ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ രോഹിത് ഷെട്ടിയുടെ വസതിക്ക് നേരെ വെടിവയ്‌പ്പ്. മുംബൈയിലെ ജുഹുവിലെ വീടിന് നേരെയാണ് അജ്ഞാത സംഘത്തിന്‍റെ വെടിവയ്‌പ്പ്. അക്രമികള്‍ നാല് തവണ വെടിയുതിര്‍ത്തതായാണ് വിവരം ലഭിക്കുന്നത്.
ഇന്ന് (ഫെബ്രുവരി 1) പുലര്‍ച്ചെയാണ് സംഭവം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ആക്രമണ സമയം ഷെട്ടി വീട്ടിലുണ്ടായിരുന്നോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തില്‍ ജുഹു പൊലീസ് അന്വേഷണം ആരംഭിച്ചു. ‘പുലര്‍ച്ചെ കെട്ടിടത്തിന് നേരെ ആരോ വെടിയുതിർത്തു. സോണൽ പൊലീസും ക്രൈംബ്രാഞ്ച് സംഘങ്ങളും അന്വേഷണം നടത്തുന്നുണ്ട്’ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആക്രമണ കാരണം വ്യക്തമല്ല. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ ഫോറന്‍സിക് സംഘം വീട്ടില്‍ പരിശോധന തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
വെടിവയ്‌പ്പിന് പിന്നാലെ ഷെട്ടിയുടെ റെസിന്‍ഷ്യല്‍ ടവറിന് ചുറ്റും പൊലീസ് കനത്ത സുരക്ഷയൊരുക്കി. സംഭവത്തില്‍ ഇതുവരെ രോഹിത് ഷെട്ടിയും കുടുംബവും പ്രതികരിച്ചിട്ടില്ല. സിങ്കം, ചെന്നൈ എക്‌സ്‌പ്രസ്, ഗോള്‍മാല്‍ എന്നീ ബോളിവുഡ് ഹിറ്റുകളുടെ സംവിധായകനാണ് രോഹിത് ഷെട്ടി.


