സൗമ്യമായി സംസാരിക്കുന്ന, മിതഭാഷിയായ 60-കാരൻ എന്നാണ് ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രി താരിഖ് റഹ്മാൻ അറിയപ്പെടുന്നത്. വെറും രണ്ട് മാസത്തിൽ താഴെ സമയംകൊണ്ട് രാഷ്ട്രീയ പടയൊരുക്കംനടത്തി വിജയത്തേരിലേറുകയായിരുന്നു താരിഖ്. എന്നാൽ, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവായ താരിഖ് റഹ്മാൻ ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ പലയിടത്തും ആശങ്കകളുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടിയിരിക്കുകയാണ്. അതായത് മതേതര ഭരണഘടയില്‍ രൂപീകൃതമായ നമ്മുടെ അയല്‍ സംസ്ഥാനത്ത് ബംഗ്ലാദേശി ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന ബി.എന്‍.പി അധികാരത്തിലും മുസ്ലിം സ്വത്വവാദികളായ ഇസ്ലാമിക രാഷ്ട്രവാദികളായ ജമാ അത്തെ ഇസ്ലാമി പ്രധാന പ്രതിപക്ഷ കക്ഷിയുമാണ്. ഇന്ത്യയോട് അടുപ്പം പുലര്‍ത്തിയിരുന്ന ഷെയ്ഖ് ഹസീനയാകട്ടെ വധശിക്ഷക്ക് വിധിക്കപ്പെട്ട് ഇന്ത്യയില്‍ രാഷ്ട്രീയ അഭയാർഥിയായി കഴിയുകയുമാണ്. ഇതാണ് സാഹചര്യം. 2006ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തടഞ്ഞവരോടുള്ള താരിഖിന്റെ മധുര പ്രതികാരമാണ് ഈ വിജയം. ബംഗ്ലാദേശ് രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് കൂപ്പുകുത്തിയ 2006ലായിരുന്നു പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് താരിഖിനെ ഭരണകൂടം തടഞ്ഞത്.
ധാക്കയിലെ പാർലമെന്റ് മന്ദിരത്തിന്റെ സൗത്ത് പ്ലാസയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് താരിഖ് റഹ്മാൻ സത്യവാചകം ചൊല്ലി അധികാരമേറ്റത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കൊപ്പം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ധാക്കയിലെത്തിയിരുന്നു. ചടങ്ങിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ കത്ത് അദ്ദേഹം താരിഖ് റഹ്മാന് കൈമാറി. ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി താരിഖ് റഹ്മാനെയും കുടുംബത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചു. അയൽരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും രാജ്യത്തെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമാകും മുൻഗണനയെന്ന് പുതിയ സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും എത്രത്തോളം ഫലപ്രദമാകുമെന്ന് അറിയില്ല.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നതിനാലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സത്യപ്രതിജ്ഞാ ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാതിരുന്നത്.
പിറവിയെടുത്തിട്ട് 55 വര്‍ഷം തികയാന്‍ പോകുന്ന ബംഗ്ലാദേശ് തുടക്കം മുതല്‍ രക്തരൂഷിതമായ അധ്യായങ്ങളിലൂടെയാണ് കടന്നുപോയത്. രാഷ്ട്രപിതാവും അവാമി ലീഗ് സ്ഥാപകനുമായ ഷെയ്ഖ് മുജിബുര്‍ റഹ്‌മാനും ഭൂരിപക്ഷം കുടുംബാംഗങ്ങളും നാലുവര്‍ഷത്തിനകം പട്ടാള അട്ടിമറിയില്‍ വധിക്കപ്പെട്ടു. അട്ടിമറിക്കാലത്ത് സൈന്യത്തിന്റെ ഉപമേധാവിയായിരുന്ന സിയ ഉര്‍ റഹ്‌മാന്‍ പിന്നീട് പ്രസിഡന്റായിരിക്കെ ആറുവര്‍ഷത്തിനകം അടുത്ത പട്ടാള അട്ടിമറിയില്‍ കൊല്ലപ്പെട്ടു. പിന്നീട് പതിറ്റാണ്ടോളം നീണ്ട പട്ടാളവാഴ്ചയ്ക്കുശേഷം 1991ല്‍ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടതുമുതല്‍ സിയയുടെ ഭാര്യ ഖാലിദ സിയ നയിച്ച ബിഎന്‍പിയും മുജിബിന്റെ മകള്‍ ഷെയ്ഖ് ഹസീന നയിക്കുന്ന അവാമി ലീഗുമാണ് മാറിമാറി ഭരിച്ചത്.
ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് 18 മാസങ്ങൾക്ക് ശേഷം നടന്ന പൊതുതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് ബിഎൻപി അധികാരത്തിൽ തിരിച്ചെത്തിയത്. താരിഖ് റഹ്മാൻ ബംഗ്ലാദേശിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ കുടുംബങ്ങളിലൊന്നിന്റെ പിൻഗാമിയാണ്. അദ്ദേഹത്തിന്റെ പിതാവ് സിയാവുർ റഹ്മാൻ വിമോചന സമരത്തിലെ പ്രധാന സൈനിക നേതാക്കളിൽ ഒരാളും ബിഎൻപിയുടെ സ്ഥാപകനുമായിരുന്നു. അദ്ദേഹത്തിന്റെ മാതാവ് ഖാലിദ സിയ, ഭർത്താവിന്റെ വേർപാടിന് ശേഷം പാർട്ടിയുടെ ചുമതല ഏറ്റെടുത്തു.
1988ൽ 23-ാം വയസിൽ അദ്ദേഹം ബിഎൻപിയിൽ ചേർന്നു. അതേ വർഷം തന്നെ സിയാവുർ റഹ്മാൻ ഫൗണ്ടേഷനും സ്ഥാപിച്ചു. ഇത് രാഷ്ട്രീയേതര സംഘടനയായാണ് അറിയപ്പെട്ടതെങ്കിലും ഇതൊരു രാഷ്ട്രീയ പ്രവേശന തുടക്കമായിരുന്നു.
1991ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സിയയെ രാജ്യത്തുടനീളം അനുഗമിച്ചതിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. 2001ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രാദേശിക പ്രശ്നങ്ങൾ പഠിക്കാനും സിവിൽ സൊസൈറ്റിയുമായി സംവദിക്കാനുമായി അദ്ദേഹം ധാക്കയിൽ സ്ഥാപിച്ച ഓഫീസ് ബിഎൻപി-ജമാഅത്ത് സഖ്യത്തിന്റെ വിജയത്തിന് ഗണ്യമായ സംഭാവന നൽകി.
പാർട്ടി അധ്യക്ഷന്റെ മകനായിരുന്നിട്ടും റഹ്മാൻ ഔദ്യോഗിക പദവികൾ ഏറ്റെടുത്തില്ല. രേഖകളിൽ അദ്ദേഹം പാർട്ടിയിൽ തന്നെ തുടർന്നു. ബിഎൻപിയുടെ സീനിയർ ജോയിന്റ് സെക്രട്ടറി ജനറലായിരുന്ന ഈ കാലയളവിൽ, ധാക്കയിലെ ‘ഹവ ഭബനിൽ’ ഇരുന്ന് അദ്ദേഹം ഒരു സമാന്തര സർക്കാർ നടത്തിയിരുന്നതായി സൂചനകളുണ്ട്.
2006-ൽ സിയയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരം ഒഴിഞ്ഞതിന് പിന്നാലെ തരിഖ് റഹ്മാൻ അഴിമതി വിരുദ്ധ ഏജൻസികളുടെ നിരീക്ഷണത്തിലായി. 2007 മാർച്ച് 7-ന് അഴിമതി ആരോപണങ്ങളെത്തുടർന്ന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. 2008 സെപ്റ്റംബറിൽ ലണ്ടനിൽ ചികിത്സ തേടുന്നതിനായി അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. ജയിലിൽ വെച്ച് താരിഖ് ക്രൂരമായ പീഡനങ്ങൾക്ക് ഇരയായെന്നും വിമാനത്തിലേക്ക് അദ്ദേഹത്തെ വീൽചെയറിലാണ് എത്തിച്ചതെന്നും അദ്ദേഹത്തിന്റെ സഹായികൾ ആരോപിച്ചു.
പിന്നീട് 17 വർഷത്തേക്ക് റഹ്മാൻ മടങ്ങിവന്നില്ല. ലണ്ടനിലെ കിംഗ്സ്റ്റൺ ഏരിയയിൽ ഭാര്യ സുബൈദയ്ക്കും മകൾ സൈമയ്ക്കുമൊപ്പം രാഷ്ട്രീയ അഭയം തേടി അവിടെ താമസിച്ചു. വിദേശത്തായിരിക്കുമ്പോൾ തന്നെ, 2009-ൽ ബിഎൻപി അദ്ദേഹത്തെ സീനിയർ വൈസ് ചെയർമാനായി തിരഞ്ഞെടുത്തു, 2016-ൽ വീണ്ടും ആ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു.
2018-ൽ ഖാലിദ സിയ ജയിലിലായതിനെത്തുടർന്ന് റഹ്മാൻ ബിഎൻപിയുടെ ആക്ടിങ് ചെയർമാനായി. അവാമി ലീഗ് ഭരണകാലത്ത്, അഞ്ച് കേസുകളിൽ ശിക്ഷിക്കപ്പെടുകയും അഴിമതിയും ഭീകരവാദവുമായി ബന്ധപ്പെട്ട നൂറോളം കേസുകൾ നേരിടുകയും ചെയ്തു. എന്നാൽ റഹ്മാൻ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചുപോന്നു. അദ്ദേഹത്തിന്റെ പ്രസ്താവനകൾ പ്രസിദ്ധീകരിക്കാനും സംപ്രേഷണം ചെയ്യാനും ഹസീന സർക്കാർ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
പിന്നീട് കോടതികൾ എല്ലാ കുറ്റങ്ങളിൽ നിന്നും വിമുക്തനാക്കി, ഇതോടെ 2025 ഡിസംബർ 25ന് ക്രിസ്മസ് ദിനത്തിൽ നാട്ടിലേക്ക് മടങ്ങാൻ വഴിതെളിഞ്ഞു. അപ്പോഴേക്കും അദ്ദേഹത്തിന്റെ മാതാവ് ഗുരുതരാവസ്ഥയിലായിരുന്നു. ഡിസംബർ 30ന് ബിഎൻപി ചെയർപേഴ്സൺ (ഖാലിദ സിയ) അന്തരിച്ചു. ജനുവരി 9-ന് ബിഎൻപി സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ വെച്ച് റഹ്മാൻ ഔദ്യോഗികമായി ചുമതലയേറ്റു.
20 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബിഎൻപി ബംഗ്ലാദേശിൽ ഭരണകൂടത്തിന്റെ തലപ്പത്തെത്തുന്നത്. താരിഖ് റഹ്മാനോടൊപ്പം മുതിർന്ന ബിഎൻപി നേതാക്കളും മന്ത്രിസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.
ബംഗ്ലാദേശില്‍ പുതിയ ഭരണമാറ്റം വന്നതിനു പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും (ബിസിബി) ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും (ബിസിസിഐ) തമ്മിലുള്ള പിണക്കം ഒഴിവാക്കാൻ നീക്കമുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അയല്‍രാജ്യമായ ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും സഹകരണത്തിന്റെയും ചര്‍ച്ചകളുടെയും പാതയാണ് ലക്ഷ്യമെന്നും അവിടുത്തെ പുതിയ കായിക മന്ത്രി അമിനുല്‍ ഹഖ് വ്യക്തമാക്കിയിട്ടുണ്ട്.
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 2026-ലെ ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്കായി ഇന്ത്യയിലേക്ക് വരാന്‍ ബംഗ്ലാദേശ് ടീം വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം സമീപ നാളുകളിലായി വഷളായിരുന്നു. ബിസിസിഐയുടെ നിര്‍ദ്ദേശപ്രകാരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുസ്തഫിസുര്‍ റഹ്‌മാനെ ടീമില്‍ നിന്ന് ഒഴിവാക്കിയതിനോടുള്ള പ്രതികരണമായിരുന്നു ബംഗ്ലാദേശിന്റെ ഈ നീക്കം.
സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം പാര്‍ലമെന്റ് മന്ദിരത്തില്‍ വെച്ച് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുമായി താന്‍ കൂടിക്കാഴ്ച നടത്തിയതായി അമിനുല്‍ ഹഖ് വെളിപ്പെടുത്തി. വളരെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലാണ് ചര്‍ച്ച നടന്നതെന്നും ലോകകപ്പ് വിഷയത്തില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ വേഗത്തില്‍ പരിഹരിക്കാനാണ് ധാക്ക ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്രതലത്തിലുള്ള സങ്കീര്‍ണ്ണതകള്‍ കാരണമാണ് ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്നും മുന്‍കൂട്ടി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കില്‍ ടീമിന് കളിക്കാമായിരുന്നുവെന്നും മുന്‍ ദേശീയ ഫുട്‌ബോള്‍ താരം കൂടിയായ മന്ത്രി അഭിപ്രായപ്പെട്ടു.
അതേസമയം, 2024ല്‍ ബംഗ്ലാദേശിനെ പിടിച്ചുകുലുക്കിയ ജെന്‍സി പ്രക്ഷോഭാനന്തര സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് അരങ്ങേറിയത്. 297ല്‍ 212 സീറ്റ് നേടി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ടി (ബിഎന്‍പി) സഖ്യം വന്‍ തിരിച്ചുവരവു നടത്തി. അവാമി ലീഗിനെ മാറ്റിനിര്‍ത്തി നടന്ന തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി സഖ്യം 68 സീറ്റോടെ മുഖ്യപ്രതിപക്ഷ കക്ഷിയായി. ദശകങ്ങളായി ബംഗ്ലാദേശിന്റെ രാഷ്ട്രീയം ചലിച്ചിരുന്നത് അവാമി ലീഗിനെയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയെയും കേന്ദ്രീകരിച്ചായിരുന്നു. സെക്യുലര്‍ രാഷ്ട്രീയമാണ് അവാമി ലീഗ് ഉയര്‍ത്തിപ്പിടിച്ചതെങ്കില്‍ ബി.എന്‍.പി ഉയര്‍ത്തിയത് ബംഗ്ലാദേശ് ദേശീയതയില്‍ ഊന്നിയുള്ള രാഷ്ട്രീയമായിരുന്നു. ഷെയ്ഖ് മുജിബുര്‍ റഹ്‌മാന്റെ പട്ടാള ഭരണത്തിലും തുടര്‍ന്ന് ജനാധിപത്യ പ്രക്രിയയിലേക്കുള്ള ചുവടുമാറ്റത്തിലും ഈ നയം വ്യക്തമായിരുന്നു. പാകിസ്ഥാന്‍ അനുകൂല ഇന്ത്യ വിരുദ്ധ നിലപാടുള്ള ജമാഅത്തെ ഇസ്ലാമി ഇടക്കാലത്ത് ഖാലിദ സിയയുടെ ഭരണത്തില്‍ സഖ്യകക്ഷിയായിരുന്നു. താരിഖിനെതിരെയുള്ള കേസുകള്‍ റദ്ദാക്കിയതിലും അദ്ദേഹത്തെ തിരികെ എത്തിക്കുന്നതിലും ജമാഅത്തെയുടെ പിന്തുണ ഉണ്ടായിരുന്നു. 2024 ജൂലൈയിലാണ് ജെന്‍സി പ്രക്ഷോഭത്തെത്തുടര്‍ന്ന് ഭരണം ഉപേക്ഷിച്ച് ഷെയ്ഖ് ഹസീനക്ക് ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടേണ്ടിവന്നത്. ഈ പ്രക്ഷോഭകാലത്താണ് ഷെയ്ഖ് ഹസീന സര്‍ക്കാരിനെതിരെ സമരം നയിച്ച വിദ്യാര്‍ഥികള്‍ പുതുതായി രൂപീകരിച്ച തസ്‌നിം ജാരയുടെ നേതൃത്വത്തിലുള്ള നാഷനല്‍ സിറ്റിസണ്‍ പാര്‍ട്ടി ഉയര്‍ന്നുവന്നതും ജമാ അത്തെ ഇസ്ലാമിക്കൊപ്പം കൈകോര്‍ത്ത് പ്രക്ഷോഭം നയിച്ചതും.
ഷെയ്ഖ് ഹസീന അധികാരം വിട്ട് ഇന്ത്യയില്‍ അഭയം തേടിയത് മുതല്‍ ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ബന്ധം അത്ര നല്ലതല്ല. അതേസമയം പാകിസ്ഥാനുമായുള്ള ബന്ധം ശക്തിപ്പെടുകയും ചെയ്തു. ബംഗ്ലാദേശ് പ്രത്യേക കോടതി വധശിക്ഷ വിധിച്ച ശൈഖ് ഹസീനയെ വിട്ടു നല്‍കണമെന്ന ബംഗ്ലാദേശിന്റെ ആവശ്യത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഹസീനയെ വിട്ടുനല്‍കാന്‍ ഇന്ത്യ തയ്യാറാകുമെന്നും തോന്നുന്നില്ല. റാഡിക്കല്‍ ഇസ്ലാമിസ്റ്റുകളുടെയും മതതീവ്രവാദികളുടെയും ചട്ടുകമായി മാറിയ മുഹമ്മദ് യൂനസിന്റെ ഇടക്കാല സര്‍ക്കാരിന്റെ നടപടികളില്‍ ഇന്ത്യ കടുത്ത അമര്‍ഷത്തിലായിരുന്നു.
ഇന്ത്യയും ബംഗ്ലാദേശും നാലായിരം കിലോമീറ്ററിലധികം അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളാണ്. ബംഗ്ലാദേശിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ 94 ശതമാനവും ഇന്ത്യയോട് ചേര്‍ന്നാണ്. അതുകൊണ്ട് സൗഹൃദം തുടരേണ്ടത് ഇരുരാജ്യങ്ങളുടെയും സുരക്ഷക്ക് ആവശ്യവുമാണ്. ഈ അതിര്‍ത്തി പ്രദേശങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിക്ക് മേല്‍കൈ നല്‍കിയ പ്രദേശങ്ങളാണെന്നതാണ് ശ്രദ്ധേയം. കടുത്ത ഇന്ത്യ വിരുദ്ധ മനോഭാവം തുടരുന്ന വിദ്യാര്‍ഥി നേതാക്കളെയും കൈകാര്യം ചെയ്യുക എന്നത് താരിഖിന് എളുപ്പമാകില്ല. ചൈനയുടെയും പാകിസ്ഥാന്റെയും സമ്മര്‍ദങ്ങള്‍ക്ക് സ്വാധീനിക്കപ്പെടുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. കൂടാതെ ബംഗ്ലാദേശില്‍ നിന്നുള്ള അതിര്‍ത്തി കടന്നുള്ള അനധികൃത കുടിയേറ്റ വിഷയത്തിലെ നിലപാടുകളും നിര്‍ണായകമാണ്. രാജ്യത്തിന്റെ അതിര്‍ത്തി പങ്കിടുന്ന സിലിഗുരി ഇടനാഴിയും അതിലെ ചൈനീസ് ഇടപെടലും നയതന്ത്ര വിഷയമാണ്.
ഊര്‍ജം, വെള്ളം വിഷയത്തില്‍ ഇന്ത്യയുടെ സഹകരണം ബംഗ്ലാദേശിന് അനിവാര്യമാണ്. കാരണം ടീസ്റ്റ, പത്മ തുടങ്ങിയ നദികളില്‍ നിന്നുള്ള ന്യായമായ ജലം ഉറപ്പാക്കുക എന്നത് ബംഗ്ലാദേശിന്റെ ആവശ്യമാണ്. ബംഗ്ലാദേശിന്റെ ജനാധിപത്യത്തിന് കരുത്ത് പകരുന്ന പല പരിഷ്‌കാരങ്ങള്‍ക്കും വോട്ടര്‍മാര്‍ അംഗീകാരം നല്‍കി എന്നത് ശുഭസൂചന നല്‍കുന്നു. പ്രസിഡന്റിന് കൂടുതല്‍ അധികാരം, രണ്ട് തവണയില്‍ കൂടുതല്‍ പ്രധാനമന്ത്രിപദം പാടില്ല, പാര്‍ലമെന്റില്‍ ദ്വിമണ്ഡല സംവിധാനം തുടങ്ങിയ പരിഷ്‌കരണ നടപടികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.


