അവധി ആഘോഷിക്കാൻ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകുന്ന മലയാളികൾക്ക് കുരുക്കായി ഇ പാസ്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഏർപ്പെടുത്തിയ ഇ പാസ് പരിശോധനയിൽ നിരവധി മലയാളികളാണ് വലയുന്നത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വിനോദസഞ്ചാര സീസണിൽ നീലഗിരിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കുന്ന വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനായാണ് ഇ പാസ് ഏർപ്പെടുത്തിയത്. രണ്ട് ഹിൽ സ്റ്റേഷനുകൾക്ക് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള പരിമിതമായ എണ്ണം വാഹനങ്ങൾക്ക് മാത്രമാണ് ഇ പാസുകൾ നൽകുന്നത്.
തമിഴ്നാട്ടിലേക്കു പ്രവേശിക്കുന്ന എല്ലാ ചെക്പോസ്റ്റുകളിലും പരിശോധനയ്ക്കു ശേഷം മാത്രമാണ് യാത്രക്കാരെ കടത്തി വിടുന്നത്. പാസില്ലാത്തതിനാൽ നിരവധി പേർക്കാണ് മടങ്ങിപ്പോരേണ്ടി വരുന്നത്. വയനാട് ജില്ലയിൽനിന്ന് തമിഴ്നാട്ടിലേക്കു പ്രവേശിക്കുന്ന പാട്ടവയൽ, നമ്പ്യാർകുന്ന്, താളൂർ, ചോലാടി ചെക്പോസ്റ്റുകളിലാണ് പരിശോധന തുടങ്ങിയത്. മലപ്പുറം ജില്ലയിൽനിന്ന് നാടുകാണി ചുരം വഴി പ്രവേശിക്കുന്നിടത്തും പരിശോധനയുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരിൽ ഭൂരിഭാഗവും നാടുകാണി വഴിയാണ് നീലഗിരിയിലേക്കു പ്രവേശിക്കുന്നത്. ചെക്പോസ്റ്റിൽ മണിക്കൂറുകളോളം കാത്തു കിടന്നശേഷം മടങ്ങിപ്പോയവരും നിരവധിയാണ്. ഇതിനിടെ സെർവർ തകരാറിലായാൽ പരിശോധന പൂർണമായി മുടങ്ങുകയും വാഹനങ്ങൾ കടത്തി വിടുന്നതു നിർത്തുകയും ചെയ്യും.
വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് https://chat.whatsapp.com/FfcdwCcsmos5jpTdHSGmU6
നീലഗിരിയിലേക്ക് പ്രവൃത്തി ദിവസങ്ങളിൽ ഒരു ദിവസം 6,000 സന്ദർശക വാഹനങ്ങൾക്ക് മാത്രമേ ഇ-പാസുകൾ അനുവദിക്കൂ. വാരാന്ത്യങ്ങളിൽ 8,000 വാഹനങ്ങൾക്കും. കൊടൈക്കനാലിൽ, പ്രവൃത്തി ദിവസങ്ങളിൽ ഒരു ദിവസം 4,000 വാഹനങ്ങൾക്കും വാരാന്ത്യങ്ങളിൽ 6,000 വാഹനങ്ങൾക്കും മാത്രമേ അനുമതിയുള്ളൂ.
സർക്കാർ ബസുകൾ, ട്രെയിനുകൾ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് മലയോര സ്റ്റേഷനുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കും പ്രദേശവാസികളുടെ വാഹനങ്ങൾക്കും അവശ്യവസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും ഈ നിയന്ത്രണം ബാധകമല്ല. നീലഗിരിയിൽ സ്ഥിരതാമസമായവർക്ക് ഇ-പാസിന്റെ ആവശ്യമില്ല. എന്നാൽ നീലഗിരിയിലേക്കുള്ള എട്ട് ചെക്പോസ്റ്റുകൾ വഴിയെത്തുന്ന സഞ്ചാരികൾക്ക് ഇ-പാസ് നിർബന്ധമാണ്. ഊട്ടി അടക്കമുള്ള നീലഗിരി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നതിൽ ഭൂരിഭാഗവും മലയാളികളാണ്. ഇ പാസുകൾ ഉച്ചയോടെ തീർന്നതിനാൽ നിരവധിപ്പേർക്ക് നാടുകാണിയിൽനിന്ന് മടങ്ങിപ്പോകേണ്ടി വന്നു.
ഇ പാസിനെതിരെ വ്യാപക പ്രതിഷേധമുയർന്നതോടെ തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇ പാസ് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും വ്യാപാരികളും നീലഗിരിയിൽ ഹർത്താൽ നടത്തി. പാസ് നിർബന്ധമാക്കിയതോടെ നിരവധിപ്പേർ യാത്ര ഒഴിവാക്കിയതിനാൽ നീലഗിരിയിലെ ടൂറിസം മേഖലയ്ക്കും കനത്ത തിരിച്ചടിയാണ്. അവധിക്കാലത്ത് ഏർപ്പെടുത്തിയ നിയന്ത്രണം മൂലം വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരും ദുരിതത്തിലായി.
ഇ-പാസിന് അപേക്ഷിക്കാം
അതേ ദിവസം തന്നെ അല്ലെങ്കിൽ മുൻകൂട്ടി ഇ-പാസിന് അപേക്ഷിക്കാൻ https://epass.tnega.org എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
നിങ്ങൾ ഒരു വിദേശ സന്ദർശകനാണെങ്കിൽ നിങ്ങളുടെ ഇ-മെയിൽ വിലാസം നൽകുക, ഒരു ഇന്ത്യൻ സന്ദർശകനാണെങ്കിൽ നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിക്കുക. സാധുവാക്കുന്നതിന് ഒരു ഒറ്റത്തവണ പാസ്‌വേഡ് (OTP) സൃഷ്ടിക്കപ്പെടും. തുടർന്ന് ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കാം.
നീലഗിരി അല്ലെങ്കിൽ കൊടൈക്കനാൽ. ‘പ്രാദേശിക പാസുകൾ’, ‘മുൻ പാസുകളും തീർപ്പാക്കാത്ത അപേക്ഷകളും’ എന്നിവയ്ക്കുള്ള ഓപ്ഷനുകളും ഉണ്ട്.
ലക്ഷ്യസ്ഥാനം തിരഞ്ഞെടുത്ത ശേഷം, പേര്, സ്ഥിര വിലാസം, വാഹന രജിസ്ട്രേഷൻ നമ്പർ, സന്ദർശനത്തിൻ്റെ ഉദ്ദേശ്യം, യാത്രക്കാരുടെ എണ്ണം, വാഹന തരം, ഇന്ധന തരം, പ്രവേശന/പുറപ്പെടൽ തീയതി, താമസ സ്ഥലം, താമസ ബുക്കിങ്ങിൻ്റെ തെളിവ് തുടങ്ങിയ വിശദാംശങ്ങൾ പൂരിപ്പിക്കുക.
തുടർന്ന്, ‘സമർപ്പിക്കുക’ എന്നതിൽ ക്ലിക്ക് ചെയ്ത്, ദിവസത്തിലെ ഒഴിവുകൾ നിറയുന്നത് വരെ, ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ സ്വയമേവ ജനറേറ്റ് ചെയ്യുന്ന ഇ-പാസ് ലഭിക്കും.


