ബുധനാഴ്ച യൂട്ടാ വാലി യൂണിവേഴ്‌സിറ്റി കാമ്പസിലെ പരിപാടിയില്‍ സംസാരിക്കുന്നിതിനിടെ വെടിയേറ്റ് മരിച്ച അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ അടുത്ത അനുയായിയായ ചാര്‍ളി കിര്‍ക്ക് (31) ടേണിങ് പോയിൻ്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകനാണ്. ഏറെ പ്രചാരമുള്ള നിരവധി പോഡ്‌കാസ്‌റ്റുകളുടെ അവതാരകൻ കൂടിയാണ് അദ്ദേഹം. 2012ൽ കിർക്കും ചായ സൽക്കാര പ്രവർത്തകനായ വില്യം മോണ്ട്ഗോമറിയും ചേർന്ന് ചിക്കാഗോയുടെ പ്രാന്തപ്രദേശത്ത് ടേണിംഗ് പോയിൻ്റ് സ്ഥാപിച്ചു. വിദ്യാർഥികൾക്കിടയിൽ യാഥാസ്ഥിതിക ചിന്താഗതികൾ പ്രചരിപ്പിക്കുകയായിരുന്നു സംഘടനയുടെ ലക്ഷ്യം. തുടർന്ന് അദ്ദേഹം ‘ചേഞ്ച് മൈ മൈൻഡ്’ എന്ന പേരിൽ കോളേജുകളിൽ സംവാദങ്ങൾ നടത്തിയിരുന്നു.
2016 ൽ റിപ്പബ്ലിക്കൻ പാർട്ടി നോമിനേഷൻ നേടിയ ശേഷം ടേണിംഗ് പോയിൻ്റ് ട്രംപിനെ ആവേശത്തോടെ പിന്തുണച്ചു. പൊതുതെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രസിഡൻ്റിൻ്റെ മൂത്ത മകൻ ഡൊണാൾഡ് ട്രംപ് ജൂനിയറിൻ്റെ പേഴ്‌സണല്‍ സെക്രട്ടറിയായി കിർക്ക് സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
ചിക്കാഗോയില്‍ ഒരു ആര്‍ക്കിടെക്ടിന്റെ മകനായാണ് ചാര്‍ളി കിര്‍ക്ക് ജനിച്ചത്. ചിക്കാഗോയിലെ കമ്മ്യൂണിറ്റി കോളേജില്‍ വിദ്യാര്‍ഥിയായിരുന്ന ചാര്‍ളി പിന്നീട് പഠനം ഉപേക്ഷിച്ചാണ് മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. വെസ്റ്റ്‌പോയന്റിലെ മിലിട്ടറി അക്കാദമിയില്‍ പ്രവേശനത്തിനായി അപേക്ഷിച്ചിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല. 2012ല്‍ 18 വയസ്സുള്ളപ്പോഴാണ് ടേണിങ് പോയിന്റ് യുഎസ്എ എന്ന സംഘടനയ്ക്ക് ചാര്‍ളിയും വില്ല്യം മോണ്‍ഡ്ഗോമെരിയും ചേര്‍ന്ന് രൂപം നല്‍കിയത്. ബരാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും തിരഞ്ഞടുക്കപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളിലാണ് ടേണിങ് പോയിന്റ് യുഎസ്എ എന്ന സംഘടന രൂപീകരിക്കപ്പെടുന്നത്. കുടുംബമൂല്യങ്ങള്‍, സ്വതന്ത്ര വിപണി, ക്രിസ്ത്യന്‍ നാഷണലിസം തുടങ്ങിയ ആശയങ്ങള്‍ പ്രചരിപ്പിക്കാനാണ് ഈ സംഘടന ആരംഭിച്ചത്. നിലവില്‍ അമേരിക്കയിലെ 850 കോളേജുകളില്‍ സംഘടനയ്ക്ക് ഘടകങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപിനെ തിരഞ്ഞെടുത്തില്‍ ചാര്‍ളി കിര്‍ക്കിനും ടേണിങ് പോയിന്റ് യുഎസ്എയ്ക്കും നിര്‍ണായകമായ പങ്കുണ്ടായിരുന്നു. പതിനായിരക്കണക്കിന് പുതിയ വോട്ടര്‍മാരെ ചേര്‍ത്ത് അരിസോണ സംസ്ഥാനം ട്രംപിന് അനുകൂലമാക്കുന്നതിലും ചാര്‍ളി വലിയ പങ്കുവഹിച്ചു. വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിനെ ട്രംപുമായി അടുപ്പിക്കുന്നതിലും വലിയ പങ്കുവഹിച്ചു.
ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായി ചാര്‍ളി കിര്‍ക്ക് മാറി. ട്രംപിന്റെ വിജയാഘോഷ ചടങ്ങിലെയും പ്രധാന ശ്രദ്ധാകേന്ദ്രമായി കിര്‍ക്ക് മാറി. പിന്നീട് വൈറ്റ് ഹൗസില്‍ നിരന്തരം സന്ദര്‍ശനം നടത്താറുമുണ്ടായിരുന്നു. ഗ്രീന്‍ലാന്‍ഡിനെ അമേരിക്കന്‍ സംസ്ഥാനമാക്കി മാറ്റുന്നതിനായുള്ള ട്രംപിന്റെ ഇടപെടലുകളിലും സജീവ സാന്നിധ്യമുണ്ടായിരുന്നു. ട്രംപിന്റെ പുത്രന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെ അടുത്ത സുഹൃത്തായ കിര്‍ക്ക് ഈ വര്‍ഷം ആദ്യം അദ്ദേഹത്തോടൊപ്പം ഗ്രീന്‍ലാന്‍ഡ് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. തീവ്ര വലത് സംഘടനയായ ടീ പാര്‍ട്ടി മൂവ്‌മെന്റ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടി യോഗങ്ങള്‍ എന്നിവയിലെ പ്രധാന പ്രഭാഷകരില്‍ ഒരാള്‍ കൂടിയായിരുന്നു കിര്‍ക്ക്. സാമൂഹിക മാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്‌സുള്ള ഡെയ്‌ലി പോഡ്കാസ്റ്റ് ഷോയും വലിയ ഹിറ്റായിരുന്നു. അമേരിക്കയെ വീണ്ടും മഹത്തരമാക്കുക എന്ന ട്രംപിന്റെ ആശയത്തെ മുന്‍നിര്‍ത്തി ഒരു പുസ്തകവും രചിച്ചിരുന്നു. 2020 ല്‍ പ്രശസ്തമായ ഓക്‌സ്‌ഫോര്‍ഡ് യൂണിയനില്‍ പ്രഭാഷണം നടത്തിയിരുന്നു.
വിവാദങ്ങൾ
കടുത്ത യാഥാസ്ഥിതിക-വലത് ആശയങ്ങളായിരുന്നു കിര്‍ക്ക് പ്രചരിപ്പിച്ചിരുന്നത്. പലപ്പോഴും അത് വലിയ വിവാദങ്ങള്‍ക്കും കാരണമായിരുന്നു. കുടുംബമൂല്യങ്ങളിലും ക്രിസ്ത്യന്‍ നാഷണിലസത്തിലും ഊന്നിയായിരുന്നു പ്രഭാഷണങ്ങള്‍. തോക്ക് വില്‍പന നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് നിരവധി പോഡ്കാസ്റ്റുകള്‍ ചെയ്തിരുന്നു. കഴിഞ്ഞ മാസം നടത്തിയ ഒരു പ്രഭാഷണത്തിനിടെ തോക്കുകള്‍ കൈവശം വെക്കാനുള്ള അവകാശം വളരെ പ്രധാനപ്പെട്ടതാണെന്ന് കിര്‍ക്ക് പറഞ്ഞിരുന്നു. ‘എല്ലാവര്‍ഷവും വെടിയേറ്റ് ചിലര്‍ മരിക്കുന്നുണ്ടാകാം. എന്നാല്‍ ഈ അവകാശം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത വെച്ചുനോക്കുമ്പോള്‍ ഈ മരണങ്ങള്‍ സ്വാഭാവികമാണ്’- ഇത്തരം കൊലപാതകങ്ങളെ വാഹനാപകട മരണങ്ങളോട് താരതമ്യം ചെയ്തുള്ള പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് കാരണമായി. ഇടത് പുരോഗമന ആശയങ്ങളുടെ കടുത്ത വിമര്‍ശകനായ അദ്ദേഹം ഡെമോക്രാറ്റുകളെയും ലിബറലുകളെയും വലിയ രീതിയില്‍ വിമര്‍ശിച്ചിരുന്നു. മുതലാളിത്ത വ്യവസ്ഥിതിയുടെയും സ്വതന്ത്ര വിപണിയുടെയും വലിയ പ്രചാരകനായ കിര്‍ക്ക് ട്രംപിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങളെയും ശക്തമായി പിന്തുണച്ചു.
കടുത്ത ട്രാന്‍സ്-എല്‍ജിബിടി വിരുദ്ധതയായിരുന്നു പോഡ്കാസ്റ്റുകളുടെ മറ്റൊരു വിഷയം. കോവിഡ് രോഗബാധ ഒരു ഗൂഡാലോചന സിദ്ധാന്തമായി വിലയിരുത്തിയ കിര്‍ക്ക് 2020 അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ യഥാര്‍ഥ വിജയി ഡൊണാള്‍ഡ് ട്രംപാണെന്നും പ്രചരിപ്പിച്ചിരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെതിരായ വിമര്‍ശനങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായി. വര്‍ണവിവേചനം കുറ്റകരമാക്കുന്ന 1964ലെ അമേരിക്കന്‍ സിവില്‍ റൈറ്റ്‌സ് ആക്ടിനെയും കിര്‍ക്ക് വിമര്‍ശിച്ചിരുന്നു. കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും വിവാദങ്ങള്‍ക്ക് തിരികൊളുത്തി. വിവാഹം വേണ്ടെന്ന് വെക്കുന്നവരെയും ഗര്‍ഭച്ഛിദ്രത്തിന് വേണ്ടി വാദിക്കുന്നവരെയുമെല്ലാം മോശക്കാരാക്കി ചിത്രീകരിക്കുന്ന പരാമര്‍ശങ്ങളായിരുന്നു എതിര്‍പ്പിന് കാരണമായത്. സംഘടനയ്ക്കുള്ളിലെ കിര്‍ക്കിന്റെ നേതൃത്വവും വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ടോക്‌സിക് ലീഡര്‍ഷിപ്പ് എന്നായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തെ വിമര്‍ശകര്‍ വിശേഷിപ്പിച്ചത്.
അമേരിക്ക ഞെട്ടി
ട്രംപിന്റെ മകനേക്കാള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയാകാന്‍ യോഗ്യന്‍ ചാര്‍ളി കിര്‍ക്കാണെന്നായിരുന്നു അദ്ദേഹത്തിന്റെ ചില ആരാധകരുടെ അഭിപ്രായം. ഏറെ വൈകാതെ തന്നെ റിപ്പബ്ലിക് പാര്‍ട്ടിയുടെ നേതൃത്വമായും പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായെല്ലാം കിര്‍ക്ക് ഉയര്‍ന്നുവരുമെന്നായിരുന്നു പലരും വിലയിരുത്തിയിരുന്നത്. അതിനിടയിലാണ് അമേരിക്കയെയും ലോകത്തെയും ഞെട്ടിച്ച കൊലപാതകമുണ്ടാവുന്നത്. യൂട്ടാ വാലി സര്‍വകലാശാലയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെയായിരുന്നു കിര്‍ക്കിന് നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തത്. അമേരിക്കന്‍ കംബാക്ക് ടൂര്‍ എന്നപേരില്‍ രാജ്യത്തെ സര്‍വകലാശാലകളില്‍ നടത്താനിരുന്ന പ്രഭാഷണ പരമ്പരയുടെ ആദ്യത്തെ ഭാഗത്തിനായിട്ടായിരുന്നു യൂട്ടായിലെത്തിയത്. ഭാര്യയും കുട്ടികളും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
സമീപകാലത്ത് അമേരിക്കന്‍ കാംപസുകളില്‍ നടന്ന വെടിവെപ്പുകളുമായി ബന്ധപ്പെട്ട് കിര്‍ക്ക് കടുത്ത ട്രാന്‍സ്‌ജെന്‍ഡര്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന അമേരിക്കയിലെ കൂട്ടവെടിവെപ്പുകളില്‍ വലിയൊരു വിഭാഗവും നടത്തിയത് ട്രാന്‍സ് വിഭാഗക്കാരായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. യൂട്ടാ പ്രഭാഷണത്തിലും സമാനമായ വാക്കുകള്‍ കിര്‍ക്ക് പറഞ്ഞതായാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നത്. കൃത്യമായി കിര്‍ക്കിനെ ലക്ഷ്യമിട്ട് നടത്തിയ വെടിവെപ്പില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടുമില്ല. പ്രതിയെ കുറിച്ചുള്ള സൂചനകളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും വലത് സംഘടനങ്ങള്‍ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. പോലീസ് ചിലരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെങ്കിലും യഥാര്‍ഥ പ്രതിയിലേക്ക് എത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കിര്‍ക്കിനോടുള്ള ആദരസൂചകമായി പതാകകള്‍ പാതി താഴ്ത്തിക്കെട്ടാന്‍ ട്രംപ് ഉത്തരവിട്ടിട്ടുണ്ട്. മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പടെയുള്ളവര്‍ കൊലപാതകത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് അമേരിക്കയില്‍ സ്ഥാനമില്ലെന്ന് ബൈഡന്‍ ട്വിറ്ററില്‍ രേഖപ്പെടുത്തി. വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ഫസ്റ്റ് ലേഡി മെലാനിയ ട്രംപും വൈകാരികമായിട്ടാണ് മരണത്തോട് പ്രതികരിച്ചത്.
മരണം
യൂട്ടായിലെ ഒറിമിലുള്ള യൂട്ടാവാലി യൂണിവേഴ്സിറ്റിയിൽ പരിപാടിയിൽ സംസാരിക്കാൻ ചാർലി കിർക്കിനെ ക്ഷണിച്ചിരുന്നു. ഏകദേശം 3,000 ആളുകൾക്ക് മുന്നിൽ ഗസീബോയിൽ ഇരിക്കുകയായിരുന്നു അദ്ദേഹം. ആയുധ അക്രമത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടി പറയുമ്പോൾ, ബുധനാഴ്ച പ്രാദേശിക സമയം 12:20 ഓടെ ഒരു വെടിയൊച്ച കേട്ടു.
യൂട്ടാ വാലി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ലഭിച്ച സോഷ്യല്‍ മീഡിയ വീഡിയോകളില്‍ നിന്ന് ഒരു വെളുത്ത കൂടാരത്തിനടിയിൽ ഇരുന്നുകൊണ്ട് കിർക്ക് ഒരു ഹാൻഡ്‌ഹെൽഡ് മൈക്രോഫോണിൽ സംസാരിക്കുന്നത് കാണാം. ഇരിക്കുന്ന കിര്‍ക്കിൻ്റെ കഴുത്തിലേക്ക് പെട്ടെന്ന് വെടികൊള്ളുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ അകലെയുള്ള ക്യാമ്പസിലെ മേൽക്കൂരയിൽ നിന്നാണ് വെടിയുതിർത്തതെന്ന് കണ്ടെത്തി.
ചാർളി കിർക്കിനെ ഉടൻതന്നെ ഒരു സ്വകാര്യ വാഹനത്തിൽ ആശുപത്രിയിലേക്ക് എത്തിച്ചു. മണിക്കൂറുകൾക്കു ശേഷം ട്രംപ് അദ്ദേഹത്തിന്റെ മരണവിവരം സ്ഥിരീകരിച്ചു. വെടിവെപ്പിനെ തുടർന്ന് അക്രമിയെ പിടികൂടാനായി ക്യാമ്പസ് അടച്ചിരുന്നു. മണിക്കൂറുകൾക്കകം രണ്ടുപേരെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് അവരെ വിട്ടയച്ചു. ഇരുവർക്കും ഈ സംഭവവുമായി ബന്ധമില്ലെന്നാണ് കണ്ടെത്തൽ. അക്രമിയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതി കറുത്ത വസ്ത്രം ധരിച്ചാണ് വന്നതെന്നാണ് പോലീസിൻ്റെ ഭാഷ്യം.
യൂട്ടാ വാലി യൂണിവേഴ്‌സിറ്റി കാമ്പസിലെ സോറൻസെൻ സെൻ്റര്‍ അങ്കണത്തിൽ എടുത്ത വീഡിയോകളാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലൂടെ പുറത്ത് വരുന്നത്. വെടിയേൽക്കുന്നതിന് തൊട്ടു മുന്‍പ് കൂട്ട വെടിവയ്പ്പുകളെയും തോക്ക് അക്രമങ്ങളെയും കുറിച്ച് ഒരു പ്രേക്ഷകന്‍ ചോദിച്ച ചോദ്യത്തിന് ഇദ്ദേഹം മറുപടിയും നല്‍കിയിരുന്നു.
“കഴിഞ്ഞ 10 വർഷത്തിനിടെ എത്ര ട്രാൻസ്‌ജെൻഡർ അമേരിക്കക്കാർ കൂട്ട വെടിവയ്പ്പുകാരികളാണെന്ന് നിങ്ങൾക്കറിയാമോ?” ആ വ്യക്തി ചോദിച്ചു. കിർക്ക് “വളരെയധികം” എന്ന് മറുപടി നൽകി. കാമ്പസ് ഉടൻ ഒഴിപ്പിക്കുകയും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ലാസുകൾ ഇല്ലെന്നും യൂട്ടാ വാലി യൂണിവേഴ്‌സിറ്റി അറിയിച്ചു. കാമ്പസ് പൊലീസ് വലയത്തിലാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം കിർക്കിനെ പരിപാടിക്ക് ക്ഷണിക്കുന്നതില്‍ എതിർപ്പ് ഉള്ളവരും കാമ്പസില്‍ ഉണ്ടായിരുന്നു. ഇദ്ദേഹത്തെ വിലക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല അഡ്‌മിനിസ്ട്രേറ്റർമാര്‍ക്ക് ഏകദേശം 1,000 ഒപ്പുകൾ ഇട്ട ഒരു നിവേദനം സമര്‍പ്പിച്ചിരുന്നു.
“ചാർളി കിർക്കിനെതിരായ ആക്രമണം വെറുപ്പുളവാക്കുന്നതും നീചവും അപലപനീയവുമാണ്”. കിർക്കിനെ തൻ്റെ പോഡ്‌കാസ്റ്റിൽ അവതാരകനാക്കിയ ഡെമോക്രാറ്റിക് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം എക്‌സിൽ പോസ്റ്റ് ചെയ്‌തു.
“ചാർളി കിർക്കിൻ്റെ കൊലപാതകം എൻ്റെ ഹൃദയം തകർക്കുന്നു. അദ്ദേഹത്തിൻ്റെ ഭാര്യയോടും രണ്ട് കൊച്ചുകുട്ടികളോടും സുഹൃത്തുക്കളോടും എൻ്റെ അഗാധമായ സഹതാപം അറിയിക്കുന്നു”.” 2011-ൽ അരിസോണ ജില്ലയിൽ നടന്ന വെടിവയ്പ്പിൽ പരിക്കേറ്റ മുൻ ഡെമോക്രാറ്റിക് കോൺഗ്രസ് വനിത ഗബ്രിയേൽ ഗിഫോർഡ്‌സ് പറഞ്ഞു.
അതേസമയം പരിപാടിയിൽ പൊലീസിൻ്റെ സാനിധ്യം കുറവാണെന്നും കിർക്കിന് നല്‍കിയ സുരക്ഷയില്‍ വീഴ്‌ച വന്നിട്ടുണ്ടെന്നും മുൻ യൂട്ടാ കോൺഗ്രസ് അംഗം ജേസൺ ചാഫെറ്റ്സ് പറഞ്ഞു.
യുഎസിലെ യുവാക്കളെ ഇത്രയേറെ മനസിലാക്കിയ മറ്റൊരാളില്ല-ട്രംപ്
ചാര്‍ളി കിര്‍ക്കിൻ്റെ മരണം ട്രംപ് സമൂഹ മാധ്യമത്തിലൂടെ സ്ഥിരീകരിച്ചു. മഹാനും ഇതിഹാസവുമായ ചാർളി കിർക്ക് മരിച്ചെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.” യുഎസിലെ യുവാക്കളെ ഇത്രയേറെ മനസിലാക്കിയ മറ്റൊരാളില്ല. എല്ലാവരും അദ്ദേഹത്തെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്‌തിരുന്നു. പ്രത്യേകിച്ച് ഞാന്‍. ഇന്ന് അദ്ദേഹം നമ്മളോടപ്പമില്ല.” ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി. കിര്‍ക്കിനോടുള്ള ആദരസൂചകമായി ഞായറാഴ്‌ച വരെ രാജ്യത്തെ പതാകകള്‍ താഴ്ത്തികെട്ടാന്‍ വൈറ്റ് ഹൗസ് നിര്‍ദേശിച്ചു.
യാഥാസ്ഥിതിക പ്രവർത്തകനും യുവ റിപ്പബ്ലിക്കൻ വോട്ടർമാരെ ഏകോപിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ച വ്യക്തികൂടിയാണ് ഇദ്ദേഹം. ഇന്ന് നമ്മുടെ രാജ്യത്തിൻ്റെ ഒരു ഇരുണ്ട ദിവസമാണെന്നും ഇതൊരു രാഷ്ട്രീയ കൊലപാതകമാണെന്നും യൂട്ടാ ഗവർണർ സ്പെൻസർ കോക്‌സ് പറഞ്ഞു.


