സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്. ഉദ്ഘാടനച്ചടങ്ങിന്‍റെ ഭാഗമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും മുന്‍ ദേശീയ ഫുട്ബോള്‍ താരം ഐ എം വിജയനും ചേര്‍ന്ന് ദീപശിഖ തെളിച്ചു. ചെണ്ട, വാദ്യ മേളങ്ങളുടെ അകമ്പടിയിൽ കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിന് ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭാവത്തില്‍ മന്ത്രി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ കൗമാര കായിക മേളയ്ക്ക് തിരിതെളിച്ചു.
ഇൻക്ലൂസീവ് സ്പോർട്സിന്‍റെ ഭാഗമായി 1944 കായിക താരങ്ങളും ഗൾഫ് മേഖലയിൽ നിന്നും 35 കുട്ടികളും മേളയിൽ പങ്കെടുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. സ്വർണ്ണക്കപ്പ് നയിച്ചു കൊണ്ടുള്ള പ്രയാണത്തിന് തലസ്ഥാനത്ത് വിദ്യാർഥികൾ നൃത്തച്ചുവടുകളുമായാണ് സ്വീകരണമൊരുക്കിയത്.
ഒക്ടോബർ 28 വരെ നീണ്ടു നിൽക്കുന്ന കായിക മേളയ്ക്കെത്തുന്ന 20,000 ത്തിലധികം പ്രതിഭകൾക്ക് പതിവ് തെറ്റാതെ ഇത്തവണയും ഭക്ഷണമൊരുക്കുന്നത് പഴയിടം മോഹനൻ നമ്പൂതിരിയാണ്. 2500 ഓളം പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള വിപുലമായ ഭക്ഷണശാലയാണ് പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കിയിട്ടുള്ളത്. നാലു പാചകപ്പുരകളും പാകം ചെയ്ത ഭക്ഷണം മറ്റ് നാലിടങ്ങളിൽ എത്തിച്ചുനൽകാനുള്ള സൗകര്യവുമുണ്ട്.
തലസ്ഥാനത്തെ വിദ്യാലയങ്ങൾ മാത്രമല്ല നഗരമാകെ കായിക മേളയുടെ ഉത്സവ ലഹരിയിലാണെന്ന് അധ്യാപകരും പറയുന്നു. പത്ത് വർഷമായി കേരളത്തിൽ ഉണ്ടായ കായിക നേട്ടങ്ങളെ കുറിച്ചുള്ള സമഗ്ര എക്സിബിഷനും ഒപ്പം ചെറിയ ചെറിയ കായിക വിനോദങ്ങളും പുത്തരിക്കണ്ടത്ത് ഭക്ഷണശാലയ്‌ക്കൊപ്പം ഒരുക്കിയിട്ടുണ്ട്. കായിക താരങ്ങളുടെ താമസത്തിനായി എഴുപത്തി നാലോളം സ്‌കൂളുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
കുട്ടികളുടെ സഞ്ചാരത്തിനായി 142 ബസുകളും മൈതാനങ്ങളിലും താമസ സ്ഥലത്തും പൊലീസിന്‍റെ നേതൃത്വത്തിൽ സുരക്ഷയും ക്രമീകരിച്ചിട്ടുണ്ട്. നിരോധിത ഉത്പന്നങ്ങളുടെ വില്പനയും ഉപയോഗവും തടയാൻ ഗ്രൗണ്ടുകളിലും താമസ സ്ഥലത്തും എക്സൈസിന്‍റെ പ്രത്യേക നിരീക്ഷണവുമുണ്ടാകും.
മെഡിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കായിക താരങ്ങൾക്ക് കളിസ്ഥലങ്ങളിലും താമസ സ്ഥലത്തും ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി, സ്പോർട്സ് ആയുർവേദ, ഫിസിയോ തെറാപ്പി, സ്പോർട്സ് മെഡിസിൻ എന്നീ ചികിത്സ സൗകര്യങ്ങളും ആംബുലൻസ് സർവ്വീസും സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
സ്‌കൂൾ കായികമേളയിൽ ആദ്യമായി തീം സോങ്ങും പുറത്തിറക്കിയിട്ടുണ്ട്. പടുത്തുയർത്താം കായിക ലഹരി എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് പാലക്കാട് പൊറ്റശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി പ്രഫുൽദാസ് വി ആണ്. കോട്ടൺഹിൽ ഗവ. ഗേൾസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ശിവങ്കരി പി തങ്കച്ചി ആണ് സംഗീതം നിർവഹിച്ചത്. കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായ ശിവങ്കരി പി തങ്കച്ചി, നവമി ആർ വിഷ്‌ണു, അനഘ എസ് നായർ, ലയ വില്യം, കീർത്തന എ.പി, തൈക്കാട് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായ നന്ദകിഷോർ കെ.ആർ, ഹരീഷ്.പി, അഥിത്ത്.ആർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്.
