Thursday, April 16, 2026
Thursday, April 16, 2026
Homelifestyleഹിറ്റ് മേക്കർക്ക് വിട

ഹിറ്റ് മേക്കർക്ക് വിട

Published on

മോഹൻലാലിനെ സൂപ്പർതാര പദവിയിലേക്ക് ഉയർത്തിയ തമ്പി കണ്ണന്താനത്തിന്റെ 1986ൽ പുറത്തിറങ്ങിയ ‘രാജാവിന്റെ മകൻ’ എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം. കര്‍ണ്ണാടക സംഗീതത്തിലും പാശ്ചാത്യ സംഗീതത്തിലും ഒരു പോലെ പാണ്ഡിത്യം. ഒരിക്കൽ ചെയ്ത പാട്ട് പിന്നീട് കേൾക്കാറില്ല ഈ സംഗീത സംവിധായകൻ. മലയാള സിനിമയിലെ പോലെ മറ്റൊരു ഭാഷകളിലും ശോഭിക്കാൻ കഴിയാത്ത പ്രതിഭ. മലയാളത്തിലും തമിഴിലും കന്നടയിലുമായി 150 ലധികം ഗാനങ്ങൾക്ക് ഈണമിട്ടയാൾ. ചലച്ചിത്രഗാനങ്ങൾ മാത്രമല്ല, പശ്ചാത്തല സംഗീതവും ചെയ്തിരുന്നയാൾ. 700ലധികം സിനിമകളുടെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട് ഈ സംഗീതജ്ഞൻ. വെസ്റ്റേൺ സംഗീതത്തിന്റെ സ്വാധീനമുള്ള ഗാനങ്ങളുടെ ഉടമ. സംഗീതോപകരണങ്ങള്‍ കൊണ്ട് മായാജാലം തീർക്കുന്ന ഓര്‍ക്കസ്‌ട്രേഷനിലെ പ്രതിഭ. മറ്റു സംഗീത സംവിധായകര്‍ പാട്ടുകള്‍ ചിട്ടപ്പെടുത്തിയ സിനിമകളില്‍ പോലും ഓര്‍ക്കസ്‌ട്രേഷൻ ചെയ്തു. മലയാളത്തില്‍ ജോണ്‍സനു ശേഷം പശ്ചാത്തലസംഗീതത്തില്‍ കസറി. ബേണി ഇഗ്നേഷ്യസ് ഈണമിട്ട ‘ചന്ദ്രലേഖ’ എന്ന സിനിമയില്‍ പോലും പശ്ചാത്തലസംഗീതം ചെയ്തു. പ്രിയദർശന്റെ ‘മുസ്‌കുരാഹത്ത്’, ‘ഹംഗാമ’, ‘വിരാസത്’, ‘ഗര്‍ദ്ദിഷ്’ എന്നിങ്ങനെ ബോളിവുഡ് സിനിമകളിലും പശ്ചാത്തല സംഗീതമൊരുക്കി.
ചെന്നൈയിലെ വസതിയിൽ ഇന്ന് (ഫെബ്രുവരി 3) രാവിലെ ആയിരുന്നു തൊണ്ണൂറുകളിലെ മലയാള സിനിമ സംഗീതത്തിന്‍റെ മുഖച്ഛായയായിരുന്ന സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് (70 വയസ്സ്) വിടപറഞ്ഞത്. കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യപരമായ പ്രശ്നങ്ങളാൽ വിശ്രമത്തിൽ ആയിരുന്നു. സപ്തതി പിന്നിട്ട് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് വിടപറയൽ. അദ്ദേഹം ഏറ്റവും കൂടുതൽ ഈണമിട്ടിട്ടുള്ളത് മലയാള സിനിമയിലാണ്. തമിഴ് പശ്ചാത്തലത്തിലും മലയാളിത്തം തുളുമ്പുന്ന പാട്ടുകൾക്ക് പഞ്ഞമുണ്ടായിരുന്നില്ല. 1968 മുതൽ വിവിധ ഭാഷകളിലെ സിനിമകളിലെ ഓര്‍ക്കസ്ട്രയിൽ അദ്ദേഹം ഭാഗമായിരുന്നു. പിന്നീട് 71ൽ സംഗീതസംവിധായകൻ വിജയഭാസ്കറിനൊപ്പമാണ് സിനിമയിലേക്ക് എത്തുന്നത്. 80കളുടെ തുടക്കത്തിലാണ് സ്വതന്ത്ര സംഗീത സംവിധായകനായി എസ് പി വെങ്കിടേഷ് മാറുന്നത്. 83ലാണ് മലയാള സിനിമയിലേക്ക് എത്തുന്നത്.
ഓര്‍ക്കസ്‌ട്രേഷനിലും കണ്ടക്ടിങ്ങിലും ഈണങ്ങളിലും അതുല്യനായ മറ്റു പലര്‍ക്ക് വേണ്ടിയും പാട്ടുകള്‍ ചിട്ടപ്പെടുത്തി നൽകുന്നതിൽ പിശുക്ക് കാട്ടാത്ത വെങ്കിടേഷ് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിന്റെ കണ്ണിലും മനസ്സിലും പതിഞ്ഞു. അങ്ങനെ സംവിധായകന്‍ തമ്പി കണ്ണന്താനത്തോട് വെങ്കടേഷിനെക്കുറിച്ച് ഡെന്നീസ് ജോസഫ് പറഞ്ഞു. മമ്മൂട്ടിയുടെ ഡേറ്റ് കിട്ടാത്ത വാശിക്ക് അന്ന് തുടക്കക്കാരനായ മോഹന്‍ലാലിനെ നായകനാക്കി ‘രാജാവിന്റെ മകന്‍’ എന്ന ആക്ഷൻ ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയായിരുന്നു തമ്പി. തന്റെ പേരിലുളള റബര്‍തോട്ടവും കാറും വരെ വിറ്റ് പടം നിർമിക്കുന്നതും അദ്ദേഹം തന്നെ. നായകന്റെ കാര്യത്തിലെന്ന പോലെ മ്യൂസിക്ക് ഡയറക്ടറുടെ കാര്യത്തിലും പരീക്ഷണത്തിന് തമ്പി തയ്യാറായി. അങ്ങനെ എസ്.പി വെങ്കിടേഷ് എന്ന സംഗീതസംവിധായകൻ ഹിറ്റ് ഗാനങ്ങളിലൂടെ മലയാളത്തിൽ കസേര വലിച്ചിട്ടിരുന്നു. പിന്നീട് തമ്പിയുടെ എല്ലാ പടത്തിലും സംഗീതം ചെയ്തു. പിന്നെ പ്രിയദര്‍ശന്റെ കിലുക്കത്തിലൂടെ ഹിറ്റുകളുടെ തോഴനായി.
ഒരിക്കൽ തമ്പി കണ്ണന്താനത്തിന്റെ വീട്ടിൽ വച്ച് സംവിധായകൻ ഭദ്രനെ പരിചയപ്പെടാനിടയായി. അപ്പോൾ സ്‌ഫടികം എന്ന ചിത്രത്തിൽ വർക്ക് ചെയ്യാനുള്ള അവസരം ചോദിച്ചു വാങ്ങുകയായിരുന്നു.
രവീന്ദ്രൻ മാസ്റ്ററും കണ്ണൂർ രാജനും ഒക്കെയാണ് തന്നിലെ സംഗീത സംവിധായകനെ സൃഷ്ടിച്ചെടുത്തതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സലിൽ ചൗധരിയുടെ സഹായിയായി സിനിമ രംഗത്തേക്ക് വന്നു. പിന്നെ രവീന്ദ്രൻ മാസ്റ്റർ, കണ്ണൂർ രാജൻ, ശ്യാം എന്നിവരുടെ സഹായിയായി ചലച്ചിത്ര മേഖലയിൽ സജീവമായി. സഹായിയായി നില്‍ക്കുന്ന കാലത്ത് തന്നെ വെങ്കിടേഷിന്റെ കഴിവുകള്‍ പലരും ശ്രദ്ധിച്ചിരുന്നെങ്കിലൂം അറിയപ്പെടുന്നവരെ മറികടന്ന് പുതിയവര്‍ക്ക് അവസരങ്ങള്‍ കിട്ടാൻ പാടായിരുന്നു. എന്നിട്ടും ആ പരിമിതികളെ മറികടന്ന് പ്രതിഭയുടെ സംഗീതം ലോകത്തെ കേൾപ്പിച്ചു.
അർദ്ധരാത്രിയിൽ ഐസ്ക്രീം കഴിക്കുന്ന എസ് പി ബാലസുബ്രഹ്മണ്യമാണ് അദ്ഭുതപ്പെടുത്തിയ ഗായകൻ. പല ഭാഷകളിലായി വെങ്കിടേഷിന്റെ സംഗീതത്തിൽ കൂടുതൽ പാട്ടുകൾപാടിയ ഗായകൻ എസ് പി ബി ആയിരുന്നു. രാജാവിൻ്റെ മകൻ, ദേവാസുരം, ഹിറ്റ്‌ലർ, കിലുക്കം, മിന്നാരം, സ്ഫടികം, ഇന്ദ്രജാലം, ജോണി വാക്കർ, കൗരവർ, നാടോടി, ധ്രുവം, ഗാന്ധർവ്വം, പൈതൃകം, സോപാനം തുടങ്ങിയ ഒട്ടനവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ ഗാനങ്ങൾക്ക് അദ്ദേഹം ഈണം നൽകി.
പൈതൃകം എന്ന ചിത്രത്തിലൂടെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. തമിഴ്‌നാട്ടുകാരനായ മാന്‍ഡലിന്‍ വാദകനായ പഴനിയുടെ പുത്രനായിരുന്നു വെങ്കിടേഷിന് സംഗീതം പാരമ്പര്യസിദ്ധിയായിരുന്നു. കുഞ്ഞുനാളിലേ ഉപകരണ സംഗീതം പഠിച്ച വെങ്കടേഷ് ഗിത്താര്‍, മാന്‍ഡലിന്‍, ബാഞ്ചോ എന്നിവ വായിച്ചിരുന്നു.
പലരും വയലിനിലോ കീബോർഡിലോ ഹാർമേണിയത്തിലോ പാട്ടുകൾ ചിട്ടപ്പെടുത്തുമ്പോൾ, ​ഗിത്താറിലായിരുന്നു എസ് പി വെങ്കിടേഷിന്റെ ​കംപോസി​ഗ്. ​ഗിത്താറിൽ മികച്ച പ്രതിഭയായിരുന്നു. പല പാട്ടുകളിലും മൃദം​ഗവും ഡ്രംസും ​ഗിത്താറും വയലിനും മാത്രം പ്രധാന ഉപകരണങ്ങളാകുന്നത് നമുക്ക് തിരിച്ചറിയാനാകും. എന്നാൽ ഈ പ്രധാനപ്പെട്ട സം​ഗീത ഉപകരണങ്ങളെ എപ്പോഴും തന്റെ പാട്ടുകൾക്കായി കൂട്ടുപിടിച്ചു.
സം​ഗീത ഉപകരണങ്ങളുടെ വൻ സമ്മേളനങ്ങളൊന്നുമുണ്ടായില്ലെങ്കിലും അദ്ദേഹത്തിന്റെ കംപോസിം​ഗിൽ ഓരോ പാട്ടും പുതിയതായി. ഓരോ ശബ്ദവും പുതിയതായി. സിനിമയുമായി കൃത്യതയോടെ ഒത്തുപോകുന്ന വിധത്തിൽ ​ഗ്രാമീണതയും അടിച്ചുപൊളിയും ഫാസ്റ്റ് നമ്പറുമൊക്കെ ഒരുക്കിയപ്പോൾ അതൊക്കെ ദൃശ്യവത്കരിക്കാൻ സംവിധായകന് അധികം പണിപ്പെടേണ്ടി വന്നില്ല. അങ്ങനെ
കൗരവരും ധ്രുവവും സ്ഫടികവും രാജാവിന്റെ മകനും ജോണിവാക്കറും കിലുക്കവും ഇന്ദ്രജാലവുമടക്കം മുഴുവൻ സിനിമകളുടെ പാട്ടുകളും ദൃശ്യമികവിന്റെ കൂടി ​ഗാനങ്ങളായി. പ്രാ‌യിക്കര പാപ്പാൻ എന്ന മുരളി നായകനായ ചിത്രത്തിൽ നടൻ ജ​ഗദീഷിന് പാടാനവസരവും അദ്ദേഹം നൽകി. വെങ്കിടേഷിന്റെ ഹിറ്റ് ലിസ്റ്റിൽ കൊക്കും പൂഞ്ചിറകുമെന്ന ​ഗാനവും ഇടം പിടിച്ചു.
ടിവി ചാനലുകളിൽ നിരന്തരം സംപ്രേക്ഷണം ചെയ്ത സിനികളിലൂടെയായിരിക്കും ഒരുപക്ഷെ എസ് പി വെങ്കിടേഷിന്റെ പാട്ടുകളുമായി നാം കൂടുതൽ അടുത്തിട്ടുണ്ടാവുക. സ്ഫടികത്തിലെ പി ഭാസ്കരൻ മാഷ് എഴുതിയ ‘ഓർമകൾ ഓർമകൾ ഓടക്കുഴലൂതി’ എന്ന വരികൾക്ക് വെങ്കിടേഷ് സം​ഗീതം നൽകിയപ്പോൾ എക്കാലത്തേയും മികച്ച ​നൊസ്റ്റാൾജിക് ​ഗാനമാകുകയായിരുന്നു. അങ്ങനെ എത്രയോ പാട്ടുകൾ. സിനിമ ഹിറ്റാകാതിരുന്നപ്പോഴും, ഇന്നും നാം ഹൃദയത്തിൽ സൂക്ഷിച്ച നിരവധി ​ഗാനങ്ങൾ അദ്ദേഹത്തിന്റേതായി പിറന്നു.
ഒന്നുരിയാടാൻ കൊതിയായി.. കാണാൻ കൊതിയായി (സൗഭാ​ഗ്യം), നീലക്കണ്ണാ നിന്നെ കണ്ടു (വെണ്ടർഡാനിയൽ) എന്നീ പാട്ടുകൾ ഉദാഹരണം.
അതേസമയം മലയാളികളുടെ ഹൃദയം കീഴടക്കിയ നൂറുകണക്കിന് പാട്ടുകളാണ്‌ അദ്ദേഹം നമുക്കായ് തന്നത്. നിലാവേ മായുമോ (മിന്നാരം) എന്ന ​പാട്ട് കാലത്തെ അതിജീവിച്ച് മികച്ച ശോക​ഗാനമാകുമ്പോൾ, ഒരുവല്ലം പൊന്നും പൂവും മലയാളത്തിലെ മികച്ച ക്യാമ്പസ് ഫാസ്റ്റ് നമ്പറായി. മുത്തുമണി തൂവൽ തരാം, മഞ്ഞിൽ പൂത്ത സന്ധ്യേ (മിന്നാമിനുങ്ങിനും മിന്നുകെട്ട്), തെന്നൽ വന്നതും, കാബൂളിവാലാ നാടോടി, പുത്തൻപുതുക്കാലം (കാബൂളിവാലാ), മോഹിക്കും നീർമിഴിയോടെ (മാന്ത്രികം), പരുമല ചെരുവിലെ (സ്ഫടികം) അങ്ങനെ ഹിറ്റുകളുടെ ഒരു നിര തന്നെ അദ്ദേഹം തീർത്തു.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...