Wednesday, October 22, 2025
Wednesday, October 22, 2025
Homeheadlinesബിഹാർ: ഒരു മുഴംമുമ്പെയെറിഞ്ഞ് ബി.ജെ.പി, പോരിൽ കലങ്ങി ജെ.ഡി.യു, ആർജെഡിയിലും അതൃപ്തി

ബിഹാർ: ഒരു മുഴംമുമ്പെയെറിഞ്ഞ് ബി.ജെ.പി, പോരിൽ കലങ്ങി ജെ.ഡി.യു, ആർജെഡിയിലും അതൃപ്തി

Published on

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 101 സീറ്റുകളിലേക്കാണ് ബിജെപി മത്സരിക്കുന്നത്. ഇതില്‍ 71 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കിയുള്ളവരെ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.
ഈ മാസം പന്ത്രണ്ടിന് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
സാമുദായിക സമവാക്യങ്ങള്‍ എല്ലാം പാലിച്ചാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്. അതാത് മണ്ഡലങ്ങളില്‍ സ്വാധീനമുള്ള ജാതിയില്‍ നിന്നുള്ളവര്‍ക്കാണ് ടിക്കറ്റ് നല്‍കിയിട്ടുള്ളത്. അതേസമയം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും പ്രാതനിധ്യം നല്‍കും വിധമുള്ള പട്ടികയാണ് തയാറാക്കിയിരിക്കുന്നത്.
അതേസമയം 71 അംഗ പട്ടികയില്‍ ഒരൊറ്റ മുസ്ലീം പോലും ഇല്ലെന്നതും ശ്രദ്ധേയമാണ്. ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയാണ് പട്ടികയിലെ പ്രമുഖരില്‍ ഒരാള്‍. മുന്‍ഗിര്‍ ജില്ലയിലെ താരാപ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായ അദ്ദേഹത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോലും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് സ്വാധീനം കുറഞ്ഞിട്ടുണ്ടെന്നാണ് പൊതു വികാരം.
മുന്‍ കേന്ദ്രമന്ത്രി രാം കൃപാല്‍ യാദവ് ഡാണപൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നു. നേരത്തെ അദ്ദേഹം പാടലീപുത്ര ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയിരുന്നെങ്കിലും രാഷ്‌ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് ലാലു പ്രസാദ് യാദവിന്‍റെ മകള്‍ മിസ ഭാരതിയോട് പരാജയപ്പെട്ടിരുന്നു. ഡാണാപൂര്‍ പാടലീപുത്ര ലോക്‌സഭ മണ്ഡലത്തിന്‍റെ ഭാഗമാണ്.
സംസ്ഥാന ആരോഗ്യ മന്ത്രി മംഗല്‍ പാണ്ഡെ സിവാന്‍ നിയമസഭ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. മന്ത്രിമാരായ പ്രേംകുമാര്‍, കൃഷ്‌ണകുമാര്‍ ഋഷി, റാം നാരായണ്‍ മണ്ഡല്‍, നിതിന്‍ നബിന്‍ തുടങ്ങിയവരും പട്ടികയിലുണ്ട്. വിവാദ പരാമര്‍ശങ്ങളിലൂടെ ശ്രദ്ധേയനായ ബിജെപിയുടെ ബിസ്‌ഫി എംഎല്‍എ ഹരിഭൂഷണ്‍ ഠാക്കൂര്‍ ബച്ചൗല്‍ ഇക്കുറിയും ജനവിധി തേടുന്നുണ്ട്.
ഒന്‍പത് വനിതകള്‍ക്കും കാവിപ്പാര്‍ട്ടി അവസരം നല്‍കിയിട്ടുണ്ട്. അതായത് 71 അംഗ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പതിമൂന്ന് ശതമാനം വനിതകള്‍ക്കായി നീക്കി വച്ചിരിക്കുന്നു.
കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡല്‍ ജേതാവ് ശ്രേയസി സിങ് ജാമുയി, മുന്‍ ഉപമുഖ്യമന്ത്രി രേണു ദേവി(ബേട്ടിയ), ഗായത്രീദേവി (പാരിഹാര്‍), ദേവന്തി യാദവ്(നര്‍പാട്‌ഗഞ്ച്), സ്വീറ്റി സിങ് (കിഷന്‍ ഗഞ്ച്), നിഷ സിങ്(പ്രാണ്‍പൂര്‍)കവിതാ ദേവി( പട്ടികജാതി മണ്ഡലമായ കോധ), രമ നിഷാദ്(ഔറായി), അരുണാദേവി (വര്‍സാലിഗഞ്ച്) എന്നിവരെയാണ് ബിജെപി പട്ടികയിലുള്‍പ്പെടുത്തിയിട്ടുള്ളത്.
പട്ടികവര്‍ഗത്തിന് നീക്കിവച്ചിട്ടുള്ള കതോരിയയില്‍ സിറ്റിങ് എംഎല്‍എ നിക്കി ഹെംബ്രോമിന് ടിക്കറ്റ് നല്‍കിയിട്ടില്ല. ഇവര്‍ക്ക് പകരം പൂരണ്‍ ലാല്‍ തുടുവിനെയാണ് രംഗത്തിറക്കിയിട്ടുള്ളത്. പഴയ നേതാക്കളില്‍ ബിഹാര്‍ നിയമസഭ സ്‌പീക്കര്‍ നന്ദ കിഷോര്‍ യാദവിന് ഇക്കുറി പട്‌ന സാഹിബ് സീറ്റ് നല്‍കിയിട്ടില്ല. ഇദ്ദേഹം 1995 മുതല്‍ നിയമസഭാംഗമാണ്. മകന് ഈ സീറ്റ് കിട്ടാനായി നിരവധി നീക്കങ്ങള്‍ അദ്ദേഹം നടത്തിയെങ്കിലും രത്‌നേഷ് കുശ്‌വാഹയ്ക്കാണ് ബിജെപി ഈ സീറ്റ് നല്‍കിയിട്ടുള്ളത്.
പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് നന്ദ കിഷോര്‍ പറഞ്ഞു. പാര്‍ട്ടിയാണ് തനിക്കെല്ലാം നല്‍കിയത്. അത് കൊണ്ട് തന്നെ പരാതികളൊന്നുമില്ല. പുതിയ തലമുറയ്ക്ക് സ്വാഗതം. താന്‍ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായി ഏഴ് തവണ പട്‌ന സാഹിബ് മണ്ഡലത്തിലെ ജനത തനിക്ക് അവസരം നല്‍കി. താന്‍ ഒരിക്കലും അവരുടെ സ്‌നേഹവും വാത്സല്യവും മറക്കില്ല. എല്ലാവരോടും നന്ദി എന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു മുതിര്‍ന്ന നേതാവായ വിനോദ് നാരായണ്‍ ഝാ മധുബാനി ജില്ലയിലെ ബേനിപട്ടി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നുണ്ട്.

മൈഥിലി ഠാക്കൂര്‍ ബിജെപിയില്‍
ഇതിനിടെ പ്രമുഖ നാടന്‍പാട്ട്-ഭക്തഗായിക മൈഥിലി ഠാക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നു. പട്‌നയില്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ജയ്‌സ്വാളില്‍ നിന്ന് അവര്‍ അംഗത്വം ഏറ്റുവാങ്ങി.
ദര്‍ഭംഗയിലെ അലിനഗര്‍ മണ്ഡലത്തില്‍ നിന്ന് അവര്‍ ജനവിധി തേടുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ ഇവര്‍ ബേനിപട്ട് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന അഭ്യൂഹങ്ങളുണ്ടായിരന്ു. എന്നാല്‍ ഇവിടെ വിനോദ് നാരായണനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് കഴിഞ്ഞു. അതേസമയം അലിനഗര്‍ സീറ്റിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഉടന്‍ തന്നെ ഇവരുടെ പേര് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
2020ല്‍ മിശ്രി ലാല്‍ യാദവാണ് ഇവിടെ നിന്ന് മത്സരിച്ച് വിജയിച്ചത്. പിന്നീട് ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. ഇതിനിടെ ഒരു ആര്‍ജെഡി എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.ബഹുവ എംഎല്‍എ ഭാരത് ബിന്ദ് ആണ് ബിജെപിയില്‍ ചേര്‍ന്നത്. ഇദ്ദേഹവും ദിലീപ് ജയ്‌സ്വാളില്‍ നിന്ന് അംഗത്വം സ്വീകരിച്ചു.
ഇതിനിടെ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് യാതൊരു കൂടിയാലോചനകളുമില്ലാതെ തന്നോട് കൂറ് പുലര്‍ത്തുന്ന ചിലര്‍ക്ക് ടിക്കറ്റ് നല്‍കിയെന്ന സൂചനകള്‍ മുന്നണിയിലും പാര്‍ട്ടിയിലും അസ്വാരസ്യങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ട്. മകനും മഹാഗട്‌ബന്ധന്‍ അധ്യക്ഷനുമായി തേജസ്വി യാദവ് തന്നെ ഇക്കാര്യം പ്രകടിപ്പിച്ചു. നേതാക്കളോട് പാര്‍ട്ടി ചിഹ്‌നം തിരിച്ചേല്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടി ചിഹ്നവുമായി നില്‍ക്കുന്ന നേതാക്കളുടെ ചിത്രങ്ങളും ദൃശ്യങ്ങളും മുന്നണിയില്‍ അസ്വാരസ്യങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പിതാവിനെ ധരിപ്പിച്ചെന്നാണ് സൂചന.
മുന്നണിയില്‍ സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഉടന്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിടുമെന്നാണ് മുന്നണി വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്. സിപിഐ എംഎല്‍ പതിനെട്ട് സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്ത് വിട്ടു.
പ്രശാന്ത് കിഷോറിന്‍റെ ജന്‍ സൂരജ് പാര്‍ട്ടിയുടെ വരവിനെയും ഏവരും ആകാക്ഷയോടെയാണ് കാണുന്നത്. സുപ്രധാന മണ്ഡലങ്ങളില്‍ വോട്ട് പങ്കാളിത്തത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ഇവര്‍ക്കാകുമെന്നാണ് വിലയിരുത്തല്‍. ഏതായാലും ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രാദേശിക രാഷ്‌ട്രീയത്തില്‍ മാത്രമല്ല ദേശീയ രാഷ്‌ട്രീയത്തിലും ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്‌ടിക്കുമെന്നുറപ്പാണ്.

പോരിൽ കലങ്ങി ജെ.ഡി.യു
വോട്ടര്‍മാര്‍ക്കിടയിലിറങ്ങി വോട്ടഭ്യര്‍ത്ഥിച്ച് തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങും മുമ്പ് സീറ്റുറപ്പിക്കാനുള്ള പടവെട്ടല്‍ നടക്കുകയാണ് ബീഹാറില്‍. വലിയ പരിക്കുകളില്ലാതെയും ഘടകകക്ഷികളെ പിണക്കാതെയും എന്‍ഡി എ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയെങ്കിലും സ്ഥാനാര്‍ത്ഥി മോഹികളുടെ പൊരിഞ്ഞ പോര് സകല നിയന്ത്രണവും വിടുന്ന നാടകീയ രംഗങ്ങളാണ് ജെ ഡി യു ക്യാമ്പില്‍ കാണാനുള്ളത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ഔദ്യോഗിക വസതിക്കു പുറത്താണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ജെഡിയുവിന്‍റെ സിറ്റിങ്ങ് എംഎല്‍എ ഗോപാല്‍ മണ്ഡലും അനുയായികളുമാണ് സീറ്റ് കിട്ടാതെ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയ്ക്ക് പുറത്ത് കുത്തിയിരിപ്പ് ധര്‍ണ നടത്തിയത്.
രാവിലെ 8.30നാണ് എം എല്‍എയും സംഘവും മുഖ്യമന്ത്രി നിതീഷ് കുമാറിനെ കാണാനെത്തിയത്. “മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അകത്തേക്ക് കയറ്റി വിടാതെ ഞങ്ങളെ ഗേറ്റില്‍ തടയുകയായിരുന്നു. ഞങ്ങളോട് പിരിഞ്ഞു പോകാനാണ് പോലീസ് നിര്‍ദേശിച്ചത്. ഒരിഞ്ചു പോലും പുറകോട്ട് പോകില്ലെന്നും വേണമെങ്കില്‍ ലാത്തിച്ചാര്‍ജ്ജ് ചെയ്‌ത് നീക്കാമെന്നും അവരോട് പറഞ്ഞിട്ടുണ്ട്.” ഗോപാല്‍ മണ്ഡല്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കാണാതെ താന്‍ തുടര്‍ന്ന് ഗോപാല്‍ മണ്ഡലും കൂട്ടരും പ്രധാന കവാടത്തിന് മുന്നില്‍ കുത്തിയിരിക്കുകയായിരുന്നു. മുഖ്യമന്ത്രി നിതീഷ് തങ്ങളെ കൂടിക്കാഴ്ചയ്ക്ക് വിളിക്കുമെന്നും ടിക്കറ്റ് നല്‍കുമെന്നും ഉറപ്പാണെന്നും ഗോപാല്‍ മണ്ഡല്‍ പറയുന്നു. വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ശ്രദ്ധേയനായ വ്യക്തിയാണ് ഗോപാല്‍ മണ്ഡല്‍.

ശൈലേഷ് കുമാര്‍ ഗോപാല്‍പൂരില്‍ നിന്ന് മത്സരിക്കാന്‍ സാധ്യത
ഗോപാല്‍പൂര്‍ നിയമസഭ മണ്ഡലത്തിലെ എംഎല്‍എയായ ഗോപാല്‍ മണ്ഡല്‍ ഏതാനും ദിവസം മുമ്പ് ജെഡിയുവില്‍ നിന്ന് രാജി വച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ രാജി ഇതേ വരെ സ്വീകരിച്ചിരുന്നില്ല. ഇതോടെ ആര്‍ജെഡി വിട്ടെത്തിയ മുന്‍ എംപി ശൈലേഷ് കുമാര്‍ ഗോപാല്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നു.
ഈ പ്രതിഷേധവും കുത്തിയിരിപ്പും തുടരുന്നതിനിടയിലാണ് നബിനഗറില്‍ നിന്നുള്ള നേതാവ് വീരേന്ദ്ര കുമാറിന് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ആ മണ്ഡലത്തില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ അനുയായികള്‍ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിലേക്കെത്തിയത്. നിതീഷ് കുമാറിനെ കാണമമെന്നതായിരുന്നു അവരുടേയും ആവശ്യം. ജെഡിയു നേതാവ് ആനന്ദ് മോഹന്‍റെ മകനെ നബിനഗറില്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ രോഷാകുലരായിരുന്നു വീരേന്ദ്ര കുമാര്‍ അനുകൂലികള്‍. മുഖ്യമന്ത്രിയെ കണ്ടേ തീരൂവെന്ന വാശിയിലായിരുന്നു ഇവരും.

രാജി ഭീഷണിയുമായി ഭഗല്‍പൂര്‍ എംപി
ഭാഗല്‍ പൂരില്‍ നിന്നുള്ള ജെഡിയു എം പി അജയ് മണ്ഡല്‍ മുഖ്യമന്ത്രി നിതീഷുമായി പിണങ്ങിയത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തന്നോട് അഭിപ്രായം ആരാഞ്ഞില്ലെന്ന കാരണത്താലാണ്.ഈ അവഗണനയില്‍ മനം നൊന്ത് എം പി സ്ഥാനം രാജിവെക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിതീഷ് കുമാറിന് കത്തെഴുതിയിരിക്കുകയാണ് അജയ് മണ്ഡല്‍.
“കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഭഗല്‍പൂരിലെ ജനതയ്ക്ക് വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്നു. എംഎല്‍എയായും എംപിയായും പ്രവര്‍ത്തിച്ചു. ദീര്‍ഘമായ ഈ രാഷ്‌ട്രീയ യാത്രയില്‍ ജെഡിയുവിനെ എന്‍റെ കുടുംബമായാണ് കരുതിയിട്ടുള്ളത്. സംഘടനയെയും പ്രവര്‍ത്തകരെയും ശക്തിപ്പെടുത്താന്‍ ശ്രമിച്ചു. പാര്‍ട്ടിയെ ജനങ്ങളിലേക്ക് എത്തിച്ചു. ഭഗല്‍പൂരിലെ എല്ലാ പ്രാദേശിക നേതാക്കളുമായും ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനസമയത്ത് പക്ഷേ എന്നോട് ഒരു ചര്‍ച്ചയും നടത്തിയില്ല. പാര്‍ട്ടിയില്‍ യാതൊരു പ്രവര്‍ത്തന ചരിത്രവുമില്ലാത്തവര്‍ക്കാണ് ടിക്കറ്റ് നല്‍കിയിരിക്കുന്നത്. എന്‍റെ ജില്ലയെ പൂര്‍ണമായും അവഗണിച്ചിരിക്കുന്നു . എന്നോട് കാട്ടുന്ന അവഗണനയുടെ പശ്ചാത്തലത്തില്‍ എംപിയായി തുടരുന്നതില്‍ അര്‍ത്ഥമില്ല.” അജയ് മണ്ഡല്‍ എക്‌സില്‍ മുഖ്യമന്ത്രിയ്ക്ക് എഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
2019ല്‍ താന്‍ ജെഡിയുവിന് വേണ്ടി മത്സരിക്കുമ്പോള്‍ ബിഹാറില്‍ നിരവധി സീറ്റുകളില്‍ ജെഡിയു മത്സരിച്ചു. എന്നാല്‍ തനിക്ക് മാത്രമാണ് വിജയിക്കാനായത്. ഇതാണ് തനിക്ക് പാര്‍ട്ടിയോടുള്ള കൂറെന്നും ജനങ്ങള്‍ക്ക് തന്നിലുള്ള വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്‍റെ മണ്ഡലത്തില്‍ പ്രവര്‍ത്തന പാരമ്പര്യമൊന്നുമില്ലാത്തവര്‍ക്ക് ടിക്കറ്റ് നല്‍കിയത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ കാണാന്‍ അനുവദിച്ചില്ലെങ്കില്‍ എംപി സ്ഥാനം രാജി വയ്ക്കും. ആത്മാര്‍ത്ഥതയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രാധാന്യമില്ലാത്തിടത്ത് തുടരേണ്ടതില്ല. പ്രതിഷേധം അറിയിക്കലല്ല ഉദ്ദേശ്യം. പാര്‍ട്ടിയെ സംരക്ഷിക്കലാണ്. താങ്കളുടെ നേതൃത്വത്തിന് പോറല്‍ ഏല്‍ക്കരുതെന്നും ആഗ്രഹിക്കുന്നു.മുഖ്യമന്ത്രിക്കുള്ള കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പുറമേ നിന്നുള്ളവര്‍ക്കാണ് താങ്കള്‍ പ്രാധാന്യം കൊടുക്കുന്നതെങ്കില്‍ പാര്‍ട്ടി ദുര്‍ബലമാകും. അത് താങ്കളുടെ നേതൃത്വത്തെയും ബാധിക്കും. അത് ഞാനടക്കമുള്ളവര്‍ക്ക് ആശങ്ക ഉണ്ടാക്കുന്നതാണ്. അത് കൊണ്ട് തന്‍റെ ആത്മാഭിമാനവും സംഘടനയോടുള്ള കൂറും കാത്ത് സൂക്ഷിക്കാന്‍ തന്നെ രാജി വയ്ക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിക്കുള്ള കത്തില്‍ ആവശ്യപ്പെടുന്നു.

രാജി വച്ച് നിരവധി ജെഡിയു നേതാക്കള്‍
നിരവധി ജെഡിയു നേതാക്കളാണ് സീറ്റ് ലഭിക്കാതെ അസംതൃപ്‌തരായി രാജി വച്ചിരിക്കുന്നത്. സഖ്യകക്ഷിയായ ഉപേന്ദ്ര കുശ്വാഹയുടെ പാര്‍ട്ടിക്ക് ദിനാറ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് മുന്‍ എംഎല്‍എ അശോക് കുമാര്‍ ജെഡിയുവില്‍ നിന്ന് രാജി വച്ചു. ഏതായാലും സീറ്റ് തേടിയുള്ള നേതാക്കളുടേയും എം എല്‍എമാരുടേയും പ്രതിഷേധം ബീഹാറില്‍ അതിന്‍റെ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
അതേസമയം കേന്ദ്രമന്ത്രിയും മുതിര്‍ന്ന ജെഡിയു നേതാവുമായ ലാലന്‍ സിങ് മുഖ്യമന്ത്രിയുടെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്തി. കേന്ദ്രമന്ത്രി അമിത് ഷാ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ബിഹാറിലേക്ക് എത്തുന്നുണ്ട്. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് മൂര്‍ച്ചയേകാനാണ് ഷായുടെ സന്ദര്‍ശനം.

Latest articles

ബിഹാറില്‍ എൻഡിഎക്കെതിരെ ഒറ്റക്കെട്ട് -ഗഹ് ലോട്ട്

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാസഖ്യത്തിൽ വിള്ളലുണ്ടെന്ന ആരോപണം തള്ളി മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ...

കത്തിപ്പടരാൻ കളങ്കാവൽ; മിന്നൽപ്പിണറായി മമ്മുക്ക

മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കളങ്കാവല്‍'. നവാഗതനായ ജിതിന്‍ കെ.ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ...

ഗെറ്റ് സെറ്റ് ഇനി ഗോ

സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്....

കല്ലുത്താൻ കടവിലെ അഞ്ചര ഏക്കറിൽ ന്യൂ പാളയം മാർക്കറ്റ്‌; പ്രതിഷേധം, ഉദ്ഘാടനം

അത്യാധുനിക സംവിധാനങ്ങളോടെ കോഴിക്കോട് കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ 'ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്' മുഖ്യമന്ത്രി...

More like this

ബിഹാറില്‍ എൻഡിഎക്കെതിരെ ഒറ്റക്കെട്ട് -ഗഹ് ലോട്ട്

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാസഖ്യത്തിൽ വിള്ളലുണ്ടെന്ന ആരോപണം തള്ളി മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ...

കത്തിപ്പടരാൻ കളങ്കാവൽ; മിന്നൽപ്പിണറായി മമ്മുക്ക

മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കളങ്കാവല്‍'. നവാഗതനായ ജിതിന്‍ കെ.ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ...

ഗെറ്റ് സെറ്റ് ഇനി ഗോ

സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്....