തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ പ്രത്യേക പ്രസാദമായ ലഡു തയ്യാറാക്കാൻ മായംചേർന്ന നെയ്യ് വാങ്ങിയ സംഭവത്തിൽ വമ്പൻ തട്ടിപ്പെന്ന് സിബിഐ പ്രത്യേക അന്വേഷണ സംഘം. സംഭവവുമായി ബന്ധപ്പെട്ട് 250 കോടി രൂപയുടെ വഴിവിട്ട ഇടപാടുകളും അന്വേഷണ സംഘം കണ്ടെത്തി. 2019 മുതൽ 2024 വരെയുള്ള കാലഘട്ടത്തിലാണ് ഇത്രയധികം രൂപയുടെ തട്ടിപ്പ് നടന്നതെന്നും എസ്‌ഐടിയുടെ കണ്ടെത്തലിൽ പറയുന്നു.
ആന്ധ്രപ്രദേശ് ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയിലെ ലോക്സഭാ എംപിയും മുൻ തിരുമല തിരുപ്പതി ദേവസ്ഥാനം ചെയർമാനുമായിരുന്ന വൈ.വി. സുബ്ബ റെഡ്ഡിയുടെ പേഴ്സണൽ അസിസ്റ്റന്റ് കെ. ചിന്നപ്പണ്ണ, ഉത്തർപ്രദേശ് ആസ്ഥാനമായുള്ള പ്രീമിയർ അഗ്രി ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധമുള്ള ഹവാല ഏജന്റുമാരിൽനിന്ന് പണം സ്വീകരിച്ചെന്നും അന്വേഷണം സംഘം പറയുന്നു.
ചിന്നപ്പണ്ണ ഡൽഹി ആസ്ഥാനമായുള്ള ഏജന്റായ അമൻ ഗുപ്തയിൽ നിന്ന് 20 ലക്ഷം രൂപയും പ്രീമിയർ അഗ്രി ഫുഡ്സ് സീനിയർ എക്സിക്യൂട്ടീവ് വിജയ് ഗുപ്തയിൽനിന്ന് 20 ലക്ഷം രൂപയും സ്വീകരിച്ചതായാണ് ആരോപണം. ഡൽഹിയിലെ പട്ടേൽ നഗർ മെട്രോ സ്റ്റേഷന് സമീപമാണ് രണ്ട് ഇടപാടുകളും നടന്നതെന്നാണ് റിപ്പോർട്ട്.
അതിനിടെ, വ്യാജ നെയ്യ് തയ്യാറാക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ വിതരണം ചെയ്തതിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഡൽഹി വ്യാപാരിയായ അജയ് കുമാർ സുഗന്ധയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
ഉത്തരാഖണ്ഡിലെ ഭോലെ ബാബ ഓർഗാനിക് ഡയറി എന്ന കമ്പനിയാണ് ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്തത്. ഒരു തുള്ളി പാല് പോലും വാങ്ങുകയോ സംഭരിക്കുകയോ ചെയ്യാത്ത ഈ കമ്പനിയാണ് വ്യാജ നെയ്യ് തയാറാക്കി വിതരണം ചെയ്തതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
കേസിലെ 16-ാം പ്രതിയായ അജയ് കുമാർ, ഭോലെ ബാബ ഡയറി ഡയറക്ടർമാരായ പോമിൽ ജെയിൻ, വിപിൻ ജെയിൻ എന്നിവരുമായി വർഷങ്ങളോളം ഒരുമിച്ച് പ്രവർത്തിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. പോമിൽ ജെയിൻ, വിപിൻ ജെയിൻ എന്നിവരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.


