കായിക ലോകത്ത് ഫുട്ബോളിന് സവിശേഷ സ്ഥാനമുണ്ട്. ദേശീയ, സാംസ്‌കാരിക, സാമൂഹിക-സാമ്പത്തിക അതിരുകൾക്കപ്പുറം എല്ലാ പ്രായത്തിലുമുള്ള ആളുകൾ സംസാരിക്കുന്ന ഭാഷയാണിത്. എല്ലാ വർഷവും മെയ് 25 ന് ലോക ഫുട്ബോൾ ദിനം ആഘോഷിക്കുന്നു. രാജ്യത്തിന്‍റേയും വര്‍ണത്തിന്‍റേയും വംശീയതയുടേയും സമ്പത്തിന്‍റേയും അതിരുകള്‍ മറന്ന് ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഒന്നിക്കുന്നത് ഫുട്‌ബോള്‍ ആവേശത്തിലാണ്. ലോകത്തിലെ ഭൂരിഭാഗം മനുഷ്യര്‍ക്കും ജീവശ്വാസമായ കായിക വിനോദം ആഘോഷിക്കുന്ന എല്ലാവര്‍ക്കും ലോക ഫുട്ബോള്‍ ദിനാശംസകള്‍..
1924 മെയ് 25 ന് പാരീസിൽ നടന്ന വേനൽക്കാല ഒളിമ്പിക് ഗെയിംസിനിടെ നടന്ന ചരിത്രത്തിലെ ആദ്യത്തെ അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്‍റിന്‍റെ 100-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മെയ് 7നാണ് യുഎന്‍ മെയ് 25ന് ലോക ഫുട്‌ബോള്‍ ദിനമായി പ്രഖ്യാപിക്കാനുള്ള പ്രമേയം പാസാക്കിയത്. പാരിസില്‍ നടന്ന ഫൈനലില്‍ സ്വിറ്റ്‌സര്‍ലന്‍റും ഉറുഗ്വായും ഏറ്റുമുട്ടിയപ്പോള്‍, വിജയം ഉറുഗ്വായിക്കൊപ്പമായിരുന്നു.
പരസ്പര ധാരണ, സഹിഷ്ണുത, ഐക്യദാർഢ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള വ്യക്തികൾക്ക് ഫുട്‌ബോള്‍ ഒരു ഇടം നൽകുന്നു. വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്ത്രീകളെയും പെൺകുട്ടികളെയും കളിക്കളത്തിലും പുറത്തും ശാക്തീകരിക്കുന്നതിനൊപ്പം, ലിംഗസമത്വം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു സുപ്രധാന വേദിയായി ഫുട്ബോൾ പ്രവർത്തിക്കുന്നു.
1937-ൽ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കമ്പനി (ബിബിസി) ആണ് ഫുട്ബോൾ കളി ആദ്യമായി തത്സമയം സംപ്രേഷണം ചെയ്തത്. ലണ്ടൻ ആസ്ഥാനമായുള്ള ആഴ്‌സനലിന്‍റെ പ്രധാന ടീമും റിസർവ് ടീമും തമ്മിലുള്ള സന്നാഹ മത്സരമായിരുന്നു ആദ്യത്തെ ടെലിവിഷൻ മത്സരം. എല്ലാ വർഷവും 30-ലധികം ടീമുകൾ ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്നുണ്ട്. എന്നാല്‍, 1930-ലെ ഫിഫ ഉദ്ഘാടന ലോകകപ്പിന് ശേഷം എട്ട് ടീമുകൾ മാത്രമേ ലോകകപ്പ് നേടിയിട്ടുള്ളൂ.
ലോകമെമ്പാടുമുള്ള 80 ശതമാനം ഫുട്ബോളുകളും പാകിസ്ഥാനിലാണ് നിർമ്മിക്കുന്നത്. ഫുട്ബോളിലെ ഏറ്റവും വേഗതയേറിയ ഗോൾ 1.8 സെക്കൻഡിലാണ് പിറന്നത്. ഏറ്റവും പ്രധാനവും ആരാധകര്‍ കാത്തിരിക്കുന്ന മത്സരം ലോകകപ്പ് ആണ്. നാലു വര്‍ഷം കൂടുമ്പോള്‍ ഫിഫയാണ് ലോകകപ്പ് മാമാങ്കം സംഘടിപ്പിക്കുന്നത്. യുവേഫ ചാമ്പ്യന്‍സ് ലീഗ്, യൂറോ കപ്പ്, കോപ അമേരിക്ക, ഇംഗീഷ് പ്രീമിയര്‍ ലീഗ് (ഇപിഎല്‍), ഏഷ്യന്‍ കപ്പ്, എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് തുടങ്ങി നിരവധി ഫുട്ബോള്‍ ടൂര്‍ണമെന്‍റുകള്‍ വിവിധ സമയങ്ങളിലും ഇടങ്ങളിലുമായി നടക്കുന്നുണ്ട്.


