ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാസഖ്യത്തിൽ വിള്ളലുണ്ടെന്ന ആരോപണം തള്ളി മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബുധനാഴ്‌ച പട്‌നയിലെത്തി മാധ്യമങ്ങളോട് സംസാരിക്കുകയാരുന്നു അദ്ദേഹം. മികച്ച രീതിയില്‍ തന്നെയാണ് ബിഹാറില്‍ മഹാസഖ്യം മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇത്രയും വലിയ സഖ്യത്തിൽ അഞ്ച്, പത്ത് സീറ്റുകൾ വരെ വ്യത്യാസങ്ങൾ ഉണ്ടാകുന്നത് സാധാരണയല്ല. സഖ്യമുള്ള ഏതൊരു സംസ്ഥാനത്തും സീറ്റുകളെച്ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ സൗഹൃദ പോരാട്ടങ്ങൾ നടക്കുന്നുണ്ട്, മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇത് സംഭവിക്കുന്നുണ്ട്. ബിജെപിക്കും ജെഡിയുവിനുമെതിരെ മഹാസഖ്യം (മഹാഗത്‌ബന്ധ) ഉറച്ചുനിൽക്കുന്നു”, ഗെഹ്‌ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
മഹാസഖ്യത്തിലെ പ്രശ്‌നം പരിഹരിക്കുന്നതിനായി ആർജെഡി നേതാവ് തേജസ്വി യാദവുമായി ചർച്ച നടത്താനായിരുന്നു അശോക് ഗെഹ്ലോട്ടിനെ കോൺഗ്രസ് ഹൈക്കമാൻഡ് പട്‌നയിലേക്ക് അയച്ചത്. എല്ലാ ആശയക്കുഴപ്പങ്ങളും മാറി മഹാസഖ്യം തെരഞ്ഞെടുപ്പിൽ ശക്തമായി മത്സരിക്കുമെന്ന് ഗെഹ്‌ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു. ചില സീറ്റുകളിൽ സൗഹൃദപരമായ പോരാട്ടം ഉണ്ടാകാം. പ്രക്രിയ മുന്നോട്ട് പോകുകയാണെന്നും ഇക്കാര്യത്തില്‍ ഉടൻ വ്യക്തത വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നവംബർ 6 നും 11 നും രണ്ട് ഘട്ടങ്ങളിലായി നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുതിര്‍ന്ന തെരഞ്ഞെടുപ്പ് നിരീക്ഷകരായി അശോക് ഗെഹ്ലോട്ടിനെയും മുൻ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെയും കോൺഗ്രസ് കമ്മിറ്റി നേരത്തെ നിയമിച്ചിരുന്നു. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും തമ്മില്‍ തര്‍ക്കങ്ങളുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് മഹാസഖ്യം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് ഗെഹ്‌ലോട്ട് പ്രഖ്യാപിച്ചത്.
സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കി ആർജെഡി
അതേസമയം ബിഹാർ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പട്ടിക ആർജെഡി തിങ്കളാഴ്‌ച പുറത്തിറക്കി. സംസ്ഥാനത്തുടനീളം 143 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. രണ്ടാംഘട്ടത്തിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമാണ് ഔദ്യോഗിക പട്ടിക പുറത്തിറക്കിയത്. സ്ഥാനാർഥികളായി നാമനിർദേശം ചെയ്യപ്പെട്ട 143 പേരിൽ 24 പേർ സ്‌ത്രീകളാണ്.
2025 ലെ ബിഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎയും മഹാസഖ്യവും തമ്മിലായിരിക്കും പ്രധാന മത്സരം. എൻഡിഎയിൽ ഭാരതീയ ജനതാ പാർട്ടി, ജനതാദൾ (യുണൈറ്റഡ്), ലോക് ജനശക്തി പാർട്ടി (രാംവിലാസ്), ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ), രാഷ്‌ട്രീയ ലോക് മോർച്ച എന്നിവ ഉൾപ്പെടുന്നു.
രാഷ്‌ട്രീയ ജനതാദൾ നയിക്കുന്ന മഹാസഖ്യത്തിൽ കോൺഗ്രസ്, ദീപാശങ്കർ ഭട്ടാചാര്യ നയിക്കുന്ന കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ-എംഎൽ), കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ), കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഎം), മുകേഷ് സഹാനിയുടെ വികാസീൽ ഇൻസാൻ പാർട്ടി (വിഐപി) എന്നിവ ഉൾപ്പെടുന്നു.
ബിഹാർ തെരഞ്ഞടുപ്പ് നവംബർ 6 നും 11 നും
ബിഹാർ നിയമസഭാ തെരഞ്ഞെടപ്പ് നവംബർ 6 നും 11 നുമായി രണ്ട് ഘട്ടങ്ങളിലായി നടക്കും. ഫലം നവംബർ 14ന് പ്രഖ്യാപിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാർ അറിയിച്ചിരുന്നു.