പോളിറ്റ് ബ്യൂറോയിലേക്ക് എട്ടും കേന്ദ്ര കമ്മിറ്റിയിലേക്ക് മുപ്പതും പുതുമുഖങ്ങളുമായി സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ്. കേരളത്തില്‍നിന്ന് മൂന്ന് പേരെ കേന്ദ്രകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍, പുത്തലത്ത് ദിനേശന്‍, മുന്‍ ഷൊര്‍ണൂര്‍ എംഎല്‍എ കെഎസ് സലീഖ എന്നിവരാണ് കേന്ദ്രകമ്മിറ്റിയില്‍ എത്തിയിരിക്കുന്നത്. 75 വയസ് പ്രായപരിധി നിബന്ധനയില്‍ എകെ ബാലന് ഇളവ് ലഭിച്ചില്ലെങ്കിലും പി കെ ശ്രീമതിക്ക് ഇളവ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെയും കാശ്മീരില്‍ നിന്നുള്ള മുഹമ്മദ് യൂസഫ് തരിഗാമിയേയും പ്രായപരിധി നിബന്ധനയില്‍നിന്ന് ഒഴിവാക്കി. അതേസമയം കേരളത്തില്‍നിന്ന് കേന്ദ്ര കമ്മിറ്റിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന സംസ്ഥാന മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, എംബി രാജേഷ് എന്നിവര്‍ക്ക് ഇടം ലഭിച്ചില്ല.
കേന്ദ്ര കമ്മിറ്റിയിലേക്ക് യുപി, മഹാരാഷ്ട്ര ഘടകങ്ങള്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ടു. 30 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി അവതരിപ്പിച്ച 85 അംഗ കേന്ദ്ര കമ്മിറ്റി പാനലില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ഡി എല്‍ കാരാട് യു.പി സംസ്ഥാന സെക്രട്ടറി രവിശങ്കര്‍ മിശ്ര എന്നിവര്‍ തങ്ങളെയും കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതോടെ കേന്ദ്ര കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ വോട്ടെടുപ്പിലേക്ക് പോവുകയായിരുന്നു. വോട്ടെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷമേ കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ ഔദ്യോഗിക പട്ടിക പുറത്തിറങ്ങുകയുള്ളു.
പിബിയിലേക്ക് എട്ട് പുതുമുഖങ്ങളാണ് പുതുതായി എത്തുന്നത്. പിബി യിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇപി ജയരാജന്‍, കെകെ ശൈലജ എന്നിവരെ പോളിറ്റ് ബ്യൂറോയിലേക്ക് പരിഗണിച്ചില്ല. ഇതിന് തൊട്ടുമുന്‍പ് കേന്ദ്ര കമ്മിറ്റിയില്‍ 17 വനിതകള്‍ ഇടം നേടി. പ്രായപരിധി നിബന്ധനയില്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്നു പുറത്തായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള, മണിക് സര്‍ക്കാര്‍ എന്നിവരെയും മുന്‍ പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയേയും കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാകളാക്കി. പോളിറ്റ് ബ്യൂറോയിലേക്ക് 8 പുതുമുഖങ്ങളില്‍ മലയാളിയും മഹാരാഷ്ട്രയില്‍ നിന്നുള്ള കര്‍ഷക സംഘം നേതാവുമായ വിജു കൃഷ്ണനും ഉള്‍പ്പെട്ടിട്ടുണ്ട്.

എസ്.എഫ്.ഐയിലൂടെ പൊതുരംഗത്ത്
ജനകീയ വേദികളില്‍ പ്രവര്‍ത്തകര്‍ക്കും എതിര്‍ രാഷ്‌ട്രീയ ചേരിയിലുള്ളവരെ പോലും ആകര്‍ഷിക്കുന്ന സമീപനമാണ് എം എ ബേബിയെ മറ്റു ഇടതു നേതാക്കളില്‍ നിന്നും വ്യത്യസ്‌തനാക്കുന്നത്. പാര്‍ട്ടിയില്‍ 70 വയസു മാനദണ്ഡം കര്‍ശനമാക്കുമ്പോഴാണ് 71 വയസുകാരനായ എം എ ബേബിയെ അഖിലേന്ത്യാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഇഎംഎസിന് ശേഷം കേരളത്തില്‍നിന്ന് സിപിഎം ജനറല്‍ സെക്രട്ടറി പദത്തിലേക്കെത്തുകയാണ് ബേബി. സിപിഎമ്മിന്‍റെ ആറാമത്തെ ജനറല്‍ സെക്രട്ടറിയാണ്. അശോക് ധാവ്‌ളയുടെ പേര് പശ്ചിമ ബംഗാള്‍ ഘടകം മുന്നോട്ട് വച്ചെങ്കിലും കേരളത്തിലെ നേതാക്കള്‍ അംഗീകരിച്ചില്ല.
പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം, അശോക് ധാവ്‌ളെ, മറിയം ധാവ്‌ളെ, യു വാസുകി എന്നിവരുടെ പേരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പിബിയില്‍ ഉയര്‍ന്നുവന്നത്. എന്നാല്‍ 16 അംഗ പിബിയില്‍ ഭൂരിപക്ഷ പിന്തുണയോടെ എംഎ ബേബിയുടെ പേര് അംഗീകരിക്കുകയായിരുന്നു.
അന്തരിച്ച നേതാവ് സീതാറാം യെച്ചൂരിക്ക് പകരക്കാരനായിട്ടാണ് എംഎ ബേബി ഈ സ്ഥാനത്ത് എത്തുന്നത്. പിബിയിലെ സീനിയോറിറ്റി കൂടി പരിഗണിച്ച് പാർട്ടി കോഓർഡിനേറ്റർ പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എംഎ ബേബിയുടെ പേര് നിര്‍ദേശിച്ചിരുന്നു.
കൊല്ലം ജില്ലയിലെ പ്രാക്കുളം സ്വദേശിയായ ഈ 71 കാരന്‍ എസ്.എഫ്.ഐയിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്. എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും അഖിലേന്ത്യാ പ്രസിഡന്‍റായിരുന്നു. നിലവില്‍ പോളിറ്റ് ബ്യൂറോ അംഗമാണ്.
രാജ്യസഭയില്‍ രണ്ടു തവണ അംഗമായിട്ടുണ്ട്. 2006 ലും 2011 ലും കുണ്ടറ നിയോജകമണ്ഡലത്തില്‍ കേരള നിയമസഭയിലേക്ക് വിജയിച്ച എം എ ബേബി 2006 ലെ വി.എസ് അച്ചുതാനന്ദന്‍ മന്ത്രിസഭയിലെ വിദ്യാഭ്യാസം സാംസ്‌കാരിക മന്ത്രിയായിരുന്നു. കേരളത്തിലെ സിപിഎമ്മിന്‍റെ സൈദ്ധാന്തിക മുഖങ്ങളില്‍ ഒന്നു കൂടിയാണ് എം.എ. ബേബി.
കൊല്ലം പ്രാക്കുളത്ത് അധ്യപകനായ കുന്നത്ത് പി എം അലക്‌സാണ്ടറുടെയും ലില്ലിയുടെയും എട്ടു മക്കളില്‍ ഏറ്റവും ഇളയവനായി 1954 ഏപ്രില്‍ അഞ്ചിനാണ് എം.എ ബേബിയുടെ ജനനം. എസ്.എഫ്.ഐയിലൂടെയാണ് സജീവ രാഷ്‌ട്രീയ രംഗത്തേക്ക് കടന്നു വന്ന എം എ ബേബി അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസമനുഭവിച്ച കമ്മ്യൂണിസ്റ്റ് നേതാവാണ്. 32 ാം വയസില്‍ രാജ്യസഭാംഗമാകുമ്പോള്‍ രാജ്യത്തു തന്നെ ഏറ്റവും പ്രായം കുറഞ്ഞ എം പിമാരില്‍ ഒരാളായിരുന്നു ബേബി.
പ്രകാശ് കാരാട്ടിന് ശേഷം 1978 ല്‍ പാട്‌നയില്‍ നടന്ന സമ്മേളനത്തില്‍ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായി പ്രവര്‍ത്തിച്ച ശേഷം 1981 സ്ഥാനമൊഴിയുമ്പോള്‍ ബേബിക്ക് പിന്നാലെ അധ്യക്ഷനായത് സീതാറാം യെച്ചൂരിയാണ്. എസ്എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്‍റ്, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ്, സി പി എം ആലപ്പുഴ ജില്ല സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷം 2006 ലാണ് ആദ്യമായി ബേബി പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കുണ്ടറ മണ്ഡലത്തില്‍ എല്‍ഡിഎഫില്‍ നിന്നും ചേരി മാറി യു.ഡി.എഫ് പിന്തുണയോടെ ആദ്യമായി മത്സരത്തിനിറങ്ങിയ എന്‍.കെ.പ്രേമചന്ദ്രനെ പരാജയപ്പെടുത്തിയായിരുന്നു എം.എ.ബേബി വി എസ് അച്ചുതാനന്ദന്‍ മന്ത്രിസഭയിലെത്തുന്നത്.
2006 മുതല്‍ 2011 വരെ പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാംസ്‌കാരിക, പുരാവസ്‌തു, മൃഗശാല, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്‌തു. തുടര്‍ന്ന് 2011 നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം തവണയും കുണ്ടറയില്‍ നിന്നും ജനവിധി തേടി.
യുഡിഎഫ് സ്ഥാനാര്‍ഥിയായ പി ജര്‍മിയാസിനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലെത്തി. 1989 ല്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും 1992 ല്‍ സി പി എം കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവുമായ എംഎ ബേബിയെ 2012 ല്‍ കോഴിക്കോട് നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് പോളിറ്റ് ബ്യൂറോ അംഗമായി തെരഞ്ഞെടുത്തത്.
എം.എല്‍.എയായിരിക്കെ 2014 ല്‍ കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ എന്‍ കെ പ്രേമചന്ദ്രനോട് മത്സരിച്ചു പരാജയപ്പെട്ടു. പിണറായി വിജയന്‍ കഴിഞ്ഞാല്‍ കേരളത്തില്‍ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങളില്‍ സീനിയറാണ് എം എ ബേബി. അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഡല്‍ഹിയിലെ ക്യൂബന്‍ ഐക്യദാര്‍ഢ്യ സമിതിയുടെ സ്ഥാപക കണ്‍വീനറായും അദ്ദേഹം പ്രവര്‍ത്തന മികവ് തെളിയിച്ചു.
CPM PARTY CONGRESS


