ഐക്യരാഷ്‌ട്രസംഘടനയിലെ 193 അംഗരാജ്യങ്ങളില്‍ നാലില്‍ മൂന്നും പലസ്‌തീന്‍ രാഷ്‌ട്രത്തിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ പ്രമുഖ പാശ്ചാത്യ രാജ്യങ്ങള്‍ ഇതിന് ഇനിയും തയാറായിട്ടില്ല. ഇസ്രയേലുമായി ചര്‍ച്ച നടത്തി മാത്രമേ ഇത്തരമൊരു കാര്യത്തിലേക്ക് എത്താനാകൂ എന്നാണ് അവരുടെ നിലപാട്. പലസ്‌തീന്‍ രാഷ്‌ട്രത്തെ പിന്തുണയ്ക്കുന്ന ലോകരാജ്യങ്ങളുടെ നിലപാടിനെ പലസ്‌തീനികള്‍ സ്വാഗതം ചെയ്‌തു. തങ്ങള്‍ ഒരു രാജ്യം അര്‍ഹിക്കുന്നുണ്ടെന്ന് പലായനം ചെയ്‌ത ഫാവ്‌സി നൗര്‍ അല്‍ ദീന്‍ പറഞ്ഞു.
1967ലെ പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ ഇസ്രയേല്‍ പിടിച്ചെടുത്ത വെസ്റ്റ്ബാങ്ക്, ഗാസ, കിഴക്കന്‍ ജെറുസലേം പ്രദേശങ്ങളെ ചേര്‍ത്ത് ഒരു പലസ്‌തീന്‍ രാജ്യം ഇസ്രയേലിനൊപ്പം സൃഷ്‌ടിച്ചാല്‍ മാത്രമേ ഈ വാഗ്‌ദത്ത ഭൂമിയിലെ ഒരു നൂറ്റാണ്ടിലേറെ മുമ്പ് ആരംഭിച്ച സംഘര്‍ഷം അവസാനിപ്പിക്കാനാകൂ എന്നാണ് രാജ്യാന്തര സമൂഹം വിശ്വസിക്കുന്നത്.
ഗാസയില്‍ ഇസ്രയേല്‍ തങ്ങളുടെ അതിക്രമങ്ങള്‍ കടുപ്പിക്കുന്നതിനിടെ ഫ്രാന്‍സും പലസ്‌തീന്‍റെ സ്വതന്ത്ര രാഷ്‌ട്രപദവിക്ക് പിന്തുണയുമായി രംഗത്ത് എത്തി. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിനുള്ള സുസ്ഥിര പരിഹാരത്തിനായി ഇരട്ട രാഷ്‌ട്രമെന്ന ആശയത്തെ പിന്തുണയ്ക്കാന്‍ ഐക്യരാഷ്‌ട്ര സഭ കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്ത ഉന്നതതലയോഗത്തിലാണ് ഫ്രാന്‍സും പിന്തുണ പ്രഖ്യാപിച്ചത്. ഇസ്രയേലിന്‍റെയും അമേരിക്കയുടെയും എതിര്‍പ്പ് തുടരുന്നതിനിടയിലും കൂടുതല്‍ രാജ്യങ്ങള്‍ പിന്തുണയുമായി മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷ.
ഗാസയില്‍ ഹമാസ് ബന്ദികളാക്കിയിരിക്കുന്ന 48 പേരെ മോചിപ്പിക്കുന്നതിനുള്ള സമയം ആയിരിക്കുന്നു. ഒപ്പം ബോംബ് വര്‍ഷിക്കലും കൂട്ടക്കൊലയും പലയാനവും അവസാനിപ്പിക്കാനുള്ള സമയമായെന്നും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ചൂണ്ടിക്കാട്ടി. പലസ്‌തീന്‍ വിഷയത്തില്‍ സൗദി അറേബ്യയ്ക്കൊപ്പം രാജ്യാന്തര സമ്മേളനത്തില്‍ അധ്യക്ഷം വഹിക്കവെ ആയിരുന്നു മാക്രോണിന്‍റെ പരാമര്‍ശം. ഇസ്രയേലിനൊപ്പം ഇരട്ട രാജ്യമാണ് പ്രശ്‌ന പരിഹാരത്തിനുള്ള ഏകമാര്‍ഗമെന്നും രാജ്യങ്ങള്‍ ഊന്നിപ്പറഞ്ഞു.
സമാധാനത്തിനുള്ള സമയമായെന്ന് മാക്രോണ്‍ ചൂണ്ടിക്കാട്ടി. ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളും കഴിഞ്ഞ ദിവസം പലസ്‌തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിരുന്നു. ഫ്രാന്‍സും അവര്‍ക്കൊപ്പമുണ്ടെന്ന് പിന്നാലെ ഫ്രാന്‍സും പ്രഖ്യാപിച്ചു. പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ തന്‍റെ രാജ്യത്തിനും ചരിത്രപരമായ പ്രതിബദ്ധതയുണ്ട്. അത് കൊണ്ടാണ് താന്‍ ഈ പ്രഖ്യാപനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാക്രോണിന്‍റെ പ്രഖ്യാപനത്തെ വലിയ കയ്യടിയോടെയാണ് ഐക്യരാഷ്‌ട്ര പൊതസഭ ഹാള്‍ സ്വീകരിച്ചത്. 140ലേറെ നേതാക്കള്‍ സന്നിഹിതരായിരുന്നു. പലസ്‌തീന്‍റെ ഐക്യരാഷ്‌ട്രസഭ സ്ഥാനപതി റിയാദ് മന്‍സൗര്‍ അടക്കമുള്ള പലസ്‌തീന്‍ പ്രതിനിധി സംഘം എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് പ്രഖ്യാപനത്തെ സ്വീകരിച്ചത്. പലസ്‌തീന്‍ ജനതയുടെ അവകാശങ്ങളെ അംഗീകരിക്കുന്നു. ഇതില്‍ നിന്ന് തെല്ലും വ്യത്യസ്‌തമല്ല ഇസ്രയേല്‍ ജനതയുടെ അവകാശങ്ങളും. ഫ്രാന്‍സ് ആ ജനസമൂഹത്തെയും പിന്തുണയ്ക്കുന്നുവെന്നും മാക്രോണ്‍ വ്യക്തമാക്കി.
ഇസ്രയേലിന് സമാധാനത്തോടെ പുലരണമെങ്കില്‍ ഈ അംഗീകാരം അത്യാവശ്യമാണ്. അന്‍ഡോറ, െബല്‍ജിയം, ലക്‌സംബെര്‍ഗ്, മാള്‍ട്ട, മോണോക്കോ തുടങ്ങിയവരും പലസ്‌തീന്‍ രാജ്യത്തിന് അംഗീകാരം നല്‍കി. ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും യോഗത്തില്‍ പങ്കെടുത്തെങ്കിലും ഇവര്‍ പിന്തുണ പ്രഖ്യാപിച്ചില്ലെന്നതും ശ്രദ്ധേയമാണ്.
ഇത് അവകാശമാണ്, പ്രതിഫലമല്ല
പലസ്‌തീന്‍റെ രാജ്യപദവി അവകാശമാണെന്നും സമ്മാനമല്ലെന്നും ഐക്യ രാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറെസ് പറഞ്ഞു. ഇസ്രയേല്‍ -പലസ്‌തീന്‍ സംഘര്‍ഷം ധാര്‍മ്മികമായും നിയമപരമായും രാഷ്‌ട്രീയമായും അംഗീകരിക്കാനാകില്ല. ഈ പേടിസ്വപ്‌നം അവസാനിപ്പിച്ചേ മതിയാകൂ. ഇസ്രയേലിനും പലസ്‌തീനും മാനവികതയ്ക്കും വേണ്ടി ദ്വിരാഷ്‌ട്രമെന്ന ആശയം ഉറപ്പാക്കാന്‍ ലോകനേതാക്കളോട് സാധ്യമായതെല്ലാം ചെയ്യാന്‍ ഗുട്ടെറെസ്ആഹ്വാനം ചെയ്‌തു.
അക്രമവും യുദ്ധവും മതിയായെന്ന് അബ്ബാസ്
അമേരിക്ക വിസ നിഷേധിച്ചതിനാല്‍ പലസ്‌തീന്‍ പ്രസിഡന്‍റ് മെഹമ്മൂദ് അബ്ബാസ് വീഡിയോയിലൂടെയാണ് യോഗത്തെ അഭിസംബോധന ചെയ്‌തത്. ജനങ്ങളെയും ഹമാസ് പ്രവര്‍ത്തകരെയും കൊന്നൊടുക്കുന്ന നടപടിയെ അദ്ദേഹം അപലപിച്ചു. യുദ്ധവും അക്രമവും മതിയായെന്നും റോഷ് ഹഷാന വേളയില്‍ ലോകമെമ്പാടുമുള്ള ജൂതര്‍ക്ക് ഒരു പുതിയ പുതുവര്‍ഷപ്പുലരി ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
രാജ്യപദവി അംഗീകരിക്കാതെ ഇസ്രയേല്‍
ഇസ്രയേല്‍ ഭരണകൂടം പലസ്‌തീന്‍റെ രാജ്യ പദവി അംഗീകരിക്കുന്നില്ല. ഇത് ഹമാസിനുള്ള പ്രതിഫലമാണെന്നാണ് അവരുടെ നിലപാട്. ഗാസയുടെ പലയിടങ്ങളും ഇപ്പോഴും ഹമാസിന്‍റെ നിയന്ത്രണത്തിലാണ്. വെസ്റ്റ്ബാങ്കിന്‍റെ ഭാഗങ്ങളിലടക്കം തങ്ങള്‍ അധിനിവേശം നടത്തുമെന്നാണ് ഇസ്രയേലിന്‍റെ നിലപാട്.
ഇസ്രയേലിന്‍റെ ഇത്തരം ഭീഷണികള്‍ക്കെതിരെ ഐക്യരാഷ്‌ട്രസഭ വക്താവ് സ്റ്റീഫന്‍ ദുജാരിക് രംഗത്ത് എത്തി. നാം നമ്മുടെ ലക്ഷ്യത്തിനായുള്ള ശ്രമങ്ങള്‍ തുടരും. ഇത്തരം ഭീഷണികളൊന്നും നമ്മെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധിനിവേശവുമായി മുന്നോട്ട് പോകണമെന്ന നിലപാടിലാണ് നെതന്യാഹുവിന്‍റെ സഖ്യം.
പലസ്‌തീനികള്‍ രാഷ്‌ട്രീയമായി ചിന്നിച്ചിതറിയവര്‍
രാജ്യാന്തര സമൂഹത്തിന്‍റെ പിന്തുണയോടെ പരിഷ്‌ക്കരിച്ച പലസ്‌തീന്‍ അതോറിറ്റി വെസ്റ്റ് ബാങ്കിന്‍റെയും ഗാസയുടെയും നിയന്ത്രണം ഘട്ടംഘട്ടമായി ഏറ്റെടുക്കുക എന്നതാണ് ഫ്രാന്‍സും സൗദി അറേബ്യയുമടക്കമുള്ള രാജ്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന ആശയം. പൊതുസഭയും ഇത് അംഗീകരിച്ചിട്ടുണ്ട്. പത്തിനെതിരെ 142 വോട്ടുകള്‍ക്ക് മാസം പന്ത്രണ്ടിനാണ് ഇതിന് അംഗീകാരം നല്‍കിയത്. 12 അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 1967ല്‍ ഉണ്ടായിരുന്ന രാജ്യമെന്ന ആശയത്തെ തങ്ങള്‍ അംഗീകരിക്കുമെന്നാണ് 2006ലെ പൊതു തെരഞ്ഞെടുപ്പില്‍ വിജയിച്ച ഹമാസിന്‍റെ നിലപാട്. ഇസ്രയേല്‍ ഉള്‍പ്പെടെ മെഡിറ്ററേനിയന്‍ കടലിനും ജോര്‍ദാന്‍ നദിക്കുമിടയിലുള്ള പ്രദേശം പലസ്‌തീന്‍ രാജ്യത്തിനുണ്ടാകണമെന്നാണ് അവരുടെ നിലപാട്. 1990 മുതല്‍ പലസ്‌തീനും ഇസ്രയേലും തമ്മില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ആക്രമണവും ഇസ്രയേല്‍ അധിനിവേശവും ഇതിനെ തുരങ്കംവെച്ചു. 2009ല്‍ നെതന്യാഹു അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം സമാധാന ചര്‍ച്ചകളുണ്ടായിട്ടില്ല.
പലസ്‌തീന്‍ രാജ്യമില്ലാതെ ഇവിടെ സന്തുലനമുണ്ടാകില്ലെന്നാണ് ഇരട്ട രാഷ്‌ട്ര വക്താക്കളുടെ നിലപാട്. ലക്ഷക്കണക്കിന് പലസ്‌തീനികള്‍ സൈനിക കേന്ദ്രങ്ങളിലാണ് കഴിയുന്നത്.