ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) ഫെബ്രുവരി അഞ്ചിന് നടക്കാനിരിക്കുന്ന ഈറോഡ് (ഈസ്റ്റ്) നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലായിരിക്കും കന്നിയങ്കമെന്നാണ് പാർട്ടിയുടെ പുതിയ പ്രഖ്യാപനം. ഉപതിരഞ്ഞെടുപ്പിൽ ഈറോഡ് ഈസ്റ്റ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്തില്ല. ഇലക്ഷനിൽ ആരെയും പിന്തുണക്കില്ലെന്നും ടിവികെ വ്യക്തമാക്കിയിട്ടുണ്ട്.
ഭരണകക്ഷിയായ ഡിഎംകെ തിരഞ്ഞെടുപ്പ് പ്രക്രിയ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് എഐഡിഎംകെയും എൻഡിഎയും നേരത്തെ തന്നെ ഉപതിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ടിവികെയുടെ ലക്ഷ്യമെന്ന് 2024 ഫെബ്രുവരി രണ്ടിന് പാർട്ടി പ്രഖ്യാപിക്കുമ്പോൾ അധ്യക്ഷൻ വിജയ് വ്യക്തമാക്കിയിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി എൻ. ആനന്ദ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഉൾപ്പെടെ അതിനിടയിലെ മറ്റ് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കരുതെന്നും പറഞ്ഞിരുന്നു.
ഫെബ്രുവരി അഞ്ചിനാണ് ഉപതിരഞ്ഞെടുപ്പും ഫെബ്രുവരി എട്ടിന് വോട്ടെണ്ണലുമാണ് തമിഴ്നാട്ടിൽ. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പും. കൂടാതെ ഉത്തര്‍പ്രദേശിലെ മില്‍ക്കിപ്പൂരിലും ഉപതിരഞ്ഞെടുപ്പ് നടക്കും.


