Friday, October 24, 2025
Friday, October 24, 2025
Homeheadlinesഡെങ്കി വീണ്ടും, കരുതൽ തുടരാൻ നിർദേശം

ഡെങ്കി വീണ്ടും, കരുതൽ തുടരാൻ നിർദേശം

Published on

ഇന്ത്യയിൽ പുതിയ ഡെങ്കിപ്പനി കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേന്ദ്രം. ഓഗസ്റ്റ് 31 വരെ ഇന്ത്യയില്‍ 49,573 ഡെങ്കിപ്പനി കേസുകളും 42 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്. എന്നാൽ 2024ലെ കണക്ക് പ്രകാരം രാജ്യത്തുടനീളം ആകെ 2,33,519 ഡെങ്കിപ്പനി കേസുകളും 297 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്. എന്നാലും ഈ വർഷം മരണവും ഡെങ്കിപ്പനി കേസുകളും കുറവായിട്ടാണ് കാണാൻ കഴിയുന്നത്.
ഇത് കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ ഡെങ്കിപ്പനിയെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ പുനഃപരിശോധിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. നീണ്ടുനിൽക്കുന്ന മഴക്കാലവും വെള്ളക്കെട്ടും കണക്കിലെടുത്ത് കഴിഞ്ഞയാഴ്‌ച ഡൽഹിയിൽ വച്ച് പകർച്ചവ്യാധി അവലോകനത്തിനായി ജെപി നദ്ദ ഒരു യോഗം വിളിച്ചിരുന്നു. യോഗത്തിൽ രോഗവ്യാപനത്തിനെതിരെ ശക്തമായ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു.
പകർച്ചവ്യാധി പടരുന്ന സാഹചര്യങ്ങളിൽ മുനിസിപ്പൽ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്‌തു. നീണ്ടുനിൽക്കുന്ന മഴയിൽ നിന്ന് ഉണ്ടാകുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിനും കേന്ദ്ര, സംസ്ഥാന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും പ്രത്യേക ഊന്നൽ നൽകി.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,215 കേസുകളായിരുന്നു ഡൽഹിയിൽ റിപ്പോർട്ട് ചെയ്‌തിരുന്നത്. എന്നാലത് ഈ വർഷം ഓഗസ്റ്റ് 31 വരെ 964 കേസുകളായി കുറഞ്ഞു. ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളായ ഉത്തർപ്രദേശിൽ 1,646, ഹരിയാനയിൽ 298, രാജസ്ഥാനിൽ 1,181 എന്നിങ്ങനെ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് നദ്ദ പറഞ്ഞു.
ഇതിനൊപ്പം മഴക്കാല രോഗങ്ങൾക്കെതിരെ ക്യാമ്പയിൻ നടത്തുന്നതിനെപ്പറ്റിയും അദ്ദേഹം ആഹ്വാനം ചെയ്‌തു. ഡെങ്കിപ്പനി സാധ്യതയുള്ള പ്രദേശങ്ങളിൽ ജനങ്ങൾക്ക് ബോധവത്‌ക്കരണ ക്ലാസുകൾ നടത്തി അവബോധം സൃഷ്‌ടിക്കുന്നതിനെപ്പറ്റിയും സൂചിപ്പിച്ചു. ഇതിനായി വാർഡ് മെമ്പര്‍മാര്‍, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, റസിഡൻ്റ് വെൽഫെയർ അസോസിയേഷനുകൾ (ആർ‌ഡബ്ല്യുഎ) എന്നിവരെ ബോധവത്‌ക്കരണത്തിലും പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമായി ഉൾപ്പെടുത്താൻ നദ്ദ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
വെള്ളപ്പൊക്കം കുറഞ്ഞ് കഴിഞ്ഞാൽ മഴവെള്ളം നിറഞ്ഞ പാത്രങ്ങൾ നീക്കം ചെയ്യുക, പനി വർധിക്കുന്ന പ്രദേശങ്ങളിൽ ഫോഗിങ് എന്നിവയിലൂടെ ശുദ്ധീകരണം നടത്തുക, രോഗ ബാധിത പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കുക എന്നിങ്ങനെയാണ് മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ.
രോഗികളെ പരിചരിക്കാനുള്ള വാർഡുകൾ, മതിയായ കിടക്കകൾ, മരുന്നുകൾ, എന്നിവ ആശുപത്രികളില്‍ ഉണ്ടെന്ന് ഉറപ്പാക്കണം. അടിയന്തര പ്രതിരോധ നടപടികൾക്കായി റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ സജ്ജമാകണം. കൂടാതെ സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ എല്ലാ ആശുപത്രികളിൽ നിന്നും ഡെങ്കിപ്പനി, മലേറിയ കേസുകൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യേണ്ടത് നിർബന്ധമാക്കി.
പകർച്ചവ്യാധി അടക്കം നിലവിലെ സാഹചര്യം വിലയിരുത്തുന്നതിന് ദിവസേന ജില്ലാ തലത്തില്‍ അവലോക യോഗം നടത്തണം. ഡെങ്കിപ്പനി, മലേറിയ എന്നിവയുടെ ഫലപ്രദമായ നിയന്ത്രണത്തിനായി വരും മാസങ്ങളിൽ ജാഗ്രത പാലിക്കാനും പ്രതിരോധ നടപടികളും സാമൂഹിക അവബോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കാനും എല്ലാ മുഖ്യമന്ത്രിമാർക്കും കേന്ദ്രം നിര്‍ദേശവും നൽകി.

കണ്ണൂർ നഗരം ഡങ്കിപ്പനിയുടെ ഹോട്ട്സ്പോട്ട്
നിലവിൽ കണ്ണൂർ നഗരം ഡങ്കിപ്പനിയുടെ ഹോട്ട്സ്പോട്ടാണ്. കണ്ണൂർ ജില്ലയിൽ ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 4200 ഡങ്കിപ്പനി കേസുകളാണ്. നാലു പേർ മരിച്ചു. കഴിഞ്ഞ മാസങ്ങളിൽ ജില്ലയിലെ മലയോര മേഖലകളിൽ വ്യാപകമായി ഡങ്കിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. ആരോഗ്യ വകുപ്പിന്റെ ഇടപെടലുകൾക്കൊടുവിൽ അത് നിയന്ത്രണ വിധേയമായപ്പോഴാണ് കണ്ണൂ‌ർ നഗരത്തിലുൾപ്പെടെ അസുഖം വ്യാപിക്കുന്നത്. തളിപ്പറമ്പിലും രോഗം വ്യാപിച്ചിരുന്നു. ഹോട്ടലുകളിലും സ്ഥാപനങ്ങളിലും ഫ്ളാറ്റുകളിലും അകത്ത് വച്ചിട്ടുള്ള ചെടിച്ചട്ടികളും മറ്റും വ്യാപനം കൂടാനുള്ള കാരണമായി കണക്കാക്കുന്നുണ്ട്. ഇവയാണ് കൊതുകിന്റെ പ്രധാന പ്രജനന കേന്ദ്രമെന്നാണ് നിഗമനം. ഇത്തരം സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പിന്റെ ഫോഗിംഗ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അകത്ത് വച്ചിട്ടുള്ള ചെടിച്ചട്ടികൾ നീക്കാനും നിർദ്ദേശമുണ്ട്. ഇതിനുപുറമെ നഗരത്തിൽ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗങ്ങൾ വൃത്തിയാക്കാനും മാലിന്യം കെട്ടികിടക്കാതെ നോക്കാനുമുള്ള നിർദ്ദേശവുമുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫോഗിംഗ് ചെയ്യുന്നുണ്ട്.
ജനങ്ങൾ ഏറെ ആശ്രയിക്കുന്ന കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, താലൂക്ക് ഓഫീസ്, കെ.ടി‌.ഡി.സി എന്നിവിടങ്ങളിലെല്ലാം കൂടുതലായി കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ജീവനക്കാരിലും സന്ദർശകരിലും ആശങ്ക ഏറിയിട്ടുണ്ട്.
മലയോര മേഖലകളിലും തോട്ടം മേഖലകളിലും കൊതകിന്റെ സാന്നിദ്ധ്യം കൂടുതലായിരുന്നു. ഇതാണ് മുൻ വർഷങ്ങളിലും കഴിഞ്ഞ മാസങ്ങളിലും ഇവിടങ്ങളിൽ രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യാൻ കാരണം. എന്നാൽ നഗരം ഹോട്ട്സ്പോട്ടായതിന്റെ ആശങ്ക അധികൃതരും പങ്കുവയ്ക്കുന്നുണ്ട്. പല പ്രദേശത്തു നിന്നും ജനങ്ങൾ നഗരത്തിലെത്തുന്നതിനാൽ രോഗം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുമോ എന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പും.
ഏസിയിൽ നിന്നും വെള്ളം വീഴുന്ന സൺഷെയ്ഡുകളും ഫ്രിഡ്ജിലെ ട്രേയും എല്ലാം കൊതുകിന്റെ വ്യാപനത്തിന് ഇടയാക്കുന്നു എന്നാണ് അധികൃതർ പറയുന്നത്. റോഡരികിൽ വലിച്ചെറിയുന്ന കുപ്പികൾ, കപ്പുകൾ, കണ്ടെയിനറുകൾ എല്ലാം കൊതുകു വ്യാപനത്തിന് കാരണമാകുന്നു.

കൊച്ചിയിൽ ര​ണ്ടാ​ഴ്ച​ക്കി​ടെ 164 പേ​ർ
കൊച്ചിയിൽ ര​ണ്ടാ​ഴ്ച​ക്കി​ടെ 164 പേ​രാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ തേ​ടി​യി​രി​ക്കു​ന്ന​ത്. 72 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​മു​ണ്ട്. ഭൂ​രി​ഭാ​ഗം ദി​വ​സ​ങ്ങ​ളി​ലും 15ഓ​ളം രോ​ഗി​ക​ൾ ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്നു​ണ്ട്.

ഇൻഫ്ലുവൻസ പടർന്നു
ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 4,600 പേരാണ് പനി ബാധിതരായി സർക്കാർ ആശുപത്രികളിൽ ഒപികളിൽ ചികിത്സതേടിയെത്തിയത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയവർ ഇതിന്റെ ഇരട്ടിയാണ്. കാലാവസ്ഥ മാറിമറിഞ്ഞ് ചൂടും മഴയുമെല്ലാം ഇടവിട്ടു വന്നതും ആഘോഷകാലത്തെ കൂടിച്ചേരലുകളുമെല്ലാമാണ് പലരെയും പനിക്കിടക്കയിലാക്കിയത്.
ഇൻഫ്ലുവൻസയാണ് പടർന്നുപിടിച്ചത്. ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്നതിനാലാണ് പലർക്കും ചുമയും തൊണ്ടവേദനയുമുൾപ്പെടെയുള്ളവ പനി കഴിഞ്ഞും മാറാതെ നിൽക്കുന്നത്.
ഇതുകൂടാതെ, വൈറൽപ്പനി, ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, കോവിഡ് തുടങ്ങിയവയും പടരുന്നുണ്ട്. ജലാശയസമൃദ്ധ ജില്ലയായതിനാൽ അമീബിക് മസ്തിഷ്കജ്വരവും ആശങ്കയായിട്ടുണ്ട്. ഇവയിൽ പല രോഗങ്ങൾക്കും സമാനലക്ഷണമായതിനാൽ ഒറ്റയടിക്ക് രോഗം തിരിച്ചറിയാനാകില്ലെന്നതാണ് ആശുപത്രിയിലെത്തുമ്പോഴുള്ള വെല്ലുവിളി. ലാബ് പരിശോധനയിലൂടെ മാത്രമേ രോഗം സ്ഥിരീകരിക്കാനാകുന്നുള്ളൂ.

Latest articles

ഗുമ്മടി നർസയ്യയായി ശിവരാജ് കുമാർ

ആന്ധ്ര രാഷ്ട്രീയത്തിലെ കരുത്തുറ്റ ശബ്ദവും ജനകീയ നേതാവുമായിരുന്ന ഗുമ്മടി നർസയ്യയുടെ ജീവചരിത്രം സിനിമയാകുന്നു. ഗുമ്മടി നർസയ്യ എന്ന പേരിൽ...

ഈ സ്നേഹമാണ് കണ്ണുതുറപ്പിക്കേണ്ടത്, ഈ ത്യാഗമാണ് ഏറ്റുപാ​ടേണ്ടത്

പ്രായമായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലും തെരുവോരത്തും ഉപേക്ഷിക്കുകയാണ് പലരും. എന്നാൽ കര്‍ണാടകയിലെ കുഗ്രാമത്തില്‍നിന്ന് മാതൃസ്‌നേഹത്തിന്‍റെ വറ്റാത്ത മാതൃകയാവുകയാണ് സദാശിവ. കർണാടക...

വിവാദങ്ങൾ തൊടാത്ത ഇന്ത്യയുടെ ബാഹുബലി

ബാഹുബലി എന്ന ചിത്രത്തിനു ശേഷം പ്രഭാസ് എന്ന താരത്തിന്‍റെ മൂല്യം പതിന്മടങ്ങ് വർദ്ധിക്കുകയും അദ്ദേഹത്തിന്‍റെ ചലച്ചിത്രങ്ങൾക്ക് അന്തർദേശീയ പ്രതിച്ഛായ...

പട്ടിണി മാറാതെ ഗാസ

പശ്ചിമേഷ്യൻ സംഘർഷം കെട്ടടങ്ങിയിട്ടും പട്ടിണി വിട്ടുമാറാതെ ഗാസയിലെ കുടുംബങ്ങൾ. വെടിനിർത്തൽ നിലവിൽ വന്നിട്ടും ഗാസയിലേക്ക് നൽകുന്ന സഹായത്തിൻ്റെ അളവിൽ...

More like this

ഗുമ്മടി നർസയ്യയായി ശിവരാജ് കുമാർ

ആന്ധ്ര രാഷ്ട്രീയത്തിലെ കരുത്തുറ്റ ശബ്ദവും ജനകീയ നേതാവുമായിരുന്ന ഗുമ്മടി നർസയ്യയുടെ ജീവചരിത്രം സിനിമയാകുന്നു. ഗുമ്മടി നർസയ്യ എന്ന പേരിൽ...

ഈ സ്നേഹമാണ് കണ്ണുതുറപ്പിക്കേണ്ടത്, ഈ ത്യാഗമാണ് ഏറ്റുപാ​ടേണ്ടത്

പ്രായമായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലും തെരുവോരത്തും ഉപേക്ഷിക്കുകയാണ് പലരും. എന്നാൽ കര്‍ണാടകയിലെ കുഗ്രാമത്തില്‍നിന്ന് മാതൃസ്‌നേഹത്തിന്‍റെ വറ്റാത്ത മാതൃകയാവുകയാണ് സദാശിവ. കർണാടക...

വിവാദങ്ങൾ തൊടാത്ത ഇന്ത്യയുടെ ബാഹുബലി

ബാഹുബലി എന്ന ചിത്രത്തിനു ശേഷം പ്രഭാസ് എന്ന താരത്തിന്‍റെ മൂല്യം പതിന്മടങ്ങ് വർദ്ധിക്കുകയും അദ്ദേഹത്തിന്‍റെ ചലച്ചിത്രങ്ങൾക്ക് അന്തർദേശീയ പ്രതിച്ഛായ...