പ്രായമായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലും തെരുവോരത്തും ഉപേക്ഷിക്കുകയാണ് പലരും. എന്നാൽ കര്‍ണാടകയിലെ കുഗ്രാമത്തില്‍നിന്ന് മാതൃസ്‌നേഹത്തിന്‍റെ വറ്റാത്ത മാതൃകയാവുകയാണ് സദാശിവ. കർണാടക ബെലഗാവി ജില്ലയിലെ റായ്‌ബാഗ് താലൂക്കിലുള്ള കെമ്പാട്ടി ഗ്രാമത്തില്‍ നിന്നുള്ള സദാശിവ ബാനിയാണ് 85 വയസുള്ള അമ്മ സത്യവ്വ ബാനിയെ തോളിൽചുമന്ന് തീര്‍ത്ഥാടനത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
മഹാരാഷ്‌ട്രയിലെ പാന്താര്‍പൂര്‍ ക്ഷേത്രത്തിലെ ഭഗവാന്‍ വിത്താലയുടെയും രുക്‌മിണി ദേവിയുടെയും അനുഗ്രഹം തേടി തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും സ്വന്തം അമ്മയെ തോളില്‍ചുമന്ന് കാല്‍നടയായി 220 കിലോമീറ്ററാണ് താണ്ടേണ്ടത്.
മഴയും വെയിലും കാറ്റും അവഗണിച്ച് ദിവസവും 20 -25 കിലോമീറ്റര്‍ അമ്മയെ തോളിലേന്തി നടക്കുന്നു. സൂര്യന്‍ അസ്‌തമിക്കുന്നിടത്ത് വിശ്രമിക്കുന്നു. അടുത്ത പ്രഭാതത്തില്‍ വീണ്ടും യാത്ര തുടരുന്നു. ഈയാഴ്‌ച ആദ്യം ആരംഭിച്ച ഈ തീര്‍ത്ഥാടനം നവംബര്‍ രണ്ട് കാര്‍ത്തിക ഏകാദശിയില്‍ ക്ഷേത്രത്തില്‍ എത്തണം.
ഓരോരുത്തരും അവരവരുടെ മാതാപിതാക്കളെ സേവിക്കുകയാണ് യഥാര്‍ത്ഥ ആരാധനയെന്ന് ജനങ്ങളെ ഓര്‍മ്മിപ്പിക്കാനാണ് തന്‍റെ ഈ യാത്രയെന്ന് സദാശിവ പറഞ്ഞു. ഭഗവാന്‍ വിത്താലയുടെ കടുത്ത ഭക്തനാണ് സദാശിവ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചന്ദ്രഭാഗ നദിയില്‍ പുണ്യസ്‌നാനം ചെയ്‌തതോടെയാണ് തനിക്ക് ഇത്തരമൊരു തീര്‍ത്ഥാടനത്തിന് തോന്നലുണ്ടായതെന്നും അദ്ദേഹം പറയുന്നു. തനിക്ക് അന്ന് എന്തോ ആന്തരികമായ മാറ്റം സംഭവിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. താന്‍ ജീവിച്ചിരിക്കുന്നിടത്തോളം അമ്മയുമായി എല്ലാ കൊല്ലവും വിത്താലയെ കാണാന്‍ എത്തണമെന്നും അന്ന് താന്‍ തീരുമാനിച്ചു. ഇത് തനിക്ക് സന്തോഷവും സമാധാനവും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
മകന്‍റെ ഭക്തിയാണ് തന്‍റെ ഏറ്റവും വലിയ സന്തോഷമെന്ന് സദാശിവത്തിന്‍റെ അമ്മ പറയുന്നു. മകനാണ് തനിക്ക് എല്ലാമെന്നും അവര്‍ ചിരിയോടെ വ്യക്തമാക്കി. സ്‌നേഹത്തോടെയും ആദരവോടെയുമാണ് മകന്‍ തന്നെ സംരക്ഷിക്കുന്നത്. അവന് എപ്പോഴും സന്തോഷം കൊടുക്കണേ എന്നാണ് താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത്. അവന്‍റെ കയ്യില്‍ കിടന്ന് മരിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആധുനിക കാലത്തെ ശ്രാവണകുമാരനെന്ന് നാട്ടുകാര്‍ സദാശിവയെ വിളിക്കുന്നത്. രാമായണത്തിലെ കഥാപാത്രമാണ് ശ്രാവണകുമാരന്‍. മാതാപിതാക്കളോടുള്ള നിറഭക്തിയുടെ മകുടോദാഹരണമാണ് അദ്ദേഹം.


