Thursday, April 16, 2026
Thursday, April 16, 2026
Homeheadlinesഅതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനത്തില്‍ വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞു മുഖ്യമന്ത്രി

അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനത്തില്‍ വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞു മുഖ്യമന്ത്രി

Published on

കേരളത്തെ രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ എൽ ഡി എഫിന്‍റെ വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ.
പല കാലഘട്ടങ്ങളിലെ യു ഡി എഫ് സർക്കാരിന്‍റെ നയങ്ങളെ വിമർശിച്ചു എൽ ഡി എഫ് സർക്കാരിന്റെ നേട്ടങ്ങളും വിശദീകരിച്ചു നടത്തിയ അരമണിക്കൂറോളം നീണ്ടു നിന്ന പ്രസംഗത്തിൽ അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം തട്ടിപ്പല്ല യഥാർത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മുന്നണി അധികാരത്തിൽ വന്നാൽ പിന്നാലെ മറ്റൊരു മുന്നണി അധികാരത്തിൽ വരുന്ന രീതിയാണ് നമ്മുടെ നാട്ടിലുണ്ടായിരുന്നത്.
ഒരു കൂട്ടർ വലിയ വികസനത്തിന് നേതൃത്വം നൽകുന്നു, മറ്റൊരു കൂട്ടർ വരുമ്പോൾ അത് തകർന്നടിയും. കുടുംബശ്രീക്ക് പകരം ജനശ്രീ കൊണ്ടു വരാൻ ശ്രമിച്ചതും നാം കണ്ടു. 2021 ൽ തിരഞ്ഞെടുപ്പിനിടെ ഒരു മുന്നണി വന്നത് ഞങ്ങൾ അധികാരത്തിൽ വന്നാൽ ലൈഫ് മിഷൻ പിരിച്ചു വിടുമെന്നായിരുന്നു.
4 ലക്ഷത്തോളം വീടുകൾ നിർമിക്കാൻ കഴിഞ്ഞത് ജനങ്ങൾ എൽ ഡി എഫിനെ അധികാരത്തിൽ കൊണ്ടു വന്നത് കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അമേരിക്കയുടെ വികസന രംഗവുമായും മുഖ്യമന്ത്രി കേരളത്തിലെ വികസനത്തെ താരതമ്യം ചെയ്തു. അമേരിക്കയിലെ ശിശു -മാതൃ മരണ നിരക്കെടുത്താൽ അതിനേക്കാളും കുറവാണ് കേരളത്തിലെന്നും അമേരിക്കയുടെ സാക്ഷരത നിരക്ക് 79 ശതമാനമാണെന്നും അദ്ദേഹം വിശദീകരിച്ചു.
167.9 ബില്യൺ ഡോളർ മാത്രമാണ് നമ്മുടെ സംസ്ഥാനത്തിന്റെ ജി ഡി പി. 30.51 ട്രില്യൺ ഡോളറാണ് അമേരിക്കയുടെ ജി ഡി പി. അവരുടെ ജി ഡി പി യുടെ 0.51 ശതമാനമാണ് കേരളത്തിന്റെ സാമ്പത്തിക നില.. ഇതാണ് യഥാർഥ കേരള സ്റ്റോറി. കുന്നു കൂടിയ സമ്പത്തല്ല, ജനങ്ങൾക്ക് നൽകുന്ന കരുതലും പരിഗണനയുമാണ് ഒരു നാടിന്‍റെ വികസന കോലെന്നും അദ്ദേഹം പറഞ്ഞു.
2016 മുതല്‍ സര്‍ക്കാര്‍ ക്ഷമയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും നടപ്പാക്കിവരുന്ന സമഗ്രമായ ജനകീയ വികസന നയങ്ങളുടെ തുടര്‍ച്ചയും ഫലവുമാണ് ഈ നേട്ടം.
2016 ല്‍ അധികാരമേല്‍ക്കുമ്പോള്‍ ‘വികസന മരവിപ്പ്’ ബാധിച്ച കേരളത്തെയാണ് കണ്ടത്. തകര്‍ന്ന റോഡുകളും തകരാനിരിക്കുന്ന പാലങ്ങളും ഈ നാടിന്റെ പ്രതീകം പോലെയായി. ദേശീയപാതാ വികസനം അസാധ്യമെന്നുകണ്ട് ദേശീയപാതാ അതോറിറ്റി അതിന്റെ ഓഫീസ് അടച്ചുപൂട്ടി കേരളം വിട്ടു. 600 രൂപ മാത്രമായിരുന്ന ക്ഷേമ പെന്‍ഷന്‍ 18 മാസത്തോളം കുടിശ്ശികയായി. പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. സര്‍ക്കാര്‍ ആശുപത്രികള്‍ സൗകര്യങ്ങളും മരുന്നുകളുമില്ലാതെ പ്രതിസന്ധിയില്‍. വികസനവും വളര്‍ച്ചയും മുരടിച്ച് നാടു വിറങ്ങലിച്ചു നിന്ന അവസ്ഥ. അവിടെ നിന്നാണ് നാം തുടങ്ങിയത്.
2016 ലെ 600 രൂപയില്‍ നിന്ന് ക്ഷേമ പെന്‍ഷനിപ്പോള്‍ 2,000 രൂപയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. 60 ലക്ഷം പേര്‍ക്കത് ഇന്ന് മുടങ്ങാതെ എത്തിക്കുന്നു.
1980 ലെ നായനാര്‍ സര്‍ക്കാരാണ് കര്‍ഷക തൊഴിലാളി പെന്‍ഷന്‍ ആരംഭിച്ചത് അന്ന് അത് 45 രൂപയായിരുന്നു. 1987 ല്‍ വീണ്ടും നായനാര്‍ സര്‍ക്കാര്‍ വന്നപ്പോഴാണ് അത് 60 രൂപയാക്കി വര്‍ദ്ധിപ്പിച്ചത്. വീണ്ടും 1996 ല്‍ നായനാര്‍ സര്‍ക്കാര്‍ തന്നെ വന്നപ്പോള്‍ പെന്‍ഷന്‍ ഇരട്ടിപ്പിച്ച് 120 രൂപയാക്കി.
2006 ല്‍ വി എസ് സര്‍ക്കാര്‍ വന്നപ്പോള്‍ നേരത്തെ ഉണ്ടായിരുന്ന കുടിശ്ശിക കൊടുത്തുതീര്‍ത്ത് പെന്‍ഷന്‍ തുക 500 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. അടുത്ത അഞ്ച് വര്‍ഷം (2011-2016) 100 രൂപ വര്‍ദ്ധിപ്പിച്ചെങ്കിലും 18 മാസം കുടിശ്ശികയാക്കി. 2016 ലെ സര്‍ക്കാരാണ് 1,000 രൂപ വര്‍ദ്ധിപ്പിച്ച് പെന്‍ഷന്‍ 1,600 രൂപയാക്കിയത്. കുടിശ്ശികയും കൊടുത്തുതീര്‍ത്തു. ഇപ്പോഴിതാ അത് 2,000 രൂപയാക്കിയിരിക്കുന്നു.
2011-16 കാലത്ത് മൂവായിരത്തോളം വീടുകള്‍ മാത്രമാണ് സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയത്. ആ സ്ഥാനത്താണ് ലൈഫ് മിഷനിലൂടെ നാലര ലക്ഷത്തിലധികം (4,68,436) ഭവനരഹിതര്‍ക്ക് അന്തസ്സുള്ള വീടുകള്‍ നല്‍കിയ്. ഇത് കെട്ടിടം നിര്‍മ്മിച്ച് നല്‍കല്‍ മാത്രമല്ല, ഓരോ കുടുംബത്തിനും സുരക്ഷിതത്വവും അന്തസ്സും നല്‍കലാണെന്നും മുഖ്യമന്ത്രി.
സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രൗഢഗംഭീരമായ ഒരു സദസ്സിനെ സാക്ഷിനിർത്തിക്കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തിന്‍റെ അഭിമാനകരമായ നേട്ടം പൊതുവേദിയിൽ പ്രഖ്യാപിച്ചത്. രാവിലെ നിയമസഭയിൽ ഇതിന്‍റെ പ്രഖ്യാപന ചടങ്ങ് നടന്നതിന് പിന്നാലെയാണ് ജനങ്ങൾക്ക് മുമ്പാകെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ചടങ്ങിൽ നടൻ മമ്മൂട്ടിയായിരുന്നു വിശിഷ്ടാതിഥി.
എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം ഒരു പൊതുപരിപാടിയിൽ പങ്കെടുത്തത് എന്നത് ശ്രദ്ധേയമായി. മുഖ്യമന്ത്രിക്ക് പുറമെ ഭൂരിഭാഗം മന്ത്രിമാരും ഈ സുപ്രധാന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സന്നിഹിതരായിരുന്നു.

വിശക്കുന്ന വയറിന് മുമ്പില്‍ ഒരു വികസനത്തിനും വിലയില്ല-മമ്മൂട്ടി
അതിദാരിദ്ര്യ മുക്ത കേരളം എന്ന പ്രഖ്യാപന വേദിയില്‍, സംസ്ഥാനത്തിന്‍റെ സാമൂഹിക നേട്ടങ്ങളെ അഭിനന്ദിച്ചും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞും നടന്‍ മമ്മൂട്ടി. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തിയ ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത അദ്ദേഹം, ‘ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനമുണ്ടെങ്കിലും, വിശക്കുന്ന വയറിന് മുമ്പില്‍ ഒരു വികസനത്തിനും വിലയില്ല’ എന്ന് പ്രസ്താവിച്ചു. വികസന പദ്ധതികള്‍ വിശക്കുന്ന വയറുകള്‍ കണ്ടുതന്നെ പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏകദേശം എട്ടോ ഒമ്പതോ മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് താന്‍ ഒരു പൊതുവേദിയില്‍ എത്തുന്നത് എന്ന് മമ്മൂട്ടി പറഞ്ഞു. ഈ ചെറിയ കാലയളവിനുള്ളില്‍ പോലും സംസ്ഥാനത്ത് നിരവധി കണ്ണഞ്ചിപ്പിക്കുന്ന വികസനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
‘എറണാകുളത്തുനിന്ന് യാത്ര ചെയ്താണ് ഞാന്‍ ഇവിടെ വന്നത്. ഒരുപാട് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ആറേഴ് മാസങ്ങള്‍ക്കകം ആ യാത്ര സുഗമമാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, വിചാരിക്കുന്നു. അത് വികസനം തന്നെയാണ്. എന്നാല്‍ വികസനം എന്ന് പറയുമ്പോള്‍ ആരുടെ വികസനമാണ്? രാജപാതകളും വലിയ കെട്ടിടങ്ങളും നിര്‍മിക്കപ്പെടുന്നതുകൊണ്ട് നാം വികസിക്കുന്നില്ല. വികസിക്കേണ്ടത് സാമൂഹിക ജീവിതമാണ്. സാമൂഹിക ജീവിതം വികസിക്കണമെങ്കില്‍ ദാരിദ്ര്യം പരിപൂര്‍ണമായി തുടച്ചുമാറ്റപ്പെടണം.’
കേരളത്തിന്‍റെ സാമൂഹിക നില പലപ്പോഴും ലോകത്തെ അതിശയിപ്പിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി ചൂണ്ടിക്കാട്ടി. ലോകത്തിലെ അതിസമ്പന്ന രാജ്യങ്ങളുടെ 20-ല്‍ ഒരുഭാഗം പോലുമില്ലാത്ത കേരളമാണ് ഇത്രയും വലിയ സാമൂഹിക നേട്ടങ്ങള്‍ കൊയ്യുന്നത്. ‘എനിക്ക് കേരളത്തെക്കാള്‍ പ്രായമുണ്ട്, അതുകൊണ്ട് തന്നെ കേരളം എന്നെക്കാള്‍ ഇളയതാണെന്നും മമ്മൂട്ടി. ഈ നേട്ടങ്ങളെല്ലാം സംസ്ഥാനത്തിന്‍റെ സാമൂഹിക ബോധത്തിന്റെയും ജനാധിപത്യ ബോധത്തിന്‍റെയും ഫലമായി സംഭവിച്ചതാണെന്ന് കൂട്ടിച്ചേര്‍ത്തു.
അതിദാരിദ്ര്യ മുക്തമായ പ്രഖ്യാപനം നടത്തുന്നതിലൂടെ മുഖ്യമന്ത്രി വലിയൊരു ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. ‘അതിദാരിദ്ര്യത്തില്‍നിന്ന് മാത്രമേ നാം മുക്തമായിട്ടുള്ളൂ. ദാരിദ്ര്യം ഇനിയും നമ്മുടെ മുന്നില്‍ ബാക്കിയാണ്.’ ഒരുപാട് പ്രതിസന്ധികളെ കേരള ജനത തോളോട് തോള്‍ ചേര്‍ന്ന് അതിജീവിച്ചതുപോലെ, ദാരിദ്ര്യത്തിനെതിരെയും സാഹോദര്യത്തോടെ പോരാടാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
എല്ലാവര്‍ക്കും കേരളപ്പിറവിയും ഇന്ന് ജനിച്ച എല്ലാവര്‍ക്കും ജന്മദിനവും ആശംസിച്ചുകൊണ്ടാണ് അദ്ദേഹം തന്‍റെ പ്രസംഗം അവസാനിപ്പിച്ചത്.
അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപന റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടന്‍ മമ്മൂട്ടിക്ക് കൈമാറുകയും ചടങ്ങില്‍ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...