Monday, March 2, 2026
Monday, March 2, 2026
Homeviralനടപടികൾ വെട്ടിച്ചുരുക്കി നിയമസഭ; രംഗം നാടകീയം

നടപടികൾ വെട്ടിച്ചുരുക്കി നിയമസഭ; രംഗം നാടകീയം

Published on

നാടകീയ രംഗങ്ങൾക്കൊടുവിൽ നിയമസഭാ സമ്മേളനം പിരിഞ്ഞു. സഭാനടപടികൾ വെട്ടിച്ചുരുക്കി സഭ പിരിഞ്ഞതിന് പിന്നാലെ ഭരണപക്ഷ അംഗങ്ങളും മുദ്രാവാക്യം വിളിച്ച് പ്രകടനമായാണ് സഭയിൽ നിന്ന് പുറത്തേക്ക് വന്നത്. പ്രതിപക്ഷത്തിൻ്റെ പ്രതിഷേധത്തിന് മറുപടിയെന്നോണമാണ് ഭരണപക്ഷവും മുദ്രാവാക്യം മുഴക്കി പുറത്തിറങ്ങിയത്.

ശബരിമല വിഷയത്തിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സഭയിൽ കാട്ടിക്കൂട്ടുന്നത് കോപ്രായങ്ങളാണെന്നും ആരോപിച്ചായിരുന്നു ഭരണപക്ഷത്തിൻ്റെ പ്രകടനം. നേരത്തെ സഭയ്ക്കുള്ളിൽ പ്രതിപക്ഷം പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിഷേധിച്ചിരുന്നു. ഇതിനു മറുപടിയായാണ് സഭ പിരിഞ്ഞയുടൻ ഭരണപക്ഷ എംഎൽഎമാർ ഒന്നടങ്കം എഴുന്നേറ്റ് മുദ്രാവാക്യം വിളിച്ച് പുറത്തേക്ക് നീങ്ങിയത്.

ചോദ്യോത്തരവേള റദ്ദാക്കുകയും മറ്റ് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്ത ശേഷമാണ് സ്പീക്കർ സഭ പിരിയുന്നതായി പ്രഖ്യാപിച്ചത്. ഇതോടെ നിയമസഭാ സമ്മേളനത്തിൻ്റെ ഈ ഘട്ടം പൂർത്തിയായി. സഭയ്ക്കുള്ളിലെ പ്രതിഷേധം അവസാനിപ്പിച്ച് പ്രതിപക്ഷം സഭാ കവാടത്തിൽ സത്യഗ്രഹം തുടരുന്നതിനിടെയാണ് ഭരണപക്ഷവും മുദ്രാവാക്യങ്ങളുമായി പുറത്തെത്തിയത്. ഇതോടെ നിയമസഭാ മന്ദിരം ഭരണ-പ്രതിപക്ഷ പോരിന് വേദിയായി.

നിയമസഭാ സമ്മേളനത്തിൻ്റെ ഒന്നാം ഘട്ടം അവസാനിക്കുന്ന ഇന്ന് പ്രതിപക്ഷം സഭയിലേക്ക് എത്തിയത് പ്രകടനമായാണ്. സാധാരണ ഗതിയിൽ അംഗങ്ങൾ സീറ്റുകളിൽ ഇരിക്കാറാണ് പതിവെങ്കിൽ ഇത്തവണ സഭാ കവാടം മുതൽ മുദ്രാവാക്യം വിളിച്ചാണ് അവർ അകത്തേക്ക് പ്രവേശിച്ചത്. സഭയുടെ ചരിത്രത്തിൽ തന്നെ ഇത് അപൂർവ സംഭവമാണ്. അയ്യപ്പൻ്റെ സ്വർണം കട്ടവർക്ക് ജാമ്യം നൽകിയ സർക്കാർ രാജി വയ്ക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ സഭയിൽ മുഴങ്ങി. സഭ തുടങ്ങിയ ഉടൻ തന്നെ സ്പീക്കറുടെ ഡയസിന് മുന്നിലെത്തി പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു. ഇതോടെ സഭാനടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമുണ്ടായി. ബഹളം രൂക്ഷമായതോടെ ചോദ്യോത്തരവേള റദ്ദാക്കുന്നതായി സ്പീക്കർ അറിയിച്ചു.

ഹൈക്കോടതിയിൽ

ശബരിമല വിഷയത്തിൽ ഹൈക്കോടതിയുടെ നിർദേശങ്ങൾ പൂർണമായും അംഗീകരിച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ പറഞ്ഞു. ശബരിമലയിലെ സ്വർണപ്പാളി വിഷയവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിച്ചത് ഹൈക്കോടതിയാണെന്നും ആ സംഘത്തിലെ ഉദ്യോഗസ്ഥരെ പോലും നിർദേശിച്ചത് കോടതി തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ കാര്യങ്ങളും സത്യസന്ധമായി അന്വേഷിക്കാൻ കഴിവുള്ള ഉദ്യോഗസ്ഥരെയാണ് എസ്‌ഐടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അവരുടെ അന്വേഷണത്തിൽ കോടതി സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഹൈക്കോടതിയുടെ നിരീക്ഷണങ്ങളെ പോലും മുഖവിലക്കെടുക്കാതെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അപകീർത്തിപ്പെടുത്താനാണ് പ്രതിപക്ഷത്തിൻ്റെ നീക്കമെന്നും ടിപി രാമകൃഷ്ണൻ കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവ് ആവർത്തിച്ച് കള്ളങ്ങൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും എവിടെ നിന്നോ ലഭിക്കുന്ന ഉപദേശങ്ങളുടെ അടിസ്ഥാനത്തിൽ യാഥാർഥ്യത്തിന് നിരക്കാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് സർക്കാരിൻ്റെ ഭരണാനുഭവങ്ങൾ ജനങ്ങൾക്ക് മുന്നിലുണ്ട്.

ശബരിമല സ്വർണപ്പാളി വിഷയത്തിൽ ഒരു തരി സ്വർണം പോലും നഷ്ടപ്പെടാൻ അനുവദിക്കില്ലെന്നും എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് വീണ്ടെടുക്കാനുള്ള അന്വേഷണ നടപടികൾക്ക് സർക്കാർ പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. കുറ്റക്കാർക്ക് സംരക്ഷണമില്ലെന്നും ജനങ്ങളുമായി കൂടുതൽ സംവദിക്കാനും ആശയവിനിമയം നടത്താനും ലക്ഷ്യമിട്ട് എൽഡിഎഫിൻ്റെ മൂന്ന് പ്രചാരണ ജാഥകൾ സംസ്ഥാനത്ത് പര്യടനം നടത്തുന്നുണ്ടെന്നും 16-ാം തീയതിയോടെ ഇവ സമാപിക്കുമെന്നും ടിപി രാമകൃഷ്ണൻ അറിയിച്ചു.

ഉത്തരവാദി കോൺഗ്രസ്’

പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങൾക്കെതിരെ ശക്തമായ മറുപടിയുമായി മന്ത്രി എംബി രാജേഷ് രംഗത്തെത്തി. പ്രതിപക്ഷ നേതാവും പ്രതിപക്ഷവും കണ്ണടച്ചാൽ അവർക്ക് മാത്രമേ ഇരുട്ടാവുകയുള്ളൂവെന്നും ലോകത്തിനാകെ ഇരുട്ടാവില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് അന്വേഷണത്തിൽ പൂർണ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും നിസാര വിഷയങ്ങൾ ഉന്നയിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് നല്ല പ്രവണതയല്ലെന്ന് കോടതി വ്യക്തമാക്കിയതായും മന്ത്രി ചൂണ്ടിക്കാട്ടി. സ്വാഭാവിക ജാമ്യം ലഭിച്ചതുകൊണ്ട് ഒരു പ്രതിയും രക്ഷപ്പെടില്ലെന്നും ധൃതിപിടിച്ച് കുറ്റപത്രം സമർപ്പിച്ചാൽ വിചാരണ വേളയിൽ പ്രതികൾ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചതായി അദ്ദേഹം സഭയിൽ പറഞ്ഞു.

അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ട് പോയാൽ ഉണ്ണികൃഷ്ണൻ പോറ്റിയിൽ മാത്രം നിൽക്കില്ലെന്നും അദ്ദേഹം ബന്ധപ്പെട്ട ഇടങ്ങളിലേക്കും അന്വേഷണം നീളുമെന്നും മന്ത്രി പറഞ്ഞു. കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡൻ്റായിരുന്ന കാലത്താണ് പോറ്റിയെ നിയമിച്ചതെന്നും അതിന് ഉത്തരവാദികളായവർ കോൺഗ്രസുകാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അന്വേഷണം മുന്നോട്ട് പോയാൽ തങ്ങളുടെ നേതാക്കളിലേക്കും എത്തുമെന്ന ഭയമാണ് പ്രതിപക്ഷത്തെ ഇത്തരം കോപ്രായങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. വിഷയദാരിദ്ര്യം മൂലമാണ് പ്രതിപക്ഷം ഇത്തരം നാടകങ്ങൾ കളിക്കുന്നത്. വികെഎന്നിൻ്റെ ഫുട്ബോൾ കഥയെ ഉദാഹരണമായി ചൂണ്ടിക്കാട്ടി സ്വന്തം പോസ്റ്റിൽ ഗോളുകൾ നിറയുമ്പോൾ ഓടിപ്പോകുന്ന പാലപ്പുറം ടോർപിഡോസിനെപ്പോലെയാണ് പ്രതിപക്ഷമെന്നും മന്ത്രി എംബി രാജേഷ് പരിഹസിച്ചു.

അന്വേഷണം അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം

ശബരിമല സ്വർണ മോഷണക്കേസിലെ അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ളവർക്ക് 90 ദിവസം കഴിഞ്ഞിട്ടും പ്രാഥമിക കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്റ്റാറ്റ്യൂട്ടറി ജാമ്യം ലഭിച്ച സാഹചര്യം പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയിൽ ഉന്നയിച്ചു. എസ്‌ഐടിക്ക് കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്തത് ഗുരുതരമായ വീഴ്ചയാണ്. തൊണ്ണൂറു ദിവസം പിന്നിട്ടിട്ടും ദ്വാരപാലക വിഗ്രഹം വിറ്റത് ഒരു കോടീശ്വരനാണെന്ന് കോടതി തന്നെ പറഞ്ഞിട്ടും ആ തൊണ്ടിമുതൽ പോലും കണ്ടെടുക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതികൾ പുറത്തിറങ്ങുന്നതോടെ തെളിവുകൾ മുഴുവൻ നശിപ്പിക്കപ്പെടുമെന്നും ശബരിമല സ്വർണ കവർച്ച എന്ന കേസ് തന്നെ ഇല്ലാതായി മാറുമെന്നും പ്രതിപക്ഷ നേതാവ് ആശങ്ക രേഖപ്പെടുത്തി.

അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ട് പോയാൽ സിപിഎമ്മിലെ പല പ്രധാനപ്പെട്ട നേതാക്കളും ജയിലിലാകുമെന്ന ഭയമാണ് അന്വേഷണം അട്ടിമറിക്കാൻ കാരണമെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം പ്രതിപക്ഷ അംഗങ്ങൾ ഡയസിലേക്ക് കയറിയത് വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥർ ബലമായി പിടിച്ചുവാങ്ങിയ ബാനർ തിരികെ വാങ്ങാൻ വേണ്ടി മാത്രമായിരുന്നുവെന്നും സമാധാനപരമായാണ് തങ്ങൾ സമരം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനവും വിഡി സതീശൻ ഉന്നയിച്ചു. മന്ത്രിമാർ നിലവാരം കുറഞ്ഞ പ്രയോഗങ്ങളാണ് നടത്തുന്നതെന്നും ‘ബിലോ ദി ബെൽറ്റ്’ ആക്രമണമാണ് പ്രതിപക്ഷത്തിന് നേരെ ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. നാക്കുപിഴയെ പരിഹസിച്ചുകൊണ്ട് സമനില തെറ്റിയെന്നും ഭ്രാന്താണെന്നും വരെ മന്ത്രിമാർ വിളിച്ചുപറയുന്നു. ചോദ്യോത്തരവേളയിൽ മറുപടി പറയുന്നതിന് പകരം മൈക്ക് കിട്ടിയ അവസരം ഉപയോഗിച്ച് പ്രതിപക്ഷത്തെ ആക്ഷേപിക്കാൻ സ്പീക്കർ മന്ത്രിമാർക്ക് ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കറുടെ വിമർശനം

പ്രതിപക്ഷത്തിൻ്റെ നടപടികളെയും സഭയിലെ പെരുമാറ്റത്തെയും സ്പീക്കർ നിശിതമായി വിമർശിച്ചു. ബാനർ പിടിക്കാനെന്ന വ്യാജേന ഡയസിലേക്ക് അംഗങ്ങൾ ഇരച്ചുകയറിയത് ജനാധിപത്യത്തിന് ഭൂഷണമല്ല. സെക്രട്ടേറിയറ്റിന് മുന്നിലെ പൊലീസ് ബാരിക്കേഡ് മറികടക്കുന്നതുപോലെയാണ് ചില എംഎൽഎമാർ ഡയസിലേക്ക് കയറാൻ ശ്രമിച്ചത്. ചെയറിനെ തെരുവിലിട്ട് അലക്കുന്ന രീതി ശരിയല്ലെന്നും ചെയർ ആകാശത്തുനിന്ന് കെട്ടിയിറക്കപ്പെട്ട ആളല്ലെന്നും ദീർഘകാലത്തെ അനുഭവസമ്പത്ത് തനിക്കുണ്ടെന്നും സ്പീക്കർ ഓർമിപ്പിച്ചു.

ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതൃത്വം ചെയറിനെ പരസ്യമായി അധിക്ഷേപിക്കുന്നത് ജനാധിപത്യത്തിന് യോജിച്ചതാണോ എന്ന് പരിശോധിക്കണം. വാച്ച് ആൻഡ് വാർഡിൻ്റെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ലെന്നും മറിച്ച് ബാനർ കെട്ടിയ വടികൊണ്ട് വാച്ച് ആൻഡ് വാർഡിനെ അടിക്കാൻ ചില അംഗങ്ങൾ മുതിർന്നുവെന്നും സ്പീക്കർ സഭയിൽ വ്യക്തമാക്കി.

എയ്ഡഡ് സ്കൂൾ നിയമനം

നിയമസഭയിൽ ചട്ടം 300 പ്രകാരം മന്ത്രി വി ശിവൻകുട്ടി നടത്തിയ പ്രസ്താവനയിൽ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നത് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചു. 2018 നവംബർ 18ലെ സർക്കാർ ഉത്തരവ് പ്രകാരം എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളിൽ ഭിന്നശേഷിക്കാർക്ക് സംവരണം നൽകണമെന്ന് നിഷ്കർഷിച്ചിരുന്നു. 2016ലെ ഭിന്നശേഷി അവകാശ നിയമത്തിലെ (RPWD Act) 34-ാം വകുപ്പ് പ്രകാരം വിവിധ വിഭാഗങ്ങളിൽപ്പെട്ടവർക്ക് നിയമനങ്ങളിൽ മുൻഗണന നൽകേണ്ടതുണ്ട്.

ഭിന്നശേഷി സംവരണം പൂർണമായി പാലിക്കപ്പെടുന്നത് വരെ 2018 നവംബർ 18നും 2021 നവംബർ 8നും ഇടയിൽ നിയമിക്കപ്പെട്ട ജനറൽ കാറ്റഗറി അധ്യാപകരുടെ നിയമനം പ്രൊവിഷണൽ ആയിട്ടാണ് കണക്കാക്കുന്നത് എന്ന് മന്ത്രി വ്യക്തമാക്കി. 2021 നവംബർ 8ന് ശേഷമുള്ള ഒഴിവുകളിൽ നിയമിക്കപ്പെട്ടവർക്ക് ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം നൽകാൻ കോടതി നിർദേശിച്ചിട്ടുള്ളത്.

ഭിന്നശേഷി വിഭാഗത്തിൽ യോഗ്യരായ ഉദ്യോഗാർഥികളെ ലഭ്യമല്ലെങ്കിൽ ആ ഒഴിവ് ആ വർഷം മുഴുവൻ ഒഴിച്ചിടണമെന്നും അടുത്ത റിക്രൂട്ട്മെൻ്റ് വർഷത്തിൽ ഭിന്നശേഷിയിലെ തന്നെ മറ്റ് വിഭാഗത്തിൽപ്പെട്ടവരെ നിയമിക്കണമെന്നും നിയമത്തിൽ പറയുന്നുണ്ട്. എൻഎസ്എസ് (NSS) മാനേജ്‌മെൻ്റ് ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.

എൻഎസ്എസ് മാനേജ്‌മെൻ്റിൻ്റെ ആവശ്യം പരിഗണിച്ച് ഭിന്നശേഷിക്കാർക്കായി മാറ്റിവച്ച തസ്തികകൾ ഒഴിച്ച് ബാക്കിയുള്ള ജനറൽ തസ്തികകളിലെ നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ സുപ്രീം കോടതി 2025 മാർച്ചിൽ വിധി പുറപ്പെടുവിച്ചു. ഈ വിധി എൻഎസ്എസിന് മാത്രം ബാധകമാണെന്നായിരുന്നു സർക്കാരിന് ലഭിച്ച നിയമോപദേശം.

എന്നാൽ സമാന സാഹചര്യത്തിലുള്ള മറ്റ് മാനേജ്‌മെൻ്റുകൾക്കും ഈ ആനുകൂല്യം ലഭ്യമാക്കണമെന്നാണ് സർക്കാരിൻ്റെ നിലപാടെന്ന് മന്ത്രി അറിയിച്ചു. ഇതിനായി സർക്കാർ സുപ്രീം കോടതിയിൽ പ്രത്യേക അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എൻഎസ്എസിന് ലഭിച്ച വിധി മറ്റ് മാനേജ്‌മെൻ്റുകൾക്ക് കീഴിൽ ജോലി ചെയ്യുന്ന അധ്യാപകർക്കും ബാധകമാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഈ കേസ് 2026 ഏപ്രിൽ 14ലേക്ക് കോടതി മാറ്റിയിരിക്കുകയാണ്.

കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിക്കുന്നതോടെ പ്രൊവിഷണൽ ആയും ദിവസവേതന അടിസ്ഥാനത്തിലും തുടരുന്ന അധ്യാപകർക്ക് അവരുടെ നിയമന തീയതി മുതൽ സ്ഥിരനിയമനം നൽകാനും പെൻ നമ്പർ, പിഎഫ്, ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭ്യമാക്കാനും സാധിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നതായി മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Latest articles

സ്​ക്രീനിലെ ജോഡികൾ ജീവിതത്തിൽ ഒന്നാകുന്ന നിമിഷം 26ന്

2018-ൽ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലെ രശ്‌മിക മന്ദാന- വിജയ്‌ ദേവരകൊണ്ട കെമിസ്ട്രി തെന്നിന്ത്യയിൽ തരംഗമായിരുന്നു. പിന്നീട്...

2021 മുതൽ ജോലി ചെയ്യുന്ന 20000 അധ്യാപകർക്ക് അംഗീകാരം

എയ്ഡഡ് സ്‌കൂൾ മേഖലയിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എൻഎസ്എസ് (നായർ സർവീസ് സൊസൈറ്റി) നൽകിയ ഹർജിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച...

ഇത്തവണ മാരാരുടെ തട്ട് താഴുമോ? കണ്ടറിയാം!

സംവിധായകനും നടനും സോഷ്യൽ മീഡിയ താരവും ബിഗ് ബോസ് വിജയിയുമാണ് അഖില്‍ മാരാര്‍. ഇടക്കിടെ രാഷ്ട്രീയ പ്രസ്താവനകളിറക്കി കളം...

ശശിയാവാനില്ല, ഒടുക്കം രാജിവെച്ച് തടിരക്ഷിച്ചു, തലവേദനയാവുമോ​?

ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഒരുവശത്ത്. സിപിഎം നേതൃത്വത്തിന് അനഭിമതനായി തുടരേണ്ട സാഹചര്യം മറുവശത്ത്. കോൺഗ്രസിനോട് അടുക്കുന്നുവെന്ന...

More like this

സ്​ക്രീനിലെ ജോഡികൾ ജീവിതത്തിൽ ഒന്നാകുന്ന നിമിഷം 26ന്

2018-ൽ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലെ രശ്‌മിക മന്ദാന- വിജയ്‌ ദേവരകൊണ്ട കെമിസ്ട്രി തെന്നിന്ത്യയിൽ തരംഗമായിരുന്നു. പിന്നീട്...

2021 മുതൽ ജോലി ചെയ്യുന്ന 20000 അധ്യാപകർക്ക് അംഗീകാരം

എയ്ഡഡ് സ്‌കൂൾ മേഖലയിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എൻഎസ്എസ് (നായർ സർവീസ് സൊസൈറ്റി) നൽകിയ ഹർജിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച...

ഇത്തവണ മാരാരുടെ തട്ട് താഴുമോ? കണ്ടറിയാം!

സംവിധായകനും നടനും സോഷ്യൽ മീഡിയ താരവും ബിഗ് ബോസ് വിജയിയുമാണ് അഖില്‍ മാരാര്‍. ഇടക്കിടെ രാഷ്ട്രീയ പ്രസ്താവനകളിറക്കി കളം...