ഹിമാചൽ പ്രദേശിലെ മണാലിയിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മണാലിയിലെ മഞ്ഞുമൂടിയ താഴ്‌വരകളിൽ ബിക്കിനി ധരിച്ച് നടക്കുന്ന ഒരു വനിതാ വിനോദ സഞ്ചാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് എതിര്‍ത്തും അനുകൂലിച്ചും രംഗത്തെത്തിയത്.
യുവതിയെ എതിര്‍ത്ത് കേന്ദ്ര മന്ത്രി വിക്രമാദിത്യ സിങ് രംഗത്ത് വന്നതോടെ വിഷയം ദേശീയതലത്തില്‍ ചര്‍ച്ചയ്‌ക്ക് വഴിയൊരുക്കി. പൊതുസ്ഥലത്ത് ബിക്കിനി ധരിച്ചത് ദേവഭൂമിയോടുള്ള (ദൈവങ്ങളുടെ നാട്) അവഗണനയാണെന്നാണ് മന്ത്രിയുടെ വിമര്‍ശനം.
മണാലിയിലെ കഠിനമായ മഞ്ഞുവീഴ്‌ചയ്ക്കിടയിൽ ഒരു യുവതി ബിക്കിനി ധരിച്ച് നൃത്തം ചെയ്യുകയും അതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്‌തിരുന്നു. ‘മേഘ റാണി’ എന്ന ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറാണ് ഈ വീഡിയോ പകർത്തിയത്. എന്നാല്‍ ഇത് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നാണ് കേന്ദ്ര മന്ത്രിയുടെ വാദം.
“ഹിമാചൽ പ്രദേശ് സന്ദർശിക്കുന്ന എല്ലാ വിനോദസഞ്ചാരികളേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു, എന്നാൽ ദേവഭൂമിയുടെ പവിത്രതയോട് കാണിക്കുന്ന അനാദരവ് സഹിക്കില്ല. ഈ സംസ്ഥാനം ഒരു വിനോദസഞ്ചാര കേന്ദ്രം മാത്രമല്ല, വിശ്വാസത്തിൻ്റേയും സംസ്‌കാരത്തിൻ്റേയും നൂറ്റാണ്ടുകൾ പഴക്കമുള്ള ദിവ്യ പാരമ്പര്യങ്ങളുടെ പുണ്യഭൂമിയാണ്” വിക്രമാദിത്യ സിങ് പറഞ്ഞു.
മതപരമായ സ്ഥലങ്ങളിലും മഞ്ഞുമൂടിയ റോഡുകളിലും പൊതു സ്ഥലങ്ങളിലും അശ്ലീലമായി പെരുമാറുന്ന വിനോദസഞ്ചാരികളുടെ ചില ചിത്രങ്ങളും വീഡിയോകളും അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും അത്തരം പെരുമാറ്റം ഹിമാചലിൻ്റെ സംസ്‌കാരത്തേയും പ്രാദേശിക സമൂഹത്തിൻ്റെ വികാരങ്ങളെയും ആഴത്തിൽ വ്രണപ്പെടുത്തുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
“ദേവഭൂമിയുടെ പവിത്രതയെ നിങ്ങൾ മാനിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ ബഹുമാനം അവിടെ സുരക്ഷിതമായിരിക്കും. മതപരമായ സ്ഥലങ്ങൾക്ക് സമീപമുള്ള ഫോട്ടോഷൂട്ടുകൾ, മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ഗുണ്ടാസംഘം, ഉച്ചത്തിലുള്ള ശബ്‌ദം, അപരിഷ്‌കൃതമായ പെരുമാറ്റം എന്നിവ ടൂറിസമോ ആധുനികതയോ അല്ല. ഇത് തികഞ്ഞ അനാദരവാണ്” മന്ത്രി പറഞ്ഞു.
“ഹിമാചൽ നിങ്ങളെ തുറന്ന കൈകളോടെ സ്വാഗതം ചെയ്യുന്നു. മഞ്ഞ്, പ്രകൃതി സൗന്ദര്യം, പ്രാദേശിക ഭക്ഷണവിഭവങ്ങൾ, ദിവ്യ സംസ്‌കാരം എന്നിവ ആസ്വദിക്കൂ, പക്ഷേ ആരെങ്കിലും നമ്മുടെ നാഗരികതയും വിശ്വാസവും ലംഘിക്കുകയാണെങ്കിൽ, അവർ സമൂഹത്തിൻ്റെ ശബ്‌ദത്തെയും ഇവിടുത്തെ കർശന നിയമങ്ങളേയും അഭിമുഖീകരിക്കേണ്ടി വരും ” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവതിക്ക് പിന്തുണ
അതേസമയം, വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ ഭാഗമാണിതെന്നും ഏത് വസ്ത്രം ധരിക്കണമെന്നത് ഒരാളുടെ അവകാശമാണെന്നും സോഷ്യല്‍ മീഡിയയില്‍ യുവതിയെ പിന്തുണച്ച് വാദിക്കുന്നവരുമുണ്ട്. ഹിമാചൽ പ്രദേശിൽ മഞ്ഞുവീഴ്‌ച തുടരുന്നതിനാൽ രാജ്യത്തുടനീളമുള്ള വിനോദസഞ്ചാരികൾ ഹിമാചലിൻ്റെ ദൃശ്യ ഭംഗി കാണാൻ എത്തുന്നുണ്ട്. പലരും സോഷ്യൽ മീഡിയയിൽ ഫോട്ടോകളും വീഡിയോകളും പങ്കിടുന്നുണ്ട്. വിനോദ സഞ്ചാരികളുടെ നിരവധി വീഡിയോകൾ ഇതിനിടയിൽ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.


