വികസന പദ്ധതികൾക്കും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുമുള്ള വലിയ സഹായങ്ങൾ പ്രതീക്ഷിച്ച കേരളത്തിന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ലഭിച്ചത് നിരാശ. സംസ്ഥാനത്തിന്‍റെ കാലപ്പഴക്കമുള്ള ആവശ്യമായ എയിംസ് (AIIMS) ഇത്തവണയെങ്കിലും അനുവദിക്കപ്പെടുമെന്നതായിരുന്നു കേരളത്തിന്‍റെ ഏറ്റവും വലിയ പ്രതീക്ഷ.
കോഴിക്കോട് കിനാലൂരിൽ ഇതിനായി ഭൂമി ഏറ്റെടുത്ത് സജ്ജമാക്കിയിട്ടും ബജറ്റിൽ തുക വകയിരുത്താത്തത് സംസ്ഥാനത്തിന് കനത്ത നിരാശയായി. ഇതിനൊപ്പം സംസ്ഥാന സർക്കാർ വലിയ പ്രാധാന്യം നൽകുന്ന അതിവേഗ റെയില്‍ പദ്ധതിക്ക് കേന്ദ്രാനുമതിയും റെയിൽവേ വികസനത്തിനായുള്ള പ്രത്യേക പാക്കേജും കേരളം പ്രതീക്ഷിച്ചിരുന്നെങ്കിലും അത്തരം പ്രഖ്യാപനങ്ങളൊന്നും ധനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഏഴു അതിവേഗ റെയില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ കേരളമില്ലാത്തതിനാല്‍ കേരള എംപിമാര്‍ ബഹളം വച്ചു.
വിഴിഞ്ഞം തുറമുഖം ട്രാൻസ്ഷിപ്പ്മെന്‍റ് ഹബ്ബായി മാറിയ സാഹചര്യത്തിലും രണ്ടാംഘട്ട നിര്‍മാണ ആംരഭിച്ച ഘട്ടത്തിലും ലോജിസ്റ്റിക് പാർക്കുകൾക്കും ഇൻഡസ്ട്രിയൽ കോറിഡോറുകൾക്കുമായി വലിയ പ്രഖ്യാപനങ്ങളും കേരളം പ്രതീക്ഷിച്ചെങ്കിലും വിഴിഞ്ഞം എന്നത് ബജറ്റില്‍ പരാമര്‍ശിക്കപ്പെട്ടതുപോലുമില്ല.
സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി ഉയർത്തണമെന്ന ആവശ്യവും ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക തീർപ്പാക്കണമെന്ന നിർദ്ദേശവും കേരളം മുന്നോട്ടു വച്ചിരുന്നു. റബ്ബർ കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കണമെന്നതും ശബരി റെയിൽ പാതയ്ക്കായി കൂടുതൽ ഫണ്ട് അനുവദിക്കണമെന്നതും പ്രവാസികളുടെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് വേണമെന്നുമുള്ള ആവശ്യങ്ങളിലും ഒരു പ്രഖ്യാപനവുമുണ്ടായില്ല.
പ്രതീക്ഷിച്ച വലിയ പദ്ധതികളിൽ നിരാശ നേരിട്ടപ്പോഴും ചില മേഖലകളിൽ കേരളത്തിന് ചെറിയ നേട്ടമുണ്ടായി. ധാതുമണൽ ഖനനത്തിനായി നാലു സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന അപൂർവ ധാതു ഇടനാഴി (Rare Earth Corridor) പ്രഖ്യാപിച്ചത് സംസ്ഥാനത്തിന് ഗുണകരമാകും. തെങ്ങ് കൃഷിക്കും നാളികേര ഉൽപ്പന്നങ്ങളുടെ വിപണനത്തിനുമായി പ്രത്യേക പദ്ധതികൾ ബജറ്റിൽ ഇടംപിടിച്ചത് കർഷകർക്ക് ചെറിയ ആശ്വാസമാണ്. പരിസ്ഥിതി മേഖലയിൽ കേരളത്തിൽ പുതിയ കടലാമ സംരക്ഷണ കേന്ദ്രം സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ആയുർവേദ ചികിത്സാ രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളും മാത്രമാണ് കേരളത്തിന് കൂടുതലാണ് ലഭിച്ചത്. എയിംസ് മോഡലില്‍ മൂന്നു ആയുര്‍വേദ സെന്‍ററുകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും കേരളത്തിന് സാധ്യത നല്‍കുന്നതാണ്. കൂടാതെ കൈത്തറി വസ്ത്രങ്ങളുടെ ഉൽപ്പാദനവും വിപണനവും ലക്ഷ്യമിട്ടുള്ള സഹായങ്ങളും ബജറ്റിലുണ്ട്.
കൊച്ചി മെട്രോ രണ്ടാം ഘട്ട വികസനത്തിനാവശ്യമായ തുകയും മറ്റ് പശ്ചാത്തല സൗകര്യ വികസനത്തിനുള്ള ഗ്രാൻഡുകളും ലഭ്യമാകുമെന്ന് കരുതിയിരുന്നെങ്കിലും മുൻഗണനാക്രമത്തിൽ കേരളത്തിന്‍റെ പല പ്രധാന ആവശ്യങ്ങളും തഴയപ്പെട്ടു എന്നതാണ് പൊതുവായ വിലയിരുത്തൽ. ചുരുക്കത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിലും സാമ്പത്തിക സഹായത്തിലും കേരളത്തിന് നിരാശ നൽകുന്നതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്.
ബജറ്റ് സുതാര്യമല്ലെന്ന് കോണ്‍ഗ്രസ്
ബജറ്റ് ശോഭയില്ലാത്തതാണെന്ന് കോൺഗ്രസിൻ്റെ പ്രതികരണം. “രേഖകൾ വിശദമായി പഠിക്കേണ്ടതുണ്ടെങ്കിലും, 90 മിനിറ്റിന് ശേഷം ബജറ്റ് 2026/27 അതിനെക്കുറിച്ച് നൽകിയ വലിയ പ്രതീക്ഷകൾക്ക് ഒട്ടും ഒപ്പമെത്തിയില്ല എന്നത് വ്യക്തമാണ്. ഇത് തികച്ചും ശോഭയില്ലാത്ത ഒന്നായിരുന്നു. പ്രധാന പദ്ധതികൾക്കുള്ള ബജറ്റ് വിഹിതത്തെക്കുറിച്ച് യാതൊരു ധാരണയും നൽകാത്തതിനാൽ പ്രസംഗം സുതാര്യമല്ലായിരുന്നു.” കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്സിലെ പോസ്റ്റിൽ കുറിച്ചു.
കേരളത്തോട് കടുത്ത അവഗണന-പി രാജീവ്
കേന്ദ്ര ബജറ്റിൽ കേരളത്തോട് കടുത്ത അവഗണനയാണ് കാണിച്ചിരിക്കുന്നതെന്നും സംസ്ഥാനത്തോട് തികഞ്ഞ അവഗണന തുടരുന്നുവെന്നാണ് മനസിലാക്കാൻ സാധിക്കുന്നതെന്നും മന്ത്രി പി രാജീവ്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം കേന്ദ്ര ബജറ്റിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾ പാടെ തള്ളിക്കളഞ്ഞ സമീപനമാണ് ബജറ്റിലുള്ളതെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.
രണ്ട് ദിവസം മുൻപ് തിരുവനന്തപുരത്ത് വച്ച് മാധ്യമങ്ങളെ കണ്ടപ്പോൾ താൻ ഇക്കാര്യം സൂചിപ്പിച്ചിരുന്നുവെന്ന് മന്ത്രി ഓർമിപ്പിച്ചു. കേന്ദ്രം ഒരു അതിവേഗ റെയിൽ കൊണ്ടുവരുന്നുവെന്നും ഇ ശ്രീധരനെപ്പോലെയുള്ള ഒരാളാണ് ഇതിൻ്റെ ചുമതല വഹിക്കുന്നതെങ്കിൽ അതിനെതിരെ കേരളം നിൽക്കേണ്ടതുണ്ടോ എന്ന ചോദ്യം അന്ന് ഉയർന്നിരുന്നു. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ വേഗതയുള്ള സംവിധാനം വേണമെന്ന് സ്വാഗതം ചെയ്തിരുന്നു. ബജറ്റ് വരുന്നതിന് തൊട്ടുമുമ്പ് എല്ലാവരും പറഞ്ഞിരുന്നത് പോലെ ഔദ്യോഗികമായി ഒരു അതിവേഗ റെയിൽ ഇടനാഴി കേരളത്തിന് ലഭിക്കുമെന്നും ഇതിൻ്റെ സ്പെഷ്യൽ ഓഫിസറായി ഇ ശ്രീധരനെ ചുമതലപ്പെടുത്തുമെന്നും കരുതിയിരുന്നു. അങ്ങനെ വന്നാൽ പൂർണമായും സർക്കാർ അതിനൊപ്പം നിൽക്കുമെന്നും അറിയിച്ചിരുന്നു.
എന്നാൽ അത്തരം ഒരു പ്രഖ്യാപനം ഉണ്ടായില്ലെന്ന് മാത്രമല്ല ഏഴ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടും ഇത്തരമൊരു പദ്ധതിയുമായി ആദ്യം മുന്നോട്ട് വന്ന സംസ്ഥാനമായിട്ടും കേരളത്തെ പരിഗണിച്ചില്ല എന്നത് കടുത്ത വിവേചനമാണ്. സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് അതിവേഗ റെയിൽ സംവിധാനം എന്ന നിർദേശം കേന്ദ്രത്തിന് നൽകിയിരുന്നുവെങ്കിലും അതിന് അംഗീകാരം നൽകിയില്ല. ഇപ്പോൾ കേന്ദ്രം നേരിട്ട് പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും കേരളത്തെ അതിൽ ഉൾപ്പെടുത്താതിരിക്കുന്നത് പ്രതിഷേധാർഹമാണ്.
എയിംസിൻ്റെ കാര്യത്തിലും സമാനമായ അവഗണനയാണ് ഉണ്ടായത്. എയിംസിനായി സ്ഥലം ഏറ്റെടുത്ത് നൽകാൻ കേന്ദ്രം ആവശ്യപ്പെട്ടപ്പോൾ ആദ്യം മൂന്ന് സ്ഥലങ്ങളുടെ പട്ടികയും പിന്നീട് ഒരു സ്ഥലമാക്കി ചുരുക്കി നൽകാനും സംസ്ഥാനം തയാറായി. കിനാലൂരിൽ വ്യവസായ വകുപ്പിൻ്റെ കൈവശമുണ്ടായിരുന്ന വലിയ ഡിമാൻഡ് ഉള്ള സ്ഥലം പോലും ആരോഗ്യ വകുപ്പിന് കൈമാറി. ഉടമസ്ഥാവകാശം ഉൾപ്പെടെ ഉറപ്പ് വരുത്തിയിട്ടും രാജ്യത്ത് പലയിടത്തും എയിംസുകൾ പ്രഖ്യാപിക്കുമ്പോൾ കേരളത്തിന് മാത്രം എയിംസ് നിഷേധിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നികുതി വിഹിതത്തിൽ കേരളത്തിന് അർഹമായ പങ്കാളിത്തം ലഭിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല.
ധാതുക്കൾക്കായി ഒരു ഇടനാഴി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇത് കേരളത്തിലെ ധാതുക്കൾ പുറത്തേക്ക് കൊണ്ടുപോകാനുള്ള നീക്കമാണോ എന്ന് സംശയിക്കേണ്ടതുണ്ട്. സംസ്ഥാനത്തിന് ധാതുക്കളുടെ മേലുള്ള അധികാരം ദുർബലപ്പെടുത്തുന്ന ഭേദഗതികൾ വരുന്നുണ്ട്. ധാതുക്കളുടെ ലേലം ഉൾപ്പെടെ കേന്ദ്രത്തിന് നേരിട്ട് നടത്താനുള്ള നീക്കമാണ് നടക്കുന്നത്. സംസ്ഥാനത്തിൻ്റെ നിയന്ത്രണത്തിലുള്ള ധാതുക്കൾ എടുക്കാനാണോ ഈ നീക്കം എന്ന് പരിശോധിക്കേണ്ടതുണ്ട്. കേരളത്തിലെ ധാതു സമ്പത്ത് ഉപയോഗിച്ച് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാനുള്ള പുതിയ പദ്ധതി സംസ്ഥാനം പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തിൽ പരിശോധിക്കുമ്പോൾ സംസ്ഥാനത്തോട് കൊടും ക്രൂരതയും അവഗണനയുമാണ് കേന്ദ്ര ബജറ്റിൽ കാണിച്ചിരിക്കുന്നതെന്ന് മന്ത്രി പി രാജീവ് തൻ്റെ പ്രതികരണത്തിൽ വ്യക്തമാക്കി.


