സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതര്‍ക്കുമായി ഏര്‍പ്പെടുത്തിയിട്ടുള്ള മെഡിസെപ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ രണ്ടാം ഘട്ടം ഈ വരുന്ന ഫെബ്രുവരി ഒന്നിന് ആരംഭിക്കും. അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷ മൂന്നു ലക്ഷം രൂപയില്‍ നിന്ന് അഞ്ചു ലക്ഷം രൂപയായി രണ്ടാം ഘട്ടത്തില്‍ ഉയര്‍ത്തിയിട്ടുണ്ട്.
വര്‍ഷം അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് പുതുക്കിയ പദ്ധതി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ നിരവധി ആനുകൂല്യങ്ങളും മറ്റും ഉൾപ്പെടുത്തിയട്ടുണ്ട്. പ്രതിമാസം 687 രൂപയാണ് പ്രിമീയമായി അടക്കേണ്ടത്. അതായത് പദ്ധതി അംഗത്തിൻ്റെയും ആശ്രിതരുടെയും പ്രിമീയമായി വര്‍ഷം ആകെ നല്‍കേണ്ടത് 8,244 രൂപ മാത്രം. നിലവിൽ ഓറിയൻ്റൽ ഇന്‍ഷുറന്‍സ് കമ്പനിയ്ക്കാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല.
ഇവയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി സംവിധാനം ഉൾപ്പെടുന്ന സർക്കാർ ആശുപത്രികൾ, നിരവധി പ്രമുഖ സ്വകാര്യ ആശുപത്രികൾ ഉൾപ്പെടുന്നു. കൂടുതല്‍ ആശുപത്രികളുടെ സേവനം പദ്ധതിയ്ക്കായി ലഭ്യമാക്കാനാവുമെന്നും നാഷണൽ ഹെൽത്ത് ബെനിഫിറ്റ് 2022ലെ പാക്കേജ് അനുസരിച്ചുള്ള ചികിത്സാ പാക്കേജുകളാണ് പദ്ധതിയിൽ പുതുതായി കൊണ്ട് വന്നതെന്ന് ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. കാൽമുട്ട്, ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പോലും ഇപ്പോൾ സ്വകാര്യ ആശുപത്രികളിൽ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെഡിക്കല്‍, സര്‍ജിക്കല്‍ പാക്കേജുകളുള്‍പ്പെടെ 2,516 പാക്കേജുകളാണ് ഇത്തവണ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യം 1,920 പാക്കേജുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരേ സമയം സര്‍ജിക്കല്‍, മെഡിക്കല്‍ പാക്കേജുകള്‍ക്ക് പരിരക്ഷ ഉറപ്പാക്കുന്നതാണ് പുതുക്കിയ പദ്ധതിയുടെ മറ്റൊരു ആകർഷണം. എംപാനൽ ചെയ്‌ത എല്ലാ ആശുപത്രികളിലും പണരഹിത (ക്യാഷ്‌ലെസ്) ചികിത്സ ലഭ്യമാകും.
എംപാനൽ ചെയ്യാത്ത ആശുപത്രികളിൽ റോഡപകടങ്ങൾ, ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉൾപ്പെടെയുള്ള അടിയന്തര ചികിത്സകൾക്കും ഈ പദ്ധതി കവറേജ് നൽകുന്നു. എൻറോൾമെൻ്റിന് പ്രായപരിധിയില്ല. കൂടാതെ 24×7 കോൾ സെൻ്ററും ത്രിതല പരാതി പരിഹാര സംവിധാനവും ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള എംപാനൽഡ് ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സയും നിലവിലുള്ള രോഗങ്ങൾക്ക് തുടക്കം മുതലെ പരീരക്ഷയും ഉറാപ്പുക്കുന്നു.
നവജാത ശിശു/കുട്ടികൾക്ക് ജന്മനായുള്ള എല്ലാ രോഗങ്ങൾക്കുള്ള ചികിത്സകൾക്കും പരിരക്ഷ. മെഡിക്കല്‍, ശസ്ത്രക്രിയ, ഡേകെയർ ചികിത്സകൾ (ഡയാലിസിസ്, കീമോ തെറാപ്പി, തിമിര ശസ്ത്രക്രിയ) എന്നിവ ഉൾപ്പെടുന്നു. ചികിത്സയ്ക്ക് പുറമെ അനുബന്ധ ചെലവുകൾക്കും പരിരക്ഷ ലഭിക്കും. മരുന്നുവില ,ഡോക്‌ടർ /അറ്റൻ്റ് ഫീസ് ,മുറി വാടക ,പരിശോധന ചാർജുകൾ (diagnostic ),രോഗാനുബന്ധ ഭക്ഷണ ചിലവുകൾ ഈ പാക്കേജിൽ കവർ ചെയ്യുന്നു.
ഡയാലിസിസ്, കീമോതെറാപ്പി എന്നിങ്ങനെ തുടര്‍ച്ചയായ ചികിത്സ തേടേണ്ട രോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പോര്‍ട്ടലില്‍ ഒരു ഒറ്റത്തവണ രജിസ്ട്രേഷന്‍ സംവിധാനമൊരുക്കും. ഒപ്പം സൗജന്യ ചികിത്സയും. പദ്ധതിയില്‍ 10 ഇന ഗുരുതര/ അവയവമാറ്റ രോഗ ചികിത്സാ പാക്കേജുകള്‍ ഉണ്ടാകും. ഇതിന് ഇൻഷുറൻസ് കമ്പനി 2 വർഷത്തേക്ക് 40 കോടി രൂപയുടെ കോർപ്പസ് ഫണ്ട് നീക്കി വയ്ക്കണമെന്നും നിർദേശമുണ്ട്. കൂടാതെ അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷയുടെ 1% വരെ മുറി വാടകയ്‌ക്ക പോകും. ( 5000/day, സർക്കാർ ആശുപത്രികളിൽ പേ വാർഡ് വാടക പ്രതിദിനം 2000 രൂപ വരെ).
പരിധിയില്‍ ആരെല്ലാം: സര്‍ക്കാര്‍ ജീവനക്കാര്‍, ഹൈക്കോടതി ജീവനക്കാര്‍, പുതുതായി സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നവര്‍, പാര്‍ടൈം കണ്ടിന്‍ജന്‍റ് ജീവനക്കാര്‍, എയ്‌ഡഡ് സ്‌കൂളുകളിലെ ടീച്ചിങ്, നോണ്‍ ടീച്ചിങ് സ്‌റ്റാഫുകള്‍, ഇവരുടെയെല്ലാം കുടുംബാഗംങ്ങള്‍, പെന്‍ഷന്‍കാര്‍ അവരുടെ പങ്കാളികള്‍ എന്നിവരാണ് മെഡിസെപ്പിന്‍റെ പരിധിയില്‍ വരിക.
കൂടാതെ സംസ്ഥാനത്തെ വിവിധ പൊതു മേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ മേഖല എന്നിവയിലെ ഇ.എസ്.ഐ ആനുകൂല്യം ലഭ്യമല്ലാത്ത ജീവനക്കാരെയും പെൻഷൻകാരെയും മെഡിസെപ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തുന്നതിന് അംഗീകാരം നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് മെഡിസെപ്പ് ആപ്പ്, ഔദ്യോഗിക വെബ്‌സൈറ്റായ medisep.kerala.gov.in എന്നിവ സന്ദർശിക്കുക.


