വാഷിങ്ടൻ: ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾ വനിതാ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിൽ നിരോധനം ഏർപ്പെടുത്തി യുഎസ്. ഇതുസംബന്ധിച്ച ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു.
വനിതാ ടീമുകളിൽ മത്സരിക്കാൻ ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകളെ അനുവദിക്കുന്ന സ്കൂളുകൾക്ക് ഫെഡറൽ ഫണ്ട് നിഷേധിക്കാൻ സർക്കാർ ഏജൻസികൾക്ക് അധികാരം നൽകുന്നതാണ് ഉത്തരവ്. ട്രാൻസ്ജെൻഡറുകൾ ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കുന്നത് സ്ത്രീകളെയും പെൺകുട്ടികളെയും അപകടപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനും നിശബ്ദരാക്കുന്നതിനും സ്വകാര്യത നഷ്ടപ്പെടുത്തുന്നതിനും കാരണമാകുന്നുവെന്നും ഉത്തരവിൽ പറയുന്നു.
‘‘വനിതാ അത്‌ലറ്റുകളുടെ അഭിമാനകരമായ പാരമ്പര്യത്തെ ഞങ്ങൾ സംരക്ഷിക്കും. ഞങ്ങളുടെ സ്ത്രീകളെയും ഞങ്ങളുടെ പെൺകുട്ടികളെയും തല്ലാനും പരിക്കേൽപ്പിക്കാനും വഞ്ചിക്കാനും ഞങ്ങൾ പുരുഷന്മാരെ അനുവദിക്കില്ല. ഇനി മുതൽ വനിതാ കായിക വിനോദങ്ങൾ സ്ത്രീകൾക്ക് മാത്രമായിരിക്കും’’ – ട്രംപ് പറഞ്ഞു.
2028ൽ ലൊസാഞ്ചലസിൽ നടക്കുന്ന ഒളിംപിക്സിൽ ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകളുടെ നിയമങ്ങൾ മാറ്റാൻ അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റിയെ പ്രേരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. മത്സരങ്ങളിൽ പങ്കെടുക്കാനായി വനിതാ അത്‌ലറ്റുകളാണെന്ന തരത്തിൽ യുഎസിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന പുരുഷന്മാരുടെ വിസ അപേക്ഷകൾ തള്ളാൻ നിർദേശിച്ചതായും ട്രംപ് പറഞ്ഞു.
ഇറാനെതിരെ എണ്ണ ഉപരോധം
ഇറാന്റെ എണ്ണ കയറ്റുമതിക്ക് പൂർണ ഉപരോധം ഏർപ്പെടുത്തുന്ന ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ടു. എണ്ണ കയറ്റുമതിയിൽനിന്നു ലഭിക്കുന്ന പണം ഇറാൻ ആണവ സമ്പുഷ്ടീകരണത്തിന് ഉപയോഗിക്കുന്നതു തടയുന്നതിനാണിത്. ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കു തൊട്ടുമുൻപാണ് ട്രംപ് ആദ്യ ഭരണകാലത്തെ നയം തിരിച്ചുകൊണ്ടുവന്നത്. ആണവായുധം നിർമിക്കാൻ ഇറാനെ ഒരിക്കലും അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.
ഗ്വാണ്ടനാമോയിൽ കുടിയേറ്റക്കാരെ എത്തിച്ചു
അതിനിടെ യുഎസിൽ നിന്നു തിരിച്ചയയ്ക്കപ്പെട്ട കുടിയേറ്റക്കാരെ വഹിച്ചുള്ള ആദ്യ സൈനിക വിമാനം ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിൽ ലാൻഡ് ചെയ്തു. 2 പതിറ്റാണ്ടുകളായി ഭീകരരെ തടങ്കലിൽ ഇട്ടിരുന്ന ഈ നാവികത്താവളം ഇനി അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാനായി ഉപയോഗിക്കുകയാണ്. ഇക്വഡോർ, ഗുവാം, ഹോണ്ടുറാസ്, പെറു എന്നിവിടങ്ങളിലേക്ക് 7 തവണയായി അനധികൃത കുടിയേറ്റക്കാരെ എത്തിച്ചു.


