Thursday, April 16, 2026
Thursday, April 16, 2026
Homelifestyleലാൽ സലാം

ലാൽ സലാം

Published on

ദാദ സാഹിബ് ഫാൽക്കെ പുരസ്‌കാരത്തിന്‍റെ തിളക്കത്തിലും താൻ അഭിനയ നദിയിൽ മുങ്ങി താഴുന്ന വെറുമൊരില മാത്രമെന്ന് വ്യക്തമാക്കി നടൻ മോഹൻലാൽ. സംസ്ഥാന സർക്കാർ ആദരാമർപ്പിക്കുന്ന “ലാൽ സലാം” എന്ന ചടങ്ങിലാണ് മോഹൻലാൽ വികാരാധീതനായത്.

പ്രസംഗത്തിന്‍റെ പൂർണരൂപം

ഇന്ത്യൻ സിനിമയുടെ പിതാവായി അറിയപ്പെടുന്ന ദാദ സാഹിബ് ഫാൽക്കെയുടെ പേരിലുള്ള പരമോന്നത പുരസ്‌കാരം ഡൽഹിയിൽ വെച്ച് ഏറ്റുവാങ്ങുമ്പോൾ മുൻപ് ഇതേറ്റുവാങ്ങിയ മഹാരഥന്മാരെ കുറിച്ചു മാത്രമല്ല ഞാൻ ഓർത്തത്. സിനിമ എന്ന കലാരൂപത്തിന് വേണ്ടി ദാദ സാഹിബ് ഫാൽക്കെ എന്ന മനുഷ്യന്‍റെ സമർപ്പിത ജീവിതം എന്റെ മനസിലൂടെ ഒരു തിരശീലയിൽ എന്ന പോലെ കടന്നു പോയി.
മുംബൈയിലെ പ്രശസ്തമായ ജെ ജെ സ്കൂൾ ഓഫ് ആർട്സിലെ ചിത്രകല വിദ്യാർഥിയായി തുടങ്ങി രാജ ഹരീഷ്ചന്ദ്ര എന്ന സിനിമയിലേക്ക് അദ്ദേഹം നടന്നു തീർത്ത ദൂരങ്ങൾ, പഠനങ്ങൾ, പരീക്ഷണങ്ങൾ, അധ്വാനങ്ങൾ, സ്വപ്നത്തെ വേട്ടയാടി പിടിക്കുന്ന ഒരു മനസിന്‍റെ ആവേഗങ്ങൾ. അത് മനസിലാക്കിയപ്പോൾ സിനിമയിൽ പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ എന്‍റെ ശിരസ് ഈ ഭൂമിയോളം കുനിഞ്ഞു.
എന്‍റെ കഴുത്തിലണിഞ്ഞ പതക്കത്തിന്‍റെ ഭാരം ഞാൻ ആഴത്തിൽ തിരിച്ചറിയുകയായിരുന്നു. ആ നിമിഷങ്ങളിൽ. ഞാനടക്കമുള്ള എല്ലാ ഇന്ത്യൻ അഭിനേതാക്കളും 120 വർഷങ്ങൾക്ക് മുൻപ് സിനിമയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച ഈ മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു. രാജ ഹരീഷ്ചന്ദ്രയിൽ നിന്നും ഇന്ത്യൻ സിനിമ എത്രയോ മുന്നോട്ടു പോയി. അതിന്റെ ആകാശം ഒരുപാട് വിശാലമായി. അപ്പോഴും ആ ആകാശത്തു ഏറ്റവും തിളക്കമാർന്ന നക്ഷത്രം ദാദ സാഹിബ് ഫാൽക്കേയാണെന്ന് ഞാൻ വിശ്വസിക്കുന്നു.
ആ വിദൂര നക്ഷത്രത്തെ ഞാൻ വണങ്ങുന്നു. ഡൽഹിയിൽ വെച്ച് അതിവീശിഷ്ടമായ ദാദ സാഹിബ് ഫാൽക്കേ പുരസ്‌കാരം വാങ്ങിയ നിമിഷത്തേക്കാൾ എറിയ വൈകാരിക ഭാരത്തോടെയാണ് ഞാൻ നിങ്ങൾക്ക് മുൻപിൽ നില്കുന്നത്. അതിന് പല കാരണങ്ങളുണ്ട്. ഇത് ഞാൻ ജനിച്ചു വളർന്ന, കൗമാരവും യൗവനവും ചിലവഴിച്ച മണ്ണാണ്. എന്റെ അമ്മയും അച്ഛനും ചേട്ടനും ജീവിച്ചയിടമാണ്.
ജീവിതത്തിന്‍റെ സങ്കീർണതകൾ ഒന്നുമറിയാതെ അവർക്കൊപ്പം ഞാൻ പാർത്ത നാടാണ്. ഇവിടുത്തെ കാറ്റും മരങ്ങളും വഴികളും മറ്റു ചില പഴയെ കെട്ടിടങ്ങളും എന്‍റെ ഓർമകളുടെയും ആത്മാവിന്‍റെയും ഭാഗമാണ്. എനിക്ക് ഈ സ്വീകരണം നൽകുന്നത് എന്നെയീ കാണുന്ന ഞാനാക്കി മാറ്റിയ കേരളവും മലയാളികളും അവർ തിരഞ്ഞെടുത്ത സർക്കാരുമാണ്. ഇക്കാരണങ്ങൾ കൊണ്ടെല്ലാം അനുഭവിക്കുന്ന വൈകാരിക ഭാരത്തെ മറച്ചു പിടിക്കാൻ കാലങ്ങളായി ഞാൻ ആർജിച്ച അഭിനയ ശേഷിക്ക് സാധിക്കുന്നില്ല.
നാല്പത്തിയെട്ടു വർഷങ്ങളുടെ ദീർഘമായ നടപ്പാതയിലേക്ക് തിരിഞ്ഞു നോക്കുകയായിരുന്നു ഞാൻ. സിനിമ എന്ന സങ്കീർണ കലാരൂപത്തെ കുറിച്ചു യാതൊന്നുമറിയാതെ ഈ നഗരത്തിന്റെ വഴിയോരങ്ങളിൽ വെച്ചു ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ചേർന്നൊരു സിനിമയെടുക്കാൻ ധൈര്യപ്പെട്ടുവെന്ന് ഓർക്കുമ്പോൾ ഇപ്പോഴെനിക്ക് ഭയം തോനുന്നു. അതിന്‍റെ ജോലികൾക്കായി ഈ നഗരത്തിൽ നിന്നും ട്രെയിൻ കയറി ഞാൻ മദ്രാസിലേക്ക് പോയി. മദ്രാസിലെ സിനിമ സ്റ്റുഡിയോകളിൽ ചുറ്റി തിരിഞ്ഞു. ഞാൻ ഒട്ടും ആഗ്രഹിക്കാതെ അവിടെ വെച്ചു എന്‍റെ സുഹൃത്തുക്കൾ എന്‍റെ ഫോട്ടോ എടുത്തു പാച്ചിക്ക എന്ന് നമ്മൾ വിളിക്കുന്ന പ്രിയപ്പെട്ട ഫാസിലിന് അയച്ചു കൊടുത്തു.
അങ്ങനെ ഞാൻ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനായി ക്യാമറയ്ക്ക് മുന്നിൽ നിന്നു. 48 വർഷങ്ങൾ. ഇങ്ങോട്ട് വരുന്നതിന് തൊട്ടു മുൻപേയും ഞാൻ ക്യാമറയ്ക്ക് മുന്നിലായിരുന്നു. എന്റെ മുഖത്ത് ദൃശ്യം എന്നാ ചിത്രത്തിലെ കഥാപാത്രത്തിന്‍റെ ഛായമുണ്ടായിരുന്നു. വിധി എന്നെ ഏതൊക്കെ വഴിയിലൂടെയാണ് നടത്തിക്കൊണ്ട് പോകുന്നതെന്നോർക്കുമ്പോൾ വിസ്മയിച്ചു പോകും. അഭിനയ കാലത്തെ ഒരു മഹാനദിയായി സങ്കല്പിച്ചാൽ. തീരത്തെ മരച്ചില്ലയിൽ നിന്നും അതിലേക്ക് വീണ ഒരിലയാണ് ഞാൻ. ഒഴുക്കിൽ മുങ്ങി പോകുമ്പോഴെല്ലാം ആ ഇലയെ ഏതൊക്കെയോ കൈകൾ വന്നു താങ്ങി. പ്രതിഭയുടെ കയ്യൊപ്പുള്ള കൈകളായിരുന്നു അവയെല്ലാം. വലിയ എഴുത്തുകാർ, സംവിധായകർ, നിർമാതാക്കൾ, ഛായാഗ്രാഹകർ, എന്‍റെ മുഖത്ത് ചായം തേച്ചവർ കഥാപാത്രങ്ങളിലേക്ക് വെളിച്ചമടിച്ചവർ അക്ഷിത ശിക്ഷിതനായ ഞാൻ ചെയ്തതെല്ലാം മടുപ്പില്ലാതെ കണ്ടിരുന്ന എന്റെ പ്രിയപ്പെട്ട മലയാളികൾ. ഇതു തന്നെയാണോ എന്റെ തൊഴിൽ എന്ന് ആലോചിക്കുമ്പോഴെല്ലാം ലാലേട്ടാ എന്ന് സ്നേഹത്തോടെ എന്നെ വിളിച്ചുണർത്തിയവർ.
ഇപ്പോഴും ഞാനാ മഹാനദിയുടെ പ്രവാഹത്തിലാണ്. മുങ്ങി പോകുമ്പോഴെല്ലാം ആരൊക്കെയോ എന്നെ പിടിച്ചുയർത്തുന്നു. ഇനിയും ഒഴുകൂ എന്ന് പറയുന്നു. നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു. എന്റെ ഈ അഭിനയ സഞ്ചാരത്തിനൊപ്പം നമ്മുടെ സമൂഹത്തിന്റെ യാത്രയും അതിന്റെ അമ്പരിപ്പിക്കുന്ന മാറ്റങ്ങളും നിറഭേദങ്ങളും ഞാൻ കാണുന്നു. നമ്മൾ എത്ര മാറി. നമ്മുടെ വേഷം, ഭാഷ, ബന്ധങ്ങൾ, രുചി, സ്വപ്‌നങ്ങൾ, ആസ്വാദന ശീലങ്ങൾ, സാമ്പത്തിക അവസ്ഥ, സാംസ്കാരിക സമീപനങ്ങൾ, പ്രണയസങ്കൽപ്പങ്ങൾ, രാഷ്ട്രീയം, ജീവിത ശൈലികൾ എല്ലാം എത്ര എത്രയോ മാറി.
നിലക്കടല കൊറിച്ചു കൊട്ടകയുടെ ബെഞ്ചിലിരുന്നു സിനിമകൾ കണ്ട നാം. ഇപ്പോൾ മൾട്ടി പ്ളെക്സിന്‍റെ തണുപ്പിൽ മലർന്നു കിടന്നു വരെ സിനിമ കാണുന്നു. സ്കൂൾ ബെഞ്ചിൽ തൊട്ടടുത്തിരിക്കുന്നവർ മാത്രമല്ല ഇന്ന് നമ്മുടെ കുട്ടികളുടെ സുഹൃത്തുക്കൾ. ആഗോള സൗഹൃദമാണ് അവർ ആഘോഷിക്കുന്നത്. എല്ലാ കലാരൂപങ്ങളും കാലത്തിനനുസരിച്ചു പുതിയതായി. സിനിമയുടെ ആഖ്യായനം അപ്പടി മാറി. സാങ്കേതികത മാറി. ഈ മാറ്റത്തിനെല്ലാം നടുവിലൂടെയാണ് ഞാനെന്‍റെ യാത്ര നടത്തിയത് എന്നോർക്കുമ്പോൾ ഏതോ ഒരു അജ്ഞാത ശക്തിയുടെ അനുഗ്രഹവും കരുതലും എനിക്കനുഭവപ്പെടുന്നു.
അതിനെ എന്ത് പേരിട്ടു വിളിക്കണമെന്ന് പോലും എനിക്കറിയില്ല. ആ ശക്തിയിലെങ്കിൽ ഇത്രയും കാലം ഇങ്ങനെ തുടരാൻ എനിക്ക് സാധിക്കില്ലായിരുന്നു എന്ന് ഞാൻ വിനീതമായി തിരിച്ചറിയുന്നു. ദീർഘാകാലം അഭിനേതാക്കളായി ജീവിച്ചവരെല്ലാം പ്രാർഥിക്കുന്ന ഒരു കാര്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. കണ്ടു കണ്ടു മനുഷ്യർക്ക് മടുക്കുന്ന കാലം വരെ എന്നെ ഇരുത്തരുതേ എന്നാണത്.
പ്രേക്ഷകരുടെ ആ മടുപ്പിൽ നിന്നും അഭിനേതാക്കളെ രക്ഷിക്കുന്ന കവചം കഥാപാത്രങ്ങളാണ്. ആ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് എഴുത്തുകാരാണ്. അതിനെ സംവിധാനം ചെയ്തു ഒരുക്കുന്നത് സംവിധായകരാണ്. പകർത്തുന്നത് ഛായാഗ്രഹകനാണ്. അഭിനേതാവ് ഒരു പിടി കളിമണ്ണ് മാത്രമാണ്. പ്രതിഭകളുടെ കൈ സ്പർശിക്കുമ്പോൾ അതിന് വ്യത്യസ്ത രൂപങ്ങൾ ലഭിക്കുന്നു. ആ രൂപം ജനങ്ങൾക്ക് ഇഷ്ടപ്പെടേണമേ എന്ന് പ്രാർഥിച്ചു കൊണ്ട് അഭിനേതാവ് തന്റെ കർമം നിർവഹിക്കുന്നു.
ഏത് കലാകാരനെയും പോലെ ജീവിതത്തിലും കരിയറിലും ഉയർച്ചകളും താഴ്ചകളും എനിക്കും ഉണ്ടായിട്ടുണ്ട്. വാനോളം പ്രശംസയും പാതാളത്തോളം താഴ്ത്തുന്ന പഴിയും വിമർശനങ്ങളും ശകാരങ്ങളും ഞാനും അനുഭവിച്ചിട്ടുണ്ട്. രണ്ടിനെയും ഞാൻ സമഭാവത്തോടെ തന്നെയാണ് കാണുന്നത്.
മോഹൻലാൽ അനായാസമായി അഭിനയിക്കുന്നുവെന്ന് പലരും പറയാറുണ്ട്. എനിക്ക് അഭിനയം അനായാസമായ ഒരു കാര്യമല്ല. എന്നതാണ് സത്യം. ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ ദൈവമേ എന്ന് മനസിൽ വിളിച്ചു കൊണ്ട് മാത്രമേ ഞാനിപ്പോഴും ക്യാമറയ്ക്ക് മുന്നിൽ ചെല്ലാറുള്ളു. എനിക്കിത് ചെയ്യാൻ സാധിക്കണമേ എന്ന പ്രാർത്ഥന എപ്പോഴും മനസിലുണ്ടാകാറുണ്ട്. കാണുന്നവർക്ക് ഞാൻ അനായാസമായി അഭിനയിക്കുന്നുവെന്ന് തോന്നുന്നുവെങ്കിൽ. അത് എനിക്ക് പോലുമറിയാതെ ഇതുവരെ തിരിച്ചറിയാൻ കഴിയാത്ത ഏതോ ശക്തിയുടെ അനുഗ്രഹം കൊണ്ടാണ് സാധിക്കുന്നത്.
ഈ പുരസ്‌കാരം ലഭിച്ച ശേഷം ഞാൻ കൊച്ചിയിൽ എത്തിയപ്പോൾ ജോലി തന്നെയാണ് എന്‍റെ ഈശ്വരൻ എന്ന് ഞാൻ പറഞ്ഞിരുന്നു. ഏത് കാര്യവും ഉപാസന നിഷ്ടമായ മനസ്സോടെ കാലങ്ങളോളം ചെയ്യുമ്പോൾ നിങ്ങൾ ആ കാര്യം തന്നെയായി തീരും. അതു വല്ലാത്ത അവസ്ഥയാണ്. അതിൽ അല്പം നിർവൃതിയുണ്ട്. ഞാൻ എന്നാ ഭാവം അവിടെ ഇല്ലാതായി തീരുന്നു. ചെയ്യുന്ന ആ കർമമായി ഞാൻ മാറുന്നു. അതിന് ശേഷം ഞാനാണിത് ചെയ്തത് എന്നാ അഹങ്കാരം ഉണ്ടാകുന്നില്ല.
അതിന്‍റെ ഫലത്തിൽ അമിതമായി ആഹ്ലാദിക്കയോ ദുഖിക്കയോ ചെയ്യുന്നുമില്ല. നാമൊരു നിമിത്തം മാത്രമായി തീരുന്ന ഉന്നതമായ അവസ്ഥയാണത്. ജീവിതം ഒരു യജ്നമായി തീരുന്ന പരമമായ സ്ഥിതി. എനിക്കത് അഭിനയമാണ്. അതു കൊണ്ട് അതു തന്നെയാണ് എന്റെ ദൈവം. ഏത് കലാകാരനും ലഭിക്കുന്ന പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങുന്നത് അയാളുടെ കരങ്ങളാണെങ്കിലും. അതു എത്തി ചേരുന്നത് അയാളെ സൃഷ്ടിക്കുന്നതിൽ വലിയ പങ്കു വഹിച്ച സമൂഹത്തിലേക്കാണ്. കാഴ്ചക്കാർ ഇല്ലായിരുന്നെങ്കിൽ ആ കലാകാരനോ കലാകാരിയോ ഉണ്ടാകില്ലായിരുന്നു. ആ കാര്യം എല്ലാ കാലത്തും ബോധ്യമുള്ളത് കൊണ്ടാണ് എനിക്ക് ലഭിച്ച എല്ലാ പുരസ്‌കാരങ്ങളും മലയാളിക്കും മലയാളത്തിനും കേരളത്തിനാകെയും ലഭിച്ചവയാണെന്ന് ഞാൻ പറയാറുള്ളത്.
ഈ പുരസ്കാരവും അങ്ങനെ തന്നെ. മഹത്തായ നിരവധി പുരസ്‌കാരങ്ങൾ ഇടച്ചേർന്നിരിക്കുന്ന നമ്മുടെ സംസ്കാരത്തിന്റെ വിശാലമായ ഷോ കേസിൽ എനിക്ക് ലഭിച്ച ഈ പുരസ്കാരവും ഞാൻ സമർപ്പിക്കുന്നു. ഈ സ്വീകരണത്തെ കേരളത്തിന്‍റെ സ്വീകരണമായി ഞാൻ കണക്കാക്കുന്നു. തിരുവനന്തപുരത്തിന്‍റെ സ്വീകരണമായി ഹൃദയത്തോട് ചേർത്ത് നിർത്തുന്നു.
വിട പറഞ്ഞു പോയ എന്റെ അച്ഛനെയും ജേഷ്ഠനെയും ഞാൻ ഈ നിമിഷം മനസാ സ്മരിക്കുന്നു. ഇപ്പോഴും എന്നോട് കൂടിയുള്ള, ഈ നഗരത്തെ അത്യധികം സ്നേഹിക്കുന്ന എന്റെ അമ്മയെയും എന്നുമെന്റെ താങ്ങും തണലുമായിരിക്കുന്ന എന്‍റെ കുടുംബത്തെയും ഞാൻ ഓർക്കുന്നു. എന്നുമെന്‍റെ സൗഹൃദത്തിന് വലിയ വില കൊടുത്ത് എന്നോടൊപ്പം സഞ്ചരിക്കുന്ന എന്‍റെ സുഹൃത്തുക്കളെ ഞാൻ ഓർക്കുന്നു. എന്‍റെ പൂർവ സൂരികളെ വണങ്ങുന്നു.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...