നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള രാഷ്‌ട്രീയത്തില്‍ വമ്പൻ ട്വിസ്‌റ്റുകളുണ്ടാകുമെന്ന് സൂചന. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശശി തരൂര്‍ എംപി സിപിഎമ്മില്‍ ചേരുമെന്ന് അഭ്യൂഹം. നിലവില്‍ ദുബായിലുള്ള ശശി തരൂര്‍ ഇടതുപക്ഷവുമായി അടുപ്പമുള്ള വ്യവസായി മുഖേന ചര്‍ച്ച നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പുറത്തുവരുന്നു.
പാര്‍ട്ടി ലൈനില്‍ നിന്നും വ്യത്യസ്‌തമായി കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിവിധ വിഷയങ്ങളില്‍ അഭിനന്ദിക്കുന്ന തരൂര്‍, ഇടതുപാളയത്തിലേക്കെന്ന റിപ്പോര്‍ട്ട് കേരള രാഷ്‌ട്രീയത്തില്‍ വലിയ ചര്‍ച്ചയ്‌ക്ക് വഴിവച്ചിട്ടുണ്ട്. ശശി തരൂര്‍ സിപിഎമ്മിലെത്തുമോ എന്ന കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്‌ണൻ രംഗത്തെത്തി.
“വ്യക്തിയോട് എന്ത് സമീപനമെന്നതല്ല, പാര്‍ട്ടിയാണ് വലുത്. പാര്‍ട്ടി തീരുമാനമാണ് പ്രധാനം. എല്‍ഡിഎഫിൻ്റെ അടിത്തറ വിപുലപ്പെടുത്തുന്നതിന് പാര്‍ട്ടികളോ, ഗ്രൂപ്പുകളോ, വ്യക്തികളോ മുന്നണിയിലേക്ക് വരികയാണെങ്കില്‍ അവരെ സ്വീകരിക്കും. ശശി തരൂര്‍ പാര്‍ലമെൻ്റ് മെമ്പറാണ്, ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന നേതാവാണ്. ഇടതുപക്ഷത്തിൻ്റെ ആശയം സ്വീകരിച്ച് വരികയാണെങ്കില്‍ ശശി തരൂരിനെ സ്വീകരിക്കാൻ മുന്നിണിക്ക് യാതൊരു മടിയുമില്ല” എന്ന് മാധ്യമങ്ങളോട് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. ശശി തരൂര്‍ മുന്നണിയിലേക്ക് വരികയാണെങ്കില്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ടിപി രാമകൃഷ്ണൻ.
ഏത് പാര്‍ട്ടിയാണെങ്കിലുംഗ്രൂപ്പ് ആണെങ്കിലും വ്യക്തിയാണെങ്കിലും ഇടതുപക്ഷ ആശയം സ്വീകരിച്ചാല്‍ അവരെ ഒപ്പം കൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫിൻ്റെ അടിത്തറ വിപുലപ്പെടുത്താൻ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയതയ്‌ക്ക് എതിരാണ് തങ്ങള്‍, മതനിരപേക്ഷതയുമായാണ് തങ്ങള്‍ മുന്നോട്ട് പോകുന്നത്. ഇടതുപക്ഷത്തിന് അതിൻ്റേതായ സാമ്പത്തി നയങ്ങളുമുണ്ട്, സാമ്രാജ്യത്വത്തിന് എതിരാണ് തങ്ങളെന്നും ഈ നിലപാടൊക്കെ അംഗീകരിച്ചു വന്നാല്‍ ആരെയും പാര്‍ട്ടിയിലെടുക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി.
അതേസമയം, ശശി തരൂരുമായി സപിഎം ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത അദ്ദേഹം തള്ളി. തങ്ങള്‍ തരൂരുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും, എന്നാല്‍ തങ്ങളുടെ ആശയം സ്വീകരിക്കാൻ തയ്യാറെങ്കില്‍ തരൂരുമായി ചര്‍ച്ച ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിൽ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പടിവാതിലിൽ നിൽക്കുമ്പോൾ, തരൂരിനെ എങ്ങനെ ഉപയോഗിക്കണം എന്ന കാര്യത്തിൽ യു.ഡി.എഫിൽ ഇപ്പോഴും കൃത്യമായ ധാരണയായിട്ടില്ല. ഈ അനിശ്ചിതത്വം തരൂർ അനുകൂലികളിലും അദ്ദേഹത്തിലും അസംതൃപ്‌തിയുണ്ടാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മഹാപഞ്ചായത്ത് വേദിയിലെത്തിയ രാഹുല്‍ ഗാന്ധി ശശി തരൂരിനെ അവഗണിച്ചെന്ന റിപ്പോര്‍ട്ട് വന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയികളെ അനുമോദിക്കാനായി ജനുവരി 19-ന് കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിയായിരുന്നു മഹാപഞ്ചായത്ത്. രാഹുൽ ഗാന്ധി മുഖ്യാതിഥിയായി പങ്കെടുത്ത ഈ വേദിയിൽ വെച്ചാണ് തരൂർ അവഗണിക്കപ്പെട്ടു എന്ന ആരോപണം ഉയർന്നത്.
വേദിയിലുണ്ടായിരുന്ന മിക്ക മുതിർന്ന നേതാക്കളുടെയും പേരെടുത്ത് പറഞ്ഞ് രാഹുൽ ഗാന്ധി അഭിസംബോധന ചെയ്തെങ്കിലും, ശശി തരൂരിന്റെ പേര് അദ്ദേഹം പരാമർശിച്ചില്ല എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ പശ്ചാത്തലത്തില്‍ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് വിളിച്ചു ചേര്‍ത്ത കേരളത്തിലെ മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ ശശി തരൂര്‍ പങ്കെടുക്കാത്തത് ചര്‍ച്ചയായിരുന്നു. തരൂർ മുൻകൂട്ടി അറിയിച്ചിട്ടാണ് മീറ്റിംഗിൽ നിന്ന് വിട്ടുനിന്നതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, അദ്ദേഹം അതൃപ്തിയിലാണെന്നത് വ്യക്തമാണ്. ഇതിനുപിന്നാലെയാണ് സിപിഎം പാളയത്തിലേക്കെന്ന് അഭ്യൂഹമുണ്ടാകുന്നത്.


