പക്ഷിപ്പനി സ്ഥിരീകരണത്തിന് പിന്നാലെ അടച്ചിട്ട ഡല്‍ഹി മൃഗശാല വീണ്ടും തുറന്നു. രണ്ട് മാസത്തിന് ശേഷമാണ് മൃഗശാല തുറക്കുന്നത്. ശൈത്യകാലം ആരംഭിച്ചതോടെ മൃഗശാലയിലെ മൃഗങ്ങളുടെ ഭക്ഷണക്രമത്തിലും പരിചരണത്തിലും മാറ്റങ്ങൾ വരുത്തി അധികൃതർ. മൃഗങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി കാലാവസ്ഥയ്ക്ക് അനുയോജ്യമായതും പോഷകസമൃദ്ധവുമായ ഭക്ഷണമാണിപ്പോള്‍ നല്‍കുന്നത്.
മൃഗശാല തുറന്ന് രണ്ട് ദിവസത്തിനുള്ളിൽ എത്തിയത് 23,357 സന്ദർശകർ. ആദ്യ ദിനത്തില്‍ 12 സ്‌കൂളുകളിൽ നിന്നുള്ള 954 വിദ്യാർഥികൾ ഉൾപ്പടെ ആകെ 8,065 സന്ദർശകർ മൃഗശാല സന്ദർശിച്ചിരുന്നു. രണ്ടാം ദിവസം അഞ്ച് സ്‌കൂളുകളിൽ നിന്നുള്ള 262 വിദ്യാർഥികൾ ഉൾപ്പടെ 15,292 സന്ദർശകരും അധ്യാപകരും മൃഗശാലയിൽ എത്തി.
സസ്യഭുക്കുകൾക്ക് വാൽനട്ടും നിലക്കടലയും അടങ്ങിയ ഭക്ഷണം നൽകും. മാംസഭുക്കുകൾക്ക് 12 കിലോ മാംസം നൽകും. ശൈത്യകാലം ആരംഭിച്ചതോടെ മൃഗങ്ങളുടെ ആരോഗ്യവും പ്രതിരോധശേഷിയും നിലനിർത്തുന്നതിനായി അവയുടെ ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തിയെന്ന് മൃഗശാല ഡയറക്‌ടർ ഡോ. സഞ്ജീത് കുമാർ പറഞ്ഞു. തണുപ്പ് കാരണം ഒരു പ്രശ്‌നവും ഇല്ലാതിരിക്കാന്‍ ഓരോ ജീവിവർഗത്തിൻ്റെയും ആവശ്യങ്ങൾക്കനുസരിച്ച് ഭക്ഷണക്രമം പുനഃക്രമീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആനകൾ, മാൻ, കുരങ്ങുകൾ, നീലഗായ് തുടങ്ങിയ സസ്യഭുക്കുകൾക്ക് ഈ സീസണിൽ വാൽനട്ട്, നിലക്കടല, ശർക്കര, തേൻ, മഞ്ഞൾ, കരിമ്പ് എന്നിവ നൽകുമെന്ന് ഡോ. സഞ്ജീത് കുമാർ പറഞ്ഞു. ഇവ ശരീരത്തെ ചൂടാക്കുക മാത്രമല്ല, പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. കുരങ്ങുകൾക്ക് ശർക്കരയും കരിമ്പും ഇഷ്‌ടമാണെന്നും അദ്ദേഹം പറഞ്ഞു.
സിംഹങ്ങൾ, കടുവകൾ, പുള്ളിപ്പുലികൾ എന്നിവയ്ക്ക് ഇപ്പോൾ 12 കിലോ മാംസം നൽകാറുണ്ട്. ആവശ്യമായ പ്രോട്ടീനും ഊർജ്ജവും ലഭിക്കുന്നതിനായി വേനൽക്കാലത്തേക്കാൾ കൂടുതൽ അളവിൽ മാംസം നൽകാറുണ്ട്.
വരും ദിവസങ്ങളിൽ പല പ്രദേശങ്ങളിലും ഹീറ്ററുകൾ സ്ഥാപിക്കും പ്രത്യേകിച്ച് രാത്രി താപനില വേഗത്തിൽ കുറയുന്ന പ്രദേശങ്ങളിൽ. ഭക്ഷണക്രമത്തിൽ മാത്രമല്ല, മൃഗങ്ങളുടെ ജീവിത ക്രമീകരണങ്ങളിലും മാറ്റങ്ങൾ വരുത്തുന്നുണ്ടെന്ന് ഡോ. സഞ്ജീത് കുമാർ പറഞ്ഞു. തണുത്ത മണ്ണിൽ നിന്ന് അവയെ സംരക്ഷിക്കുന്നതിനായി നിലത്ത് വസിക്കുന്ന മൃഗങ്ങളുടെ കൂടുകളിൽ വൈക്കോൽ സ്ഥാപിക്കുന്നുണ്ട്. കൂടാതെ, മൃഗങ്ങളുടെ ദൈനംദിന ദിനചര്യകൾ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. തണുപ്പ് കാരണം അണുബാധകളോ ബലഹീനതകളോ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ മൃഗഡോക്‌ടർമാർ അവയുടെ പെരുമാറ്റവും ആരോഗ്യവും പതിവായി പരിശോധിക്കുന്നുണ്ട്.
ഓഗസ്റ്റ് 28ന് മൃഗശാലയിൽ പക്ഷിപ്പനി (ഏവിയൻ ഇൻഫ്ലുവൻസ) കണ്ടെത്തിയിരുന്നു. ഇതിനുശേഷം സുരക്ഷാ കാരണങ്ങളാൽ ഓഗസ്റ്റ് 30 മുതൽ മൃഗശാല അടച്ചിടുകയായിരുന്നു. പക്ഷിപ്പനി മൂലം ആറ് പെയിൻ്റഡ് സ്റ്റോർക്ക്‌സ്, രണ്ട് കറുത്ത തലയുള്ള ഐബിസ്, നാല് ദേശാടന പെയിൻ്റഡ് സ്റ്റോർക്ക്‌സ് എന്നിവയുൾപ്പെടെ 12 പക്ഷികൾ ചത്തു. അവസാന പോസിറ്റീവ് സാമ്പിൾ സെപ്റ്റംബർ 1ന് കണ്ടെത്തി, അതിനുശേഷം മുൻകരുതൽ നടപടിയായാണ് മൃഗശാല അടച്ചത്.
15 ദിവസത്തിലൊരിക്കൽ നാല് തവണ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചതായി മൃഗശാല ഡയറക്‌ടർ ഡോ.സഞ്ജീത് കുമാർ പറഞ്ഞു. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ (NIHSAD) ഇവ പരിശോധിച്ചതിന് ശേഷം എല്ലാ റിപ്പോർട്ടുകളും നെഗറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞു.
ഇതിനെത്തുടർന്ന് മൃഗശാല വീണ്ടും തുറക്കാൻ അനുമതി നൽകി. ഡൽഹി മൃഗശാലയിൽ ഏകദേശം 96 ഇനം മൃഗങ്ങളുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമാണിത്. എന്നാല്‍ പക്ഷിപ്പനി കാരണം മൃഗശാല താത്‌കാലികമായി അടച്ചിടുന്നത് ഇത് മൂന്നാം തവണയാണ്. മുമ്പ് 2016ലും 2021ലും പക്ഷിപ്പനി കാരണം താത്‌കാലികമായി അടച്ചിട്ടിരുന്നു.



