ബാഹുബലി എന്ന ചിത്രത്തിനു ശേഷം പ്രഭാസ് എന്ന താരത്തിന്‍റെ മൂല്യം പതിന്മടങ്ങ് വർദ്ധിക്കുകയും അദ്ദേഹത്തിന്‍റെ ചലച്ചിത്രങ്ങൾക്ക് അന്തർദേശീയ പ്രതിച്ഛായ കൈവരികയും ചെയ്തിട്ടുണ്ടായിരുന്നു. ബാഹുബലിക്ക് മുൻപ് പ്രഭാസ് ചെയ്തു പോകുന്ന സിനിമകളുടെ ക്യാൻവാസിൽ നിന്നും തികച്ചും വിഭിന്നമായാണ് പിന്നീട് താരത്തിന്റെ ഓരോ സിനിമകളും പുറത്തിറങ്ങിയത്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രത്തിലൂടെയാണ് തെലുഗു സൂപ്പർതാരം ആയിരുന്ന പ്രഭാസ് ഇന്ത്യയ്ക്ക് അകത്തും പുറത്തും പ്രശസ്തനായി തീരുന്നത്. ബ്ലോക്ക്ബസ്റ്റർ വിജയങ്ങൾക്കപ്പുറം വിവാദങ്ങളിൽ നിന്ന് അകന്നുനിൽക്കുന്ന പ്രകൃതവും പ്രഭാസിനെ നിർമ്മാതാക്കൾക്കിടയിൽ വിശ്വസ്തനാക്കുന്നു. സൂപ്പർ താരമെന്ന ഭാവമില്ലാതെയുള്ള വിനയവും പെരുമാറ്റവുമാണ് പ്രഭാസിന്റെ ആരാധകരുടെ ഡാർലിംഗ് ആക്കി മാറ്റിയത്.
കഴിഞ്ഞവർഷം തിയേറ്ററുകളിൽ എത്തിയ കൽക്കി അടക്കമുള്ള സിനിമകൾ ബോക്സ് ഓഫീസിൽ സൃഷ്ടിച്ചത് കോടികളുടെ കിലുക്കം. പ്രഭാസിന്‍റെ ജന്മദിനം കഴിഞ്ഞ ദിവസമായിരുന്നു. പിറന്നാൾ ദിനത്തിൽ കാത്തിരുന്ന ആരാധകർക്ക് ആവേശമായി തന്റെ പുതിയ ചിത്രം ഫൗസി, അണിയറയിൽ ഒരുങ്ങുന്ന ‘ദി രാജാസാബ്’ എന്നിവയുടെ പോസ്റ്ററുകൾ പ്രഭാസ് പങ്കുവെച്ചു. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രോജക്ടുകളാണ് പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. മാരുതി സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി ത്രില്ലർ ചിത്രം ദി രാജാ സാബ് ആണ് പ്രഭാസ് നായകനായി തീയേറ്ററുകളിൽ എത്തുന്ന അടുത്ത സിനിമ. 2026 ജനുവരി ആദ്യവാരം ചിത്രം തിയേറ്ററുകളിൽ എത്തും.
ഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ബ്രഹ്മാണ്ഡ സെറ്റുകളും, മുതൽമുടക്കുമാണ് ചിത്രത്തിനുള്ളത്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ: പാർട്ട് 2 – ശൗര്യാംഗ പർവ്വ’, ‘സ്പിരിറ്റ്’, ‘കൽക്കി 2898 AD: പാർട്ട് 2’ എന്നീ സിനിമകളാണ് പ്രഭാസിന്‍റെതായി പുറത്തിറങ്ങുന്ന തുടർ ചിത്രങ്ങൾ. സലാര്‍ കൽക്കി തുടങ്ങിയ സിനിമകളുടെ ആദ്യഭാഗത്തിന്‍റെ പ്രേക്ഷക സ്വീകാര്യത തുടർഭാഗങ്ങളുടെ പ്രതീക്ഷ പതിന്മടങ്ങ് വർധിപ്പിച്ചിട്ടുണ്ട്. പ്രവാസിന്റെ വരുന്ന പ്രവചകുകൾക്ക് വേണ്ടി ചലച്ചിത്രലോകം ഒന്നടങ്കം പ്രതീക്ഷയിലാണ്.
തന്‍റെ സിനിമകൾക്കുള്ള ബോക്സ് ഓഫീസ് പവറും, വിവാദങ്ങളിൽ നിന്ന് മാറി നിൽക്കുന്ന സ്വഭാവവും പ്രഭാസിനെ നിർമ്മാതാക്കൾക്ക് പ്രിയങ്കരനാക്കുന്നു. പ്രഭാസിന്‍റെ സാന്നിധ്യം തന്നെ ഒരു സിനിമയുടെ വിജയഫോർമൂലയാണെന്നാണ് പല നിർമാതാക്കളും അഭിപ്രായപ്പെടുന്നത്. എല്ലാ വർഷത്തെ പോലെയും കഴിഞ്ഞ ദിവസവും പ്രഭാസിന്‍റെ ജന്മദിനം ആരാധകർ ഹൈദരാബാദിൽ വലിയ ആഘോഷമാക്കി. ബാഹുബലിക്ക് മുൻപ് പുറത്തിറങ്ങി തെലുഗു നാട്ടിൽ വലിയ വിജയം നേടിയ അദ്ദേഹത്തിന്റെ ഈശ്വർ പൗർണമി തുടങ്ങിയ സിനിമകൾ അദ്ദേഹത്തിന്റെ ജന്മദിനം പ്രമാണിച്ച് ലിമിറ്റഡ് സ്ക്രീനുകളിൽ റീ റീലീസ് ചെയ്തു.
സിനിമാ ജീവിതത്തിനപ്പുറം, പൊതുശ്രദ്ധയിൽ വരാതെ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളിലൂടെയും പ്രഭാസ് ശ്രദ്ധേയനാണ്.
അതിവേഗം സിനിമകൾ പൂർത്തിയാക്കുന്നതിലും താരം മുന്നിലാണ്. ‘കൽക്കി’, ‘സലാർ’ തുടങ്ങിയ വമ്പൻ ചിത്രങ്ങൾ ഒരു വർഷത്തിനുള്ളിലാണ് പ്രഭാസ് പൂർത്തിയാക്കി പ്രേക്ഷകരിലേക്ക് എത്തിച്ചത്. ‘ബാഹുബലി’, ‘കൽക്കി’ തുടങ്ങിയ ചിത്രങ്ങളിലൂടെ 1000 കോടി ക്ലബ്ബിൽ സ്ഥിരമായി ഇടം നേടുന്ന പ്രഭാസ്, ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കുന്ന സംവിധായകരുടെ ആദ്യ പരിഗണനയിലുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ്.


