വാഷിങ്ടൻ: പ്രതീക്ഷിച്ച തീരുമാനങ്ങളും നയങ്ങളും ഒന്ന് വിടാതെ പ്രഖ്യാപിച്ചാണ് ട്രംപിന്റെ സത്യപ്രതിജ്ഞാ പ്രസംഗം. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും മുമ്പും പറഞ്ഞ കാര്യങ്ങൾ സത്യ പ്രതിജ്ഞയ്ക്ക് പിന്നാലെ ആവര്‍ത്തിക്കുകയാണ് ട്രംപ്. ഒപ്പുവയ്ക്കാൻ ഒരുങ്ങുന്ന സുപ്രധാന ഉത്തരവുകൾ തുറന്ന് വ്യക്തമാക്കിയിരിക്കുകയാണ് ട്രംപ്. യുഎസ്-മെക്സിക്കോ അതിര്‍ത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതാണ് ആദ്യ തീരുമാനം. ഇത് സംബന്ധിച്ച എക്സിക്യൂട്ടിവ് ഓര്‍ഡറിൽ ഒപ്പുവയ്ക്കുമെന്ന് ട്രംപ് വ്യക്തമാക്കി. അനധികൃത കുടിയേറ്റം തടയുമെന്നതിനൊപ്പം, യാതൊരു തരത്തിലുള്ള പൗരത്വ പരിപാടികളും തുടരില്ലെന്നും അനധികൃതമായി, കുടിയേറിയ കുറ്റവാളികളെ പുറത്താക്കുമെന്നും ട്രംപ് വ്യക്തമാക്കുന്നു. യുഎസില്‍ ഇനി സ്ത്രീയും പുരുഷനും മാത്രമെന്നും മറ്റ് ലിംഗങ്ങള്‍ക്ക് നിയമ സാധുത ഇല്ലെന്നും, അതിന് അനുവദിക്കില്ലെന്നും വ്യക്തമാക്കുകയാണ് ട്രംപ്. 30 ലക്ഷത്തോളം വരുന്ന ട്രാൻസ്ജെൻഡര്‍ കമ്യൂണിറ്റിയെ അംഗീകരിക്കില്ലെന്ന കടുത്ത പ്രഖ്യാപനം. രാജ്യത്തെ ജനസംഖ്യയുടെ 1.2 ശതമാനം ഉൾക്കൊള്ളുന്ന ജനസംഖ്യയെ ബാധിക്കുന്ന നയപരമായ ഈ തീരുമാനം കോടതി കയറുമെന്ന് ആദ്യ മിനുട്ടുകളിൽ തന്നെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.അമേരിക്കയുടെ സുവർണ കാലത്തിൻ്റെ തുടക്കമാണിതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ലോകമാകെയുള്ള അതിർത്തികൾ സംരക്ഷിക്കാൻ പ്രവർത്തിച്ചപ്പോൾ സ്വന്തം അതിർത്തി സംരക്ഷിക്കാൻ മറന്ന അധികാര കാലത്തിനാണ് അവസാനമായിരിക്കുന്നത്. കഴിഞ്ഞ 8 വർഷം താൻ നേരിട്ട വെല്ലുവിളി കൾ മറ്റൊരു പ്രസിഡന്റും നേരിട്ടിട്ടില്ല. വിശ്വാസവഞ്ചനയുടെ കാലം ഇവിടെ അവസാനിക്കുന്നു. ഇനി മുതൽ പുരോഗതി മാത്രമാണ് അമേരിക്കയ്ക്ക് മുന്നിലുള്ളത്. 2025 ജനുവരി 20 ലിബറേഷൻ ദിനമായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.സ്വിങ് സ്റ്റേറ്റുകളിൽ അടക്കം തനിക്ക് ഭൂരിപക്ഷം ലഭിച്ചതിന് കറുത്ത വർഗക്കാർക്ക് അടക്കം നന്ദി പറഞ്ഞാണ് അദ്ദേഹം സംസാരിച്ചത്. വിദേശികൾക്ക് പൗരത്വം നൽകുന്ന എല്ലാ നടപടികളും നിർത്തിവെക്കാൻ ഉത്തരവിട്ട അദ്ദേഹം ക്രിമിനലുകളായ എല്ലാ വിദേശികളെയും തിരിച്ചയക്കുമെന്നും പറഞ്ഞു. അമേരിക്കയുടെ തെക്കൻ അതിർത്തിയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച അദ്ദേഹം ഇവിടേക്ക് സൈന്യത്തെ അയക്കുമെന്നും വ്യക്തമാക്കി.രാജ്യത്ത് വിലക്കയറ്റം തടയാൻ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ഊർജ്ജ വില കുറയ്ക്കാൻ നടപടിയെടുക്കും. ഓയിൽ ആൻ്റ് ഗ്യാസ് ഉൽപ്പാദനം വർധിപ്പിക്കും. ഇത് ലോകത്താകമാനം കയറ്റുമതി ചെയ്യും. ഇതിലൂടെ അമേരിക്കയുടെ സമ്പത്ത് വർധിപ്പിക്കും. അലാസ്കയിൽ ഓയിൽ ആൻ്റ് ഗ്യാസ് ഖനനം നിരോധിച്ച ബൈഡൻ്റെ ഉത്തരവ് റദ്ദാക്കി ഖനനം പുനരാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.എക്സ്റ്റേണൽ റവന്യൂ സർവീസ് തുടങ്ങുമെന്നും ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് നികുതി ഉയർത്തി ഇതിലൂടെ വരുമാനം വർധിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. ആദ്യമായി സർക്കാർ കാര്യക്ഷമാ വകുപ്പ് ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കാൻ നടപടിയെടുക്കും. ഭരണഘടന അനുശാസിക്കുന്ന തുല്യനീതി ഉറപ്പാക്കും. എല്ലാ നഗരങ്ങളിലും ക്രമസമാധാനം ഉറപ്പാക്കും.സ്ത്രീകളും പുരുഷന്മാരും എന്ന രണ്ട് ലിംഗവിഭാഗങ്ങളേ ഉണ്ടാകൂവെന്നും ട്രാൻസ്ജെൻഡർ ഇനിയില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. ലോകസമാധാനം ഉറപ്പാക്കും. അധികാരത്തിലേക്ക് താൻ തിരിച്ചെത്തുന്നതിൻ്റെ തലേദിവസം മധ്യേഷ്യയിൽ ബന്ദികൾ സ്വതന്ത്രരായത് ഇതിൻ്റെ ഭാഗമാണ്. ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് ഗൾഫ് ഓഫ് അമേരിക്ക എന്നാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്യാപിറ്റൾ മന്ദിരത്തിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലാണു യുഎസിന്റെ 47–ാം പ്രസിഡന്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ട്രംപും. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 10.30നായിരുന്നു സത്യപ്രതിജ്ഞ. യുഎസ് മുൻ പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെയും തന്റെ മാതാവിന്റെയും ബൈബിളുകൾ കയ്യിലേന്തിയാണ് ട്രംപ് സത്യവാചകം ചൊല്ലിയത്. സത്യപ്രതിജ്ഞാ ചടങ്ങിൽ ട്രംപിന്റെ തൊട്ടടുത്തു തന്നെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനം പിടിച്ചിരുന്നു. ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്, വാൻസിന്റെ ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസ് എന്നിവരും വേദിയിലുണ്ടായിരുന്നു. വൈറ്റ് ഹൗസിലെത്തി ജോ ബൈഡന്റെയും ഭാര്യ ജിൽ ബൈഡന്റെയും ആതിഥേയത്വത്തിലുള്ള ചായ സൽക്കാരത്തിൽ പങ്കെടുത്തതിനുശേഷമാണ് ട്രംപ് സത്യപ്രതിജ്ഞാ വേദിയിലെത്തിയത്. വാഷിങ്ടൺ ഡിസിയിലെ സെന്റ് ജോൺസ് എപ്പിസ്കോപ്പൽ പള്ളിയിലെ കുർബാനയോടെയായിരുന്നു ചടങ്ങുകളുടെ തുടക്കം.അതിശൈത്യം മൂലം തുറന്ന വേദി ഒഴിവാക്കിയാണ് ക്യാപ്പിറ്റൾ മന്ദിരത്തിനുള്ളിലേക്ക് സത്യപ്രതിജ്ഞ മാറ്റിയത്. സ്ഥലപരിമിതി മൂലം അകത്തെ വേദിയിൽ ഇടംകിട്ടാതെ പോകുന്ന അതിഥികൾക്കെല്ലാം ചടങ്ങു തത്സമയം കാണാൻ സൗകര്യമുണ്ടായിരുന്നു. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. വ്യവസായി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോനി, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലി, ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാൻ, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, മെറ്റ മേധാവി മാർക്ക് സക്കർബർഗ്, റൂപർട്ട് മർഡോക്ക് എന്നിവരും ചടങ്ങിനെത്തിയിട്ടുണ്ട്. അതേസമയം, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി, യുഎസ് മുൻ പ്രഥമ വനിത മിഷേൽ ഒബാമ തുടങ്ങിയവർ എത്തിയില്ല. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല.


