Wednesday, October 22, 2025
Wednesday, October 22, 2025
Homeviewsഎച്ച്1ബി വിസ: പുതിയ ഫീസ് യു.എസിന് പുറത്തുള്ളവർക്ക്, എല്ലാമറിയാൻ വായിച്ചോളൂ!

എച്ച്1ബി വിസ: പുതിയ ഫീസ് യു.എസിന് പുറത്തുള്ളവർക്ക്, എല്ലാമറിയാൻ വായിച്ചോളൂ!

Published on

യുഎസ് വിദേശികളായ സ്കിൽഡ് പ്രൊഫഷണൽസിന് നൽകുന്ന എച്ച്1ബി വിസയുടെ ഫീസ് ഒരുലക്ഷം ഡോളറാക്കി ഉയർത്തിയത് സെപ്റ്റംബർ 21ന് പ്രാബല്യത്തിൽ വന്നിരുന്നു. 2000 ഡോളറിനും 5000 ഡോളറിനും ഇടയിലായിരുന്ന ഫീസ് ഒരു ലക്ഷം ഡോളറാക്കിയത് ഇന്ത്യക്കാർക്ക് കനത്ത പ്രഹരമായി. അതേസമയം കൂടിയ ഫീസ് ആർക്കൊക്കെയാണ് ബാധകമാകുക എന്നതിൽ യുഎസ് ഭരണകൂടം വ്യക്തത വരുത്തിയിരുന്നില്ല. വിസാ ഫീസ് കുത്തനെ വർധിപ്പിച്ചതിനെ തുടർന്ന് നിലവിലെ എച്ച്1ബി വിസ ഉടമകൾ പരിഭ്രാന്തരായതിന് പിന്നാലെ, പുതിയ അപേക്ഷകർക്ക് മാത്രമേ ഇത് ബാധകമാകൂ എന്ന അറിയിപ്പ് മാത്രമാണ് വൈറ്റ് ഹൗസ് പുറപ്പെടുവിച്ചത്. എന്നാൽ, ഇപ്പോഴിതാ, എച്ച്1ബി വിസാ ഫീസ് എങ്ങനെയാണ് അടയ്ക്കുന്നതെന്നും ആരെയൊക്കെ ഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഭരണകൂടം വിശദമാക്കിയിരിക്കുകയാണ്. യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമിഗ്രേഷൻ സർവീസസ് ആണ് ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
നിലവിലുള്ള വിസ ഉടമകൾ, എഫ്1 വിസ ഉടമകളായ വിദേശ വിദ്യാർഥികൾ, എൽ1 വിസ ഉടമകളായ പ്രൊഫഷണലുകൾ എന്നിവർ എച്ച്1ബി വിസയിലേക്ക് മാറുന്നതിന് ഒരുലക്ഷം ഡോളർ ഫീസ് നൽകേണ്ടതില്ലെന്ന് യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമിഗ്രേഷൻ സർവീസസ് പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. അതായത്, പുതിയ ഫീസ് അമേരിക്കയ്ക്ക് പുറത്ത് ഉള്ളവർക്ക് മാത്രമേ ബാധകമാകൂ എന്ന് വ്യക്തം. കൂടാതെ, ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ദേശീയ താൽപര്യത്തിന് അനുസൃതമാണെന്ന് തീരുമാനിക്കുന്ന അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ ഒരു വ്യക്തിയെ ഒരുലക്ഷം ഡോളർ ഫീസിൽനിന്ന് ഒഴിവാക്കുകയുള്ളൂ എന്നും മാർഗനിർദേശങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.
മാർഗനിർദേശത്തിൽ പറയുന്നത്; “2025 സെപ്റ്റംബർ 21ന് പുലർച്ചെ 12:01ന് ശേഷം വിസ തരം മാറ്റുന്നതിനോ, വിസ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനോ, താമസം നീട്ടുന്നതിനോ അപേക്ഷിക്കുന്ന, ഇതിനകം തന്നെ യുഎസിൽ ഉള്ള ആളുകൾക്ക് ഈ നിയമം ബാധകമല്ല. കൂടാതെ, ആ വ്യക്തി പിന്നീട് യുഎസ് വിട്ട് അതേ അംഗീകൃത വിസയിൽ തിരിച്ചെത്തിയാൽ, പുതിയ ഫീസ് അടയ്ക്കേണ്ടതില്ല”.
അതേസമയം അപേക്ഷ നിഷേധിച്ചാൽ തൊഴിലുടമ ഫീസ് നൽകേണ്ടി വരുമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. ഉദാഹരണമായി, ഒരാൾക്ക് നിലവിൽ സാധുവായ വിസയില്ലെങ്കിൽ അല്ലെങ്കിൽ വിസാ സ്റ്റാറ്റസ് മാറ്റാനുള്ള അഭ്യർഥന അംഗീകരിക്കുന്നതിന് മുൻപ് യുഎസ് വിട്ടുപോയാൽ, അവർ പുതിയ എച്ച്1ബി ഫീസ് അടയ്ക്കേണ്ടിവരും. എന്നാൽ ഒരു വ്യക്തിക്ക് ഇതിനകം സാധുവായ എച്ച1ബി വിസ ഉണ്ടെങ്കിൽ അല്ലെങ്കിൽ അവരുടെ അപേക്ഷ 2025 സെപ്റ്റംബർ 21ന് മുൻപ് ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ, ഈ പുതിയ നിയമം അവർക്ക് ബാധകമല്ല. പുതിയ ഫീസ് അടയ്ക്കാതെ തന്നെ അവർക്ക് സാധാരണയായി യുഎസിലേക്കും പുറത്തേക്കും യാത്ര ചെയ്യാൻ കഴിയും.

ഫീസ് അടയ്‌ക്കേണ്ട വിധം
അപേക്ഷ സമർപ്പിക്കുന്നവർ pay.gov ഉപയോഗിച്ച് ആവശ്യമായ 100,000 ഡോളർ പേയ്മെന്റ് സമർപ്പിക്കണം. തുടർന്ന് pay.govലെ നിർദേശങ്ങൾ പിന്തുടരണം. ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം, ‘Use this form to pay your H-1B VISA PAYMENT TO REMOVE RESTRICTION’ എന്ന് കാണാം.

എച്ച്1ബി വിസ
ഐടി, എഞ്ചിനീയറിങ്, ഫിനാൻസ്, മെഡിസിൻ തുടങ്ങിയ മേഖലകളിൽ അമേരിക്കയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ഉയർന്ന വൈദഗ്ധ്യമുള്ള ജീവനക്കാരെ നിയമിക്കാനായി യുഎസ് അനുവദിക്കുന്ന വിസ പ്രോഗ്രാമാണ് എച്ച്1ബി. കമ്പനി സ്പോൺസർ ചെയ്യുന്ന വിസയാണിത്. നിലവിലെ വിസാ ഫീസ് വർധനയ്ക്ക് പിന്നിൽ യുഎസ് ഭരണകൂടത്തിന് പല ലക്ഷ്യങ്ങളുണ്ട്. എച്ച്1ബി വിസയ്ക്കെതിരെ അമേരിക്കൻ പൗരന്മാർക്കിടയിൽ ഉയരുന്ന വികാരം ഒരുപരിധിവരെ ശമിപ്പിക്കാൻ ഇത് സഹായിച്ചേക്കും. ഉയർന്ന ഫീസ് കാരണം, വിദേശ ജീവനക്കാരെ നിയമിക്കുന്നതിന് പകരം, തദ്ദേശീയർക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചേക്കും. കൂടാതെ, വിദേശത്തുനിന്നുള്ള ഏറ്റവും മികച്ചതും ഉയർന്ന ശമ്പളം വാങ്ങുന്നതുമായ ജീവനക്കാരന് മാത്രം അവസരം നൽകുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു.
എച്ച്1ബി വിസ നേടുന്നവരിൽ 70 ശതമാനത്തിൽ കൂടുതലും ഇന്ത്യൻ പൗരന്മാരാണ്. ഇന്ത്യൻ ഐടി വിദഗ്ധർ, എഞ്ചിനീയർമാർ, അനലിസ്റ്റുകൾ എന്നിവർ അമേരിക്കൻ തൊഴിലിൽ കടക്കാനുള്ള പ്രധാന മാർഗമായിരുന്നു എച്ച്1ബി വിസ. എന്നാൽ ഫീസ് വർധിപ്പിച്ചത്, വിസ ലഭിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുറക്കും. കമ്പനികൾക്ക് അമേരിക്കൻ പൗരന്മാരെ നിയമിക്കുന്നതിലൂടെ അപേക്ഷാ ഫീസ് ഇനത്തിലെ വൻതുക ഒഴിവാക്കാം. എന്നാൽ, ഇവർക്ക് നൽകേണ്ട ശമ്പളം വിദേശികളേക്കാൾ കൂടുതലാകും. പുതിയ ഫീസ് കാരണം ഇന്ത്യൻ ഐടി കമ്പനികൾക്ക് പ്രതിവർഷ ചെലവ് രണ്ട് ബില്യണിൽ കൂടുതൽ വർധിക്കുമെന്ന് കണക്കാക്കുന്നു. ഇത് കാരണം പല കമ്പനികളും ജോലികൾ ഇന്ത്യയിലേക്ക് മാറ്റുകയോ പുതിയ നിയമനങ്ങൾ കുറയ്ക്കുകയോ ചെയ്തേക്കാം.

Latest articles

ഗെറ്റ് സെറ്റ് ഇനി ഗോ

സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്....

കല്ലുത്താൻ കടവിലെ അഞ്ചര ഏക്കറിൽ ന്യൂ പാളയം മാർക്കറ്റ്‌; പ്രതിഷേധം, ഉദ്ഘാടനം

അത്യാധുനിക സംവിധാനങ്ങളോടെ കോഴിക്കോട് കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ 'ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്' മുഖ്യമന്ത്രി...

കൊച്ചിയിൽ പുതിയ ആറു വരി പാത വരുന്നു

കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണം പുരോഗമിക്കുകയാണ്. ഐടി ഹബ്ബായ കാക്കനാട്ടെ ഇൻഫോപാർക്കിൻ്റെ രണ്ടും മൂന്നും ഘട്ടങ്ങൾ സംബന്ധിച്ച...

ഷട്ട്ഡൗൺ, ശമ്പളമില്ല, നിർബന്ധിത അവധി, ആനുകൂല്യ മുടക്കം: യുഎസിന് എന്തുപറ്റി, മാന്ദ്യമോ, പ്രതിസന്ധിയോ?

യുഎസിൽ സർക്കാരിന്റെ പ്രവർത്തനങ്ങളും സേവനങ്ങളും പ്രതിസന്ധിയിലാക്കി ഗവൺമെന്റ് ഷട്ട്ഡൗൺ ചൊവ്വാഴ്ച 21-ാം ദിവസത്തിലേക്ക് കടന്നു. അമേരിക്കയുടെ ചരിത്രത്തിലെ അഞ്ചാമത്തെ...

More like this

ഗെറ്റ് സെറ്റ് ഇനി ഗോ

സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്....

കല്ലുത്താൻ കടവിലെ അഞ്ചര ഏക്കറിൽ ന്യൂ പാളയം മാർക്കറ്റ്‌; പ്രതിഷേധം, ഉദ്ഘാടനം

അത്യാധുനിക സംവിധാനങ്ങളോടെ കോഴിക്കോട് കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ 'ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്' മുഖ്യമന്ത്രി...

കൊച്ചിയിൽ പുതിയ ആറു വരി പാത വരുന്നു

കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണം പുരോഗമിക്കുകയാണ്. ഐടി ഹബ്ബായ കാക്കനാട്ടെ ഇൻഫോപാർക്കിൻ്റെ രണ്ടും മൂന്നും ഘട്ടങ്ങൾ സംബന്ധിച്ച...