കോട്ടയം: കര്‍ഷക ഫെഡറേഷന്റെ ഒരു പ്രതിനിധി സമ്മേളനമാണു നടക്കുന്നത്. അത്രേ ഉള്ളൂ, വേറെ കാര്യങ്ങള്‍ ഒന്നുമില്ല. പാര്‍ട്ടി രൂപീകരണത്തെക്കുറിച്ചു ഞങ്ങള്‍ ആരും പറഞ്ഞിട്ടില്ല. അങ്ങനെ ഒരു അജണ്ടയുമില്ലെന്നു മുന്‍ എം.എല്‍.എ ജോര്‍ജ് ജെ. മാത്യു.
ക്രൈസ്തവരെ ഒന്നിച്ചു ചേര്‍ത്തു ബി.ജെ.പി അനുകൂല രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്നു ഉണ്ടാകുമെന്നു ജോര്‍ജ് ജെ. മാത്യുവിനോട് അടുത്ത വൃത്തങ്ങള്‍ തന്നെയാണു പുറത്തുവിട്ടതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അങ്ങനൊന്ന് നടന്നില്ല. പാർട്ടിയും ഉണ്ടായില്ല. വാർത്തകൾ പുറത്തുവിട്ട മാധ്യമങ്ങൾ ഇളിഭ്യരായി തിരുത്തേണ്ട സ്ഥിതി വന്നു. ബി.ജെ.പി എന്ന് കേട്ടാൽ കേരള മാധ്യമങ്ങൾ കൊടുവാളെടുത്ത് ഉറഞ്ഞാടുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞ പോലെ പണം വാങ്ങിയാണോ ഇതെന്ന് ജനങ്ങൾ സംശയിച്ചു പോവും.
എന്തായാലും ബി.ജെ.പി നേതൃത്വവുമായി ഇക്കാര്യങ്ങളില്‍ ധാരണയായെന്നും മുന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെയും കാഞ്ഞിരപ്പള്ളി മുന്‍ ബിഷപ്പ് മാര്‍ മാത്യു അറക്കലിന്റെയും പിന്തുണ തങ്ങള്‍ക്കുള്ളതായി ഇവര്‍ അവകാശപ്പെട്ടിരുന്നുവെന്ന് പറയുന്നു.
കോട്ടയം ഈരയില്‍ കടവ് ആന്‍സ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ചേരുന്ന യോഗത്തില്‍ ഉദ്ഘാടനകനായി മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്നു രാവിലെ മുതല്‍ മാധ്യമങ്ങള്‍ വിഷയം ചര്‍ച്ചയാക്കിയതോടെ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
ബി.ഡി.ജെ.എസ്. സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുക്കുകയും ചെയ്തു. എന്നാല്‍, താന്‍ പങ്കെടുത്തതില്‍ ഒരു രാഷ്ട്രീയ പ്രാധാന്യവുമില്ല, ഇതു കൃഷിക്കാരുടെ സമ്മേളനമല്ലേ.. ഞാന്‍ വെറും രാഷ്ട്രീയക്കാരനല്ല. എസ്.എന്‍.ഡി.പി യോഗത്തിന്റെ വൈസ് പ്രസിഡന്റാണ്.
ഞാനും ഒരു കര്‍ഷകനാണ്. എനിക്ക് ഒരുപാട് കൃഷിയും ഉണ്ട്. കര്‍ഷകരുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു മീറ്റിങ് വിളിച്ചപ്പോള്‍ പങ്കെടുത്തപ്പോള്‍ മാധ്യമങ്ങള്‍ തന്നെ ഊഹാപോഹ കഥ ഉണ്ടാക്കുകയാണു ചെയ്യുന്നതെന്നും തുഷാര്‍ പറഞ്ഞു.
കേരളാ അവകാശ സംരക്ഷണ സംഗമം എന്ന പേരിലാണ് സമ്മേളനം നടന്നത്.
കേരള ഫാർമേസ് ഫെഡറേഷന്റെ സമ്മേളനത്തിൽ ബിജെപി അനുകൂല ക്രിസ്ത്യൻ പാർട്ടി രൂപീകരണ തീരുമാനം ഉണ്ടാകില്ലെന്ന് മുൻ എംഎൽഎ ജോർജ് ജെ മാത്യു പറഞ്ഞു. ഉദ്ഘാടകനായ മാർ ജോർജ് ആലഞ്ചേരി പങ്കെടുക്കില്ല. പാർട്ടി രൂപികരണമെന്ന തരത്തിൽ തെറ്റിധരിപ്പിക്കുന്ന വാർത്ത പ്രചരിച്ചതിനാൽ കർദ്ദിനാൾ പരിപാടി ഒഴിവാക്കിയതായും സംഘാടകർ വ്യക്തമാക്കി.
ഇനി രാവിലെ പ്രമുഖ മാധ്യമങ്ങൾ നൽകിയ വാർത്ത വായിക്കു…
1.
ക്രൈസ്തവ മേഖലയിൽ നിന്ന് ബിജെപി അനുകൂല നിലപാടുമായി പുതിയ പാർട്ടി വരുന്നു. കേരള കോൺഗ്രസ് മുൻ ചെയർമാൻ ജോർജ് ജെ മാത്യുവിന്‍റെ നേതൃത്വത്തിലാണ് പാർട്ടി. കേരള ഫാർമേഴ്സ് ഫെഡറേഷൻ എന്ന സംഘടനയാണ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത്.
കോട്ടയത്ത് ഇന്ന് നടക്കുന്ന സംഘടനയുടെ പ്രഥമ സമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്‍റ് തുഷാർ വെളളാപ്പള്ളി പങ്കെടുക്കും. പാര്‍ട്ടി രൂപീകരിക്കുന്നതിന്‍റെ ഭാഗമായി ബിജെപി നേതൃത്വവുമായി നേതാക്കൾ ചർച്ചകൾ നടത്തി. ബിജെപി ആഭിമുഖ്യമുള്ള ക്രൈസ്തവരെ പാർട്ടിയിലെത്തിക്കാനാണ് നീക്കം.
2.
നാഷണല്‍ പ്രോഗ്രസിവ് പാര്‍ട്ടി രൂപീകരിച്ചു കൈപൊള്ളിയ പ്ലാന്ററും വ്യവസായിയും കേരള കോണ്‍ഗ്രസിന്റെ മുന്‍ ചെയര്‍മാനും കോണ്‍ഗ്രസിന്റെ മുന്‍ എം.എല്‍.എയുമായ ജോര്‍ജ് ജെ .മാത്യുവിന്റെ നേതൃത്വത്തില്‍ വീണ്ടും പുതിയ ഒരു പാര്‍ട്ടി കൂടി രൂപീകരിക്കുന്നു.
ബി.ജെ.പി ആഭിമുഖ്യമുള്ള ക്രൈസ്തവരെ സംഘടിപ്പിച്ചു എന്‍.ഡി.എ മുന്നണിയുടെ ഭാഗമാകുകയാണ് ഇക്കുറി ജോര്‍ജ് ജെ. മാത്യുവിന്റെ ലക്ഷ്യം. 1939 ആഗസ്റ്റ് 3 നു ജനിച്ച ജോര്‍ജ് ജെ മാത്യു 86 -ാം വയസിലാണ് പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്.
എംഎല്‍എ സ്ഥാനം അവസാനിച്ച 2006 ല്‍ കോണ്‍ഗ്രസ് രാഷ്ട്രീയം അവസാനിപ്പിച്ച ജോര്‍ജ് ജെ മാത്യു വീണ്ടും രണ്ടു പതിറ്റാണ്ടു കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് പൊതു രംഗത്ത് സജീവമാകുന്നത്.
ഇതേ ലക്ഷ്യവുമായി 2023 ഏപ്രിലില്‍ ഒരു നീക്കം നടന്നങ്കിലും അവസാന നിമിഷം ഭിന്നതയെ തുടര്‍ന്ന് ജോര്‍ജ്ജ് ജെ മാത്യുവും കൂട്ടരും പിന്തിരിയുകയുമായിരുന്നു. എങ്കിലും കാത്തലിക്ക് കോണ്‍ഗ്രസിന്‍റെ പഴയ കാല നേതാവ് വി.വി അഗസ്റ്റിന്‍ ചെയര്‍മാനും ജോണി നെല്ലൂര്‍ വര്‍ക്കിങ് ചെയര്‍മാനും മാത്യു സ്റ്റീഫന്‍ ജനറല്‍ സെക്രട്ടറിയുമായി നാഷണല്‍ പ്രോഗ്രസിവ് പാര്‍ട്ടി രൂപികരിച്ചതായി 2023 ഏപ്രില്‍ 22 ന് പ്രഖ്യാപനം ഉണ്ടായി.
പ്രതീക്ഷിച്ച പിന്തുണ ലഭിക്കാതെ വന്നതോടെ ജോര്‍ജ് ജെ മാത്യു ഉള്‍പ്പെടെ ഉള്ളവര്‍ വേദിയില്‍ എത്തിയില്ല. അങ്ങനെ ഉത്ഘാടന വേദിയില്‍ തന്നെ ആ പാര്‍ട്ടി ഉദ്യമം ഏതാണ്ട് പൊളിയുകയും ചെയ്തു. പിന്നീട് ഒരു പ്രവര്‍ത്തനവും മുന്നോട്ടു പോയില്ല. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ജോണി നെല്ലൂര്‍ ഇതില്‍ നിന്നു പിന്മാറി.
പ്രവര്‍ത്തിച്ച പാര്‍ട്ടികളില്‍ എല്ലാം പാരവെച്ചു എന്ന ആരോപണം നേരിടുന്ന ജോര്‍ജിന്റെ ഇപ്പോഴത്തെ നീക്കം ബി.ജെ.പി നേതൃത്വവുമായുള്ള ധാരണയോടെയാണെന്നാണ് വിവരം. കേരള കോണ്‍ഗ്രസില്‍ തുടങ്ങി നിരവധി പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മുന്‍ എംഎല്‍എമാരായ പി എം മാത്യുവും എം.വി മാണിയും ജോര്‍ജ്ജ് ജെ മാത്യുവിനൊപ്പം ഉണ്ട്.
മുന്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെയും മുന്‍ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറക്കലിന്റെയും പിന്തുണ തങ്ങള്‍ക്കുള്ളതായി ഇവര്‍ അവകാശപ്പെടുന്നുണ്ട്.
കാസാ പോലെയുള്ള സംഘടനകളുടെ പിന്തുണയും ഇവര്‍ പ്രതീക്ഷിക്കുന്നുണ്ട്. കേരള ഫാര്‍മേഴ്സ് ഫെഡറേഷന്‍ എന്ന ഒരു കര്‍ഷക സംഘടനയുടെ സമ്പൂര്‍ണ പ്രതിനിധി സമ്മേളനം ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനും തീരുമാനങ്ങള്‍ എടുക്കുന്നതിനും വേണ്ടി ഇന്ന് കോട്ടയം ഈരയില്‍ കടവ് ആന്‍സ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ചേരും. അവിടെ വെച്ചാവും പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം.
ജോര്‍ജ് ജെ. മാത്യു അധ്യക്ഷനായുള്ള യോഗം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുമെന്നും മാര്‍ മാത്യു അറക്കല്‍, ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ സംസാരിക്കുമെന്നുമാണ് സംഘാടകര്‍ മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ മാര്‍ ആലഞ്ചേരി യോഗത്തില്‍ പങ്കെടുക്കാതെ മാറി നിന്നത് തുടക്കത്തിലേ തിരിച്ചടിയായി
1964 ല്‍ കേരള കോണ്‍ഗ്രസ് ജന്മം എടുക്കുന്നതു മുതല്‍ കേരള കോണ്‍ഗ്രസിലായിരുന്ന ജോര്‍ജ്ജ് ജെ മാത്യു 77 മുതല്‍ 80 വരെ മൂവാറ്റുപുഴ എംപിയും 80 മുതല്‍ 83 വരെ പാര്‍ട്ടിയുടെ ചെയര്‍മാനുമായിരുന്നു. 83 ല്‍ കെ.എം മാണിയുമായി തെറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നു.
1987ല്‍ കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിച്ചു. ഇതോടെ വോട്ടുകളില്‍ ഭിന്നിപ്പ് ഉണ്ടാവുകയും യു.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് കല്ലംമ്പള്ളി പരാജയപ്പെടുകയും എല്‍.ഡി.എഫിന്റെ കെ.ജെ. തോമസ് വിജയിക്കുകയും ചെയ്തു. യു.ഡി.എഫിന്റെ പരാജയ കാരണം ജോര്‍ജ് ജെ. മാത്യുവിന്റെ സ്ഥാനാര്‍ഥിത്വമായിരുന്നു.
വീണ്ടും കോണ്‍ഗ്രസില്‍ തിരികെ കയറിയ ജോര്‍ജ് 1991 മുതല്‍ 2006 വരെ കാഞ്ഞിരപ്പള്ളി എം.എല്‍.എയായി. പിന്നീട് 2006 ല്‍ കോണ്‍ഗ്രസ് വീണ്ടും സീറ്റ് നല്‍കാതെ വന്നതോടെ തന്റെ പ്രസക്തി നഷ്ടപ്പെട്ടു എന്നു മനസിലാക്കി സജീവ രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.
ഇതിനിടെ വീണ്ടും പല ക്രൈസ്തവ പാര്‍ട്ടികള്‍ രൂപീകരിക്കാന്‍ ലക്ഷ്യമിട്ടെങ്കിലും വിജയം കണ്ടില്ല. തുടര്‍ന്നാണ് ഇപ്പോള്‍ ബി.ജെ.പിക്കൊപ്പം പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കാന്‍ ശ്രമിക്കുന്നത്.
എന്നാല്‍, ഇക്കുറി ക്രൈസ്തവ സഭാ നേതാക്കളെ കൂട്ടുപിടിക്കാനായാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ ഉദ്ഘാടകനായി ക്ഷണിച്ചത്. എന്നാല്‍, ഭൂമി വിവാദങ്ങിളില്‍ നിന്നു പാഠം പഠിക്കാതെ കര്‍ദിനാള്‍ വീണ്ടും വിവാദങ്ങളില്‍ ചെന്നു ചാടുകയാണെന്നാണ് ആരോപണം ഉയര്‍ന്നത്. ഇതോടെയാണ് അദ്ദേഹം പരിപാടിയില്‍ നിന്നും വിട്ടു നിലക്കാന്‍ തീരുമാനിച്ചത് .
സഭാതലത്തില്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സ്വീകാര്യത കളഞ്ഞുകുളിക്കാനേ പുതിയ നീക്കം ഉപകരിക്കൂ എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.


