്ന ചിത്രത്തിൻ്റെ കാസ്റ്റിങ് കോൾ കണ്ടപ്പോൾ ഞാൻ ഓഡിഷന് വേണ്ടി പ്രൊഫൈൽ അയച്ചു. ഭാഗ്യത്തിന്, ‘12ത്ത് ഫെയിൽ’ എന്ന സിനിമയിലൂടെ സംവിധായകൻ അഖിൽ അനിൽകുമാറിനും അണിയറപ്രവർത്തകർക്കും എന്നെ അറിയാമായിരുന്നു. ‘12ത്ത് ഫെയിലിൽ’ ഞാൻ ചെയ്തതിന് സമാനമായ ഒരു കഥാപാത്രമാണ് ‘തലവര’യിലും അവതരിപ്പിച്ചത്.
ഒരു ദിവസം ഞാൻ സിനിമ കാണാൻ പോയപ്പോൾ, ‘തലവര’യിൽ എൻ്റെ കൂടെ പ്രവൃത്തിച്ച ഒരു അസിസ്റ്റൻ്റ് ഡയറക്ടറെ കണ്ടു. അദ്ദേഹം എന്നോട് ഒരു രസകരമായ കാര്യം പറഞ്ഞു. “സാറിനെപ്പോലെ ഹിന്ദി സിനിമയിലൊക്കെ അഭിനയിക്കുന്ന ഒരാൾ എന്തിനാണ് ഇങ്ങനെയൊരു ചെറിയ മലയാളം സിനിമയ്ക്ക് വേണ്ടി പ്രൊഫൈൽ അയച്ചത് എന്ന് ഞങ്ങൾക്ക് അന്നൊന്നും മനസ്സിലായില്ല.” അവർക്ക് ഞാൻ മലയാളിയാണെന്ന് അറിയില്ലായിരുന്നു. ഹിന്ദി സംസാരിക്കുന്ന എന്നെ കണ്ടപ്പോൾ, ഞാൻ മലയാളം പഠിച്ച് ഇവിടെ അഭിനയിക്കാൻ വന്നതാണോ എന്ന് പോലും അവർ ചിന്തിച്ചത്രേ. അവസാനം എന്നെ കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചപ്പോൾ അവർ എന്നെ വിളിച്ചു ചോദിച്ച ആദ്യ ചോദ്യം, “മലയാളം അറിയാമോ?” എന്നായിരുന്നു.
‘തലവര’യുടെ നിർമാതാക്കളിൽ ഒരാളാണ് മഹേഷ് നാരായണൻ. എൻ്റെ ആദ്യ ചിത്രമായ ‘ടേക്ക് ഓഫ്’ അദ്ദേഹത്തിൻ്റെ സംവിധാനത്തിൽ ആയിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് എന്നെ നന്നായി അറിയാം. എൻ്റെ സിനിമാജീവിതം ആരംഭിച്ചത് അദ്ദേഹത്തിലൂടെ ആയതുകൊണ്ട് ‘തലവര’യുടെ ഭാഗമാവാനും എനിക്ക് എളുപ്പമായി. മലയാള സിനിമയിലേക്ക് ഒരു നടനെന്ന നിലയിൽ എൻ്റെ ‘തലവര’ മാറ്റിയെഴുതാൻ ഈ ചിത്രം സഹായിച്ചുവെന്ന് പറയാം.


