ന്യൂഡല്‍ഹി: പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഉടന്‍ തന്നെ യുപിഐ ലൈറ്റ് ഫീച്ചര്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. പരീക്ഷണാടിസ്ഥാനത്തിൽ വാട്‌സ്ആപ്പിന്റെ പുതിയ ബീറ്റാ വേര്‍ഷന്‍ 2.25.5.17 ഉള്ളവര്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെറുകിട ഇടപാടുകള്‍ പിന്‍രഹിതമായി ചെയ്യാന്‍ കഴിയുമെന്നതാണ് യുപിഐ ലൈറ്റിന്റെ പ്രത്യേകത. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ ചെറുകിട ഇടപാടുകള്‍ നടത്താന്‍ യുപിഐ ലൈറ്റ് വഴി സാധിക്കും. എന്‍പിസിഐയുടെ യുപിഐ സിസ്റ്റത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ വാട്‌സ്ആപ്പ് ഫീച്ചര്‍ പ്രവര്‍ത്തിക്കുക.
പുതിയ വാട്‌സ്ആപ്പ് ഫീച്ചര്‍ വഴി പണം പ്രത്യേക വാലറ്റിലേക്ക് നിക്ഷേപിക്കാനും പണം പിന്‍വലിക്കാനും സാധിക്കും. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ പേയ്‌മെന്റ്‌സ് ആപ്പുകളുമായി മത്സരിക്കാന്‍ തയ്യാറായാണ് വാട്‌സ്ആപ്പ് നീക്കം. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഫീച്ചർ വിജയകരമായാൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനാണ് വാട്സ്ആപ്പിന്റെ പദ്ധതി.

അയക്കാം 1000, സൂക്ഷിക്കാം 5000
∙ ‘യുപിഐ ലൈറ്റ്’ വോലറ്റിലുള്ള പണം തിരിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കാനുള്ള ‘ട്രാൻസ്ഫർ ഔട്ട്’ സൗകര്യം ഈ മാസം 31നു മുൻപ് നടപ്പാക്കാൻ എൻപിസിഐ (നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ) യുപിഐ കമ്പനികൾക്ക് നിർദേശം നൽകി. 6 മാസമായി ഉപയോഗിക്കാത്ത യുപിഐ ലൈറ്റ് വോലറ്റിലെ ബാലൻസ് വ്യക്തികളുടെ അക്കൗണ്ടുകളിലേക്ക് തിരിച്ചയയ്ക്കാനും നിർദേശിച്ചിട്ടുണ്ട്.
പിൻ നമ്പർ നൽകാതെ അതിവേഗം പണമിടപാട് നടത്താൻ കഴിയുന്ന വോലറ്റ് സംവിധാനമാണ് ‘യുപിഐ ലൈറ്റ്’. ഈ വോലറ്റിലേക്ക് ഇടുന്ന തുക തിരിച്ച് അക്കൗണ്ടിലേക്ക് മാറ്റാൻ സൗകര്യമില്ല. യുപിഐ ലൈറ്റ് വോലറ്റ് ഡിസേബിൾ ചെയ്താൽ മാത്രമേ പണം നിലവിൽ തിരിച്ചുപോകൂ. വോലറ്റ് ഡിസേബിൾ ചെയ്യാതെ തന്നെ പണം തിരിച്ചെടുക്കാനുള്ള സംവിധാനമാണ് ‘ട്രാൻസ്ഫർ ഔട്ട്’.
‘യുപിഐ ലൈറ്റ്’ വഴി ഒരിടപാടിൽ 1,000 രൂപ അയയ്ക്കാനുള്ള സൗകര്യം ജൂൺ 30നു മുൻപ് ലഭ്യമാകും. നിലവിൽ ഇത് 500 രൂപയാണ്. നിലവിൽ പരമാവധി 2,000 രൂപ വരെ ഒരുസമയം യുപിഐ ലൈറ്റിൽ സൂക്ഷിക്കാം. ഇത് 5,000 രൂപയായും ഉയരും.
അധികസുരക്ഷയ്ക്കു വേണ്ടി, യുപിഐ ലൈറ്റ് ആപ്പുകൾ തുറക്കുമ്പോൾ പാറ്റേൺ/പാസ്‍വേഡ്/ബയോമെട്രിക് ലോക്ക് നിർബന്ധമാക്കി.


