മോഹന്‍ലാല്‍ ആരാധകരുടെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നായ ‘രാവണപ്രഭു’ പുതിയ ദൃശ്യാനുഭവങ്ങളോടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. ന്യൂതന ദൃശ്യ ശബ്‌ദ വിസ്‌മയങ്ങളുമായി 4k അറ്റ്‌മോസില്‍ ഒക്‌ടോബര്‍ 10നാണ് ചിത്രം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
രഞ്ജിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്‌ത ചിത്രം റി റിലീസിനൊരുങ്ങുന്ന വിവരം മോഹന്‍ലാല്‍ തന്നെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂതന ദൃശ്യ വിസ്‌മയമായി 4K അറ്റ്‌മോസില്‍ രാവണപ്രഭു എത്തുന്നുവെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.
“രഞ്‌ജിത്ത് ആദ്യമായി സംവിധാനം ചെയ്‌ത രാവണപ്രഭു എന്ന ചിത്രത്തിലാണ് മംഗലശ്ശേരി നീലകണ്‌ഠനെയും കാര്‍ത്തികേയനെയും എനിക്ക് അവതരിപ്പിക്കാന്‍ അവസരം കൈവന്നത്. മംഗലശ്ശേരി നീലകണ്‌ഠന്‍, ഐവി ശശി സര്‍, രഞ്ജിത്തിന്‍റെ തിരക്കഥയില്‍ ഒരുക്കിയ കഥാപാത്രം ആയിരുന്നെങ്കില്‍ നീലകണ്‌ഠനെയും കാര്‍ത്തികേയനെയും തിരക്കഥ രചിച്ച് പ്രേക്ഷകരുടെ മുന്നില്‍ എത്തിച്ചത് രഞ്ജിത്താണ്. ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച രാവണപ്രഭു 24 വര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂതന ദൃശ്യ വിസ്‌മയമായി 4K അറ്റ്‌മോസില്‍ എത്തുകയാണ്. ഒക്‌ടോബര്‍ 10ന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തിന്‍റെ പുതിയ പതിപ്പ് അന്നത്തെ പോലെ തന്നെ പ്രിയപ്പെട്ട പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചിത്രത്തിന്‍റെ അണിയപ്രവര്‍ത്തകര്‍ക്കും മാറ്റിനി നൗവിനും അഭിനന്ദനങ്ങള്‍,” മോഹന്‍ലാല്‍ പറഞ്ഞു.
മംഗലശ്ശേരി നീലകണ്‌ഠൻ, അദ്ദേഹത്തിൻ്റെ മകൻ കാർത്തികേയൻ എന്നിങ്ങനെ ഇരട്ട വേഷങ്ങളിലാണ് മോഹന്‍ലാല്‍ രാവണപ്രഭുവില്‍ എത്തിയത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് സിനിമയുടെ നിര്‍മ്മാണം. രാവണപ്രഭുവിനെ 4k അറ്റ്‌മോസില്‍ റീ-റിലീസിന് എത്തിക്കുന്നത് മാറ്റിനി നൗ ആണ്.
രേവതി, ഇന്നസെന്‍റ്, നെപ്പോളിയൻ, ജഗതി ശ്രീകുമാർ, വിജയരാഘവൻ, വസുന്ധര ദാസ്, സിദ്ദിഖ്, ജഗദീഷ്, എൻ എഫ് വർഗീസ്, സായി കുമാർ, മനോജ് കെ ജയൻ, മഞ്ജു പിള്ള, സുകുമാരി, തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
അതേസമയം ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ താരത്തെ പൊന്നാടയും പുരസ്‌കാരവും നല്‍കി ആദരിച്ചു. ഹൃദയ സ്‌പർശിയായ വാക്കുകളിലൂടെ താരം തലസ്ഥാന നഗരിയെ ഇളക്കിമറിച്ചു.
ഏത് കലാകാരനെയും പോലെ ജീവിതത്തിലും കരിയറിലും ഉയർച്ചകളും താഴ്‌ച്ചകളും തനിക്കും ഉണ്ടായിട്ടുണ്ടെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. വാനോളം പ്രശംസയും പാതാളത്തോളം താഴ്ത്തുന്ന പഴിയും വിമർശനങ്ങളും ശകാരങ്ങളും ഞാനും അനുഭവിച്ചിട്ടുണ്ടെന്നും രണ്ടിനെയും താൻ സമഭാവത്തോടെ തന്നെയാണ് കാണുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
