അഞ്ച് വര്‍ഷത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് ഇന്ന് മുതല്‍ തുടക്കമാകും. ചൈനയിലേക്കുള്ള ആദ്യ ദൈനംദിന സര്‍വീസിന് ഏറ്റവും വലിയ വാണിജ്യ വിമാന കമ്പനിയായ ഇന്‍ഡിഗോ തുടക്കം കുറിക്കും. രാത്രി പത്തിന് കൊല്‍ക്കത്തയില്‍ നിന്ന് ഗ്വാങ്ഴുവിലേക്കാണ് ഇന്‍ഡിഗോ ആദ്യ സര്‍വീസ് നടത്തുക. നേരത്തെ തന്നെ ഇന്ത്യയും ഹോങ്‌കോങും തമ്മില്‍ വിമാന സര്‍വീസുകളുണ്ട്. ഇതിന് പുറമെ ന്യൂഡല്‍ഹിയില്‍ നിന്ന് ഷാങ്‌ഹായിലേക്കും ഗ്വാങ്‌ഴുവിലേക്കുമുള്ള സര്‍വീസുകള്‍ അടുത്താഴ്‌ച ആരംഭിക്കും.
നേരിട്ട് സര്‍വീസ് നടത്തുന്നതോടെ സമയലാഭം ഉണ്ടാകുമെന്ന് കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് തലവന്‍ രാജീവ് സിങ് പറഞ്ഞു. ഇത് വ്യവസായങ്ങള്‍ക്ക് ഏറെ സഹായകമാകുമെന്നും അദ്ദേഹം എഎഫ്‌പിയോട് ചൂണ്ടിക്കാട്ടി.
ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യങ്ങളായ ഇന്ത്യയും ചൈനയും തമ്മില്‍ മേഖലയില്‍ സ്വാധീനം ഉറപ്പിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തിലാണ്. എന്നാല്‍ 2020ല്‍ ഹിമാലയന്‍ അതിര്‍ത്തിയിലുണ്ടായ ഉണ്ടായ ഒരു വിനാശകരമായ ആക്രമണമാണ് ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന ബന്ധത്തില്‍ പെട്ടെന്ന് വിള്ളലുണ്ടാക്കിയത്.
വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതോടെ ജനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഒപ്പം ഉഭയകക്ഷി ബന്ധം സാധാരണ നിലയിലേക്ക് നീങ്ങുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ സുപ്രധാന വാണിജ്യ പങ്കാളിയായിരുന്ന അമേരിക്കയുമായുള്ള ബന്ധം അധിക ചുങ്കം ഏര്‍പ്പെടുത്തിയതോടെ വഷളായ സാഹചര്യത്തില്‍ ബീജിങുമായുള്ള ബന്ധം സുഖകരമാകുന്നത് ആശാവഹമാകും.
കിഴക്കന്‍ തുറമുഖ നഗരമായ കൊല്‍ക്കത്തയ്ക്ക് ചൈനയുമായി നൂറ്റാണ്ടുകളുടെ ബന്ധമാണ് ഉള്ളത്. ഇതിന് ബ്രിട്ടീഷ് ഭരണകാലത്തോളം നീളുന്ന ചരിത്രമുണ്ട്. അന്ന് മുതലാണ് ചൈനീസ് കുടിയേറ്റക്കാര്‍ കച്ചവടക്കാരായി ഇങ്ങോട്ടേക്ക് എത്തിയത്.
വിമാന സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നുവെന്ന വാര്‍ത്ത സന്തോഷകരമാണെന്ന് കൊല്‍ക്കത്തയിലെ ചൈന ടൗണ്‍ ജില്ലയായ ടാന്‍ഗ്രയിലെ പ്രാദേശിക നേതാവ് ചെന്‍ഖോയ് കുയ് പറഞ്ഞു. തങ്ങളുടെ ബന്ധുക്കള്‍ ചൈനയിലുണ്ട്. വ്യോമഗതാഗതം വാണിജ്യത്തെയും വിനോദസഞ്ചാരത്തെയും വ്യവസായ യാത്രകളെയും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയ്ക്ക് ചൈനയുമായി നിര്‍ണായക വാണിജ്യ കമ്മി ഉണ്ട്. വാണിജ്യ-കയറ്റുമതി വളര്‍ച്ചയ്ക്കായി ധാരാളം ചൈനീസ് അസംസ്‌കൃത വസ്‌തുക്കള്‍ ആവശ്യമുണ്ട്. ഇന്ത്യയിലെയും ചൈനയിലെയും നേതാക്കള്‍ കഴിഞ്ഞ വര്‍ഷം റഷ്യയിലും ഓഗസ്റ്റില്‍ ചൈനയിലും കൂടിക്കാഴ്‌ച നടത്തിയതോടെ ഇരുരാജ്യങ്ങളും തമ്മില്‍ ഒരു മഞ്ഞുരുകല്‍ സംഭവിച്ചിരുന്നു.
കഴിഞ്ഞ മാസം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 1100 കോടി ഡോളറായി വര്‍ദ്ധിച്ചു. 2024 സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് പതിനാറ് ശതമാനത്തിലേറെയാണ്. ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി 147 കോടി ഡോളറിന്‍റേതാണ്. താരതമ്യേന സാധാരണ നിലയിലുള്ളതാണ് ഇത്. എന്നാല്‍ പ്രതിവര്‍ഷം 34ശതമാനം വര്‍ദ്ധനയുണ്ടാകുന്നുണ്ട്.
ഇരുരാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ കോവിഡ് കാലത്ത് നിര്‍ത്തി വച്ചിരുന്നു. ഇതോടെ പ്രതിമാസം അഞ്ഞൂറോളം സര്‍വീസുകളാണ് ഇല്ലാതായത്. 2020ലെ അതിര്‍ത്തി സംഘര്‍ഷത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. ഈ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്കും നാല് ചൈനീസ് പട്ടാളക്കാര്‍ക്കും ജീവന്‍ നഷ്‌ടമായിരുന്നു. ഇതോടെ ചൈനീസ് നിക്ഷേപത്തിന് ഇന്ത്യന്‍ അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തി. ടിക്ക് ടോക്ക് അടക്കം നൂറ് കണക്കിന് ചൈനീസ് ആപ്പുകളും രാജ്യത്ത് നിരോധിച്ചു.
പിന്നീട് ഇന്ത്യ അമേരിക്കന്‍ നേതൃത്വത്തിലുള്ള ക്വാഡ് സഖ്യവുമായി ബന്ധം ദൃഢമാക്കി. ജപ്പാനും ഓസ്‌ട്രേലിയയും അടക്കമുള്ള രാജ്യങ്ങള്‍ ഉള്‍പ്പെട്ട സഖ്യമാണിത്. ഏഷ്യ പസഫിക് മേഖലയില്‍ ചൈനയുടെ സ്വാധീനം കുറയ്ക്കാന്‍ കൂടി ലക്ഷ്യമിട്ടായിരുന്നു ഇത്. ഇരുരാജ്യങ്ങളും 3500 കിലോമീറ്റര്‍ ഉയരത്തിലുള്ള അതിര്‍ത്തി മേഖലയില്‍ സൈന്യത്തെ വിന്യസിച്ചുണ്ട്.
ഈ മാസം ഇരുഭാഗത്തുമുള്ള സൈനികര്‍ ദീപാവലിക്ക് സമ്മാനങ്ങളും മധുരവും കൈമാറിയിരുന്നു. ഇത് ഒരു ശുഭസൂചനയാണെന്ന് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി കാര്യാലയത്തിലെ വക്താവ് യു ജിങ് പ്രതികരിച്ചിരുന്നു.


