സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ സേവനങ്ങള്‍ക്ക് ഇനി ഡിജിറ്റലായി പണമടയ്ക്കാം. ഇന്‍ഫര്‍മേഷന്‍ കേരള മിഷനുമായി സഹകരിച്ചു 33 ആശുപത്രികളിലാണ് ആദ്യ ഘട്ടത്തില്‍ സംവിധാനമൊരുക്കിയതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിൻ്റെ ഓഫിസ് അറിയിച്ചു. ഒരു മാസത്തിനകം മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്കും ഡിജിറ്റല്‍ പേയ്‌മെൻ്റ് സംവിധാനം വ്യാപിപ്പിക്കും.
ഇതോടെ യുപിഎ പെയ്‌മെൻ്റിന് പുറമേ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വഴിയും സര്‍ക്കാര്‍ ആശുപത്രികളില്‍ പണമടയ്ക്കാം. ഓണ്‍ലൈനായി പണമടയ്ക്കാനുള്ള പോയിൻ്റ് ഓഫ് സെയില്‍ സംവിധാനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും കാനറാ ബാങ്കുമാകും സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാക്കുക. കുടുംബാംഗങ്ങളുടെ മുഴുവന്‍ രോഗവിവരങ്ങളും മനസിലാക്കാന്‍ സാധിക്കുന്ന എം-ഇ ഹെല്‍ത്ത് മൊബൈല്‍ ആപ്ലിക്കേഷനും പുതുതായി നിലവില്‍ വരും.
കുടുംബാംഗങ്ങളുടെ യുഎച്ച് ഐഡി അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു ചികിത്സാ വിവരങ്ങള്‍, മരുന്ന് കുറിപ്പടികള്‍, ലാബ് ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ എന്നിവ എം-ഇ ഹെല്‍ത്ത് മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകും. ഒപി ടിക്കറ്റെടുക്കാനും എം-ഇ ഹെല്‍ത്ത് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. ഡിജിറ്റല്‍ പണമടയ്ക്കല്‍ സംവിധാനം, ഓണ്‍ലൈൻ്റ് ഒപി ടിക്കറ്റ്, എം-ഇ ഹെല്‍ത്ത് ആപ്പ്, സ്‌കാന്‍ എന്‍ ബുക്ക് സംവിധാനങ്ങള്‍ ഏപ്രില്‍ 7 ന് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്യും.
ഓണ്‍ലൈനായി ഒപി ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന സംവിധാനത്തില്‍ നിലവില്‍ 687 ആശുപത്രികളാണുള്ളത്. ഇതില്‍ താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി, മെഡിക്കല്‍ കോളജ് വരെയുള്ള 80 ഓളം ആരോഗ്യ കേന്ദ്രങ്ങളെയും പുതുതായി ഉള്‍പ്പെടുത്തും. ഡോക്ടറെ കാണാന്‍ ടോക്കണെടുക്കാതെ വരുന്ന രോഗികളെ സ്‌കാന്‍ എന്‍ ബുക്ക് ക്യൂവില്‍ നിന്നു രക്ഷിക്കും.
ആശുപത്രികളില്‍ ഇതിനു വേണ്ടി മാത്രമായി ക്യൂ ആര്‍ കോഡ് പ്രദര്‍ശിപ്പിക്കും. ഇതു മൊബൈലില്‍ സ്‌കാന്‍ ചെയ്താല്‍ രോഗിക്ക് ഒപി ടിക്കറ്റ് ഓണ്‍ലൈനായെടുക്കാം. റിസപ്ഷനിലെ ക്യൂ ഇതിലൂടെ ഒഴിവാക്കാനാകുമെന്നും ആരോഗ്യ മന്ത്രി വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു.
DIGITALISATION IN HOSPITALS


