ഉപയോക്താക്കളുടെ സ്വകാര്യതാ ലംഘനവുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പാക്കാൻ 68 മില്യൺ ഡോളർ (6.8 കോടി) നൽകാമെന്ന് സമ്മതിച്ച് ഗൂഗിൾ. വെർച്വൽ അസിസ്റ്റന്‍റായ ഗൂഗിൾ അസിസ്റ്റന്‍റ് വഴി ഉപയോക്താക്കളറിയാതെ ഗൂഗിൾ സ്വകാര്യ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്‌ത് പരസ്യദാതാക്കൾക്ക് നൽകിയ കേസിലാണ് ഗൂഗിൾ ഒത്തുതീർപ്പിനൊരുങ്ങുന്നത്. യുഎസിലെ കാലിഫോർണിയയിലെ ഫെഡറൽ കോടതിയിലാണ് ഒത്തുതീർപ്പ് ഫയൽ ചെയ്‌തത്.
അതേസമയം ഇതുസംബന്ധിച്ച് കോടതിയുടെ ഭാഗത്ത് നിന്ന് ഇതുവരെ അന്തിമ ഉത്തരവ് ലഭിച്ചിട്ടില്ല. കോടതി അനുമതി ലഭിച്ചാൽ മാത്രമേ ഒത്തുതീർപ്പ് നടക്കൂ. ഇതിന് യുഎസ് ജില്ലാ ജഡ്ജി അന്തിമ അനുമതി നൽകണം. ഒത്തുതീർപ്പ് കോടതി അംഗീകരിക്കുന്ന പക്ഷം നഷ്‌ട്ടപരിഹാര തുക സ്വകാര്യതാ ലംഘനത്തിന് ഇരയായ ഗൂഗിൾ ഉപയോക്താക്കൾക്ക് വീതിച്ചുനൽകണം.
സ്വകാര്യ സംഭാഷണത്തിന്‍റെ റെക്കോർഡുകൾ ഉപയോക്താക്കളറിയാതെ പരസ്യദാതാക്കൾക്ക് അയച്ചതായാണ് കേസ്. ഇതിനുശേഷം ഉപയോക്താക്കളുടെ സംഭാഷണത്തിൽ പറയുന്ന ഉത്‌പന്നങ്ങളുടെയോ, ഉപകരണങ്ങളുടെയോ പരസ്യം പരസ്യദാതാക്കളിലൂടെ ഉപയോക്താക്കളുടെ ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങളിലെ സോഷ്യൽമീഡിയ അക്കൗണ്ടിലേക്ക് വരുന്നതായാണ് ആരോപണം.
2016 മെയ് മുതൽ ഗൂഗിൾ ഉപകരണങ്ങൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കാണ് നഷ്‌ട്ടപരിഹാര തുകയുടെ വിഹിതം ലഭിക്കുക. നഷ്‌ട്ടപരിഹാര തുകയുടെ മൂന്നിലൊന്ന് ഗൂഗിൾ ഉപയോക്താക്കളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകർക്കുള്ള നിയമപരമായ ഫീസായിരിക്കും. ഇത് ഏകദേശം 22 മില്യൺ ഡോളർ വരും. ബാക്കി വരുന്ന ഏകദേശം 45 മില്യൺ ഡോളർ ഉപയോക്താക്കൾക്ക് വീതിച്ചുനൽകണം.
ഗൂഗിളിന്‍റെ പ്രവൃത്തിയിലൂടെ ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്നും ഉപയോക്താക്കളുടെ ഡാറ്റ അന്യായമായി ശേഖരിക്കാനോ, മൂന്നാം കക്ഷികൾക്ക് കൈമാറാനോ ഗൂഗിളിന് അവകാശമില്ലെന്നാണ് വാദിഭാഗം വാദിച്ചത്. എന്നാൽ ഈ ആരോപണം ഗൂഗിൾ പാടെ നിഷേധിച്ചു. 68 മില്യൺ ഡോളർ നൽകി കേസ് ഒത്തുതീർപ്പാക്കാമെന്ന് ഗൂഗിൾ സമ്മതിച്ചിട്ടുണ്ടെങ്കിലും, സംഭാഷണത്തിന്‍റെ റെക്കോർഡുകൾ പരസ്യദാതാക്കൾക്ക് അയച്ചെന്ന കാര്യം ഗൂഗിൾ നിഷേധിച്ചു. കേസ് ഇല്ലാതെ പ്രശ്‌നപരിഹാരം ആഗ്രഹിക്കുന്നതിനാൽ ഒത്തുതീർപ്പിന് തയ്യാറെന്നാണ് ഗൂഗിളിന്‍റെ അഭിഭാഷകൻ വ്യക്തമാക്കിയത്.
“ഹേ ഗൂഗിൾ” അല്ലെങ്കിൽ “ഓകെ ഗൂഗിൾ” പോലുള്ള വാക്യങ്ങൾ കേൾക്കുന്നതുവരെ സ്റ്റാൻഡ്‌ബൈ മോഡിൽ തുടരുന്ന തരത്തിലാണ് ഗൂഗിൾ അസിസ്റ്റന്‍റ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നാണ് ഗൂഗിളിന്‍റെ വാദം. ഇത് പറയുന്നത് വരെ ഗൂഗിൾ ഉപയോക്താക്കളുടെ സംഭാഷണം ശ്രദ്ധിക്കുന്നില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. അതേസമയം ഇത് സജീവമാക്കിയാൽ, ഉപയോക്താവിന്‍റെ ഉപകരണം സംഭാഷണം റെക്കോർഡ് ചെയ്‌ത് ഗൂഗിളിന്‍റെ സെർവറുകളിലേക്ക് ഓഡിയോ അയയ്ക്കുകയും ഇത് വിശകലനം ചെയ്യുകയും ചെയ്യും.
കാലാവസ്ഥ, സ്വർണ്ണ വില, വാർത്തകൾ തുടങ്ങിയ ലളിതമായ ചോദ്യങ്ങൾ മുതൽ ലൈറ്റുകൾ, ടെലിവിഷനുകൾ പോലുള്ള സ്മാർട്ട് ഉപകരണങ്ങൾ നിയന്ത്രിക്കുന്നതിന് വരെ ആളുകൾ ഗൂഗിൾ അസിസ്റ്റന്‍റ് ഗൂഗിൾ ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി പറയുന്നു. എന്നാൽ സ്റ്റാൻഡ്‌ബൈ മോഡിൽ ഗൂഗിൾ അസിസ്റ്റന്‍റ് ഒരു ഓഡിയോയും അയയ്ക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കി.
ഗൂഗിൾ അസിസ്റ്റന്‍റ് ആക്ടിവേറ്റ് ചെയ്യുന്നതിനുള്ള വാക്കുകളായി എന്നാൽ ഉപയോക്താക്കളുടെ ശബ്‌ദങ്ങളെ തെറ്റായി വ്യാഖ്യാനിക്കുമ്പോൾ ചിലപ്പോൾ അബദ്ധത്തിൽ പ്രവർത്തിച്ചേക്കാമെന്നും, ഇത് സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യപ്പെടുന്നതിലേക്ക് നയിച്ചേക്കാമെന്നും ഗൂഗിൾ വാദിച്ചു.
ആപ്പിളിന്‍റെ എഐ അസിസ്റ്റന്‍റായ സിരിയുമായി ബന്ധപ്പെട്ട സമാനമായ കേസിൽ ഒത്തുതീർപ്പാക്കാൻ 95 മില്യൺ ഡോളർ നൽകാമെന്ന് ആപ്പിളും ഈ മാസം ആദ്യം സമ്മതിച്ചിട്ടുണ്ട്. സമാനമായി ആപ്പിളും ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു. ഉപയോക്താവിന്‍റെ സമ്മതമില്ലാതെ സിരി ആക്ടിവേറ്റ് ചെയ്യുകയും സംഭാഷണങ്ങൾ റെക്കോർഡുചെയ്‌ത് മൂന്നാം കക്ഷികളുമായി പങ്കിട്ടെന്നതായിരുന്നു കേസ്.
ഗൂഗിൾ അസിസ്റ്റന്‍റ് വഴി സ്വകാര്യ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തു: ഗൂഗിളിന് 6.8 കോടി പോകും
Published on


