ഇസ്രയേൽ- പലസ്‌തീൻ സംഘർഷത്തിൽ ഗാസയിലെ വെടിനിർത്തൽ കരാർ രണ്ടാം ഘട്ടത്തിലേക്ക് കടക്കണമെന്ന് ഇസ്രയേലിനോട് അമേരിക്ക. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ആവശ്യം ഉന്നയിച്ചത്.
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, അമേരിക്കൻ നയതന്ത്രപ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിൻ്റെ മരുമകനും മധ്യ ഏഷ്യൻ ഉപദേഷ്‌ടാവുമായ ജാരെഡ് കുഷ്‌നർ, ബെഞ്ചമിൻ നെതന്യാഹു എന്നിവർ കൂടിക്കാഴ്‌ച നടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഗാസയിലുള്ള ഇസ്രയേൽ പൗരരായ ബന്ദികളെ പുറത്തെത്തിക്കുന്നതിലും ഗാസയിലെ സൈനിക പ്രവൃത്തികൾ ഏകോപിപ്പിക്കുന്നതിനും ബെഞ്ചമിൻ നെതന്യാഹുവുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥർ പറഞ്ഞു.
ഈജിപ്‌തിനും ഗാസയ്ക്കും ഇടയിലുള്ള റാഫ അതിർത്തി വീണ്ടും തുറന്നേക്കുമെന്നതാണ് രണ്ടാംഘട്ട ചർച്ചയുടെ ഒടുവിൽ ലഭിക്കുന്ന സൂചനയെന്ന് വിവിധ മാധ്യമങ്ങൾ പറഞ്ഞു. പക്ഷേ ഗാസയിലെ റാഫ അതിർത്തിയുടെ ഭാഗം ഇസ്രയേൽ സൈന്യത്തിൻ്റെ നിയന്ത്രണത്തിലാണെന്ന് ഗാസയുടെ സാങ്കേതിക മേധാവി അലി ഷാത്ത് പറഞ്ഞു.
റാൻ ഗ്വാലിയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന ആവശ്യവുമായി മാതാപിതാക്കൾ
റാൻ ഗ്വാലിയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന ആവശ്യവുമായി മാതാപിതാക്കൾ രംഗത്ത്. ഹമാസിൻ്റെ അവസാനത്തെ ബന്ദിയായിരുന്നു റാൻ ഗ്വിലി. എന്നാൽ ഇയാളുടെ മൃതദേഹം ഹമാസ് ഇതുവരെയും വിട്ട് നൽകിയിട്ടില്ലെന്നും മാതാപിതാക്കൾ ആരോപിച്ചു.
“ഹമാസ് അന്താരാഷ്ട്ര സമൂഹത്തെ വഞ്ചിക്കുകയും അവസാനത്തെ ബന്ദിയായ ഞങ്ങളുടെ മകൻ്റെ മൃതശരീരം തിരികെ നൽകാൻ വിസമ്മതിക്കുകയും ചെയ്യുന്നു. ഇത് അവർ ഒപ്പുവച്ച കരാറിൻ്റെ വ്യക്തമായ ലംഘനമാണ്.” മാതാപിതാക്കൾ കൂട്ടിച്ചേർത്തു. ബന്ദിയുടെ മൃതദേഹവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെടിനിർത്തൽ ചർച്ചകൾ നടത്തുന്ന മധ്യസ്ഥർക്ക് നൽകിയിട്ടുണ്ടെന്ന് ഇതിനിടയിൽ ഹമാസ് അറിയിച്ചു.
റഫ അതിർത്തി തുറക്കാൻ സമ്മർദ്ദവുമായി ഈജിപ്‌ത്
ഗാസയിലെ ട്രംപിന്‍റെ പുതിയ സമാധാന ബോർഡിന്‍റെ ഡയറക്‌ടറുമായി ചേർന്ന് റഫ അതിർത്തി തുറക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്ന ആവശ്യവുമായി ഈജിപ്‌തിലെ ഉന്നത നയതന്ത്രജ്ഞൻ. അതിർത്തി തുറക്കാൻ സമ്മർദ്ദം ചെലുത്തുന്നതായി ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇതേ സംബന്ധിച്ച് ബൾഗേറിയൻ നയതന്ത്രജ്ഞനും ഗാസ ഉന്നതതല പ്രതിനിധിയുമായ നിക്കോളായ് മ്ലാഡെനോവുമായി ഈജിപ്‌ത് വിദേശകാര്യ മന്ത്രി ബദർ അബ്‌ദലട്ടി സംസാരിച്ചതായി ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു. ഗാസയുടെ പുനർനിർമ്മാണം ആരംഭിക്കുന്നതിനുള്ള പ്രധാന പ്രവേശന കവാടമാണ് റഫ എന്നും പ്രസ്‌താവനയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇസ്രയേൽ ആക്രമണം; ഗാസയിൽ രണ്ട് പേർ കൊല്ലപ്പെട്ടു
ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ വിറക് ശേഖരിക്കുന്നതിനിടെ രണ്ട് പേർ കൊല്ലപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. 13 ഉം 15 ഉം വയസുള്ള ആൺകുട്ടികളാണ് മരിച്ചതെന്ന് വിവിധ വൃത്തങ്ങൾ പറഞ്ഞു. മൃതദേഹങ്ങൾ ഗാസ സിറ്റിയിലെ ഷിഫ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
പലസ്‌തീൻ ജനത സുരക്ഷിതരായിരിക്കും എന്ന് അറിയിച്ച പ്രദേശത്താണ് ആൺകുട്ടികൾ കൊല്ലപ്പെട്ടതെന്നും ബന്ധുവായ അറഫാത്ത് അൽ-സവാര പറഞ്ഞു.


